പത്തനംതിട്ട ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു

സെന്റ് പീറ്റേഴ്സ് ജംഗ്ഷന്‍-സ്റ്റേഡിയം ജംഗ്ഷന്‍ റോഡ് മാതൃകാ റോഡാക്കി വികസിപ്പിക്കും: മന്ത്രി വീണാജോര്‍ജ്

konnivartha.com : പത്തനംതിട്ട നഗരത്തിലെ സെന്റ് പീറ്റേഴ്സ് ജംഗ്ഷന്‍ മുതല്‍ സ്റ്റേഡിയം ജംഗ്ഷന്‍ വരെയുള്ള റോഡ് മാതൃകാ റോഡാക്കി വികസിപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

 

റോഡിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് റോഡിന്റെ ഇരുവശങ്ങളിലും ടൈലുകള്‍ പാകി നടക്കുന്നതിനും വ്യായാമം ചെയ്യുന്നതിനുമുള്ള സൗകര്യം ഒരുക്കും. റിംഗ് റോഡ് സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ പുതിയ പദ്ധതിയും ഒരുക്കും. ഇത് കണക്കിലെടുത്ത് യാതൊരു തരത്തിലുള്ള കൈയേറ്റങ്ങളും ഇവിടെ അനുവദിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

ജില്ലയുടെ പടിഞ്ഞാറന്‍ ഭാഗത്തും പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ ശക്തമായ നടപടികളുമായി ആരോഗ്യവകുപ്പും മൃഗസംരക്ഷണവകുപ്പും പ്രവര്‍ത്തിക്കുന്നുണ്ട്. 2014ന് ശേഷം ആദ്യമായാണ് ജില്ലയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. പക്ഷിപ്പനി കണ്ടെത്തിയ സ്ഥലങ്ങളിലെ കര്‍ഷകര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. രോഗബാധിത പ്രദേശത്ത് ആരോഗ്യവകുപ്പിന്റെ പ്രത്യേക ടീം പ്രവര്‍ത്തിക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് ബോധവത്ക്കരണം നടത്തുന്നുണ്ട്.

പത്തനംതിട്ട നഗരത്തിലുണ്ടായ തീപിടുത്തിന്റെ പശ്ചാത്തലത്തില്‍ അനുമതിയില്ലാതെ വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന പരിശോധന ശക്തമാക്കും.
ചെറുകോല്‍പ്പുഴ, മാരാമണ്‍ കണ്‍വന്‍ഷനുകള്‍ക്ക് മുന്‍പ് മുട്ടുമണ്‍-ചെറുകോല്‍പ്പുഴ റോഡും പരപ്പുഴ ക്രോസ് റോഡും ഗതാഗതയോഗ്യമാക്കാനുള്ള അടിയന്തിര നടപടി പൊതുമരാമത്ത് നിരത്തുവിഭാഗം സ്വീകരിക്കണം. കോഴഞ്ചേരി പുതിയ പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് നദിയുടെ കരകളില്‍ സ്ഥലം വിട്ടുതരുന്ന കുടുംബങ്ങള്‍ക്കുള്ള തുക എത്രയും വേഗത്തില്‍ ലഭ്യമാക്കണമെന്നും മന്ത്രി പറഞ്ഞു.

 

ഇരവിപേരൂര്‍ ജംഗ്ഷനില്‍ റോഡിന് സ്ഥലം കുറവായതിനാല്‍ യാത്രക്കാര്‍ക്ക് വശങ്ങളില്‍ നില്‍ക്കുന്നതിനുള്ള സൗകര്യം കുറവാണ്. ഈ വിഷയത്തില്‍ പൊതുമരാമത്ത് നിരത്തു വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രി തേടി.

ഇന്ത്യന്‍ എക്സ്പ്രസിന്റെ ഗുഡ് ഗവേണന്‍സ് അവാര്‍ഡ് നേടിയ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരെ ജില്ലാ വികസനസമിതിക്കു വേണ്ടി മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു.
കവിയൂര്‍-ചങ്ങനാശേരി റോഡില്‍ തോട്ടഭാഗം മുതല്‍ പായിപ്പാട് വരെയുള്ള ഭാഗത്ത് ബിസി ടാറിംഗ് പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. ബഥേല്‍പടി ചുമത്ര റോഡ് പ്രവൃത്തി ഫെബ്രുവരി 20നുള്ളില്‍ പൂര്‍ത്തീകരിക്കണം. ചുമത്ര പാലം പണിയുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ ഉടന്‍ വിളിച്ച് നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും എംഎല്‍എ പറഞ്ഞു.

 

അടൂര്‍ ഗവണ്‍മെന്റ് ആശുപത്രിയിലെ ഒപി നവീകരണത്തിന്റെ നിര്‍മാണപ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ പ്രതിനിധി അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഡി.സജി പറഞ്ഞു. പല തവണ യോഗം ചേര്‍ന്നിട്ടും നിര്‍മാണത്തില്‍ പുരോഗതിയില്ല. നിലവില്‍ ഒപി വിഭാഗം പേ വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നത് രോഗികളെ വലയ്ക്കുകയാണ്.

 

അടൂര്‍ നഗരത്തില്‍ പലയിടങ്ങളിലും കുടിവെള്ളം മുടങ്ങുന്നു. അടൂര്‍ ഗവണ്‍മെന്റ് ആശുപത്രിയിലുള്‍പ്പെടെ ജലം ലഭ്യമാക്കണം. അടൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രക്കുളത്തോട് ചേര്‍ന്നുള്ള ബോര്‍വെല്ലില്‍ നിന്ന് വെള്ളം എടുക്കാന്‍ പമ്പിംഗ് ഹൗസ് പ്രവര്‍ത്തിപ്പിക്കുവാനുള്ള അനുമതി ജലവിഭവവകുപ്പ് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കടമ്പനാട് എല്‍പി സ്‌കൂള്‍ അടിയന്തിരമായി നവീകരിക്കണമെന്നും പല വകുപ്പുകളും അകാരണമായി നടപടികള്‍ വൈകിപ്പിക്കുന്നത് പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കാലതാമസം ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട ജനറല്‍ ആശുപത്രി റോഡിന്റെ വശങ്ങളില്‍ സ്വകാര്യ ആംബുലന്‍സുകള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കാന്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പും നടപടി സ്വീകരിക്കണമെന്ന് പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

 

ആശുപത്രിയുടെ പരിധിയിലുള്ള ആംബുലന്‍സുകള്‍ അതത് സ്ഥലത്ത് പാര്‍ക്കിംഗ് നടത്തണം. നഗരത്തിലെ അനധികൃത മീന്‍ കച്ചവടം അവസാനിപ്പിക്കാനുള്ള കര്‍ശന നടപടി സ്വീകരിക്കണം. നഗരത്തിലെ ജലദൗര്‍ലഭ്യം പരിഹരിക്കുന്നതിന് മണിയാര്‍ ഡാമില്‍ പ്ലാന്റ് സ്ഥാപിച്ച് ട്രീറ്റ് ചെയ്ത ജലം നഗരത്തിലേക്ക് എത്തിക്കുന്നതിനുള്ള പദ്ധതി ആവിഷ്‌ക്കരിക്കണം. നഗരത്തിന്റെ പലയിടങ്ങളിലും മാലിന്യം തള്ളുന്നത് നിരീക്ഷിക്കാന്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കാനുള്ള പദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കണം. വാട്ടര്‍ അതോറിറ്റി കിഫ്ബിയുമായി ബന്ധപ്പെട്ട് നടത്തുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു.
ഫയര്‍ഫോഴ്സിന് ആവശ്യമായ വെള്ളം ലഭ്യമാക്കാന്‍ ഹൈഡ്രന്റ് പൈപ്പ് ലൈനുകള്‍ നഗരത്തില്‍ സ്ഥാപിക്കണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ. കെ. ജയവര്‍മ്മ പറഞ്ഞു. നഗരത്തിലുണ്ടായ അഗ്‌നിബാധയുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആവശ്യം.

 

വ്യാപാരസ്ഥാപനങ്ങളില്‍ നിയമാനുസൃതമായുള്ള ഗ്യാസ് സിലിണ്ടറുകള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളുവെന്ന് ഉറപ്പാക്കണം. നിര്‍ദിഷ്ട സില്‍വര്‍ ലൈന്‍ കടന്നു പോകുന്ന വസ്തുക്കള്‍ക്ക് കേരള ബാങ്ക് വായ്പ അനുവദിക്കുന്നില്ല. ഇതിനുള്ള പരിഹാരനടപടി ഉണ്ടാക്കണം. തുണ്ടിയില്‍പ്പടി റോഡില്‍ ഡ്രെയിനേജിന് മുകളില്‍ അടിയന്തിരമായി സ്ലാബ് ഇടാനുള്ള നടപടി സ്വീകരിക്കണം. വിദ്യാഭ്യാസ, കര്‍ഷക വായ്പകളിന്മേലുള്ള ജപ്തി നടപടികള്‍ സമയം നീട്ടിക്കൊടുക്കണം. ചുങ്കപ്പാറ മേഖലയില്‍ വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും നേരിടുന്ന യാത്രാക്ലേശം കണക്കിലെടുത്ത് കെഎസ്ആര്‍ടിസി നടപടി സ്വീകരിക്കണം.പമ്പയിലെ ജലനിരപ്പ് താഴുന്നതിനാല്‍ കിഴക്കന്‍ മേഖലകളിലെ കുടിവെള്ള പദ്ധതികള്‍ സജീവമാക്കണമെന്നും ശബരിമല സീസണ്‍ കണക്കിലെടുത്ത് ഒരു വര്‍ഷം മുന്‍പേ വകുപ്പുതല പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

ചിറ്റാര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഡോക്ടര്‍മാരുടെ അഭാവം രോഗികളെ വലയ്ക്കുന്നുവെന്നും വള്ളിക്കോട് പഞ്ചായത്തില്‍ എട്ട് ദിവസമായി കുടിവെള്ളം ലഭിക്കുന്നില്ലെന്നും കോന്നി എംഎല്‍എ അഡ്വ. കെ.യു. ജനീഷ്‌കുമാറിന്റെ പ്രതിനിധി വിഷ്ണു അറിയിച്ചു.

 

തിരുവല്ല- കോഴഞ്ചേരി റോഡില്‍ നിരന്തരമായി അപകടങ്ങളുണ്ടാകുന്നുവെന്നും അടിയന്തിരമായ ഇടപെടലുണ്ടാകണമെന്നും കോഴഞ്ചേരി ബസ് കാത്തിരുപ്പ് കേന്ദ്രത്തില്‍ വെള്ളക്കെട്ട് രൂക്ഷമാണെന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് പറഞ്ഞു.

നഗരത്തിലെ വ്യാപാര സ്ഥാപനത്തില്‍ തീപിടുത്തമുണ്ടായപ്പോള്‍ പൊലീസ്, ഫയര്‍ഫോഴ്സ്, ആരോഗ്യം, തദ്ദേശഭരണ വകുപ്പുകള്‍ മികച്ച രീതിയിലുള്ള രക്ഷാപ്രവര്‍ത്തനം നടത്തിയെന്നും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സമയം മുതല്‍ മൃഗസംരക്ഷണവകുപ്പ് മികച്ച രീതിയിലുള്ള പ്രവര്‍ത്തനം ഏകോപിപ്പിച്ചുവെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.

 

എല്ലാ വകുപ്പുകളും കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ഉള്‍പ്പെടെയുള്ള പദ്ധതികളുടെ വിനിയോഗം വര്‍ദ്ധിപ്പിക്കണമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു അറിയിച്ചു.
ജില്ലാ വികസനസമിതി യോഗത്തില്‍ എഡിഎം ബി. രാധാകൃഷ്ണന്‍, ഡെപ്യുട്ടി പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!