പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ /വാര്‍ത്തകള്‍ ( 17/02/2023)

മൂലൂര്‍ അവാര്‍ഡ് സമര്‍പ്പണം (18) മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും
മൂലൂര്‍ അവാര്‍ഡ് സമര്‍പ്പണം  (ഫെബ്രുവരി 18) ഉച്ചകഴിഞ്ഞ് 3.30ന് ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. സരസകവി മൂലൂര്‍ എസ് പദ്മനാഭപണിക്കരുടെ സ്മരണയ്ക്കായി പ്രവര്‍ത്തിക്കുന്ന ഇലവുംതിട്ട മൂലൂര്‍ സ്മാരക സമിതി ഏറ്റവും മികച്ച മലയാള കവിതാ സമാഹാരത്തിന് നല്‍കി വരുന്ന 25001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന 37-ാമത് മൂലൂര്‍ അവാര്‍ഡിന് ഡോ. ഷീജ വക്കം രചിച്ച ശിഖണ്ഡിനി എന്ന കാവ്യാഖ്യായികയാണ് തെരഞ്ഞെടുത്തിട്ടുള്ളത്.
പ്രൊഫ. മാലൂര്‍ മുരളീധരന്‍, പ്രൊഫ. പി.ഡി. ശശിധരന്‍, പ്രൊഫ. കെ. രാജേഷ് കുമാര്‍ എന്നിവര്‍ അംഗങ്ങളായ പുരസ്‌കാര നിര്‍ണയ സമിതിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ചടങ്ങില്‍ മൂലൂര്‍ സ്മാരക സമിതി പ്രസിഡന്റ് പി.വി. മുരളീധരന്‍ അധ്യക്ഷത വഹിക്കും. പി.ഡി. ബൈജു പ്രശസ്തിപത്ര അവതരണം നടത്തും. അവാര്‍ഡ് കവിതയുടെ ആലാപനം ഡോ. മണക്കാല ഗോപാലകൃഷ്ണന്‍ നിര്‍വഹിക്കും.

അനീമിയ സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു
സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന വിവ (വിളര്‍ച്ചയില്‍ നിന്ന് വളര്‍ച്ചയിലേക്ക്) കേരളം അനീമിയ ക്യാമ്പയിന്‍ ഉദ്ഘാടനത്തിന് മുന്നോടിയായി   ആറന്മുള കോളജ് ഓഫ്  എന്‍ജിനീയറിങ്ങില്‍ വിദ്യാര്‍ഥിനികള്‍ക്കായി  ഹീമോ ഗ്ലോബിന്‍ സ്‌ക്രീനിംഗ്  സംഘടിപ്പിച്ചു. ആരോഗ്യവകുപ്പ്  ആരോഗ്യകേരളം, ആറന്മുള കോളജ് ഓഫ് എഞ്ചിനിയറിങ്ങിലെ  നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ്, വുമണ്‍ സെല്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സ്‌ക്രീനിംഗ് നടന്നത്. ഇതുകൂടാതെ ജില്ലയിലെ മുഴുവന്‍ ആശാപ്രവര്‍ത്തകര്‍ക്കും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ അനീമിയ സ്‌ക്രീനിംഗ് ആരംഭിച്ചു. പരിശോധനയില്‍ അനീമിയ കണ്ടെത്തുന്നവര്‍ക്ക്  തുടര്‍ചികിത്സ നല്‍കും.
വിവ കേരളം കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 18ന് വൈകുന്നേരം നാലിന് കണ്ണൂര്‍ തലശേരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും.

15 മുതല്‍ 59 വയസുവരെയുള്ള പെണ്‍കുട്ടികളിലും സ്ത്രീകളിലും അനീമിയ കണ്ടെത്തുകയും ആവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് വിവ കേരളത്തിന്റെ ലക്ഷ്യം. രക്തപരിശോധനയിലൂടെ അനീമിയ തിരിച്ചറിയാന്‍ സാധിക്കും. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവാണ് പരിശോധിക്കുന്നത്. സാധാരണയായി 12 മുതല്‍ 15 ഗ്രാം വരെ ഹീമോഗ്ലോബിനാണ് സ്ത്രീകളുടെ രക്തത്തില്‍ കാണുക. പുരുഷന്മാരില്‍ ഇത് 13 മുതല്‍ 17 വരെയും കുട്ടികളില്‍ 11 മുതല്‍ 16 ഗ്രാം വരെയുമാണ്. ഗര്‍ഭിണികളില്‍ കുറഞ്ഞത് 11 ഗ്രാം വരെയെങ്കിലും ഹീമോഗ്ലോബിന്‍ ഉണ്ടായിരിക്കണം. ഈ അളവുകളില്‍ കുറവാണ് ഹീമോഗ്ലോബിനെങ്കില്‍ അനീമിയ ആയി കണക്കാക്കാം. ആഹാര ക്രമീകരണത്തിലൂടെയും ചികിത്സയിലൂടെയും അനീമിയയില്‍ നിന്നും മുക്തിനേടാം.


എന്യൂമറേറ്റര്‍മാരെ ആവശ്യമുണ്ട്

ഐക്യരാഷ്ട്ര സംഘടനയുടെ  ഭക്ഷ്യ കാര്‍ഷിക സംഘടന ലോക വ്യാപകമായി നടത്തുന്ന 11 -ാം മത് കാര്‍ഷിക സെന്‍സസിന്റെ ജില്ലയിലെ ഒന്നാംഘട്ട  വിവരശേഖരണത്തിനായി എത്തുന്ന എന്യൂമറേറ്റര്‍മാര്‍ക്ക്  കൈവശഭൂമി സംബന്ധിച്ച യഥാര്‍ഥ വിവരങ്ങള്‍ നല്‍കി സഹകരിക്കണമെന്ന് സാമ്പത്തിക സ്ഥിതി വിവര കണക്ക്  വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി ആര്‍ ജ്യോതി ലക്ഷ്മി അഭ്യര്‍ഥിച്ചു. വിവിധ താലൂക്കുകളില്‍ നിലവിലുളള എന്യൂമറേറ്റര്‍മാരുടെ ഒഴിവിലേക്ക് പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുളളവര്‍ക്ക് ഫെബ്രുവരി 20 ന് അകം അപേക്ഷിക്കാം. കോഴഞ്ചേരി – 04682998214, അടൂര്‍ – 04734 291760, തിരുവല്ല- 04692998910, മല്ലപ്പളളി – 0469 2998024, റാന്നി – 04735 299450.

സൗജന്യപരിശീലനം
പത്തനംതിട്ട എസ് ബി ഐയുടെ ഗ്രാമീണസ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന പേപ്പര്‍കവര്‍,  എന്‍വലപ്, ഫയല്‍ എന്നിവയുടെ സൗജന്യ നിര്‍മ്മാണ പരിശീലനത്തിലേക്ക്  18നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 0468-2270243, 8330010232 നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.


മെഴുവേലി നെപ്പിക്കല്‍ പട്ടികജാതി കോളനിയിലെ
മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതി പ്രകാരം അംഗീകാരം ലഭിച്ച് പത്തനംതിട്ട ജില്ലാ മണ്ണു സംരക്ഷണ ഓഫീസ് മുഖേന, കുളനട ഡിവിഷനിലെ മെഴുവേലി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട നെപ്പിക്കല്‍ പട്ടികജാതി കോളനിയില്‍ നടപ്പാക്കുന്ന മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആര്‍. അജയകുമാര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പത്തനംതിട്ട മണ്ണ് സംരക്ഷണ ഓഫീസര്‍ പി.എസ് കോശികുഞ്ഞ് പദ്ധതി പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. മെഴുവേലി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ വിനീത അനില്‍, വി.വിനോദ് എന്നിവരും മണ്ണു സംരക്ഷണ ഓഫീസ് ജീവനക്കാരായ സുര്‍ജിത് തങ്കന്‍, ജെ.എസ്. ബെന്‍സി, എസ്.ബിന്ദു, ആര്‍.ജിന്‍സി, കസ്തൂരി പ്രസാദ്, എസ്.ശ്യാംകുമാര്‍, ഐ.നൗഷാദ്,  കെ.കെ. രാജന്‍,  പ്രദേശവാസികള്‍, ഗുണഭോക്താക്കള്‍ തുടങ്ങിയവരും പങ്കെടുത്തു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 15 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുളളത്.

മതന്യുനപക്ഷ  വിഭാഗങ്ങള്‍ക്ക് സ്വയം തൊഴില്‍ വായ്പ
പത്തനംതിട്ട ജില്ലയിലെ ന്യുനപക്ഷ ( ക്രിസ്ത്യന്‍, മുസ്ലിം ) വിഭാഗത്തില്‍പ്പെട്ട 18 നും 55 നും മധ്യേ പ്രായമുള്ളവരില്‍ നിന്നും കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ സ്വയം തൊഴില്‍ വായ്പക്ക് അപേക്ഷ ക്ഷണിച്ചു.
ഗ്രാമപ്രദേശത്തു വസിക്കുന്ന 98,000 രൂപയില്‍ താഴെയും നഗരപ്രദേശത്തു വസിക്കുന്ന 1,20,000  രൂപയില്‍ താഴെയും കുടുംബ വാര്‍ഷിക വരുമാനമുള്ള മത ന്യുനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പരമാവധി 20 ലക്ഷം രൂപ വരെ ആറു ശതമാനം പലിശ നിരക്കില്‍ വായ്പ അനുവദിക്കും. ഇതിനു പുറമെ എട്ട് ലക്ഷത്തിനു താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള പുരുഷന്മാര്‍ക്ക് എട്ട്  ശതമാനം  പലിശ നിരക്കിലും സ്ത്രീകള്‍ക്ക് ആറു ശതമാനം പലിശ നിരക്കിലും പരമാവധി 30 ലക്ഷം രൂപയും വായ്പ ലഭ്യമാണ്.
കാര്‍ഷിക(പശു, ആട്, കോഴി വളര്‍ത്തല്‍), ചെറുകിട വ്യവസായ സേവന മേഖലയില്‍പെട്ട ഓട്ടോറിക്ഷാ വാങ്ങുന്നതുള്‍പ്പെടെ വരുമാനദായകമായ ഏതു സംരംഭത്തിനും വായ്പ നല്‍കും.  തിരിച്ചടവ് കാലാവധി പരമാവധി 60 മാസം. വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ നല്‍കാം.
അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരത്തിനും  പത്തനംതിട്ട ഹെഡ്പോസ്റ്റോഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്റെ ജില്ലാ ഓഫീസിനെ സമീപിക്കണം. ഫോണ്‍. 0468-2226111, 2272111.

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ (ഇംഗ്ലീഷ്) തസ്തിക (കാറ്റഗറി നമ്പര്‍. 254/21) തസ്തികയുടെ 30/01/2023 തീയതിയില്‍ 07/2023/ഡിഒഎച്ച് നമ്പര്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസ് വകുപ്പില്‍ ഫയര്‍ വുമണ്‍ ട്രെയിനി  തസ്തിക (കാറ്റഗറി നമ്പര്‍. 245/2020) തസ്തികയുടെ 15/02/2023 തീയതിയില്‍ 09/2023/ഡിഒഎച്ച് നമ്പര്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌ക്കൂള്‍ ടീച്ചര്‍ (നാച്ചുറല്‍ സയന്‍സ്) (മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍. 384/2020) തസ്തികയുടെ 30/01/2023 തീയതിയില്‍ 08/2023/ഡിഒഎച്ച് നമ്പര്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

അപേക്ഷ  ക്ഷണിച്ചു
പുളിക്കീഴ്  ഐസിഡിഎസ് പ്രോജക്ട്  പരിധിയിലെ  കുറ്റൂര്‍, പെരിങ്ങര, നെടുമ്പ്രം  ഗ്രാമ പഞ്ചായത്തിലെ  അങ്കണവാടി  കേന്ദ്രങ്ങളില്‍  നിലവിലുള്ളതും ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍മാരുടെയും  ഹെല്‍പ്പര്‍മാരുടെയും   ഒഴിവുകളിലേക്ക്  സ്ഥിര  നിയമനത്തിനു  വേണ്ടി സെലക്ഷന്‍  ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന്  യോഗ്യതയുള്ളവരില്‍  നിന്നും അപേക്ഷ ക്ഷണിച്ചു.              അപേക്ഷകര്‍  01/01/2023  തീയതിയില്‍ 18 – 46  പ്രായമുള്ളവരും, സേവനതല്‍പരതയും,  മറ്റു മതിയായ ശാരീരിക ശേഷിയുള്ളവരുമായ വനിതകളായിരിക്കണം.  അങ്കണവാടി വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എസ്എസ്എല്‍സി  പാസായിരിക്കണം.  അങ്കണവാടി ഹെല്‍പ്പെര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍  എഴുതുവാനും, വായിക്കുവാനും അറിഞ്ഞിരിക്കുകയും എന്നാല്‍ എസ്എസ്എല്‍സി പാസാകാത്തവരും ആയിരിക്കണം. അപേക്ഷകരെ ഇന്റര്‍വ്യൂ നടത്തിയാണ് സെലക്ഷന്‍  ലിസ്റ്റ്  പ്രസിദ്ധീകരിക്കുന്നത്.
പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായ പരിധിയിലും, യോഗ്യതയിലും നിയമാനുസൃതമായ ഇളവ്  ലഭിക്കും. അതത് പഞ്ചായത്ത്  പരിധിയില്‍  സ്ഥിര താമസമാക്കിയിട്ടുള്ളവരില്‍  നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്. 2019 ല്‍  അപേക്ഷ സമര്‍പ്പിച്ചവര്‍  ഇനി അപേക്ഷ നല്‍കേണ്ടതില്ല.
പെരിങ്ങര, നെടുമ്പ്രം ഗ്രാമ പഞ്ചായത്തുകളിലെ അപേക്ഷ സ്വീകരിക്കുന്ന  അവസാന തീയതി  മാര്‍ച്ച് ആറിന്  വൈകുന്നേരം അഞ്ചു വരെ.
കുറ്റൂര്‍ ഗ്രാമ പഞ്ചായത്ത് : അപേക്ഷ സ്വീകരിക്കുന്ന  അവസാന തീയതി :  മാര്‍ച്ച് 10 ന് വൈകുന്നേരം അഞ്ചു വരെ.
അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും  പുളിക്കീഴ്  ഐസിഡിഎസ്  ഓഫീസും, അതതു പഞ്ചായത്ത്  ഓഫീസുമായി ബന്ധപ്പെടണം.
ഫോണ്‍ : 0469-2610016.

ഗതാഗത നിയന്ത്രണം
മൈലപ്ര ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട കുറുപ്പ് മെമ്മോറിയല്‍-ആഞ്ഞിലിമൂട്ടില്‍ റോഡ് കലുങ്ക് പുനരുദ്ധാരണത്തിന്റെ ഭാഗമായി ഈ റോഡില്‍ കൂടിയുള്ള ഗതാഗതം നിരോധിച്ചു.

 ദര്‍ഘാസ്
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന 2022-23 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കുന്ന രണ്ട് പദ്ധതികള്‍ക്ക് (ടോട്ടല്‍ സ്റ്റേഷന്‍ വാങ്ങല്‍) ദര്‍ഘാസ് ക്ഷണിച്ചു.
വിശദവിവരങ്ങള്‍   www.etenders.kerala.gov.in  എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
മറ്റ് വിവരങ്ങള്‍ക്ക് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറുടെ കാര്യാലയം, പത്തനംതിട്ടയുടെ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0468 – 2224070.

 ഇ-ലേലം
മണിമലയാറില്‍ നിന്നും നീക്കം ചെയ്തതും പത്തനംതിട്ട വായ്പൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം കീഴ് വായ്പൂര്‍ യാര്‍ഡില്‍ ശേഖരിച്ചിരിക്കുന്നതുമായ മണ്ണ്/ മണല്‍/ ചെളി എന്നിവയുടെ മിശ്രിതം ഇ ലേലം നടത്തുന്നു. ഫെബ്രുവരി 27ന്  രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ ലേലത്തില്‍ പങ്കെടുക്കാം. വെബ് സൈറ്റ് : https://eauction.gov.in, ഫോണ്‍ : 9961993567, 9544213475.

റദ്ദായ തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കാം
വിവിധ കാരണങ്ങളാല്‍ തൊഴില്‍  രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് (01/01/2000 മുതല്‍ 31/10/2022 വരെയുള്ള കാലയളവില്‍) അവരുടെ തനത് സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് മാര്‍ച്ച് 31 വരെ അവസരമുള്ളതായി ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0468-2961104.

error: Content is protected !!