ഒമിക്രോണ്‍ വ്യാപനം : പത്തനംതിട്ട ജില്ലയിലും ജാഗ്രത

 

KONNIVARTHA.COM : കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതാകുമാരി അറിയിച്ചു. ക്വാറന്റൈന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വിട്ടുവീഴ്ച്ച പാടില്ല. ഹൈറിസ്‌ക്് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ഏഴു ദിവസം ക്വാറന്റൈന്‍ പാലിക്കുകയും ഏഴു ദിവസം സ്വയം നിരീക്ഷണത്തിലിരിക്കുകയും വേണം. അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ 14 ദിവസം സ്വയം നിരീക്ഷണത്തില്‍ തുടരണം.

സ്വയം നിരീക്ഷണത്തിലിരിക്കുന്നവര്‍ വീട്ടിലും, അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പുറത്തുപോകുമ്പോഴും എന്‍ 95 മാസകോ, ഡബിള്‍ മാസകോ ഉപയോഗിക്കുക. വീട്ടിലെ പ്രായമായവര്‍, കുട്ടികള്‍, മറ്റ് രോഗബാധയുള്ളവര്‍ എന്നിവരുമായി സമ്പര്‍ക്കം ഒഴിവാക്കുക. വിവാഹം, മരണം, പൊതുപരിപാടികള്‍, മറ്റു ചടങ്ങുകള്‍ മുതലായവ ഒഴിവാക്കുക. ആള്‍ക്കൂട്ടങ്ങളുള്ള സ്ഥലങ്ങള്‍, തീയറ്ററുകള്‍, ഹോട്ടലുകള്‍, മാളുകള്‍ എന്നിവ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക. രോഗലക്ഷണങ്ങള്‍ ഉണ്ടോയെന്ന് സ്വയം നിരീക്ഷിക്കുക. ഏതെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ ക്വാറന്റൈനിലാകുകയും ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കുകയും വേണം.

ഒമിക്രോണ്‍ ജാഗ്രത തുടരുന്നതിനൊപ്പം അടിസ്ഥാന പ്രതിരോധ മാര്‍ഗങ്ങള്‍ പാലിക്കുന്നതിലും ശ്രദ്ധിക്കണം. ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുക, കൈകള്‍ ഇടയ്ക്കിടെ അണുവിമുക്തമാക്കുക, സുരക്ഷിത അകലം പാലിക്കുക, ആള്‍ക്കൂട്ടം ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനൊപ്പം ഇനിയും കോവിഡ് വാക്സിന്‍ എടുക്കാനുള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി വാക്സിന്‍ സ്വീകരിക്കണമെന്നും ഡിഎംഒ അറിയിച്ചു

error: Content is protected !!