പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 06/12/2023)

 

പ്രാദേശികഅവധി

മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരവേലി വാര്‍ഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 12 ന് നടക്കുന്നതിനാല്‍ ഈ വാര്‍ഡിന്റെ പരിധിക്കുള്ളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തെരഞ്ഞെടുപ്പ് ദിവസമായ ഡിസംബര്‍ 12 നു പ്രാദേശിക അവധി നല്‍കി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ എ. ഷിബു ഉത്തരവായി.

സമ്പൂര്‍ണമദ്യനിരോധനം

മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരവേലി വാര്‍ഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 12 ന് നടക്കുന്നതിനാല്‍ ഈ വാര്‍ഡിന്റെ പരിധിക്കുള്ളില്‍ ഡിസംബര്‍ 10 ന് വൈകുന്നേരം ആറു മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്ന 12 നു വൈകുന്നേരം ആറുവരെയും വോട്ടെണ്ണല്‍ ദിവസമായ 13 നും സമ്പൂര്‍ണമദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ എ. ഷിബു ഉത്തരവായി.

പ്രാദേശികഅവധി

റാന്നി ഗ്രാമപഞ്ചായത്തിലെ പുതുശ്ശേരിമല വാര്‍ഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 12 ന് നടക്കുന്നതിനാല്‍ ഈ വാര്‍ഡിന്റെ പരിധിക്കുള്ളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തെരഞ്ഞെടുപ്പ് ദിവസമായ ഡിസംബര്‍ 12 ന് പ്രാദേശികഅവധി നല്‍കി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ എ. ഷിബു ഉത്തരവായി.

സമ്പൂര്‍ണമദ്യനിരോധനം

റാന്നി ഗ്രാമപഞ്ചായത്തിലെ പുതുശ്ശേരിമല വാര്‍ഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 12 നു നടക്കുന്നതിനാല്‍ ഈ വാര്‍ഡിന്റെ പരിധിക്കുള്ളില്‍ ഡിസംബര്‍ 10 നു വൈകുന്നേരം ആറു മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്ന 12 നു വൈകുന്നേരം ആറുവരെയും വോട്ടെണ്ണല്‍ ദിവസമായ 13 നും സമ്പൂര്‍ണമദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ എ. ഷിബു ഉത്തരവായി.

സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിലെ 2023 സെപ്റ്റംബര്‍ 30 വരെ വിധവ/അവിവാഹിത പെന്‍ഷന്‍ അനുവദിച്ച ഗുണഭോക്താക്കളില്‍ 01/01/2024 ല്‍ 60 വയസു പൂര്‍ത്തിയാകാത്ത വിധവകളുടെയും 50 വയസു കഴിഞ്ഞ അവിവാഹിതരായ പെന്‍ഷന്‍ ഗുണഭോക്താക്കളുടേയും പുനര്‍വിവാഹിതയല്ല/വിവാഹിതയല്ല എന്ന സാക്ഷ്യപത്രങ്ങള്‍ ഡിസംബര്‍ 31 ന് മുന്‍പായി വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണം.

ലേലം

പന്തളം, പെരുമ്പെട്ടി പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിട്ടുള്ള അവകാശികള്‍ ഇല്ലാത്ത ആറു ലോട്ടുകളിലായുള്ള വിവിധ തരത്തിലുള്ള 26 വാഹനങ്ങള്‍ www.mstcecommerce.com എന്ന വെബ്‌സൈറ്റ് മുഖേന 19 ന് രാവിലെ 11 മുതല്‍ വൈകിട്ട് 3.30 വരെ ഓണ്‍ലൈനായി ഇ- ലേലം നടത്തും. ഫോണ്‍ : 0468 2222630.

യോഗം ചേരും

ആറന്മുള നിയോജകമണ്ഡലത്തിലെ നവകേരള സദസുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ഡിസംബര്‍ 11 ന് ഉച്ചയ്ക്ക് 2.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.

ടെന്‍ഡര്‍

റാന്നി എം സി സി എം താലൂക്ക് ആശുപത്രിയിലെ വിവിധ വാര്‍ഡുകളില്‍ മോസ്‌കിറ്റോ നെറ്റ് സ്ഥാപിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 20 ന് ഉച്ചയ്ക്ക് രണ്ടുവരെ. ഫോണ്‍ : 9188522990.

കലോത്സവങ്ങള്‍ കുട്ടികളുടെ കലാവൈഭവങ്ങള്‍ കാഴ്ചവെയ്ക്കാനുള്ള വേദി : അഡ്വ. കെ യു ജനീഷ്‌കുമാര്‍ എം എല്‍ എ

സ്‌കൂള്‍ കലോത്സവങ്ങള്‍ കുട്ടികളുടെ കലാവൈഭവങ്ങള്‍ കാഴ്ചവെക്കാനുള്ള വേദിയാണെന്ന് അഡ്വ.കെ യു ജനീഷ്‌കുമാര്‍ എം എല്‍ എ പറഞ്ഞു. പത്തനംതിട്ട റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം മൈലപ്ര മൗണ്ട് ബഥനി എച്ച് എസ് എസ്സില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപജില്ലാ തലത്തില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ച പ്രൈമറി സ്‌കൂള്‍ മുതലുള്ള 5000 ല്‍ അധികം കുട്ടികളാണ് ഇവിടെ മാറ്റുരയ്ക്കുന്നത്. മൈലപ്ര പഞ്ചായത്തില്‍ 11 വേദികളിലായാണ് കലാപരിപാടികള്‍ അരങ്ങേറുന്നത്. ജില്ലാപഞ്ചായത്തിന്റെയും ഉപജില്ലാ വിദ്യാഭ്യാസവകുപ്പിന്റെയും മികച്ച ഇടപെടലാണു കലോത്സവത്തിന്റെ വിജയത്തിനായി ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ കുട്ടികളുടെ ഓണമാണു കലോത്സവങ്ങളെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. കുട്ടികളിലെ കലാപരമായ കഴിവുകളും ജിജ്ഞാസയും കൂടുതല്‍ പ്രോത്സാഹിപ്പിക്കണമെന്നും ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ ഏറ്റവും വലിയ കലാമാമാങ്കമാണു സ്‌കൂള്‍ കലോത്സവങ്ങളെന്നും ഭാവിതലമുറയുടെ പുതിയ ചുവടുവെപ്പിലേക്കുള്ള വഴിതിരിവാണെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.

ചടങ്ങില്‍ ജില്ലാകളക്ടര്‍ എ ഷിബു സുവനീര്‍ പ്രകാശനം ചെയ്തു. ലോഗോ തയ്യാറാക്കിയ കലഞ്ഞൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥി അശ്വിന്‍ എസ് കുമാറിനു കളക്ടര്‍ സമ്മാനം നല്‍കി. കലാമത്സര ഉദ്ഘാടനം കഥാകൃത്തായ ജേക്കബ് ഏബ്രഹാം നിര്‍വഹിച്ചു.

ഡിസംബര്‍ ഒന്‍പതു വരെ നടക്കുന്ന മേളയില്‍ കൂട്ട്, കരുതല്‍, പുഞ്ചിരി, കുട്ടിത്തം, നന്മ, സൗഹൃദം, ലാളിത്യം, ഒരുമ, സ്‌നേഹം , കനിവ് എന്നിങ്ങനെ പേരുകള്‍ നല്‍കിയിരിക്കുന്ന വേദികളിലായി വിവിധ മത്സരയിനങ്ങള്‍ അരങ്ങേറും. എസ്എച്ച് എച്ച്എസ്എസ് , എസ്എന്‍വി യുപി സ്‌കൂള്‍, എന്‍എം എല്‍പിഎസ്, എം എസ് സി എല്‍പിഎസ്, എസ്എച്ച് ടിടിഐ എന്നീ സ്‌കൂളുകളിലാണ് വേദി സജീകരിച്ചിട്ടുള്ളത്.

ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആര്‍ അജയകുമാര്‍, റോബിന്‍ പീറ്റര്‍, ജിജോ മോഡി, ബ്ലോക്കു പഞ്ചായത്ത് അംഗം എല്‍സി ഈശോ, മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി ജോസഫ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി രാജു, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

 

നവകേരളസദസ്സിനെ വരവേല്‍ക്കാന്‍ അടൂര്‍ മണ്ഡലത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ : ഡപ്യൂട്ടി സ്പീക്കര്‍
നവകേരളസദസ്സിനെ വരവേല്‍ക്കുന്നതിനായി അടൂര്‍ മണ്ഡലത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നതെന്നു ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സദസിന്റെ സുഗമമായ നടത്തിപ്പിനായി അടൂര്‍ എസ്എന്‍ഡിപി ഹാളില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മറ്റിയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനസര്‍ക്കാരിന്റെ വികസനക്ഷേമപദ്ധതികള്‍ വിശദീകരിക്കാനും ജനകീയപ്രശ്നങ്ങള്‍ ചോദിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്കു മുന്നിലെത്തുന്ന നവകേരളസദസ്സ് ഏറെ ഗൗരവമേറിയതാണ്. മികച്ച തയ്യാറെടുപ്പുകളും ക്രമീകരണങ്ങളും ഒരുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ 17 ന് വൈകിട്ട് ആറിനാണ് അടൂര്‍ മണ്ഡലത്തില്‍  മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നവകേരളസദസ്സ് നടക്കുക. സദസിന് മുന്നോടിയായി 15 ാം തീയതി വിവിധ മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് അടൂര്‍ ടൗണില്‍ വന്‍വിളംബരഘോഷയാത്ര സംഘടിപ്പിക്കും. 13, 14 തീയതികളില്‍ എല്ലാ പഞ്ചായത്തുകളിലുമായി വിളംബരഘോഷയാത്രകള്‍ സംഘടിപ്പിക്കും. 15 ന് പന്തളം തെക്കേക്കര പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടൂവീലര്‍ വിളംബരറാലിയുമുണ്ടാകും.
കൂടാതെ, സദസിനു മുന്‍പായി നഗരസഭകളിലും പഞ്ചായത്തുകളിലുമായി വിവിധ പ്രചാരണപരിപാടികളാണ് സംഘടിപ്പിക്കുക. ഏഴിനു പന്തളം നഗരസഭയില്‍ ചിത്രരചനാക്യാമ്പ്, കവിയരങ്ങ്, തിരുവാതിര എന്നിവയും എട്ടിനു കടമ്പനാട് കവിയരങ്ങ്, തിരുവാതിര എന്നിവയും സംഘടിപ്പിക്കും. ഒന്‍പതിന് അടൂര്‍ നഗരസഭയില്‍ ഫിലിം ഫെസ്റ്റിവെലും പള്ളിക്കല്‍ പഞ്ചായത്തില്‍ വോളിബോള്‍ മത്സരവും മെഗാതിരുവാതിരയും പന്തളം തെക്കേക്കരയില്‍ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കും. 10 ന് ഏഴംകുളം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നാടന്‍പാട്ട്, തുമ്പമണ്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെയുള്ള ക്യാമ്പയിന്‍ എന്നിവയും 11 ന് പന്തളം തെക്കേക്കര പഞ്ചായത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ കേരളത്തിന്റെ മനുഷ്യഭൂപടംനിര്‍മാണവും നടത്തും. 12 ന് ഏറത്ത് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രഭാഷണവും കൊടുമണ്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കാര്‍ഷിക പ്രദര്‍ശനവുമുണ്ടാകും.
ജനങ്ങളുമായി സംവദിക്കുന്ന വീട്ടുമുറ്റസദസ്സ് അടൂര്‍ മണ്ഡലത്തില്‍ ഭൂരിഭാഗവും പൂര്‍ത്തിയായി കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ക്ഷണക്കത്ത്, നവകേരളം നവലോകമുദ്രകള്‍ എന്ന പേരിലുള്ള ബ്രോഷര്‍ തുടങ്ങിയവ വീട്ടുമുറ്റ സദസ്സുകളിലുടെ ജില്ലയിലെ ഓരോ കുടുംബങ്ങളിലേക്കും എത്തിച്ചു. എല്ലാ മണ്ഡലങ്ങളിലേയും പ്രധാനവേദിക്ക് അഭിമുഖമായി ഇരുപതോളം കൗണ്ടറുകളാണ് പൊതുജനങ്ങളുടെ നിവേദനം സ്വീകരിക്കുന്നതിനായി ഏര്‍പ്പെടുത്തുക. സദസ് ആരംഭിക്കുന്നതിന് മുന്‍പ് വിവിധ കലാപരിപാടികളും വേദിയില്‍ അരങ്ങേറും.
യോഗത്തില്‍ അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍പിള്ള, ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവികുഞ്ഞമ്മ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള, അടൂര്‍ മണ്ഡലത്തിലെ തദ്ദേശസ്ഥാപനപ്രതിനിധികള്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കുടുംബശ്രീ -ഹോം ഷോപ്പര്‍; അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനുള്ള പദ്ധതിയായ കുടുംബശ്രീ ഹോംഷോപ്പിയിലേക്കു കുടുംബശ്രീ സംവിധാനത്തെ കുറിച്ച് അവബോധവും വിപണനരംഗത്തു പ്രാവീണ്യവും പ്രവ്യത്തി പരിചയമുള്ളതുമായ അംഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  കുടുംബശ്രീ അംഗമോ/കുടുംബാംഗങ്ങളോ ആയ 45 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. മിനിമം വിദ്യാഭ്യാസ യോഗ്യത എസ് എസ് എല്‍ സി. മാര്‍ക്കറ്റിംഗ് രംഗത്തു പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കു മുന്‍ഗണന.  അപേക്ഷകര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും അയല്‍ക്കൂട്ട അംഗത്വ സര്‍ട്ടിഫിക്കറ്റും സഹിതം ഡിസംബര്‍ 15 നകം കുടുംബശ്രീ ജില്ലാമിഷനില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468 2221807.

സെമിനാര്‍
നവകേരളസദസിനോടനുബന്ധിച്ചു ഏനാദിമംഗലം ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെട്ട കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ ഇന്ന് (7) ഉച്ചയ്ക്ക് രണ്ടിന് ഇളമണ്ണൂര്‍ മോര്‍ണിംഗ്സ്റ്റാര്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ പ്രൊഫ. ഗോപിനാഥ് മുതുകാട് നയിക്കും.

error: Content is protected !!