പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 18/01/2024 )

രണ്ടര വര്‍ഷത്തിനുള്ളില്‍ എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ലാബ് സൗകര്യം ലഭ്യമാക്കും: മന്ത്രി വീണാ ജോര്‍ജ്

നവകേരള കര്‍മപദ്ധതിയുടെ ഭാഗമായി ആര്‍ദ്രം മിഷനിലൂടെ സംസ്ഥാനത്ത് രണ്ടര വര്‍ഷത്തിനുള്ളില്‍  എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ലാബ് സൗകര്യം ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തോട്ടപുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. തൊട്ടപ്പുഴശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സ്വന്തമായി സ്ഥലം ഏറ്റെടുക്കുന്നതിന് 1.43 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഈ വര്‍ഷം തന്നെ അത് യാഥാര്‍ഥ്യമാക്കും.
അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായുള്ള നിരവധി പദ്ധതികള്‍ ആറന്മുള മണ്ഡലത്തില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. തൊട്ടപ്പുഴശ്ശേരിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ സജ്ജമാക്കിയിട്ടുള്ള ലാബില്‍ 32 ടെസ്റ്റുകള്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.  പാലിയേറ്റിവ് കെയര്‍ സൗകര്യങ്ങളും ജീവിതശൈലീ രോഗങ്ങള്‍ അടക്കമുള്ളവയ്ക്കുള്ള ടെസ്റ്റുകള്‍ക്കുള്ള സജ്ജീകരണങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തൊട്ടപുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എസ് ബിനോയ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യു , ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


അടിസ്ഥാനസൗകര്യ വികസനത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളോടെ മുന്നോട്ടു പോവുകയാണ് ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

അടിസ്ഥാനസൗകര്യ വികസനമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങളോടെ മുന്നോട്ടു പോവുകയെന്നതാണ് ലക്ഷ്യമെന്ന്്  ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നവീകരിച്ച ചെമ്പകശ്ശേരിപ്പടി പൂച്ചേരിമുക്ക് റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടിയിലധികം രൂപ മുതല്‍ മുടക്കിയാണ് 2018 ലെ പ്രളയത്തിന് ശേഷം ദുരിതാവസ്ഥയിലായി തീര്‍ന്ന റോഡ് ഉന്നതനിലവാരത്തില്‍ പുനനിര്‍മിച്ചിട്ടുള്ളത്. തീവ്രമഴയിലും വെള്ളപ്പൊക്കത്തിലും തകര്‍ന്ന ആറന്മുള മണ്ഡലത്തിലെ നിരവധി റോഡുകള്‍ ഈ പദ്ധതി പ്രകാരം മികച്ച രീതിയില്‍ നവീകരിക്കാന്‍ സാധിച്ചു. എംഎല്‍എ ഫണ്ടും ഗ്രാമപഞ്ചായത്തിന്റെ തനതു ഫണ്ടും ഉപയോഗപ്പെടുത്തിയാണ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയതെന്നും മന്ത്രി പറഞ്ഞു.
തൊട്ടപുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എസ് ബിനോയ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജെ. ഷാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തൊഴില്‍ മേള
കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും കുടുംബശ്രീയിലൂടെ നടപ്പാക്കുന്ന ഡിഡിയുജികെവൈ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 25 ന്  രാവിലെ ഒന്‍പതിന് തിരുവല്ല ഡിസ്ട്രിക്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ ആന്റ് ട്രെയിനിംഗ് സെന്ററില്‍ തൊഴില്‍ മേള സംഘടിപ്പിക്കും. ബാങ്കിംഗ്, ബിസിനസ്, സെയില്‍സ്, ഹോസ്പിറ്റാലിറ്റി, ഐ.ടി തുടങ്ങി വ്യത്യസ്ത മേഖലയില്‍ തൊഴിലുകള്‍ പ്രദാനം  ചെയ്യുന്ന വിവിധ സ്ഥാപനങ്ങള്‍ തൊഴില്‍ മേളയില്‍ പങ്കെടുക്കും.

18 നും 40 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസലും പകര്‍പ്പും നിര്‍ബന്ധമായും കൊണ്ടു വരണം. രജിസ്ട്രേഷന്‍ രാവിലെ ഒന്‍പത് മുതല്‍. ഫോണ്‍ :  8075754285

റാങ്ക് പട്ടിക ഇല്ലാതായി
പത്തനംതിട്ട ജില്ലയിലെ വനം വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ഫസ്റ്റ് എന്‍സിഎ -എസ്‌സിസിസി ) (കാറ്റഗറി നമ്പര്‍ -124/2020) തസ്തികയുടെ 22/06/2023 ല്‍ നിലവില്‍ വന്ന റാങ്ക് പട്ടികയുടെ (റാങ്ക് ലിസ്റ്റ് നമ്പര്‍  465/2023/ഡിഒഎച്ച് ) കാലാവധി മുഖ്യപട്ടികയില്‍ ഉള്‍പ്പെട്ട ഏക ഉദ്യോഗാര്‍ഥിയെ നിയമനശിപാര്‍ശ ചെയ്തതിനാല്‍ 22/07/2023 ല്‍ പൂര്‍ണമായും തീര്‍ന്നിട്ടുളളതിനാല്‍ ഈ റാങ്ക് പട്ടിക 23/07/2023 പൂര്‍വാഹ്നം മുതല്‍ പ്രാബല്യത്തില്‍ ഇല്ലാതായി.

ലേലം

റാന്നി പഴവങ്ങാടി മക്കപ്പുഴ ആരോഗ്യകേന്ദ്രത്തിന്റെ ഉടമസ്ഥതയിലുളള സ്ഥലത്ത് കെട്ടിടം നിര്‍മിക്കുന്നതിന്  തടസമായി നില്‍ക്കുന്ന 14 മരങ്ങള്‍ മുറിച്ചുമാറ്റി ഫെബ്രുവരി ഏഴിന് ഉച്ചയ്ക്ക് രണ്ടിന് പഴവങ്ങാടി പിഎച്ച്സിയില്‍ ലേലം  ചെയ്ത് വില്‍ക്കും. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി ആറിന് ഉച്ചയ്ക്ക് രണ്ടുവരെ.

പിഴ ഈടാക്കി

കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത്  അഞ്ചാം വാര്‍ഡില്‍ പൊതുസ്ഥലത്തു മാലിന്യം തള്ളിയ ആളില്‍ നിന്ന് പഞ്ചായത്ത് 10000  രൂപ പിഴ ഈടാക്കി . മാലിന്യം തള്ളുന്നത് സമീപത്തുള്ള കെട്ടിടത്തിലെ സിസിടിവി യില്‍ പതിയുകയും സിസിടിവി ദൃശ്യങ്ങള്‍ കെട്ടിട ഉടമ വാര്‍ഡ് മെമ്പര്‍ ബെന്‍സി അലക്‌സിനു കൈമാറുകയും ചെയ്തു.

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മാലിന്യം തള്ളിയ ആളിന്റെ വിവരങ്ങള്‍ പഞ്ചായത്തിന് ലഭിച്ചത്. മാലിന്യം തള്ളിയ ആളിനെ കണ്ടുപിടിക്കാന്‍ സഹായകരമായ  സി സി ടി വി ദൃശ്യങ്ങള്‍  നല്കിയ ആളിന് 2500 രൂപ  പാരിതോഷികം നല്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ഏകാരോഗ്യപരിശീലന പരിപാടി സംഘടിപ്പിച്ചു

റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി മെന്റ്റര്‍മാര്‍ക്കുള്ള ഏകദിന പരിശീലനപരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനന്‍ ഗ്രാമപഞ്ചായത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എസ്. ശ്യാം അധ്യക്ഷത വഹിച്ചു. വെറ്ററിനറി ഡോ.സോനു മഹേഷ്, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.ദീപ ഹരിഹരന്‍, ഡോ. ആര്യ ആര്‍ നായര്‍, ജില്ലാ മെന്റര്‍ ബിജു കുര്യാക്കോസ്, ജെ. എസ്. അജിന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.എസ്.സുകുമാരന്‍, മോഹിനി വിജയന്‍, എ.എസ്.വര്‍ഗീസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എബ്രഹാം മാത്യു, പി.എച്ച്. നഴ്‌സ് ബീന ജോസഫ്,  ആസൂത്രണ ഉപാധ്യക്ഷന്‍ പി.എസ്.ധരന്‍, പി.ആര്‍.ഒ. ഇന്ദു.കെ.തോമസ്, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കെല്‍ട്രോണ്‍ ജേണലിസം പഠനം; 25 വരെ അപേക്ഷിക്കാം
കെല്‍ട്രോണിന്റെ  പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ജേണലിസം കോഴ്സിലേക്ക് ജനുവരി 25 വരെ അപേക്ഷിക്കാം. കോഴിക്കോട്, തിരുവനന്തപുരം കേന്ദ്രങ്ങളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത.് പത്രം, ടെലിവിഷന്‍, സോഷ്യല്‍മീഡിയ , ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് എന്നിവയില്‍ അധിഷ്ഠിതമായ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിങ്, ന്യൂസ്‌ക്യാമറ, വീഡിയോ എഡിറ്റിംഗ് തുടങ്ങിവയില്‍ പരിശീലനം ലഭിക്കും. പഠനത്തോടൊപ്പം മാധ്യമസ്ഥാപനങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായി ഇന്റേണ്‍ഷിപ്പ് ചെയ്യുവാന്‍ അവസരം ലഭിക്കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്ലേസ്മെന്റ് അസിസ്റ്റന്‍സും നല്‍കും. ഉയര്‍ന്ന പ്രായപരിധി 30 വയസ്. ഫോണ്‍: 954495 8182.
വിലാസം: കെല്‍ട്രോണ്‍നോളേജ് സെന്റര്‍, മൂന്നാംനില, അംബേദ്ക്കര്‍ ബില്‍ഡിങ്ങ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക്റോഡ്, കോഴിക്കോട്. 673 002.
വിലാസം: കെല്‍ട്രോണ്‍ നോളേജ്സെന്റര്‍, രണ്ടാംനില,  ചെമ്പിക്കളം ബില്‍ഡിങ്ങ്, ബേക്കറിജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം, 695 014.

ക്ഷീരകര്‍ഷകര്‍ക്ക് പരിശീലനം
അടൂര്‍ അമ്മകണ്ടകര ഡയറി എന്റര്‍പ്രണര്‍ഷിപ്പ്  ഡവലപ്മെന്റ് സെന്ററില്‍ ക്ഷീരകര്‍ഷകര്‍ക്കായി ശാസ്ത്രീയ പശുപരിപാലനം എന്ന വിഷയത്തെ ആസ്പദമാക്കി ജനുവരി 22 മുതല്‍ അഞ്ച് ദിവസത്തെ കര്‍ഷക ട്രെയിനിംഗ് നടത്തുന്നു. താല്‍പര്യമുളള ക്ഷീരകര്‍ഷകര്‍ക്ക് ട്രെയിനിംഗിനായി 9447479807, 9495390436, 04734 299869 എന്നീ നമ്പരുകളില്‍ വിളിക്കുകയോ വാട്സ് ആപ്പ് ചെയ്തോ രജിസ്റ്റര്‍ ചെയ്യാം.

അങ്കണവാടി വര്‍ക്കര്‍ / ഹെല്‍പ്പര്‍; അപേക്ഷ ക്ഷണിച്ചു
പറക്കോട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള ഏറത്ത് ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളിലെ വര്‍ക്കര്‍ / ഹെല്‍പ്പര്‍ തസ്തികകളിലേക്ക് ഏറത്ത്   ഗ്രാമ പഞ്ചായത്തിലെ സ്ഥിര താമസക്കാരായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വര്‍ക്കര്‍ തസ്തികയിലേക്ക് എസ്എസ്എല്‍സി പാസായിരിക്കണം . ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ്എസ് എല്‍സി ജയിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല . പ്രായം 18നും 46 നും മധ്യേ . അപേക്ഷ ക്ഷണിക്കുന്നത് ജനുവരി 19 മുതല്‍ ഫെബ്രുവരി അഞ്ച് വരെ. ഫോണ്‍ . 04734 216444

ക്ഷീര സഹകാരി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ക്ഷീരകര്‍ഷക സംഗമം -പടവ് 2024 ഫെബ്രുവരി 16, 17 തീയതികളില്‍ ഇടുക്കി അണക്കരയില്‍ നടത്തുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന മികവിന്റെ പശ്ചാത്തലത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് സംസ്ഥാനം, മേഖല, ജില്ല അടിസ്ഥാനത്തില്‍ ജനറല്‍, വനിത, എസ് സി, എസ് റ്റി വിഭാഗത്തില്‍ ഉള്‍പ്പെട്ട  ക്ഷീരകര്‍ഷകരെ തെരഞ്ഞെടുക്കുന്നതിനുളള ക്ഷീര സഹകാരി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന 52 ക്ഷീരകര്‍ഷകര്‍ക്ക് ബഹുമതിപത്രവും ക്യാഷ് അവാര്‍ഡും നല്‍കും. ബ്ലോക്ക് അടിസ്ഥാനത്തിലുളള ക്ഷീരവികസന യൂണിറ്റില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അറിയാം.

ഡോ.വര്‍ഗീസ് കുര്യന്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ക്ഷീരകര്‍ഷക സംഗമം -പടവ് 2024 ഫെബ്രുവരി 16, 17 തീയതികളില്‍ ഇടുക്കി അണക്കരയില്‍ നടത്തുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന മികവിന്റെ ഭാഗമായി ക്ഷീരകര്‍ഷകര്‍ക്ക് ഏറ്റവും മികച്ച അപ്കോസ് /നോണ്‍ ആപ്കോസ് ക്ഷീരസംഘങ്ങളെ തെരഞ്ഞെടുക്കുന്നതിനുളള ഡോ.വര്‍ഗീസ് കുര്യന്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന ക്ഷീരസഹകരണ സംഘങ്ങള്‍ക്ക്  ബഹുമതിപത്രവും ക്യാഷ് അവാര്‍ഡും നല്‍കും. ബ്ലോക്ക് അടിസ്ഥാനത്തിലുളള ക്ഷീരവികസന യൂണിറ്റില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അറിയാം.

ഒറ്റതവണ തീര്‍പ്പാക്കല്‍ മാര്‍ച്ച് 31 വരെ
വാഹനനികുതി കുടിശിക അടക്കാനുളള ഒറ്റതവണ തീര്‍പ്പാക്കല്‍ മാര്‍ച്ച് 31 വരെ. നാലു വര്‍ഷമോ അതില്‍ കൂടുതലോ നികുതി കുടിശികയുളള ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് അവസാനത്തെ  നാല് വര്‍ഷത്തെ കുടിശികയുടെ 30 ശതമാനം മാത്രം അടച്ചാല്‍ മതി.  നോണ്‍ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക്  40 ശതമാനം. കൈവശം ഇല്ലാത്തതോ കൈമാറ്റം ചെയ്തതോ ഉപയോഗ്യമല്ലാത്തതോ ജപ്തി നടപടികളില്‍  ഉള്‍പ്പെട്ടതോ ആയ വാഹനങ്ങളുടെ ഉടമകള്‍ക്കും ഈ അവസരം വിനിയോഗിക്കാം. അവസരം പ്രയോജനപ്പെടുത്തണമെന്ന് അടൂര്‍ ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട്  ഓഫീസര്‍ അറിയിച്ചു.

വികസന സെമിനാര്‍ നടന്നു
ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട വികസന സെമിനാര്‍  വൈഎംസിഎ ഹാളില്‍ നടന്നു. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗം അഡ്വ വി.ആര്‍ സുധീഷ് വെണ്‍പാല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ ബി ശശിധരന്‍ പിള്ള അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷ ആര്‍ ജയശ്രീ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അമിത രാജേഷ്,വാര്‍ഡ് അംഗങ്ങളായ ത്രേസ്യാമ്മ കുരുവിള,കെ കെ വിജയമ്മ,ജോസഫ് മാത്യു, ബിജി ബെന്നി, സുസ്മിത ബൈജു, ഷേര്‍ലി ജയിംസ്, എം എസ് മോഹന്‍,സെക്രട്ടറി ബിന്നി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!