ഇന്‍സ്റ്റഗ്രാമില്‍ ജിതേഷ്ജിയുടെ വേഗവര ഇടിമിന്നല്‍ വേഗത്തില്‍ രണ്ടു കോടി പ്രേക്ഷകരിലേക്ക്

 

konnivartha.com: ന്യൂജന്‍ മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ അതിവേഗ പെര്‍ഫോമിങ് ചിത്രകാരന്‍ ജിതേഷ്ജിയുടെ വേഗവര വീഡിയോ റീല്‍ ഇരുപത് മില്യന്‍ വ്യൂസും കടന്ന് ചരിത്രനേട്ടം കുറിച്ചു. ഒരു മലയാളിയുടെ കലാപ്രകടന വീഡിയോ റീലിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രേക്ഷകസംഖ്യയാണ് ഇതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു.

ഇരുകൈകളും ഒരേ സമയം ഉപയോഗിച്ച് ആറോ എഴോ സെക്കന്റുകള്‍ കൊണ്ട് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ രേഖാചിത്രം ഒരു സ്‌റ്റേജ് ഷോയില്‍ വരയ്ക്കുന്നതാണ് ജിതേഷ്ജിയുടെ വൈറല്‍ വേഗവര റീലിന്റെ കണ്ടന്റ്. ഇരുകൈകളും ഒരേ പോലെ ഉപയോഗിച്ച് ഒരേ വേഗതയില്‍ ചിത്രം വരച്ചാല്‍ ‘ബ്രയിന്‍ പവര്‍’ വര്‍ദ്ധിപ്പിക്കാം എന്ന ‘ഫീല്‍ ദ പവര്‍ ഓഫ് ബ്രയിന്‍’ എന്ന സന്ദേശവും അന്തര്‍ധാരയായി ഈ വീഡിയോയിലുണ്ട്.
ജിതേഷ്ജിയുടെ വരയരങ്ങ് ഇന്‍ഫോടൈന്‍മെന്റ് മെഗാ സ്‌റ്റേജ് ഷോ കാണാനെത്തിയ ഫൈസല്‍ എന്ന സുഹൃത്ത് ഇത് മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിച്ച് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഷെയര്‍ ചെയ്യുകയായിരുന്നു.

പിന്നെയെല്ലാം ഇടിമിന്നല്‍ വേഗവര പോലെ വളരെ പെട്ടെന്നായിരുന്നു! മണിക്കൂറുകള്‍ കൊണ്ട് വ്യൂസിന്റെ എണ്ണം മില്യന്‍സിലേക്ക് കുതിച്ചുയര്‍ന്നു. ഇപ്പോഴിതാ 20 മില്യന്‍ വ്യൂസ് അഥവാ രണ്ടു കോടി പ്രേക്ഷകര്‍ എന്ന ചരിത്രനേട്ടം സമ്മാനിച്ച സോഷ്യല്‍ മീഡിയ ടോപ് സെലിബ്രിറ്റി സ്റ്റാര്‍ഡവുമായി വീണ്ടും മുന്നോട്ട് കുതിക്കുന്നു ഈ വിശ്വമലയാളിയുടെ പ്രശസ്തി. ഇന്‍സ്റ്റഗ്രാമില്‍ ഇന്ത്യയിലെ തന്നെ ടോപ് 10 സെലിബ്രിറ്റി റേറ്റിങ്ങി ല്‍ ഉള്‍പ്പെട്ടിരിക്കുകയാണ് വൈറല്‍ വേഗവര വീഡിയോ റീല്‍.

ഇന്‍സ്റ്റഗ്രാമില്‍ കലാരംഗത്തു നിന്നുള്ള ടോപ് സെലിബ്രിറ്റികളില്‍ തെന്നിന്ത്യന്‍ മെഗാ സ്റ്റാര്‍ അല്ലു അര്‍ജുന്‍, ബോളിവുഡ് നടിമാരായ യ ദീപിക പദുകോണ്‍, സണ്ണി ലിയോണ്‍, സാമന്ത എന്നിങ്ങനെ വിരലില്‍ എണ്ണാവുന്നവരുടെ വീഡിയോ റീലുകള്‍ക്ക് മാത്രമാണ് രണ്ടു കോടിയിലേറെ വ്യൂസ് ലഭിച്ചിട്ടുള്ളത്. സിനിമ, സംഗീതം, ഫുട്‌ബോള്‍, ക്രിക്കറ്റ് എന്നീ ഗ്ലാമര്‍ മേഖലകളില്‍ നിന്ന് തികച്ചുംവേറിട്ടു നില്‍ക്കുന്ന ചിത്രകല പോലൊരു മേഖലയെ പ്രതിനിധീകരിക്കുന്ന ഒരു കലാകാരനു സോഷ്യല്‍ മീഡിയയില്‍ ഇത്രയധികം പ്രേക്ഷകരെ ലഭിച്ചത് പലരും വിസ്മയത്തോടെയും ആവിശ്വസനീയതയോടെയുമാണ് വീക്ഷിക്കുന്നത്.

സെക്കന്‍ഡുകള്‍ക്ക് പോലും കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ബ്രഹ്മാണ്ഡ സിനിമകളുടെ വീഡിയോ ട്രെയിലറുകള്‍ക്ക് പോലും ലഭിക്കാത്ത പ്രേക്ഷക പിന്തുണ കേവലം രണ്ടു പെയ്ന്റ്റിങ് ബ്രഷുകളും വൈറ്റ് ബോര്‍ഡും കൊണ്ട് ഒരു ചിത്രകാരന്‍ നേടിയത് അതിശയത്തോടെയാണ് സിനിമാലോകവും കാണുന്നത്. ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും പ്രമുഖ സിനിമാനിര്‍മ്മാതാവ് ഈസ്റ്റ് കോസ്റ്റ് വിജയനും സംവിധായകന്‍ രമേഷ് പിഷാരടിയുമടക്കമുള്ള പല മുഖ്യധാരാസിനിമാക്കാരും ജിതേഷ്ജിയെ നേരിട്ട് അഭിനന്ദനം അറിയിക്കുകയും ചെയ്തു.

ആര്‍ട്ട് ഗാലറിയിലും അച്ചടി മാദ്ധ്യമങ്ങളിലും ഒതുങ്ങി നില്‍ക്കുന്ന ചിത്രകലയെ പെര്‍ഫോമിംഗ് ആര്‍ട്ടായി അരങ്ങിലവതരിപ്പിച്ച് പ്രേക്ഷകലക്ഷങ്ങളെ നേടിയ ജിതേഷ്ജിയുടെ തനതു ചിത്രകലാപരീക്ഷണങ്ങള്‍ക്ക് മൂന്നര പതിറ്റാണ്ടിന്റെ നിരന്തര കലാസപര്യയുടെ അണിയറക്കഥ പറയാനുമുണ്ട്. ചിത്രകലയുടെ അരങ്ങിലെ രംഗാവിഷ്‌കാരമെന്ന നിലയില്‍ ശ്രദ്ധേയമായ വരയരങ്ങ് തനത് കലാരൂപത്തിന്റെ സൃഷ്ടാവ് എന്ന നിലയില്‍ ഇന്ത്യന്‍ ചിത്രകലഭൂപടത്തില്‍ ഇടം നേടിയ മലയാളിയാണ് ജിതേഷ്ജി. 2008 ല്‍ ഇരു കൈകളും ഒരേ സമയം ഉപയോഗിച്ച് അഞ്ചു മിനിറ്റിനുള്ളില്‍ 50 സെലിബ്രിറ്റികളുടെ ചിത്രം വരച്ച് വരവേഗവിസ്മയം സൃഷ്ടിച്ച ജിതേഷ്ജി ലോകത്തെ ഏറ്റവും വേഗതയേറിയ പെര്‍ഫോമിങ് ചിത്രകാരനായിട്ടാണ് അറിയപ്പെടുന്നത്.

ഇരുപതിലേറെ ലോകരാജ്യങ്ങളിലെ അന്താരാഷ്ട്ര വേദികളിലടക്കം പതിനായിരത്തോളം വേദികളില്‍ വാക്കും വരയും സമഞ്ജസമായി സമന്വയിപ്പിച്ച് സചിത്രപ്രഭാഷണങ്ങള്‍ നടത്തി രാജ്യന്തരഖ്യാതി നേടിയ ലോകസഞ്ചാരി കൂടിയായ ഇന്ത്യന്‍ അതിവേഗചിത്രകാരനാണ് ഇദ്ദേഹം. പത്തനംതിട്ട ജില്ലയില്‍ പന്തളം തെക്കേക്കര സ്വദേശിയാണ്. കോന്നി വീനസ് ബുക്ക് ഡിപ്പോ & പബ്ലിക്കേഷന്‍സ് ഡയറക്ടര്‍ ഉണ്ണിമായയാണ് ഭാര്യ. മക്കള്‍ ശിവാനിയും നിരഞ്ജനും

error: Content is protected !!