പുതമൺ പാലത്തിന് സമാന്തരമായി താൽക്കാലിക പാലം നിർമ്മിക്കുന്നതിന് അനുമതി: പ്രമോദ് നാരായണൻ എംഎൽഎ

 

konnivartha.com : റാന്നി കോഴഞ്ചേരി റോഡിൽ അപകടാവസ്ഥയിൽ ആയ പുതമൺ പാലത്തിന് സമാന്തരമായി താൽക്കാലിക പാലം നിർമ്മിക്കുന്നതിന് ധന വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ ധന വകുപ്പിന്റെ പ്രത്യേക അനുമതി നൽകിയതായി പ്രമോദ് നാരായണൻ എംഎൽഎ അറിയിച്ചു.

 

പഴയ പാലം അപകടാവസ്ഥയിൽ ആയി ഗതാഗതം നിർത്തിവച്ചതിനെത്തുടർന്ന് യാത്രക്കാർ ഏറെ ദുരിതം നേരിട്ട് വരികയായിരുന്നു. ഈ വിഷയം സബ്മിഷനിലൂടെ സർക്കാരിൻ്റെയും നിയമസഭയുടെയും ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പുതമണ്ണിൽ താൽക്കാലിക പാലം നിർമ്മിക്കുന്നതിന് പദ്ധതി തയ്യാറാക്കുവാൻ പിഡബ്ല്യുഡി പാലം വിഭാഗത്തിന് നിർദ്ദേശം നൽകുകയും 30. 8 0 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിൽ സമർപ്പിക്കുകയും ചെയ്തിരുന്നു.

 

എന്നാൽ താൽക്കാലിക പാലങ്ങൾക്ക് അനുമതി നൽകുന്നതിലുള്ള സാങ്കേതിക – നിയമ തടസ്സങ്ങൾ ഉണ്ടാകുകയും സാമ്പത്തിക വർഷ അവസാനമായതിനാൽ ആവശ്യമായ തുക കണ്ടെത്താൻ കഴിയാതെ വരികയും ചെയ്തതിനാൽ പാലത്തിനുള്ള അനുമതി ലഭിക്കാതെ പോകുന്ന സ്ഥിതി ഉണ്ടായി. ഇതിനെ തുടർന്ന് ധനകാര്യ വകുപ്പ് മന്ത്രി ശ്രീ കെ എൻ ബാലഗോപാലിനെ നേരിട്ട് കണ്ട് പ്രദേശത്തെ മുഴുവൻ ജനങ്ങളുടെയും ശബരിമല തീർത്ഥാടകർ അടക്ക മുള്ള യാത്രികരുടെ ദുരിതവും ബുദ്ധിമുട്ടുകളും ബോധ്യപ്പെടുത്തുകയും നിരന്തരമായി ചർച്ചകളും ഇടപെടലുകളും ധന വകുപ്പ് മന്ത്രി തലത്തിൽ നടത്തുകയും ചെയ്തിരുന്നു.

 

നിരന്തരമായ പരിശ്രമങ്ങൾക്ക് ഒടുവിലാണ് 30.8 ലക്ഷം രൂപയുടെ താൽക്കാലിക പാലം നിർമ്മിക്കുന്നതിനുള്ള പ്രത്യേക അനുമതി ധനകാര്യ വകുപ്പ് മന്ത്രി ശ്രീ കെ എൻ ബാലഗോപാൽ ഇന്ന് നൽകിയത്. വകുപ്പ് തല നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി പാലം നിർമ്മാണം കാലതാമസം കൂടാതെ ആരംഭിക്കണം എന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് നിർദ്ദേശം നൽകിയ തായി അഡ്വ.പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു.

error: Content is protected !!