പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍/ അറിയിപ്പുകള്‍ ( 09/12/2022 )

ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരം
വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയം ഡിസംബര്‍ 20 ന് പൊതു വിജ്ഞാനത്തെ ആധാരമാക്കി ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരം നടത്തുന്നു. അംഗീകൃത സ്‌കൂളുകളിലെ ഒന്‍പത്, 10,11,12 ക്ലാസുകളിലെ രണ്ട് കുട്ടികളടങ്ങുന്ന ഒരു ടീമിന് ഈ മത്സരത്തില്‍ പങ്കെടുക്കാം. ഒന്നാം സമ്മാനം 5000 രൂപ. രണ്ടാം സമ്മാനം 3000 രൂപ. മൂന്നാം സമ്മാനം 2000 രൂപ. പങ്കെടുക്കാന്‍ താത്പര്യമുളള വിദ്യാലയങ്ങള്‍ httsp://forms.gle/G5eJKSPBfhhCehr66 എന്ന ലിങ്കില്‍ ഡിസംബര്‍ 15 ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 9074 861 117
(പിഎന്‍പി 4020/22)

പുനര്‍ ദര്‍ഘാസ്
ജില്ലാ മണ്ണ് സംരക്ഷണ ഓഫീസിന്റെ ആറ് മണ്ണ് സംരക്ഷണ പദ്ധതികള്‍ക്ക് പുനര്‍ ദര്‍ഘാസ് ക്ഷണിച്ചു. വെബ് സൈറ്റ് : www.etenders.kerala.gov.in, ഫോണ്‍ : 0468 2224070.
(പിഎന്‍പി 4021/22)

കെഎസ്ബിസിഡിസി വായ്പ നല്‍കും
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍, പിന്നാക്ക മത-ന്യൂനപക്ഷ വിഭാഗത്തിലുള്ള 60 വയസില്‍ താഴെ പ്രായമുള്ള സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/പൊതുമേഖലാ ജീവനക്കാരില്‍ നിന്നും വിവിധ വായ്പ പദ്ധതികള്‍ക്കായി അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18-60, വാര്‍ഷിക വരുമാന പരിധി 15  ലക്ഷം രൂപയില്‍ താഴെ. ഭവനപുനരുദ്ധാരണ വായ്പ അഞ്ച് ലക്ഷം രൂപ വരെ (ഒന്‍പത് ശതമാനം പലിശ), വ്യക്തിഗത വായ്പ അഞ്ച് ലക്ഷം രൂപ വരെ (9.5 ശതമാനം പലിശ) , വാഹന വായ്പ  എട്ട് ലക്ഷം രൂപ വരെ (എട്ട് ശതമാനം പലിശ). സാലറി സര്‍ട്ടിഫിക്കറ്റോ, ആറ് സെന്റില്‍ കുറയാത്ത വസ്തുവിന്റെ ആധാരവും രേഖകളുമോ ജാമ്യമായി നല്‍കാം. അപേക്ഷ ഫോറത്തിന് കോര്‍പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍. 0468 2226111, 2272111.
(പിഎന്‍പി 4022/22)

തൊഴില്‍ സഭ
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ സംരംഭ തത്പരര്‍, തൊഴില്‍ അന്വേഷകര്‍ എന്നിവരെ ഒരേ വേദിയില്‍ പങ്കെടുപ്പിക്കുന്നതിന് ഡിസംബര്‍ 12 മുതല്‍ 15 വരെ തൊഴില്‍ സഭകള്‍ ചേരും. ദിവസം, സമയം, സ്ഥലം എന്ന ക്രമത്തില്‍.
12 ന് രാവിലെ 11 ന് പഞ്ചായത്ത് കമ്മ്യൂണിറ്റിഹാള്‍, ഉച്ചയ്ക്ക് 3.30 ന് സെന്റ് ജോര്‍ജ് എല്‍പിഎസ് പൂതാംപുറം.
13 ന്  ഉച്ചയ്ക്ക് രണ്ടിന് തുരുത്തിക്കാട് കമ്മ്യൂണിറ്റി ഹാള്‍.
14 ന്  ഉച്ചയ്ക്ക് മൂന്നിന് ജിഎല്‍പിഎസ് അമ്പാട്ടുഭാഗം.
15 ന്  ഉച്ചയ്ക്ക് മൂന്നിന് സെന്റ് മേരീസ് എല്‍പിഎസ് കടമാന്‍കുളം.

 

പെരുനാട് സിഎച്ച്സിയില്‍ കാഷ്വാലിറ്റിയും കിടത്തി ചികിത്സയും ജനുവരി എട്ടിന് ആരംഭിക്കും
പെരുനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കാഷ്വാലിറ്റിയും കിടത്തി ചികിത്സയും ജനുവരി എട്ടിന് ആരംഭിക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ശബരിമല മണ്ഡലകാലം പ്രമാണിച്ച് താല്‍ക്കാലിക ജീവനക്കാരെ നിയോഗിച്ച് താല്‍ക്കാലിക ഐ പി ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. സ്ഥിരം ജീവനക്കാരെ നിയോഗിച്ചാണ് ജനുവരിയില്‍ കിടത്തി ചികിത്സ തുടങ്ങുന്നത്. എംഎല്‍എയുടെ അഭ്യര്‍ഥനപ്രകാരം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ വച്ചാണ് പുതിയ തീരുമാനം.

 

കിഴക്കന്‍ മലയോര മേഖലയിലെ പാവപ്പെട്ട കര്‍ഷകരുടെയും തോട്ടം തൊഴിലാളികളുടെയും പട്ടികജാതി/ പട്ടിയവര്‍ഗ വിഭാഗക്കാരുടേയും ഏക ചികിത്സാ മാര്‍ഗമാണ് പെരുനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍. മണ്ണാറക്കുളഞ്ഞി ചാലക്കയം ശബരിമല പാതയില്‍ സ്ഥിതി ചെയ്യുന്ന കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ പമ്പ കഴിഞ്ഞാല്‍ ഏറ്റവും അടുത്തുള്ള ആശുപത്രിയാണ്. ശബരിമല പാതയില്‍ അപകടങ്ങള്‍ ഉണ്ടായാല്‍ അയ്യപ്പഭക്തരെ ആദ്യം എത്തിക്കുന്നതും ഇവിടെയാണ്. പിന്നീടുള്ളത് റാന്നി താലൂക്ക് ആശുപത്രിയും പത്തനംതിട്ട ജനറല്‍ ആശുപത്രിയുമാണ്. ഏകദേശം 20 കിലോമീറ്റര്‍ സഞ്ചരിച്ച് വേണം ഇവിടങ്ങളില്‍ എത്താന്‍.
പെരുനാട് ആശുപത്രിയില്‍ കിടത്തി ചികിത്സ ആരംഭിക്കുന്നതോടെ മലയോരമേഖലയിലെ ആയിരക്കണക്കിന് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ദൂരസ്ഥലങ്ങളില്‍ പോകാതെ നാട്ടില്‍ തന്നെ ചികിത്സ ഉറപ്പാക്കാനാകും. കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുമ്പോള്‍ ഇവര്‍ക്ക് താമസിക്കാനുള്ള ക്വാര്‍ട്ടേഴ്സ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് ഏര്‍പ്പെടുത്തി നല്‍കും.

 

 

കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ കിടത്തി ചികിത്സയ്ക്ക് ആവശ്യമായ പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി 2.25 കോടി രൂപയാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. പെരുനാട് പഞ്ചായത്ത് വിട്ടു നല്‍കുന്ന സ്ഥലത്തായിരിക്കും  പുതിയ കെട്ടിടം നിര്‍മിക്കുന്നത്. പൊതുമരാമത്ത് വകുപ്പുമായി ചേര്‍ന്ന് വിശദമായ ഡിസൈനും പ്ലാനും തയാറാക്കി പുതിയ കെട്ടിട നിര്‍മാണം ആരംഭിക്കും.

 

മന്ത്രിയെയും എംഎല്‍എയും കൂടാതെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, ആരോഗ്യവകുപ്പ്  സെക്രട്ടറി ടിങ്കു ബിസ്വാള്‍, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. സജീവന്‍, ഡിഎംഒ ഡോ. എല്‍. അനിതകുമാരി (ആരോഗ്യം), മെഡിക്കല്‍ ഓഫീസര്‍ ആര്യ ആര്‍ നായര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

error: Content is protected !!