മൂലൂര്‍ സ്മരണ കാലഘട്ടത്തിന്‍റെ വെളിച്ചം: മന്ത്രി വീണാ ജോര്‍ജ്

മൂലൂരിന്റെ ദീപ്തമായ സ്മരണ ഈ കാലഘട്ടത്തെ നയിക്കുന്ന വെളിച്ചമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സരസകവി മൂലൂര്‍ എസ് പത്മനാഭപണിക്കരുടെ 154 -മത് ജയന്തി ആഘോഷവും ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തിന്റെ 34 -മത് വാര്‍ഷികവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നമ്മള്‍ ആയിരിക്കുന്ന ഇടങ്ങളില്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ സാമൂഹിക പ്രതിബദ്ധതയോടെ വരും തലമുറകള്‍ക്ക് വേണ്ടി ചെയ്യണമെന്നുള്ള ഓര്‍മ്മപ്പെടുത്തലാണ് മൂലരിന്റെ സ്മരണ നല്‍കുന്നത്. മൂലൂരിനെയും ശ്രീനാരായണ ഗുരുവിനെയും പോലുള്ളവര്‍ നമ്മുടെ പൂര്‍വികരുടെ മനസില്‍ വരുത്തിയ മാറ്റങ്ങളിലൂടെയാണ് സമൂഹത്തില്‍ മാറ്റം ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.

മൂലൂര്‍ സ്മാരകത്തിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം തന്നെ ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങള്‍ ഇനിയും ചെയ്യുവാന്‍ ഉണ്ടെന്നും അതിനായുള്ള പരിശ്രമമാണ് നടത്തുന്നത് എന്നും മന്ത്രി പറഞ്ഞു. കേന്ദ്ര കിഴങ്ങുവിള ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി നിയമിതനായ ഡോ.ബൈജു ഗംഗാധരനെ മന്ത്രി ആദരിച്ചു.

മുന്‍ എംഎല്‍എയും മൂലൂര്‍ സ്മാരകം പ്രസിഡന്റുമായ കെ.സി. രാജഗോപാലന്‍  അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍,  ജില്ലാ പഞ്ചായത്ത് അംഗം ആര്‍. അജയകുമാര്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍, വൈസ് പ്രസിഡന്റ് അനിലാ ചെറിയാന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം രജിത കുഞ്ഞുമോന്‍, സ്മാരകം സെക്രട്ടറി പ്രൊഫ. ഡി. പ്രസാദ്, മാനേജിംഗ് കമ്മിറ്റി അംഗം വി. വിനോദ്, കെ.എന്‍. രാധാചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!