പത്തനംതിട്ട ജില്ല അറിയിപ്പുകള്‍ (21/10/2022 )

ഉപതെരഞ്ഞെടുപ്പ്: അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം-എഡിഎം
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ പോളിംഗ് ബൂത്തുകള്‍ പരിശോധിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് എഡിഎം ബി.രാധകൃഷ്ണന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈദ്യുതി, വെള്ളം, ശൗചാലയം, റാമ്പ് തുടങ്ങിയ  സൗകര്യങ്ങള്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ ഉറപ്പാക്കണം. റാമ്പ് ഇല്ലെങ്കില്‍ നേരത്തെ ക്രമീകരിക്കണം. പോളിംഗ് ബൂത്തായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രങ്ങള്‍ മറയ്ക്കണം. പോലീസ്, എക്‌സൈസ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും ഉള്‍പ്പെടുത്തി യോഗം ചേരാനും തീരുമാനമായി. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതിനാല്‍   സെക്രട്ടറിമാര്‍ ശ്രദ്ധ പുലര്‍ത്തണമെന്നും എഡിഎം പറഞ്ഞു. സെക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് പോളിംഗ് സാധാനങ്ങള്‍ കൈമാറുന്ന കാവുംഭാഗം ഡിബിഎച്ച്എസ്എസ് സന്ദര്‍ശിച്ച് പരിശോധന നടത്തിയതായും എഡിഎം യോഗത്തില്‍ അറിയിച്ചു.
പുളിക്കീഴ് ഡിവിഷനിലേക്കും പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ കൊമ്പങ്കേരി ഡിവിഷനിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് നവംബര്‍ ഒന്‍പതിനാണ് നടക്കുന്നത്. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് റിട്ടേണിംഗ് ഓഫീസര്‍ ഹക്കീം, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ബിഡിഒ ലിബി സി. മാത്യു, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ലഹരി വിമുക്ത കേരളം: കൂട്ടയോട്ടം 23ന്
ലഹരി വിമുക്ത കേരളം പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 23ന് രാവിലെ എട്ടിന് പത്തനംതിട്ട നഗരത്തില്‍ കൂട്ടയോട്ടം സംഘടിപ്പിക്കും. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ നിന്ന് ഗാന്ധി സ്‌ക്വയര്‍ വഴി ജില്ലാ സ്റ്റേഡിയം വരെ നടക്കുന്ന കൂട്ടയോട്ടത്തില്‍ വിവിധ വകുപ്പ് പ്രതിനിധികള്‍, യൂത്ത് ക്ലബുകള്‍, അവളിടം ക്ലബുകള്‍, കാര്‍ഷിക ക്ലബുകള്‍, ടീം കേരള അംഗങ്ങള്‍, സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ജില്ലാ വികസന സമിതി യോഗം മാറ്റിവച്ചു
പത്തനംതിട്ട ജില്ലാ വികസന സമിതിയുടെ ഇന്ന്(22) നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രീഡിഡിസി യോഗവും ഈമാസത്തെ ജില്ലാ വികസന സമിതിയോഗവും മാറ്റിവച്ചതായി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.

ഐഎച്ച്ആര്‍ഡി അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സെന്‍ട്രലൈസിഡ് യു.ജി അഡ്മിഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് (ചെയ്യാത്തവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം) പാലക്കാട് അയലൂരിലെ ഐഎച്ച്ആര്‍ഡിയുടെ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍  അപേക്ഷിക്കാം. ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിഎസ്‌സി ഇലക്ടോണിക്സ് എന്നീ കോഴ്സുകളില്‍ അഡ്മിഷന്‍ എടുക്കാന്‍ താത്പര്യമുളളവര്‍ ഈ മാസം 28ന് വൈകിട്ട് നാലിന് മുമ്പായി കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് അയലൂരില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍ : 9495069307, 8547005029.

പിജിഡിസിഎ സീറ്റ് ഒഴിവ്
അടൂര്‍ എല്‍ബിഎസ് സബ്സെന്ററില്‍ ഒരു വര്‍ഷത്തെ പിജിഡിസിഎ കോഴ്സിന് സീറ്റ് ഒഴിവുണ്ട്. www.lbscentre.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. എസ് സി/എസ് റ്റി/ ഒഇസി കുട്ടികള്‍ക്ക് ഫീസ് വേണ്ട. ഫോണ്‍ : 9947123177.

സേഫ് പദ്ധതിയിലേയ്ക്ക് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിഭാഗങ്ങളുടെ ഭവനങ്ങള്‍ സമഗ്രവും സുരക്ഷിതവുമാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും  ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പിലാക്കുന്ന സേഫ് പദ്ധതിയിലേക്ക് അര്‍ഹരായ പട്ടികജാതി കുടുംബങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ട്് ലക്ഷം രൂപയാണ് ഭവന നവീകരണത്തിനായി അനുവദിക്കുന്നത്.
ഒരു ലക്ഷം രൂപ വരെ വരുമാന പരിധിയുള്ളതും 2010 ഏപ്രില്‍ ഒന്നിനു ശേഷം ഭവന പൂര്‍ത്തീകരണം  നടത്തിയിട്ടുള്ളതും എന്നാല്‍ കഴിഞ്ഞ അഞ്ച്  വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിനോ ഭവന പുനരുദ്ധാരണത്തിനോ ഭവന പൂര്‍ത്തീകരണത്തിനോ ധനസഹായം കൈപ്പറ്റാത്തവരുമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം എസ്റ്റിമേറ്റ് ഹാജരാക്കേണ്ടതില്ല.
മേല്‍ക്കൂര പൂര്‍ത്തീകരണം, ടോയ്ലെറ്റ് നിര്‍മാണം, ഭിത്തികള്‍ ബലപ്പെടുത്തല്‍, വാതിലുകളും ജനലുകളും സ്ഥാപിക്കല്‍, അടുക്കള നവീകരണം, ഫ്ളോറിംഗ്, സമ്പൂര്‍ണ പ്ലാസ്റ്ററിംഗ്, ഇലക്ട്രിക്കല്‍ വയറിംഗ്, പ്ലംബിംഗ് എന്നീ നിര്‍മാണ ഘടകങ്ങള്‍ക്കാണ് തുക അനുവദിക്കുന്നത്.
ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബ്ലോക്ക്/ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക.
ഫോണ്‍  : 04682322712. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ അഞ്ച്.

പെരിങ്ങനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മാണോദ്ഘാടനം  (22)
പെരിങ്ങനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മാണ ഉദ്ഘാടനം  (22) രാവിലെ പത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യാതിഥി ആയിരിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ.എസ്. അയ്യര്‍, അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി, ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവികുഞ്ഞമ്മ, വിവിധ കക്ഷി രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മാണ നിര്‍വഹണം നിര്‍വഹിക്കുന്നത് ജില്ലാ നിര്‍മിതികേന്ദ്രമാണ്. റവന്യൂ വകുപ്പിന്റെ മുഖമുദ്രയായ എല്ലാവര്‍ക്കും ഭൂമി എല്ലാം ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ വില്ലേജ് ഓഫീസുകളെ സ്മാര്‍ട്ട് എന്ന തലത്തിലേക്ക് ഉയര്‍ത്തുന്നത്.
പരുമല പെരുനാള്‍: ഒരുക്കങ്ങള്‍ വിലയിരുത്തി
പരുമല പെരുനാള്‍ തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ തിരുവല്ല റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ സബ് കളക്ടര്‍ ശ്വേത നാഗര്‍കോട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സബ് കളക്ടര്‍ അറിയിച്ചു. പഞ്ചായത്തിന്റെയും പോലീസിന്റെയും സഹകരണത്തോടെ വഴിയോര കച്ചവടക്കാരെ റോഡിന്റെ ഒരു വശത്തേക്ക് മാത്രമായി മാറ്റണമെന്ന് സബ് കളക്ടര്‍ പിഡബ്ല്യുഡിക്ക് നിര്‍ദേശം നല്‍കി.

ജനത്തിരക്ക് അനുസരിച്ച് ബസുകള്‍ അനുവദിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. മെഡിക്കല്‍ ടീമിനെ സജീകരിച്ചിട്ടുണ്ടെന്നും കൂടുതല്‍ ഡോക്ടര്‍മാരെ ആവശ്യമെങ്കില്‍ നിയോഗിക്കുമെന്നും മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

റോഡുകള്‍ എല്ലാം സഞ്ചാരയോഗ്യമാക്കിയതായും രണ്ടു ദിവസത്തിനുള്ളില്‍ പരുമല റോഡിന്റെ വശങ്ങളിലെ കാട് വെട്ടി തെളിക്കുമെന്നും പിഡബ്ലുഡി നിരത്ത് വിഭാഗം അറിയിച്ചു. വൈദ്യുതി മുടക്കം ഉണ്ടാകാതിരിക്കാനുള്ള സജീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.

തിരുവല്ല തഹസില്‍ദാര്‍ പി. ജോണ്‍ വര്‍ഗീസ്, പരുമല സെമിനാരി മാനേജര്‍ കെ.വി. പോള്‍ റമ്പാന്‍, കൗണ്‍സില്‍ അംഗങ്ങളായ പി.എ. ജേക്കബ്, ജി. ഉമ്മന്‍, ഡി.എം. കുരുവിള, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്പോട്ട് അഡ്മിഷന്‍
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ മോഡല്‍ പോളിടെക്നിക് കോളേജുകളിലേയ്ക്കും  പൂഞ്ഞാര്‍ എഞ്ചിനീയറിംഗ് കോളേജുകളിലേയ്ക്കും ത്രിവത്സര ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. എസ്.എസ്.എല്‍.സി ആണ് അടിസ്ഥാന യോഗ്യത. അഡ്മിഷന് താല്പര്യമുള്ളവര്‍ അതാതു ജില്ലകളിലെ മോഡല്‍ പോളിടെക്നിക് കോളേജുകളിലോ പൂഞ്ഞാര്‍ എഞ്ചിനീയറിംഗ് കോളേജിലോ നേരിട്ട് ബന്ധപ്പെടണം. ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ്  എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നീ ഡിപ്ളോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ഫീസാനുകൂല്യം ലഭിക്കും.

വിശദവിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡി വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ നേരിട്ട് കോളജുമായി ബന്ധപ്പെടാം. കെ കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്നിക് കോളേജ്, മാള (ഫോണ്‍: 0480 2 720 746, 8547 005 080), മോഡല്‍ പോളിടെക്നിക് കോളേജ്, പൈനാവ് (8547 005 084), മോഡല്‍ പോളിടെക്നിക് കോളേജ്, മറ്റക്കര (ഫോണ്‍: 0481 2 542 022, 8547 005 081), എഞ്ചിനീയറിംഗ് കോളേജ്, പൂഞ്ഞാര്‍ (ഫോണ്‍: 8547 005 035, 9562 401 737), മോഡല്‍ പോളിടെക്നിക് കോളേജ്, കരുനാഗപ്പള്ളി (ഫോണ്‍: 9447 488 348, 8547 005 083), മോഡല്‍ പോളിടെക്നിക് കോളേജ്, വടകര (ഫോണ്‍: 0496 2 524 920, 8547 005 079), മോഡല്‍ പോളിടെക്നിക് കോളേജ്, കല്ല്യാശ്ശേരി (ഫോണ്‍: 0497 2 780 287, 8547 005 082), മോഡല്‍ പോളിടെക്നിക് കോളേജ്, കുഴല്‍മന്ദം (8547 005 086)  .

സംരംഭകത്വ പരിശീലനം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലെപ്മെന്റില്‍ (കീഡ്) 10 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. നവംബര്‍ 15 മുതല്‍ 25വരെ കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പമ്പസിലാണ് പരിശീലനം. പരിശീലനം സൗജന്യമാണ്. www.kied.info ലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0484 2 532 890/2 550 322, 7012 376 994.
ഡി.എല്‍.എഡ് കോഴ്സിന് സ്പോട്ട് അഡ്മിഷന്‍
2022-24 അധ്യയന വര്‍ഷം ഡി.എല്‍.എഡ് കോഴ്സിന് ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 27ന്  രാവിലെ 10ന് പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ തിരുവല്ലയിലുളള കാര്യാലയത്തില്‍ നടത്തും. ഈ കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ മാത്രം അന്നേ ദിവസം സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കേണ്ടതുള്ളൂ വെന്ന് പത്തനംതിട്ട-തിരുവല്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. അപേക്ഷയും അനുബന്ധരേഖകളും (അസല്‍) സഹിതം അപേക്ഷകര്‍ നേരിട്ട് ഹാജരാകണം.

error: Content is protected !!