ആധുനിക രീതിയിൽ നിർമിച്ച വൈറ്റില ഫ്‌ളൈഓവർ കൊച്ചിയിലെ ഗതാഗതത്തിന് മുതൽക്കൂട്ട്: മുഖ്യമന്ത്രി

 

ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച വൈറ്റില ഫ്‌ളൈഓവർ കൊച്ചിയിലെ ഗതാഗത സംവിധാനത്തിന് മുതൽക്കൂട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വൈറ്റില ഫ്‌ളൈഓവറിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അടിയന്തര പ്രാധാന്യമുള്ള വിഷയമായി സർക്കാർ കാണുന്നത് നാടിന്റെ വികസനമാണ്. ഈ വികസനം സാധ്യമാകണമെങ്കിൽ അടിസ്ഥാന സൗകര്യം ഉണ്ടാവണം. പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യങ്ങളാണ് റോഡുകളും പാലങ്ങളും. ഉന്നത നിലവാരത്തിലുള്ള റോഡുകളും പാലങ്ങളും ഇല്ലാതെ ജനങ്ങൾക്ക് മികച്ച പൊതുഗതാഗത സംവിധാനം ഉറപ്പാക്കാനാവില്ല. പുതിയ കാലം പുതിയ നിർമാണം എന്ന മുദ്രാവാക്യം ഉയർത്തിയാണ് പൊതുമരാമത്ത് വകുപ്പ് പ്രവർത്തിച്ചു വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കിയ വകുപ്പിനെ അദ്ദേഹം അഭിനന്ദിച്ചു.
പൂർണമായി സംസ്ഥാന സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ചാണ് വൈറ്റില മേൽപ്പാലം നിർമിച്ചിരിക്കുന്നത്. ഇതിന്റെ മറ്റൊരു മെച്ചം പാലത്തിന് ടോൾ ഇല്ല എന്നതാണ്. ദേശീയ പാത അതോറിറ്റിയായിരുന്നു നിർമിച്ചതെങ്കിൽ ജനങ്ങൾ ടോൾ നൽകേണ്ടി വരുമായിരുന്നു.
വൈറ്റില മേൽപ്പാലം യാഥാർഥ്യമായതോടെ ദേശീയപാത 66ൽ ആലുവ, ആലപ്പുഴ ഭാഗത്തേക്കുള്ള യാത്രക്കാർക്കു മാത്രമല്ല എറണാകുളം നഗരത്തിലേക്കും തൃപ്പൂണിത്തുറ ഭാഗത്തേക്കും വൈറ്റില ഹബ്ബിലേക്കുമുള്ള യാത്ര എളുപ്പമാകും. 85.9 കോടി രൂപയായിരുന്നു എസ്റ്റിമേറ്റ്. 78.36 കോടി രൂപയ്ക്ക് കരാർ ഉറപ്പിച്ചതുകൊണ്ട് 6.73 കോടി രൂപ മിച്ചംപിടിക്കാനും കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തിയാക്കിയത്.
മൂന്നുവരി വീതമുള്ള രണ്ട് ഫ്ളൈ ഓവറുകൾ ആയിട്ടാണ് പദ്ധതി നടപ്പാക്കിയത്. ഓരോ പാലത്തിനും 30 മീറ്റർ നീളമുള്ള 12 സ്പാനുകളും 40 മീറ്റർ നീളമുള്ള രണ്ട് സെൻട്രൽ സ്പാനുകളുമായി 440 മീറ്റർ നീളമാണുള്ളത്. ഈ നീളവും ഇരുവശങ്ങളിലുമുള്ള അപ്രോച്ച് റോഡും ഉൾപ്പെടെ തിരുവനന്തപുരം ഭാഗത്തേക്കുള്ള പാലത്തിന് 717 മീറ്റർ നീളവും ആലുവ ഭാഗത്തേക്കുള്ള പാലത്തിന് 702.41 മീറ്റർ നീളവുമാണുള്ളത്. ഫ്ളൈഓവറിന് ഇരുവശത്തുമായി മൊബിലിറ്റി ഹബ്ബിൽ സുഗമമായി പ്രവേശിക്കുന്നതിനായി 320 മീറ്റർ നീളത്തിലും ആലുവ ഭാഗത്തേക്ക് 375 മീറ്റർ നീളത്തിലും രണ്ടു സ്ലിപ് റോഡുകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുവശത്തും സർവീസ് റോഡുകളിൽ വൈദ്യുതിവിളക്കുകൾ, ഓട എന്നിവയും നിർമാണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫ്‌ളൈഓവർ സമയബന്ധിതമായി സുരക്ഷ ഉറപ്പാക്കി നാടിന് സമർപ്പിക്കുന്ന ഈ സർക്കാരിൽ ജനങ്ങൾക്ക് കൂടുതൽ വിശ്വാസം ഉണ്ടാകുന്നതിൽ അസ്വസ്ഥപ്പെടുന്ന ചിലരുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിൽ ഇവരെ കാണാനാവില്ല.

തൊട്ടടുത്ത് പുതിയതായി നിർമിച്ച മറ്റൊരു പാലത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയ സന്ദർഭത്തിലും ഇവരെ കണ്ടില്ല. എന്നാൽ മുടങ്ങിക്കിടന്ന പദ്ധതി പ്രതിസന്ധികളെ തരണം ചെയ്ത് പൂർത്തിയായപ്പോൾ ഇവർ കുത്തിത്തിരിപ്പുമായി പ്രത്യക്ഷപ്പെടുന്നതാണ് നാടു കാണുന്നത്. പ്രശ്‌നങ്ങൾ സൃഷ്ടിച്ച് അതിലൂടെ പ്രശസ്തി നേടാൻ ശ്രമിക്കുന്ന ചെറിയൊരു ആൾക്കൂട്ടമാണിത്. ജനാധിപത്യവാദികളെന്ന് നടിക്കുന്ന ഇവരുടെ കുബുദ്ധി നാടിന് മനസിലാക്കാവുന്നതേയുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിച്ചു. ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് മുഖ്യാതിഥിയായിരുന്നു. മേയർ എം. അനിൽകുമാർ എം. എൽ. എമാരായ എം. സ്വരാജ്, പി. ടി. തോമസ്, ടി. ജെ. വിനോദ്, എസ്. ശർമ, ഹൈബി ഈഡൻ എം. പി എന്നിവർ സന്നിഹിതരായിരുന്നു.

error: Content is protected !!