യുവതിയെ തലയ്ക്കടിച്ചുകൊന്ന കേസ് : കാമുകൻ ബംഗളുരുവിൽ പിടിയിൽ

 

പത്തനംതിട്ട : പന്തളം പൂഴിക്കാട് ചിറമുടിയിൽ യുവതിയെ തലയ്ക്കടിച്ചുകൊന്ന കേസിൽ പ്രതി
ബംഗളുരുവിൽ നിന്ന് പിടിയിലായി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് രണ്ടുവർഷത്തോളമായി യുവതിയ്ക്കൊപ്പം താമസിച്ചുവന്ന തിരുവനന്തപുരം നെയ്യാറ്റിൻകര ദാലുംമുഖം പോസ്റ്റിൽ തുടലി ബി എസ് ഭവനിൽ ശശിയുടെ മകൻ ഷൈജു എസ് എൽ (34)വിനെ പ്രത്യേക
അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്.

ഈമാസം 10 ന് രാത്രി 10.30 നാണ്, ഇയാൾക്കൊപ്പം പൂഴിക്കാട് ചിറമുടിയിൽ വാടകയ്ക്ക് താമസിച്ചുവന്ന മുളക്കുഴ അരീക്കര കൊഴുവല്ലൂർ പാറപ്പുറത്ത് സുരേഷിന്റെ ഭാര്യ
സബിത എന്നുവിളിക്കുന്ന സജിത (42) കൊല്ലപ്പെട്ടത്.

മരണം ഉറപ്പാക്കിയ ഷൈജു മൊബൈൽ ഫോൺ ഓഫാക്കിയശേഷം നാടുവിടുകയായിരുന്നു. ലിവിങ് ടുഗദറായി ഭാര്യാഭർത്താക്കന്മാരെപ്പോലെ ജീവിച്ചുവരികയായിരുന്നു ഇരുവരും. ഷൈജുവിന് വേറെ സ്ത്രീകളുമായുള്ള അവിഹിതബന്ധം ചോദ്യം ചെയ്തത് കാരണമായാണ്, യുവതിയെ കൊലപ്പെടുത്തിയതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

സമീപവാസികൾ അറിയിച്ചതുപ്രകാരം സ്ഥലത്തെത്തിയ പന്തളം പോലീസ് തുടർ നടപടി
സ്വീകരിക്കുകയും, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയും ചെയ്തിരുന്നു.

നാല് വർഷത്തിലധികമായി ഭർത്താവുമായി പിണങ്ങിക്കഴിയുന്ന സജിത കൊഴുവല്ലൂർ
സ്വദേശിനിയാണ്. തിരുവല്ലയിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തുവന്ന ഇവർ, ഫേസ് ബുക്കിലൂടെയാണ് ഷൈജുവിനെ പരിചയപ്പട്ടത്. തുടർന്ന് അടുപ്പത്തിലാവുകയും ഒരുമിച്ച് ചിറമുടിയിലെ വീട്ടിൽ വാടകയ്ക്ക് താമസിച്ചുവരികയുമായിരുന്നു.

ബംഗളുരുവിൽ താമസിക്കുന്ന പൂഴിക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. സമീപവാസികളുമായി യാതൊരു അടുപ്പവും ഷൈജുവും സജിതയും പുലർത്തിയിരുന്നില്ല. ഭാര്യയും മക്കളുമുള്ള പ്രതി വേറെയും സ്ത്രീകളുമായി ബന്ധം തുടർന്നുവന്നത് സജിത
ചോദ്യം ചെയ്തിരുന്നതായി വ്യക്തമായിട്ടുണ്ട്.

വിരലടയാള വിദഗ്ദ്ധരും, സായ എന്ന പോലീസ് നായയും, ശാസ്ത്രീയ അന്വേഷണസംഘവും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ് നേരിട്ട് സ്ഥലത്തെത്തി പരിശോധന
നടത്തിയിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം വ്യാപിപ്പിച്ചതിനെതുടർന്നാണ് ദിവസങ്ങൾക്കുള്ളിൽ പ്രതിയെ വിദഗ്ദ്ധമായി കുടുക്കിയത്.

സംഭവശേഷം നാടുവിട്ട പ്രതി രക്ഷപ്പെടാൻ സാധ്യതയുള്ള പ്രദേശങ്ങളിലും, മുമ്പ് ജോലി ചെയ്ത
സ്ഥലങ്ങളിലും പോലീസ് സംഘങ്ങൾ വിശദമായ അന്വേഷണം നടത്തി. അവിടങ്ങളിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുകയും ഒടുവിൽ ജോലി ചെയ്ത എറണാകുളം കാക്കനാട് ഫാമിലും അന്വേഷണം നടത്തുകയും ചെയ്തു. അടൂർ ഡി വൈ എസ് പി ആർ ബിനുവിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം തുടരുന്നത്.

ഡാൻസാഫ് സംഘത്തിനെയും ഉൾപ്പെടുത്തി വ്യാപിപ്പിച്ച അന്വേഷണത്തിൽ വിവിധ പ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ബന്ധം സ്ഥാപിച്ചശേഷം അടുപ്പത്തിലാവുകയും, പിന്നീട്
അവർക്കൊപ്പം താമസിക്കുകയും, സാമ്പത്തിക ചൂഷണം ചെയ്യുകയുമാണ് പ്രതിയുടെ രീതി. ഒപ്പം താമസിച്ച് സ്ത്രീകളുടെ സ്വർണ ഉരുപ്പടികൾ കൈക്കലാക്കി പണയം വച്ച് പണമെടുത്ത് ചിലവാക്കി ജീവിതം ആസ്വദിക്കുന്നതാണ് ഇയാളുടെ ശൈലിയെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി.

അത്തരം സ്ത്രീസുഹൃത്തുക്കളെ കണ്ടെത്തി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. അങ്ങനെയാണ് ഇയാളുടെ ബംഗളുരു ബന്ധം വെളിപ്പെട്ടത്. ഡാൻസാഫ് ഉൾപ്പെടെയുള്ള പോലീസ് സംഘം അവിടെയെത്തി റെയിൽവേ സ്റ്റേഷനുകളിലും മറ്റുമുള്ള സി സി ടി വി
ദൃശ്യങ്ങൾ പരിശോധിച്ചതിലാണ്, പ്രതിയുടെ നീക്കം മനസ്സിലാക്കിയതും, വേഗംതന്നെ അറസ്റ്റ് ചെയ്യാനായതും.

ബംഗളുരുവിലുള്ള ബന്ധുക്കളുടെ സഹായം തേടിയാണ് ഷൈജു അവിടെയെത്തിയതെങ്കിലും, ആരെയും കാണാൻ സാധിച്ചില്ല. പന്തളം പോലീസ് ഇൻസ്‌പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ ബംഗളുരുവിലെത്തിയ പോലീസ് സംഘം പിന്തുടരുന്നുണ്ടെന്ന തോന്നലിൽ, പ്രതി മംഗലാപുരത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ, റെയിൽവേ സ്റ്റേഷനിൽ പോലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

 

ടിക്കറ്റ് കൗണ്ടറിൽ വച്ച് ഡാൻസാഫ് എസ് അജി സാമൂവൽ പിടിക്കാൻ ശ്രമിക്കുമ്പോൾ തള്ളിതാഴെയിട്ടശേഷം വെട്ടിച്ചോടി. തുടർന്ന് പോലീസ് ഇൻസ്‌പെക്ടർ, സി പി ഓമാരായ
അൻവർഷാ, അമീഷ് എന്നിവർ കൂടിചേർന്ന് മൽപ്പിടിത്തത്തിലൂടെ സാഹസികമായി
കീഴ്പ്പെടുത്തുകയാണുണ്ടായത്. പന്തളം പോലീസ് ഇൻസ്‌പെക്ടർ ബംഗളൂരിലെ മലയാളി സമാജവുമായി ബന്ധപ്പെട്ട് സഹായം തേടിയിരുന്നു. അങ്ങനെയാണ്  പ്രതിയുടെ നീക്കം അറിയാൻ സാധിച്ചത്.

പ്രതി മുമ്പ് താമസിച്ചിരുന്ന ലോഡ്ജുകളും, സുഹൃത്തുക്കളുടെ വീടുകളും കേന്ദ്രീകരിച്ച് പോലീസ്
ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള ഈ സംഘം വ്യാപകമായ അന്വേഷണം നടത്തിയിരുന്നു.
ബന്ധമുള്ളവരുമായെല്ലാം സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുള്ള ഷൈജു, സാമ്പത്തിക തട്ടിപ്പുകൾ നടത്തിയതായും അന്വേഷണത്തിൽ തെളിഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെ മുപ്പതോളം സ്ത്രീകളുമായി പരിചയപ്പെട്ട് ഇത്തരത്തിൽ ചൂഷണം നടത്തിയതായി
സംശയിക്കുന്നു. കൂടാതെ, സ്വർണാഭരണങ്ങൾ തട്ടിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ നിരവധി പരാതികൾ ഇയാൾക്കെതിരെ ഉയരുന്നതായും അറിയുന്നു.

വിദേശത്ത് കേസിൽപെട്ട് രണ്ടുമാസം തടവ് ശിക്ഷ അനുഭവിച്ചതായി പ്രതി ചോദ്യം ചെയ്യലിൽ
വെളിപ്പെടുത്തി. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുകളും പരാതികളും നിലവിലുണ്ടെന്ന് പ്രതി സമ്മതിച്ചു.

വ്യാജ ഫേസ്ബുക്ക്‌ അക്കൗണ്ടുകൾ ഉപയോഗിച്ചാണ് സ്ത്രീകൾ ഉൾപ്പെടെയുള്ളവരുമായി
സൗഹൃദം സ്ഥാപിക്കുന്നതും, സാമ്പത്തികമായി ചൂഷണം ചെയ്യുന്നതുമെന്നും വ്യക്തമായിട്ടുണ്ട്.
അടൂർ ഡി വൈ എസ് പി ആർ ബിനു മേൽനോട്ടം വഹിച്ച അന്വേഷണത്തിന്റെ ഏകോപനം ഇൻസ്‌പെക്ടർ ശ്രീകുമാറിനായിരുന്നു.ജില്ലാ പോലീസ് മേധാവി അന്വേഷണോദ്യോഗസ്ഥരുമായി നിരന്തരം പുരോഗതി വിലയിരുത്തുകയും, നിർദേശങ്ങൾ നൽകുകയും ചെയ്തുകൊണ്ടിരുന്നു. അന്വേഷണസംഘത്തിൽ ഇൻസ്‌പെക്ടർ എസ് ശ്രീകുമാർ, ഡാൻസാഫ് എസ് ഐ അജി സാമൂവൽ, പന്തളം സി പി ഓമാരായ അൻവർഷാ, അമീഷ് എന്നിവരെക്കൂടാതെ, പന്തളം എസ്
ഐ നജീബ് എസ്, എ എസ് ഐ സന്തോഷ്‌ കുമാർ, സി പി ഓമാരായ നാദിർഷാ, ശരത്, എന്നിവരും, ഡാൻസാഫിലെ എ എസ് ഐ അജികുമാർ, സി പി ഓമാരായ സുജിത്, അഖിൽ, മിഥുൻ എന്നിവരും ഉൾപ്പെടുന്നു.

error: Content is protected !!