ഓമിക്രോൺ: പരിശോധനകളുടെ എണ്ണം വർധിപ്പിക്കാൻ കേന്ദ്ര ആരോഗ്യ വകുപ്പ് നിര്‍ദേശം

 

COVID-19 വകഭേദമായ ഓമിക്രോൺ ബാധയുടെ സാഹചര്യത്തിൽ രാജ്യത്തെ കോവിഡ്-19 പൊതുജനാരോഗ്യ പ്രതികരണ സംവിധാനങ്ങൾ കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീ രാജേഷ് ഭൂഷൺ വിലയിരുത്തി. ഇതിനൊപ്പം പ്രതിരോധ കുത്തിവെപ്പ് വിതരണ പുരോഗതിയും സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ ആരോഗ്യ സെക്രട്ടറിമാർ, NHM എംഡി-മാർ എന്നിവരുമായി വീഡിയോ കോൺഫറൻസിലൂടെ ഇന്ന് ചേർന്ന യോഗത്തിൽ അദ്ദേഹം അവലോകനം ചെയ്തു.

പരിശോധനകളുടെ എണ്ണം വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ രോഗികളെ തിരിച്ചറിഞ്ഞു വേഗം തന്നെ ഐസൊലേറ്റ് ചെയ്യാനും മറ്റു ചികിത്സകൾ ലഭ്യമാക്കാനും വേണ്ടി രോഗബാധ സംശയിക്കുന്നവരെ വേഗം തന്നെ തിരിച്ചറിയുന്നതിനായി നിരീക്ഷണത്തിന് പ്രത്യേക പ്രാധാന്യം നൽകണമെന്നും നിർദേശമുണ്ട്.

എല്ലാ ജില്ലകളിലും ആർ ടി പി സി ആർ പരിശോധന സൗകര്യം ഉറപ്പാക്കണമെന്നും സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഉയർന്ന രോഗ സ്ഥിരീകരണം ഉള്ള ജില്ലകൾക്ക്, കേസ്സുകളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ സ്ഥിരമായി നിരീക്ഷിക്കണമെന്ന മുന്നറിയിപ്പ് യോഗം കൈമാറി. കൂടാതെ രോഗം സ്ഥിരീകരിക്കുന്ന സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിനായി ബന്ധപ്പെട്ട INSACOG ലാബുകളിലേക്ക് കാലതാമസം വരുത്താതെ കൈമാറണമെന്നും നിർദേശമുണ്ട്.

രോഗബാധ കൂടുതലായി സ്ഥിരീകരിക്കുന്ന പുതിയ പ്രദേശങ്ങൾ (ഹോട്ട്സ്പോട്ടുകൾ/ക്ലസ്റ്ററുകൾ), വാക്സിൻ സ്വീകരിച്ചവരിലും ഒരിക്കൽ കോവിഡ് വന്നവരിലും രോഗബാധയുടെ സൂക്ഷ്മ നിരീക്ഷണം, ദ്രുത പ്രതികരണ സംഘങ്ങളുടെ നേതൃത്വത്തിൽ ഇത്തരം സംഭവങ്ങളുടെ വേഗത്തിലുള്ള അന്വേഷണം തുടങ്ങിയവയും യോഗം ചർച്ച ചെയ്തു. രോഗബാധിതരുമായി സമ്പർക്കത്തിൽ വരുന്ന എല്ലാ വ്യക്തികളെയും അതിവേഗം തിരിച്ചറിഞ്ഞ് പരമാവധി വേഗത്തിൽ അവരെ പരിശോധനകൾക്ക് വിധേയരാകേണ്ടതിന്റെ ആവശ്യകത യോഗം എടുത്തുപറഞ്ഞു.

‘അറ്റ്-റിസ്ക്’ രാജ്യങ്ങളിൽ നിന്ന് വരുന്ന അന്താരാഷ്ട്ര യാത്രക്കാരെ സംബന്ധിച്ച് എയർ സുവിധ പോർട്ടലിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, രാജ്യത്ത് എത്തിയതിനു ശേഷം നടത്തിയ പരിശോധനയിൽ നെഗറ്റീവ് ആയ അന്താരാഷ്ട്ര യാത്രക്കാർക്ക്, രോഗ ലക്ഷണങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകിക്കൊണ്ട് ജില്ലാ അടിസ്ഥാനത്തിൽ നിരീക്ഷണം നൽകേണ്ടതിന്റെ ആവശ്യകതയും യോഗം ചൂണ്ടിക്കാട്ടി.

ശൈത്യകാലം അടുത്ത പശ്ചാത്തലത്തിൽ ജലദോഷത്തിനു സമാനമായതും (ILI)/ശ്വാസകോശ സംബന്ധിയായ ഗുരുതര പ്രശ്നങ്ങളും (SARI), അതീവ പ്രാധാന്യത്തോടെ നിരീക്ഷിക്കേണ്ടതുണ്ട് എന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും യോഗം നിർദ്ദേശം നൽകി. മെച്ചപ്പെട്ട ഗൃഹ നിരീക്ഷണം ലക്ഷ്യമിട്ടുള്ള നിരീക്ഷണ സംവിധാനങ്ങൾ, കൃത്യമായി അവലോകനം ചെയ്യേണ്ടതുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി.

ആവശ്യമായവർക്ക് മെച്ചപ്പെട്ട ആരോഗ്യ പാലനം നൽകുന്നതിനായി സ്വീകരിച്ചിട്ടുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ECRP-II-ന്
കീഴിൽ കേന്ദ്ര സർക്കാർ നൽകുന്ന തുക ആരോഗ്യ അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്തുന്നതിനും, സൗകര്യങ്ങളുടെ നിർമ്മാണത്തിനും ഉപയോഗിക്കപ്പെടുന്നുണ്ട് എന്ന് കൃത്യമായി ഉറപ്പാക്കേണ്ടതാണ്.

ഇതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയിട്ടുള്ള പോർട്ടലിൽ തുക വിനിയോഗം സംബന്ധിച്ച് ഏറ്റവും പുതിയ വിവരങ്ങളും പുരോഗതിയും നൽകണം. ഫീൽഡ് തലങ്ങളിലെ ആരോഗ്യ പാലന സംവിധാനങ്ങളിൽ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, PSA പ്ലാന്റുകൾ, പ്രവർത്തന യോഗ്യമായ വെന്റിലേറ്ററുകൾ എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം. രാജ്യത്തെ ചില ഫീൽഡ് തല ആശുപത്രികളിൽ കേന്ദ്രം വിതരണം ചെയ്ത നിരവധി വെന്റിലേറ്ററുകൾ ഇപ്പോഴും ഉപയോഗിക്കാതെയും പായ്ക് നീക്കം ചെയ്യാതെയും ഉണ്ടെന്ന് സംസ്ഥാനങ്ങളെ യോഗം അറിയിച്ചു. ഇത് അടിയന്തരമായി പരിശോധിക്കേണ്ടതാണ് എന്നും നിർദേശിച്ചു.

കോവിഡ്-19 ചികിത്സയുമായി ബന്ധപ്പെട്ട, 8 പ്രധാന മരുന്നുകളുടെ ആവശ്യമായ കരുതൽശേഖരം നിലനിർത്തണമെന്ന് സംസ്ഥാനങ്ങൾക്ക് ആരോഗ്യ സെക്രട്ടറി നിർദേശം നൽകി. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ 2021 ജൂലൈയിൽ സംസ്ഥാനങ്ങൾക്ക് കൈമാറിയിരുന്നു.

ദേശീയതലത്തിൽ നടക്കുന്ന കോവിഡ്-19 പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന്റെ വേഗതയും വ്യാപ്തിയും ഇനിയും വർദ്ധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ഗ്രാമ-ജില്ലാതലങ്ങളിൽ കൃത്യമായ ഇടവേളകളിൽ നടക്കുന്ന അവലോകനങ്ങൾക്കൊപ്പം, നിലവിൽ നടക്കുന്ന ‘ഹർ ഘർ ദസ്തക്’ പ്രചാരണത്തിന് പ്രാധാന്യം നൽകിയും ഇത് ഉറപ്പാക്കേണ്ടതാണ്.

കൃത്യമായ ഇടവേളകളിൽ നടത്തുന്ന മാധ്യമ സമ്മേളനങ്ങൾക്കൊപ്പം, തെളിവുകളുടെ അടിസ്ഥാനത്തിൽ ഉള്ള അവബോധ പ്രചാരണങ്ങളും സംഘടിപ്പിക്കണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും യോഗം നിർദ്ദേശം നൽകി.

 

error: Content is protected !!