വെച്ചൂച്ചിറയില്‍ ജല ജീവന്‍ മിഷന്‍ പദ്ധതി തുടങ്ങി

 

വെച്ചൂച്ചിറയില്‍ ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ ഉദ്ഘാടനം രാജു എബ്രഹാം എംഎല്‍എ നിര്‍വഹിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ ഗ്രാമപഞ്ചായത്ത് ജനപങ്കാളിത്തത്തോടെ നാലുവര്‍ഷം കൊണ്ട് എല്ലാ വീടുകളിലും പൈപ്പുകളിലൂടെ കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണ് ജല ജീവന്‍ മിഷന്‍.
വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തില്‍ ആകെയുള്ള 5510 കുടുംബങ്ങളില്‍ 2162 കുടുംബങ്ങള്‍ക്കാണ് നിലവില്‍ പൈപ്പ് കണക്ഷന്‍ ലഭിച്ചിട്ടുള്ളത്. അവശേഷിക്കുന്ന 3348 കുടുംബങ്ങള്‍ക്കും ഗാര്‍ഹിക കണക്ഷനുകള്‍ ലഭ്യമാക്കുന്നതിനാണ് പദ്ധതി. പദ്ധതിയുടെ ഭാഗമായി ഈ സാമ്പത്തിക വര്‍ഷം ആദ്യ ഘട്ടം 480 കണക്ഷനുകളും രണ്ടാം ഘട്ടം 200 ഗാര്‍ഹിക കണക്ഷനുകളും നല്‍കും. ആദ്യ ഘട്ടത്തിലെ 480 കുടുംബങ്ങള്‍ക്ക് ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കാന്‍ 87.58 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. ഇതില്‍ ഗ്രാമപഞ്ചായത്ത് വിഹിതമായി 13.14ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഗുണഭോക്തൃ വിഹിതം 1825രൂപയും. ഈ തുക പഞ്ചായത്ത് സമാഹരിച്ചു ജല അതോറിട്ടിയില്‍ അടയ്ക്കുന്ന മുറയ്ക്ക് കണക്ഷനുകള്‍ ലഭ്യമാകും.
രണ്ടാം ഘട്ടത്തിന് 75.47 ലക്ഷം രൂപയാണ് കണക്കാക്കിയിരിക്കുന്നത്. മൂന്നാം ഘട്ടത്തില്‍ 2668 കുടുംബങ്ങള്‍ക്ക് ഗാര്‍ഹിക കണക്ഷന്‍ നല്‍കാന്‍ 12.54 കോടി രൂപയുടെ പദ്ധതിയാണ്.
വെച്ചൂച്ചിറ എണ്ണൂറാംവയല്‍ കൊല്ലിരിക്കല്‍ കെ.സി. തോമസിന് ആദ്യ കണക്ഷന്‍ നല്‍കിയാണ് രാജു എബ്രഹാം എംഎല്‍എ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ സ്‌കറിയ, അംഗങ്ങളായ സ്‌കറിയ ജോണ്‍, രേണുക മുരളീധരന്‍, കെ. ശ്രീകുമാര്‍, പൊന്നമ്മ ചാക്കോ, ജയിനമ്മ തോമസ്, വത്സമ്മ മാത്യു, സിറിയക് തോമസ്, ബാബു മോളിക്കല്‍ എന്നിവര്‍ സംസാരിച്ചു

error: Content is protected !!