വെള്ളി, ശനി ദിവസങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

വെള്ളി, ശനി ദിവസങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

www.konnivartha.com : തെക്ക് കിഴക്കൻ അറബിക്കടലിൽ മെയ് 14 ഓടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ വെള്ളി, ശനി ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. സർക്കാർ സംവിധാനങ്ങളോട് പൂർണ്ണ സജ്ജരാവാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

 

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. കേന്ദ്ര രക്ഷാസേനകളുടെയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെയും യോഗം വിളിച്ച് മഴക്കാലപൂർവ തയ്യാറെടുപ്പ് അവലോകനം ചെയ്തു. കേന്ദ്ര കാലാവസ്ഥാ വകുപ്പ്, ദേശീയ ദുരന്ത പ്രതികരണ സേന, കരസേന, വായുസേന, നാവിക സേന, കോസ്റ്റ് ഗാർഡ്, ബിഎസ്എഫ്, സിആർപിഎഫ്, അഗ്‌നി രക്ഷാ സേന, പോലീസ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയെല്ലാം പങ്കെടുത്തു. വായു സേന ഒരു ഹെലികോപ്റ്റർ തിരുവനന്തപുരത്ത് സ്റ്റേഷൻ ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ട്.

12ന് അർധരാത്രി 12 മണി മുതൽ കേരള തീരത്ത് മൽസ്യ ബന്ധനം പൂർണ്ണമായി നിരോധിച്ചു. ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ് ലഭിക്കുന്നത് വരെ ആരും കടലിൽ പോകരുത്. നിലവിൽ ആഴക്കടൽ മൽസ്യ ബന്ധനത്തിലേർപ്പെട്ടിരിക്കുന്ന മൽസ്യ തൊഴിലാളികൾ എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരണമെന്ന നിർദേശം നൽകി.
ന്യൂനമർദം രൂപപ്പെടുന്ന ഘട്ടത്തിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. അപകടകരമായ അവസ്ഥയിൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവരെ ആവശ്യമായ ഘട്ടത്തിൽ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറ്റും.
ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടും ചെറിയ വെള്ളപ്പൊക്കവും രൂപപ്പെടാൻ സാധ്യതയുണ്ട്. കാറ്റിൽ മരങ്ങൾ കടപുഴകി വീണോ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിൽ മണ്ണിടിച്ചിൽ മൂലമോ അപകടങ്ങൾ ഉണ്ടാവാനും സാധ്യത ഉള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തണം.
സംസ്ഥാനത്ത് അതിശക്തമായ മഴയും കാറ്റും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കോവിഡ് ചികിത്സ ലഭ്യമാക്കുന്ന മുഴുവൻ ആശുപത്രികളിലും ഓക്‌സിജൻ പ്ലാന്റുകളിലും വൈദ്യുതി വിതരണം തടസ്സമില്ലാതെ ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പിനും വൈദ്യുതി വകുപ്പിനും നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ ഇത് ഉറപ്പാക്കും. അടിയന്തര സാഹചര്യങ്ങളിൽ പ്രവർത്തിപ്പിക്കാൻ മുഴുവൻ ആശുപത്രികളിലും ജനറേറ്ററുകൾ സ്ഥാപിക്കാനും നിർദേശിച്ചു.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെ കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. 1077 എന്ന ടോൾ ഫ്രീ നമ്പറിൽ ഇ.ഒ.സിയുമായി ബന്ധപ്പെടാം.

error: Content is protected !!