പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ /വാര്‍ത്തകള്‍ ( 14/02/2024 )

കാര്‍ഷിക മേഖലയ്ക്കും മാലിന്യമുക്തം പദ്ധതിക്കും ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്

കാര്‍ഷിക മേഖലക്കും മാലിന്യമുക്തം പദ്ധതിക്കും ഊന്നല്‍ നല്‍കി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് മായ അനില്‍കുമാര്‍ അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചു.

3,51,19,267 രൂപ മുന്‍ബാക്കിയും 108,66,47,150 രൂപ വരവും 112,17,66,417 രൂപ ആകെ വരവും, 106,38,79,950 രൂപ ആകെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ 5,78,86,467 രൂപ നീക്കിയിരിപ്പുണ്ട്. കാര്‍ഷിക മേഖല, മൃഗസംരക്ഷണം, മത്സ്യമേഖല, വിദ്യാഭ്യാസം, സാമൂഹികനീതി, വനിതാ വികസനം, യുവജനക്ഷേമം, ശുചിത്വം, കുടിവെള്ളം, ഭവന നിര്‍മാണം, ആരോഗ്യം, വയോജന ക്ഷേമം, പട്ടികജാതി, പട്ടിക വര്‍ഗ ക്ഷേമം തുടങ്ങി ജില്ലയുടെ വികസനത്തിനാവശ്യമായ സമസ്ത മേഖലകളിലും ബജറ്റില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്.

ജില്ലയുടെ സമഗ്രചരിത്രം ചര്‍ച്ച ചെയ്യുന്ന വിഞ്ജാനീയം, 10,12 ക്ലാസുകളിലെ കുട്ടികള്‍ക്ക് പരീക്ഷയില്‍ വിജയം കൈവരിക്കാന്‍ മുന്നോട്ട്, നമ്മളെത്തും മുന്നിലെത്തും എന്നീ പദ്ധതികള്‍, കളക്ടറേറ്റ് വളപ്പിലെ പ്ലാനിംഗ് സെക്രട്ടേറിയറ്റ് നിര്‍മ്മാണം തുടങ്ങിയവയ്ക്കും പ്രത്യേക പരിഗണന നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ശുചിത്വസര്‍വേയുടെ ഭാഗമായി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ഹരിതമിത്രം ക്യൂ ആര്‍ പതിപ്പിക്കലും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നടന്നു വരുന്നു. ബജറ്റിന്റെ തുടര്‍ചര്‍ച്ചകള്‍ക്കും അംഗീകാരത്തിനുമായി ഫെബ്രുവരി 16 ന് യോഗം വീണ്ടും ചേരുമെന്നും അദ്ദേഹം പറഞ്ഞു.

പട്ടികജാതിവിഭാഗത്തില്‍പ്പെട്ട യുവതിയുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം, കോളനി നവീകരണം തുടങ്ങി വിവിധ പദ്ധതികള്‍ക്കായി 12,79,01,000 രൂപയും പട്ടികവര്‍ഗക്ഷേമത്തിനായി 54,11,000 രൂപയും ബജറ്റില്‍ വകയിരുത്തി. സ്വാശ്രയഗ്രാമം പദ്ധതി, കുട്ടികള്‍ക്കായുള്ള സൈക്കോ സോഷ്യല്‍ കൗണ്‍സിലിംഗ് സെന്റര്‍, ഹരിത വിദ്യാലയം പദ്ധതി എന്നിവയ്ക്കായി വിദ്യാഭ്യാസരംഗത്ത് 6,80,00,000 രൂപയും യുവജന ക്ഷേമത്തിനായി 88,00,000 രൂപയും കാര്‍ഷിക മേഖലയില്‍ ടെക്നോളജി സപ്പോര്‍ട്ട് സ്‌കീം, സോയില്‍ ഹെല്‍ത്ത് കാര്‍ഡ്, ഉത്പാദന വൈവിധ്യവത്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി 6,50,00,000 രൂപയും നീക്കിവച്ചു.

എബിസി സെന്റര്‍, കാലിത്തീറ്റ നിര്‍മ്മാണം എന്നിവ ഉള്‍പ്പെടെ മൃഗസംരക്ഷണത്തിനും തെരുവുനായ ശല്യം പരിഹരിക്കുന്നതിനും ഒരു കോടി രൂപ വീതവും മത്സ്യമേഖലയ്ക്ക് 12 ലക്ഷം രൂപയും അനുവദിച്ചു. പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്കായി 17,37,44,400 രൂപയും ഊര്‍ജമേഖലയ്ക്ക് 2,46,00,000 രൂപയും കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിന് 5,70,00,000 രൂപയും ഭവനനിര്‍മ്മാണത്തിന് 10 കോടി രൂപയും വകയിരുത്തി.

നിര്‍മല ഗ്രാമം നിര്‍മല നഗരം നിര്‍മല ജില്ല പദ്ധതിയുടെ ഭാഗമായി ശുചിത്വമേഖലയ്ക്ക് 5,70,00,000 രൂപയും അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവര്‍ക്ക് സൗജന്യ മരുന്ന് നല്‍കുന്ന പദ്ധതി കൂടുതല്‍ വിപുലമായി നടത്തുന്നതിനുള്‍പ്പെടെ ആരോഗ്യ മേഖലയ്ക്കായി 4,80,00,000 രൂപയും വകയിരുത്തി. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് ഉപജീവനപദ്ധതികള്‍, ഷെല്‍റ്റര്‍ ഹോമുകള്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള പെര്‍ഫോമിംഗ് ഗ്രൂപ്പുകള്‍, ഭിന്നശേഷി കുട്ടികള്‍ക്കുള്ള കായിക വിദ്യാഭ്യാസം, ഭിന്നശേഷി ആഘോഷം തുടങ്ങിയ പദ്ധതികള്‍ക്കായി സാമൂഹികനീതി മേഖലയില്‍ 90 ലക്ഷം രൂപയും മാറ്റിവച്ചു. വനിതകള്‍ക്കായുള്ള വാക്കിംങ് ക്യാമ്പുകളും ഫിറ്റ്സെന്ററും അടക്കം വനിതാ വികസനത്തിനായി 1,55,00,000 രൂപയും വയോജനക്ഷേമത്തിനായി 1,50,00,000 രൂപയും വകയിരുത്തി. നിലവില്‍ നടന്നു വരുന്ന ചില്ലി വില്ലേജ്, പട്ടികജാതി കുട്ടികള്‍ക്കുള്ള അപ്രന്റീസ്ഷിപ്പ്, ക്ഷീര/നെല്‍കര്‍ഷകര്‍ക്കുള്ള സബ്സിഡി തുടങ്ങിയ മറ്റ് ചെലവുകള്‍ക്കും ബജറ്റില്‍ പണം നീക്കിവച്ചിട്ടുണ്ട്.

 

ബജറ്റ് അവതരണ യോഗത്തില്‍ വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീന പ്രഭാ, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ലേഖാ സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യൂ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാജി പി രാജപ്പന്‍, ജോര്‍ജ് എബ്രഹാം, ജിജോ മോഡി, വി.റ്റി. അജോമോന്‍, റോബിന്‍ പീറ്റര്‍, സി. കൃഷ്ണകുമാര്‍, ജി. ശ്രീനാദേവി കുഞ്ഞമ്മ, സാറാ തോമസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ.എസ്. നൈസാം, മറ്റ് നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ശശികുമാര വര്‍മ്മ പുരോഗമന ആശയത്തിന്റെ വക്താവ് : മന്ത്രി കെ രാധാകൃഷ്ണന്‍

ശശികുമാര വര്‍മ്മ പുരോഗമന ആശയത്തിന്റെ വക്താവാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. അന്തരിച്ച പന്തളം കൊട്ടാരം നിര്‍വാഹക സമിതി അംഗം ശശികുമാര വര്‍മ്മയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ശബരിമല മണ്ഡല മകരവിളക്ക് കാലത്തും തീര്‍ഥാടന ഒരുക്കങ്ങളിലും അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. 1996 മുതല്‍ അദ്ദേഹത്തെ നേരിട്ട് അറിയാം. പാലോളി മുഹമ്മദ് കുട്ടി തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി ആയിരുന്ന കാലത്ത് ശശികുമാരവര്‍മ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു.

അവിചാരിതമായുള്ള അദ്ദേഹത്തിന്റെ വിട്ടുപിരിയല്‍ ഏറെ ദുഃഖകരമാണെന്നും ആ ദുഃഖത്തില്‍ പങ്കാളികളാകുന്നു എന്നും മന്ത്രി പറഞ്ഞു.എം എല്‍ എ മാരായ അഡ്വ. കെ യു ജനീഷ് കുമാര്‍, അഡ്വ.പ്രമോദ് നാരായണ്‍ , മുന്‍ എം എല്‍ എ എ. പദ്മകുമാര്‍, തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം ആദരാഞ്ജലി അര്‍പ്പിച്ചു.

നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍  21നു ചെങ്ങന്നൂരില്‍: ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം  

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരില്‍ നോര്‍ക്ക റൂട്ട്‌സ് പുതുതായി ആരംഭിച്ച റീജിയണല്‍ സബ് സെന്ററില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായി പ്രത്യേക ക്യാംമ്പ് സംഘടിപ്പിക്കും.   21 ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ നടക്കുന്ന അറ്റസ്റ്റേഷനില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് അവസരം ലഭിക്കുക. ഇതിനായി നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ംംം.ിീൃസമൃീീെേ.ീൃഴ ല്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റ് ഔട്ട്, പാസ്‌പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍ എന്നിവയുടെ അസലും, പകര്‍പ്പും സഹിതം പങ്കെടുക്കാവുന്നതാണ്. വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായുളള അപേക്ഷയും ക്യാംമ്പില്‍ സ്വീകരിക്കും. അന്നേ ദിവസം നോര്‍ക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം സെന്ററില്‍ അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല.

വിദ്യാഭ്യാസം വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തല്‍, ഹോം അറ്റസ്റ്റേഷന്‍, എം.ഇ.എ (മിനിസ്ട്രി ഓഫ് എക്സ്റ്റേണല്‍ അഫയേഴ്സ്) സാക്ഷ്യപ്പെടുത്തല്‍, വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തല്‍ എന്നിവ നോര്‍ക്ക റൂട്ട്സ് വഴി ലഭ്യമാണ്. യു.എ.ഇ, ഖത്തര്‍, ബഹറൈന്‍, കുവൈറ്റ്, സൗദി എന്നീ എംബസി സാക്ഷ്യപ്പെടുത്തലുകള്‍ക്കും അപ്പോസ്റ്റില്‍ അറ്റസ്റ്റേഷനു വേണ്ടിയും നോര്‍ക്ക റൂട്ട്സ് വഴി സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാം. കേരളത്തില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ നോര്‍ക്കാ റൂട്ട്സ് വഴി അറ്റസ്റ്റേഷനു നല്‍കാന്‍ കഴിയൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് (ചെങ്ങന്നൂര്‍) +91 479 208 0428, +919188492339 (തിരുവനന്തപുരം) 04712770557, 2329950 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളിലോ 18004253939 ഇന്ത്യയില്‍ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.

ഗതാഗത നിയന്ത്രണം
ജണ്ടായിക്കല്‍ – അത്തിക്കയം റോഡിന്റെ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍  ഈ റോഡില്‍ കൂടിയുളള ഗതാഗതം നിയന്ത്രിച്ചിട്ടുളളതായി റാന്നി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഗതാഗത നിയന്ത്രണം
വെണ്ണിക്കുളം -റാന്നി റോഡില്‍  മേനാംതോട്ടം മുതല്‍ പൂവന്‍മല വരെയുളള ഭാഗത്ത് വാട്ടര്‍ അതോറിറ്റിയുടെ റീസ്‌റ്റോറേഷന്‍ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍  ഈ റോഡില്‍ കൂടിയുളള ഗതാഗതം നിയന്ത്രിച്ചിട്ടുളളതായി റാന്നി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.


ഗതാഗത നിയന്ത്രണം

ചിറ്റാര്‍- പുലയന്‍പാറ റോഡ് പ്രവൃത്തികള്‍  നടക്കുന്നതിനാല്‍  ഈട്ടിചുവട് മുതല്‍ വയ്യാറ്റുപുഴ വരെയുളള ഭാഗത്ത് ഗതാഗതം ഭാഗികമായി നിരോധിച്ചിട്ടുളളതായി റാന്നി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഗതാഗത നിയന്ത്രണം
റാന്നി പുതമണ്‍-കട്ടതോട്  റോഡിലെ കലുങ്ക് നിര്‍മാണം ആരംഭിക്കുന്നതിനാല്‍ ഈ റോഡില്‍ കൂടിയുളള ഗതാഗതം നിയന്ത്രിച്ചിട്ടുളളതായി റാന്നി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഇ-ടെന്‍ഡര്‍
പത്തനംതിട്ട ജനറല്‍ ആശുപത്രി 2024-2025 കാലയളവിലേക്കുള്ള ലാബ് – ബ്ലഡ് ബാങ്ക് റീ-ഏജന്റ്സ്, കാത്ത്ലാബ് കണ്‍സ്യൂമബിള്‍സ് വിതരണം ചെയ്യുന്നതിലേക്കുള്ള മൂന്ന് ഇ-ടെന്‍ഡറുകള്‍ ക്ഷണിച്ചു. https://etenders.kerala.gov.in ഈ സൈറ്റ് മുഖേന ഇ-ടെന്‍ഡറുകള്‍ സമര്‍പ്പിക്കാം. ഇ-ടെന്‍ഡറുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 21. ഫോണ്‍ : 9497713258.

റോഡ് ഗതാഗതയോഗ്യമായി
ഏഴംകുളം -കൈപ്പട്ടൂര്‍ റോഡില്‍ റോഡ് പണിക്കായി അടച്ചിട്ട ഏഴംകുളം ജംഗ്ഷന്‍ മുതല്‍ കോടിയാട്ടുകാവ് വരെ ഗതാഗത യോഗ്യമാക്കി  (15) മുതല്‍ തുറന്നുകൊടുക്കുമെന്ന് കെആര്‍എഫ് ബി തിരുവല്ല എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.ഊര്‍ജ്ജിത വയറിളക്ക രോഗനിയന്ത്രണ പക്ഷാചരണം    ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു
വയറിളക്കം മൂലമുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 14 മുതല്‍ 28 വരെ ഊര്‍ജ്ജിത വയറിളക്കരോഗനിയന്ത്രണ പക്ഷാചരണമായി ആചരിക്കുകയാണ്. വയറിളക്കരോഗമുള്ള കുട്ടികള്‍ക്ക് ഒ .ആര്‍ .എസ് , സിങ്ക്ഗുളികകള്‍ നല്‍കുന്നുവെന്ന് ഉറപ്പാക്കുക, വയറിളക്കം മൂലമുള്ള ശിശുമരണം ഇല്ലാതാക്കുക, ഒ.ആര്‍.എസ്, സിങ്ക് ഗുളികകള്‍ നല്‍കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തുമ്പമണ്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ നടന്നു. തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ അധ്യക്ഷത വഹിച്ച ചടങ്ങ് പന്തളം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതകുമാരി മുഖ്യ പ്രഭാഷണം നടത്തി. ബി. അനീഷ് മോന്‍,ഗീതാറാവു, ലാലിജോണ്‍, മോനിബാബു, ഡോ. കെ.കെ ശ്യാംകുമാര്‍  ,ഡോ.സി.എസ് നന്ദിനി, ഡോ.ആന്‍സിമേരി അലക്സ്, കെ.യു മുരളീധരന്‍, ടി.കെ അശോക് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പക്ഷാചരണത്തിന്റെ ഭാഗമായി ആശാപ്രവര്‍ത്തകര്‍  അഞ്ച് വയസിന് താഴെപ്രായമുള്ള കുട്ടികളുടെ വീടുകളില്‍ ഒ.ആര്‍.എസ് എത്തിക്കുകയും അമ്മമാര്‍ക്ക് ബോധവല്‍ക്കരണം നല്‍കുകയും ചെയ്യുമെന്ന് ജില്ലാ മെഡിക്കല്‍ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു.

വയറിളക്കം പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍
തിളപ്പിച്ചാറിയവെള്ളം മാത്രം കുടിക്കുക.നഖങ്ങള്‍ വെട്ടി വൃത്തിയാക്കി സൂക്ഷിക്കുക.
പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക.
പൊട്ടലുള്ളതോ കേടു വന്നതോ ആയ പഴങ്ങള്‍ കഴിക്കാതിരിക്കുക.
ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എപ്പോഴും മൂടിവെക്കുക.
ഭക്ഷണം കഴിക്കുന്നതിന് മുന്‍പും മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പിട്ട് കഴുകുക.

പാദരക്ഷകള്‍ ധരിക്കുക.തുറസായ സ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം നടത്താതിരിക്കുക.
ഉപയോഗശേഷം വലിച്ചെറിയാതിരിക്കുക.പരിസരശുചിത്വം പാലിക്കുക.സൗജന്യലാപ്ടോപ്പ് വിതരണം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍  സജീവ അംഗങ്ങളായ തൊഴിലാളികളുടെ പ്രൊഫഷണല്‍ കോഴ്സിന് 2023 -24 അധ്യയന വര്‍ഷത്തില്‍ പൊതു പ്രവേശന പരീക്ഷയിലൂടെ മെറിറ്റില്‍ അഡ്മിഷന്‍ ലഭിച്ച് പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് (എംബിബിഎസ്, എഞ്ചിനീയറിംഗ്, എംസിഎ, എംബിഎ, ബി എസ് സി /എം എസ് സി നേഴ്സിംഗ്, ബിഡിഎസ്, ബി ഫാം, എം ഫാം, ഫാം ഡി, ബി എസ് സി/ എം എസ് സി ഫോഫസ്ട്രി, ബി എസ് സി/ എം എസ് സി അഗ്രികള്‍ച്ചര്‍, എംവിഎസ് സി , ബി വി എസ് സി, ബി എച്ച് എം എസ് , ബി എസ് എം എസ് , എല്‍ എല്‍ ബി, എല്‍ എല്‍ എം, ഡോക്ടറല്‍ ബിരുദമുളള എല്ലാ തസ്തികകള്‍ക്കും)പഠിച്ചു  കൊണ്ടിരിക്കുന്ന  മക്കള്‍ക്ക് സൗജന്യമായി ലാപ്ടോപ്പ് വിതരണം ചെയ്യുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു.  അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 16  വരെ ആണ്. അപേക്ഷാ ഫോമിന്റെ മാതൃക www.kmtwwfb.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.  പൂരിപ്പിച്ച അപേക്ഷകള്‍ പത്തനംതിട്ട ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം തൊഴിലാളിയുടെ ലൈസന്‍സിന്റെ കോപ്പി, ക്ഷേമനിധി കാര്‍ഡിന്റെ കോപ്പി, ആധാര്‍ കാര്‍ഡ് കോപ്പി, അവസാനം അടച്ച രസീതിന്റെയോ, ക്ഷേമനിധി പാസ് ബുക്കിന്റെ കോപ്പി, റേഷന്‍ കാര്‍ഡിന്റെ കോപ്പി, കുട്ടിയുടെ ആധാര്‍ കാര്‍ഡ് കോപ്പി എന്നിവയും നല്‍കണം. ഫോണ്‍  : 04682-320158

കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപക ഒഴിവ്
കേന്ദ്രീയവിദ്യാലയം ചെന്നീര്‍ക്കരയില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രൈമറി ടീച്ചര്‍,പ്രീപ്രൈമറിടീച്ചര്‍, ഇന്‍സ്ട്രക്ടര്‍(കമ്പ്യൂട്ടര്‍ ,യോഗ, സ്പോര്‍ട്സ്,ആര്‍ട്ട്,വര്‍ക്ക്എക്സ്പീരിയന്‍സ്,മ്യൂസിക്) ,നഴ്‌സ്, കൗണ്‍സിലര്‍, സ്പെഷ്യല്‍എഡ്യൂക്കേറ്റര്‍, മലയാളം ഇന്‍സ്ട്രക്ടര്‍, ടി ജി ടി (ഹിന്ദി,ഇംഗ്ലീഷ്,സയന്‍സ് , സോഷ്യല്‍ സയന്‍സ് , സംസ്‌കൃതം , മാത്സ്  ), പി .ജി ടി (ഹിന്ദി ,ഇംഗ്ലീഷ്, മാത്സ്  , ഫിസിക്സ് ,കെമിസ്ട്രി ,ബയോളജി, കമ്പ്യൂട്ടര്‍സയന്‍സ്) തസ്തികകളില്‍ നിയമനം നടത്തുന്നതിന് പാനല്‍ തയ്യാറാക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 20, 23  തീയതികളില്‍ വിദ്യാലയത്തില്‍ നടക്കും . അഭിമുഖത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ അന്നേദിവസം രാവിലെ 8.30നും 9 .30 നും ഇടയില്‍ രജിസ്‌ട്രേഷന്‍ നടത്തണം. വെബ്സൈറ്റ് :www.chenneerkara.kvs.ac.in  ഫോണ്‍: 04682 256000.

 പ്രീഡിഡിസി യോഗം 17 ന്
ജില്ലാ വികസന സമിതി പ്രീഡിഡിസി യോഗം ഈ മാസം 17 ന് രാവിലെ 11  ന് ഓണ്‍ലൈനായി ചേരും.

ജില്ലാ ആസൂത്രണ സമിതി: 20 തദ്ദേശ സ്ഥാപനങ്ങളുടെ  വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍  ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍  20 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ  2024-25 വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. മൂന്ന് നഗരസഭകളുടെയും നാലു ബ്ലോക്ക് പഞ്ചായത്തുകളുടെയും 13 ഗ്രാമപഞ്ചായത്തുകളുടെയും വാര്‍ഷിക പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്.

പന്തളം, പത്തനംതിട്ട, അടൂര്‍ എന്നീ നഗരസഭകള്‍, കോയിപ്രം, പറക്കോട്, പുളിക്കീഴ്, റാന്നി ബ്ലോക്ക് പഞ്ചായത്തുകള്‍, കുന്നന്താനം,  നാരങ്ങാനം, തോട്ടപ്പുഴശ്ശേരി, കല്ലൂപ്പാറ, നാറണംമൂഴി, ചിറ്റാര്‍, കൊടുമണ്‍, റാന്നി അങ്ങാടി, മല്ലപ്പള്ളി, ഏഴംകുളം, കലഞ്ഞൂര്‍, ഇരവിപേരൂര്‍, നെടുമ്പ്രം ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ വാര്‍ഷിക പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം സുരേഷ് ബാബു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ എസ് മായ, ആസൂത്രണ സമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പരിശീലനം സംഘടിപ്പിച്ചു
റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മേറ്റുമാര്‍ക്കുള്ള ത്രിദിന പഞ്ചായത്തുതല പരിശീലനം ശബരിമല ഇടത്താവളത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡി ശ്രീകലയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍ആര്‍ഇജിഎസ് എഇ
പി എന്‍ മനോജ് ക്ലാസ്സുകള്‍ എടുത്തു. എന്‍ആര്‍ഇജിഎസ് അക്കൗണ്ടന്റുമാരായ സുമ, ആശ, തൊഴിലുറപ്പ് മേറ്റുമാര്‍ എന്നിവര്‍ പരിശീലനത്തില്‍ പങ്കെടുത്തു.

ഇശ്ചാശക്തിക്കു മുമ്പില്‍ പരിമിതികളെ പരാജയപ്പെടുത്തി ഭിന്നശേഷി കുട്ടികളുടെ ഫുട്‌ബോള്‍ മേള
ഭിന്നശേഷി കുട്ടികള്‍ക്കായി സമഗ്രശിക്ഷാ കേരളം പത്തനംതിട്ട നടത്തിവരുന്ന ഉള്‍ച്ചേരല്‍ കായികമേളയുടെ ഭാഗമായി സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സരം കുട്ടികള്‍ക്ക് ആവേശമായി. റെഡ്‌മെഡോ ടര്‍ഫില്‍ അരങ്ങേറിയ 14 വയസ്സിന് മുകളിലുള്ള വിഭാഗത്തിന്റെ മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്ക് കോഴഞ്ചേരി ബി.ആര്‍.സി യെ പരാജയപ്പെടുത്തി അടൂര്‍ ബി. ആര്‍. സി വിജയികളായി. മൂന്ന് വിഭാഗങ്ങളിലായി സംഘടിപ്പിച്ച മത്സരങ്ങളില്‍ ജില്ലയിലെ പതിനൊന്ന് ബി ആര്‍.സികളില്‍ നിന്നായി 86 കുട്ടികള്‍ പങ്കെടുത്തു.

കുട്ടികളുടെ മനോബലത്തിനു മുമ്പില്‍ അവരുടെ പരിമിതികള്‍ അടിയറവ് പറയുന്ന കാഴ്ചയാണ് മേളയില്‍ ഉടനീളം കണ്ടത്. പരിമിതികളെ വെല്ലുവിളിച്ച് കുട്ടികള്‍ നടത്തിയ പ്രകടനം രക്ഷിതാക്കളിലും കാണികളിലും ആവേശം നിറച്ചു.

അടൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യ റജി മുഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, വിദ്യാഭ്യാസ ഉപഡയറക്ടര്‍  വി. രാജു എന്നിവര്‍ ട്രോഫികളും മെഡലുകളും  വിതരണം ചെയ്തു. സമഗ്രശിക്ഷാകേരളം പത്തനംതിട്ട ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. ലെജു പി തോമസ്, പ്രോഗ്രാം ഓഫീസര്‍മാരായ പി. കെ ജയലക്ഷ്മി, എ. കെ പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.

ആണ്‍കുട്ടികളുടെ 14 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തില്‍ കോഴഞ്ചേരി ബി ആര്‍ സി യിലെ ദേവനാരായണന്‍, 14 വയസ്സിന് മുകളിലുള്ള വിഭാഗത്തില്‍ തിരുവല്ല ബി ആര്‍ സി യിലെ ആല്‍ബിന്‍ തോമസ് എന്നിവരും  പൊതുവിഭാഗത്തില്‍ 14 വയസ്സിന് താഴെയുള്ളവരില്‍ അടൂര്‍ ബി ആര്‍ സി യിലെ അമല്‍, 14 വയസ്സിന് മുകളിലുള്ള വിഭാഗത്തില്‍ റാന്നി ബി ആര്‍ സി യിലെ അല്‍താഫ് എന്നിവരും മികച്ച കളിക്കാരായി തെരഞ്ഞെടുക്കപ്പെട്ടു. 14 വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴഞ്ചേരി ബി ആര്‍ സി യിലെ ചൈതന്യ രാജേഷ്, അടൂര്‍ ബി ആര്‍ സി യിലെ നന്മ ഷാജി എന്നിവര്‍ മികച്ച പ്രകടനം കാഴ്ച വച്ചു.

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു. 23,63,15,642 രൂപ വരവും 21,37,07,750 രൂപ ചെലവും 2,26,07,892 രൂപ മിച്ചവും വരുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് ബിനില്‍കുമാര്‍ അവതരിപ്പിച്ചത്. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള അഞ്ച് ഗ്രാമപഞ്ചായത്തുകളിലും കാര്‍ഷിക മേഖല, ക്ഷീരവികസനം, ആരോഗ്യമേഖല, കുടിവെള്ളം, ശുചിത്വം, മാലിന്യസംസ്‌കരണം, പട്ടികജാതി വികസനം, ചെറുകിട വ്യവസായ ടൂറിസം, പരിസ്ഥിതി സാംസ്‌കാരികം എന്നീ മേഖലകളില്‍ ബജറ്റ് ഊന്നല്‍ നല്‍കി.

ഗൃഹമധുരം ലൈഫ് ഭവന പദ്ധതിക്ക് 60 ലക്ഷം രൂപയും കാര്‍ഷിക ഗ്രാമം പദ്ധതിയിലൂടെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലെയും കാര്‍ഷിക മേഖലയുടെ സമഗ്രവികസനത്തിനു  25 ലക്ഷം രൂപയും ആരോഗ്യമേഖലയില്‍ സായാഹ്ന ഒ.പിക്ക് നാലു ലക്ഷം രൂപയും സ്‌നേഹസ്പര്‍ശം സെക്കണ്ടറി പാലിയേറ്റീവ് പദ്ധതിയിലൂടെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലെയും കിടപ്പുരോഗികളുടെ പരിചരണത്തിനു 11.5 ലക്ഷം രൂപയും വൃക്കരോഗികള്‍ക്ക് ഡയാലിസിസ് സഹായത്തിനു  ഗ്രാമപഞ്ചായത്ത് വിഹിതം രണ്ടു ലക്ഷം രൂപയും വകയിരുത്തി.

എസ്.സി കുടുംബങ്ങളിലെ തകരാറിലായ അടുക്കളയുടെ പുനര്‍നിര്‍മാണത്തിനു 10 ലക്ഷം രൂപയും  പാലിയേറ്റീവ് ഗ്രൂപ്പുകള്‍ക്ക് മൊബൈല്‍ ഗ്യാസ് ക്രിമിറ്റോറിയത്തിനു മൂന്നു ലക്ഷം രൂപയും ഏഴാം ക്ലാസ് മുതലുള്ള കുട്ടികള്‍ക്ക് ഭരണഘടന സാക്ഷരത ഉറപ്പാക്കുക, ഭരണഘടന ആമുഖം നല്‍കുക എന്നിവയ്ക്ക് രണ്ടു ലക്ഷം രൂപയും കൗമാര പെണ്‍കുട്ടികള്‍ക്ക് സ്വയംപ്രതിരോധ പരിശീലനത്തിനും കൗണ്‍സിലിംഗിനും അഞ്ചു ലക്ഷം രൂപയും  വനിതകള്‍ക്ക് തൊഴില്‍ നൈപുണ്യപരിശീലനവും സംരംഭത്തിനും 1.5 ലക്ഷം രൂപയും നീക്കിവച്ചു.

ഉല്‍പ്പാദന മേഖലയില്‍ 38,05,000 രൂപയും പൊതു സേവനത്തിനു 68,48,500 രൂപയും പശ്ചാത്തല മേഖലയില്‍ 42 ലക്ഷം രൂപയും വകയിരുത്തി.  ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  വിജി നൈനാന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍മാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പിഴ പലിശ ഒഴിവാക്കി
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി പിരിവ് ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി വസ്തുനികുതിയോടൊപ്പം അടയ്ക്കേണ്ട പിഴ പലിശ മാര്‍ച്ച് 31 വരെ  ഒഴിവാക്കിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ബജറ്റ് അവതരിപ്പിച്ചു
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിന്റെ 2024 – 25 വാര്‍ഷിക ബജറ്റ് പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ചു. 14,45,32,834 രൂപ ആകെ വരവും 14,36,18,000 രൂപ ചെലവും  914834 രൂപ  നീക്കി ബാക്കിയുമാണ് പ്രതീക്ഷിക്കുന്നത്. പഞ്ചായത്തിന്റെ വികസന, സേവന, പശ്ചാത്തല മേഖലകളില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ബജറ്റില്‍ പ്രാധാന്യം നല്‍കുന്നു. കൃഷി ,ആരോഗ്യം,ശുചിത്വം,ഭവന  നിര്‍മ്മാണം,ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ,റോഡ് വികസനം എന്നീ മേഖലകള്‍ക്ക് മുന്‍തൂക്കം നല്‍കുന്നു. യുവജന ക്ഷേമവും അംഗനവാടി കുട്ടികള്‍ക്ക് പോഷകാഹാരവും വൃദ്ധരുടെ ക്ഷേമ പ്രവര്‍ത്തനങ്ങളും പരമാവധി തുക ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കാര്‍ഷിക മേഖല  46,50000 രൂപ ,മൃഗ സംരക്ഷണം  20,25,000 രൂപ, മത്സ്യ കൃഷി  40000 രൂപ, വെള്ളപൊക്ക നിവാരണം- 10 ലക്ഷം രൂപ, യുവജനക്ഷേമം-5,25000 രൂപ, വിദ്യാഭ്യാസമേഖല  5,75,000 രൂപ, ആരോഗ്യ മേഖല- അഞ്ചു ലക്ഷം  രൂപ, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം  60 ലക്ഷം രൂപ, ഭവന നിര്‍മാണം-70 ലക്ഷം രൂപ, ശുചിത്വം-1050000 രൂപ. റോഡ് നിര്‍മാണം- എട്ടു ലക്ഷം രൂപ ,കുടിവെള്ളം  നാലു ലക്ഷം രൂപ,പട്ടികജാതി ക്ഷേമം-20 ലക്ഷം രൂപ ,പൊതുശ്മശാനം- 20 ലക്ഷം രൂപ, അങ്കണവാടി,വനിത ശിശുക്ഷേമം – 2925000, വൈദ്യുതീകരണം,സ്ട്രീറ്റ് ലൈറ്റ് -380000 രൂപ, വൃദ്ധക്ഷേമ പരിപാടികള്‍ – നാലു ലക്ഷം രൂപ, ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് –  850000 രൂപ.

കരട് പട്ടിക പ്രസിദ്ധീകരിച്ചു
ഒബിസി വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് മത്സര പരീക്ഷകള്‍ക്ക് ധനസഹായം നല്‍കി വരുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പദ്ധതിയുടെ  മെഡിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ കരട് മുന്‍ഗണന പട്ടിക പിന്നാക്ക വിഭാഗ വികസന വകുപ്പ് പ്രസിദ്ധീകരിച്ചു. കരട് പട്ടിക www.bcddkerala.gov.inwww.egrantz.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.
കരട് പട്ടിക സംബന്ധിച്ചോ അനുവദിച്ച തുക സംബന്ധിച്ചോ എന്തെങ്കിലും തരത്തിലുളള ആക്ഷേപങ്ങളുണ്ടെങ്കില്‍ ആയത് സംബന്ധിച്ച രേഖകള്‍ ഇ-മെയില്‍ മുഖാന്തരം ഫെബ്രുവരി 20 വരെ bcddklm@gmail.com എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0474 2914417

error: Content is protected !!