ബിജെപി: പത്തനംതിട്ടയില്‍ അനില്‍ ആന്‍റണി

 

konnivartha.com: ലോക സഭ  തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി യുപിയിലെ വാരാണസിയില്‍ നിന്ന് വീണ്ടും ജനവിധി നേടും. അമിത് ഷാ ഗാന്ധി നഗറില്‍ നിന്നാണ് മത്സരിക്കുക.

 

കേരളത്തിലെ 12 സീറ്റുകളിലേക്ക് ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തൃശൂരില്‍ സുരേഷ് ഗോപി, ആറ്റിങ്ങലില്‍ വി.മുരളീധരന്‍, പത്തനംതിട്ടയില്‍ അനില്‍ ആന്‍റണി, തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍, പാലക്കാട് സി.കൃഷ്ണകുമാര്‍, ആലപ്പുഴ ശോഭാ സുരേന്ദ്രന്‍, കോഴിക്കോട് എം.ടി രമേശ്, വടകര പ്രഫുല്‍ കൃഷ്ണന്‍, കണ്ണൂര്‍ സി.രഘുനാഥ്, കാസര്‍കോട് എം.എല്‍ അശ്വിനി, പൊന്നാനിയില്‍ നിവേദിത സുബ്രഹമണ്യന്‍, മലപ്പുറം – ഡോ. അബ്ദുൾ സലാം എന്നിവര്‍ സ്ഥാനാര്‍ഥികളാകും.

16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും ആദ്യ ഘട്ട പട്ടികയിൽ ഇടംപിടിച്ചു. പട്ടികയിൽ 28 വനിതാ സ്ഥാനാർഥികളുമുണ്ട്. അതേസമയം, തമിഴ്നാട്ടിലെ സ്ഥാനാർഥികളെ ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചിട്ടില്ല.

 

ബിജെപി സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി പ്രകടിപ്പിച്ച് പിസി ജോർജ്. പത്തനംതിട്ടയിലോ   കേരളത്തിനോ അനിൽ ആന്റണി സുപരിചിതനല്ലെന്നും എ.കെ  ആൻ്റണിയുടെ മകനാണ് എന്ന പേരു മാത്രമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതൊരു പ്രശ്നമല്ല, കാരണം പാർട്ടിയുടെ സ്ഥാനാർഥി നമ്മുടെ സ്ഥാനാർത്ഥിയാണ്. ആളെ പരിചയപ്പെടുത്തിയെടുക്കുക എന്നത് പ്രയാസകരമാണ്.
സാധാരണ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമ്പോൾ പരിചയപ്പെടുത്താതെ തന്നെ ജനങ്ങൾ അറിയും. അനിലിന് ഡൽഹിയായിട്ട് മാത്രമാണ് ബന്ധമുള്ളത്. കേരളം എന്താണെന്ന് അറിയില്ലെന്നും പിസി കൂട്ടിച്ചേർത്തു.

പത്തനംതിട്ടയിൽ ആർഎസ്എസുകാരും ബിജെപിക്കാരും എൻറെ പേര് പറഞ്ഞിരുന്നു. എന്നാൽ സ്ഥാനാർത്ഥി ആകാനുള്ള മോഹം തനിക്ക് ഇല്ലായിരുന്നു. താൻ സ്ഥാനാർത്ഥിയാകാതിരിക്കാൻ വെള്ളാപ്പള്ളിയും തുഷാറും ശ്രമിച്ചു. വെള്ളാപ്പള്ളി പിണറായിയുടെ ആളും തുഷാർ ബിജെപിയുമാണ്. ഇത് ശരിയായ നടപടിയല്ല. താൻ ജയിച്ചാൽ ഇവരുടെ കച്ചവടം നടക്കില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് എതിർത്തതെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിലെ ജനങ്ങൾ രാഷ്ട്രീയ മാറ്റം ആഗ്രഹിക്കുന്നുവെന്നും രാജ്യവ്യാപകമായി കോൺഗ്രസ് തകർന്നിരിക്കുകയാണെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. ആറ്റിങ്ങലിലെ ജനങ്ങൾ വിവേകപൂർവ്വം വോട്ടവകാശം വിനിയോഗിക്കും. കേരളത്തിലെ കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും വാർത്താസമ്മേളനങ്ങളിലെ പരാമർശങ്ങൾ കേൾക്കുന്നവർക്ക് പാർട്ടിയുടെ അവസ്ഥ എന്തെന്ന് മനസ്സിലാകും. നരേന്ദ്രമോദി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.

 

error: Content is protected !!