ഉയർന്ന താപനില മുന്നറിയിപ്പ് : ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു : അടിയന്തിര സാഹചര്യം

 

konnivartha.com: പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ 2024 ഏപ്രിൽ 29 ന് ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

കൊല്ലം, തൃശൂർ ജില്ലകളിലെ ചില പ്രദേശങ്ങളിൽ 2024 ഏപ്രിൽ 29 ന് ഉഷ്‌ണതരംഗ സാധ്യത ഉള്ളതിനാൽ കേന്ദ്രകാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.

2024 ഏപ്രിൽ 29 മുതൽ മെയ് 03 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 40°C വരെയും, കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, എറണാകുളം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 3 – 5°C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 ഏപ്രിൽ 29 മുതൽ മെയ് 03 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം.

താഴെ പറയുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

-പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.

-ശരീരത്തിൽ നേരിട്ട് വെയിലേൽക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവർത്തനങ്ങളും പൂർണ്ണമായും നിർത്തി വെക്കുക.

-ധാരാളമായി വെള്ളം കുടിക്കുക.

-അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക.

-കായികാദ്ധ്വാനമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ഇടവേളകൾ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയിൽ ഏർപ്പെടുക.

-നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ, ചായ കാപ്പി എന്നിവ പകൽ സമയത്ത് പൂർണ്ണമായും ഒഴിവാക്കുക.

-വൈദ്യുത ഉപകരണങ്ങൾ നിരന്തര ഉപയോഗം മൂലം ചൂട് പിടിച്ചും, വയർ ഉരുകിയും തീപിടുത്തത്തിന് സാധ്യത ഉള്ളതിനാൽ ഓഫീസുകളിലും, വീടുകളിലും ഉപയോഗ ശേഷം ഇവ ഓഫ് ചെയ്യേണ്ടതാണ്. രാത്രിയിൽ ഓഫീസുകളിലും, ഉപയോഗം ഇല്ലാത്ത മുറികളും ഉള്ള ഫാൻ, ലൈറ്റ്, എ.സി എന്നിവ ഓഫ് ചെയ്ത് സൂക്ഷിക്കുക.

-വീട്ടിലും ഓഫീസിലും തൊഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക.

-മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്), ചപ്പ് ചവറുകളും, ഉണങ്ങിയ പുല്ലും ഉള്ള ഇടങ്ങളിൽ എന്നിവടങ്ങളിൽ തീപിടുത്ത സാധ്യത കൂടുതലാണ്. ഇവിടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

-തൊഴിലുറപ്പ് പ്രവർത്തകരും, മാധ്യമപ്രവർത്തകരും, പുറം തൊഴിലിൽ ഏർപ്പെടുന്നവരും, പോലീസ് ഉദ്യോഗസ്ഥരും 11 am to 3 pm വരെ കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ പൊതു സമൂഹം സഹായിക്കുക.

-വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന പരിപാടികൾ ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

-കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രത്യേക കരുതൽ ഉറപ്പാക്കണം.

-എല്ലാവിധ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്ക് മാറ്റി വക്കുന്നത് ഉചിതമായിരിക്കും.

MAXIMUM TEMPERATURE WARNING – ORANGE ALERT

Maximum temperatures are very likely to be around 41 ̊C in Palakkad district, around 40 ̊C in Kollam & Thrissur districts, around 39 ̊C in Kozhikode district, around 38 ̊C in Alappuzha, Kottayam, Pathanamthitta & Kannur districts, around 37 ̊C in Ernakulam, Malappuram & Kasaragod districts and around 36 ̊C in Thiruvananthapuram district (3 to 5 ̊C above normal) during 29th April to 03rd May 2024.

Hot & Humid weather is very likely over these districts except in hilly areas during 29th April to 03rd May 2024 due to high temperature and humidity. (YELLOW WARNING).

Heat Wave conditions likely to continue at a few places in Palakkad district on today the 29th April 2024 (ORANGE WARNING)

Heat Wave conditions likely to prevail at one or two places in Kollam & Thrissur districts on today the 29th April 2024 (YELLOW WARNING).

error: Content is protected !!