പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ വാര്‍ത്തകള്‍ ( 29/11/2022)

ലോക എയ്ഡ്സ് ദിനാചരണം: ജില്ലാതല ഉദ്ഘാടനം ഡിംസംബര്‍ ഒന്നിന്
ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡിംസംബര്‍ ഒന്നിന് രാവിലെ 10ന് പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ നടക്കും. ഒന്നായി തുല്യരായി തടുത്തു നിര്‍ത്താം എന്നതാണ് ഈ വര്‍ഷത്തെ എയ്ഡ്സ് ദിന സന്ദേശം. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും.

അന്നേദിവസം കളക്ടറേറ്റില്‍ നിന്നും ആരംഭിച്ച് ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ സമാപിക്കുന്ന റാലി ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.  പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തിരുവല്ല സബ് കളക്ടര്‍ ശ്വേത നാഗര്‍കോട്ടി മുഖ്യാതിഥിയാവും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിത കുമാരി മുഖ്യപ്രഭാഷണവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് റെഡ് റിബണ്‍ അണിയിക്കലും നിര്‍വഹിക്കും. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍  പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍. അജയകുമാര്‍, നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജെറി അലക്‌സ്, ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ. രചന ചിദംബരം, സി.എസ്. നന്ദിനി തുടങ്ങിയവര്‍ പങ്കെടുക്കും.
എയ്ഡ്സ് ദിനാചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് നവംബര്‍ 30 ന് വൈകുന്നേരം 5.30ന് പത്തനംതിട്ട മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന ദീപം തെളിയിക്കല്‍ ചടങ്ങ് മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്യും.
ദിനാചരണത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സെമിനാറുകള്‍, രക്തദാന ക്യാമ്പുകള്‍, റെഡ് റിബണ്‍ ധരിക്കല്‍, എക്സിബിഷന്‍, സ്‌കിറ്റുകള്‍, ദീപം തെളിയിക്കല്‍, ക്വിസ് മത്സരം തുടങ്ങിയവയും സംഘടിപ്പിക്കും. ജില്ലാതല പരിപാടിയോട് അനുബന്ധിച്ച് എയ്ഡ്സ് ബോധവല്‍ക്കരണ കാക്കാരശി നാടകം പത്തനംതിട്ട മുദ്ര സ്‌കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സ് അവതരിപ്പിക്കും.

ടെന്‍ഡര്‍
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ (സമഗ്ര മാനസികാരോഗ്യ പരിപാടി, പകല്‍ വീട്, കാഞ്ഞീറ്റുകര) ടാക്സി /ടൂറിസ്റ്റ് പെര്‍മിറ്റുളള ഒരു വാഹനം (7 സീറ്റ്, 2017/അതില്‍ ഉയര്‍ന്ന മോഡല്‍, പ്രതിമാസം 2500 കി.മീ ഓടണം) വാടകയ്ക്ക് എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. താത്പര്യമുളളവര്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയുമായി ബന്ധപ്പെടണം. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ എട്ടിന് വൈകുന്നേരം അഞ്ചു വരെ.

 

ടെന്‍ഡര്‍
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ (സമഗ്ര മാനസികാരോഗ്യ പരിപാടി, പകല്‍ വീട്, വല്ലന) ടാക്സി /ടൂറിസ്റ്റ് പെര്‍മിറ്റുളള ഒരു വാഹനം (7 സീറ്റ്, 2017/അതില്‍ ഉയര്‍ന്ന മോഡല്‍, പ്രതിമാസം 2500 കി.മീ ഓടണം) വാടകയ്ക്ക് എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. താത്പര്യമുളളവര്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയുമായി ബന്ധപ്പെടണം. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ എട്ടിന് വൈകുന്നേരം അഞ്ചു വരെ.

ലൈറ്റിംഗ് ഡിസൈന്‍ പ്രോഗ്രാമിന് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2023 ജനുവരി സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈറ്റിംഗ് ഡിസൈന്‍ പ്രോഗ്രാമിന് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം. പത്താം ക്ലാസ് ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. കമ്പ്യൂട്ടര്‍ നിയന്ത്രിത സ്റ്റേജ് ലൈറ്റിംഗ്, ഇന്റീരിയര്‍ ലൈറ്റിംഗ്, ടെലിവിഷന്‍ പ്രൊഡക്ഷന്‍ ലൈറ്റിംഗ്, ആംബിയന്‍സ് ലൈറ്റിംഗ്, ആര്‍ക്കിടെക്ചറല്‍ ലൈറ്റിംഗ് എന്നിങ്ങനെ ലൈറ്റിംഗ് ടെക്നിക്കുകളും അത്യാധുനിക ലൈറ്റിംഗ് കണ്‍സോളില്‍ പരിശീലനവും പാഠ്യപദ്ധതിയില്‍ ഉള്‍ക്കെടുത്തിയിട്ടുണ്ട്. ആറുമാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി, പ്രാക്ടിക്കല്‍ ക്ലാസുകള്‍ തിരുവനന്തപുരം കാമിയോ ലൈറ്റ് അക്കാദമിയുടെ നേതൃത്വത്തിലാണ് നടത്തുന്നത്. അപേക്ഷാ  ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ്‌ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം : ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം-33. ഫോണ്‍: 0471-2325101, 8281114464. https://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാഫാറം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കുട്ടികളുടെ ജൈവ വൈവിധ്യ കോണ്‍ഗ്രസിന്റെ
ജില്ലാതല സമ്മേളനവും മത്സരങ്ങളും നടന്നു

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സഹകരിച്ചു നടത്തിയ കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ ജില്ലാതല സമ്മേളനവും മത്സരങ്ങളും പുല്ലാട് ഗവ.യു.പി സ്‌കൂളില്‍ നടന്നു. പുല്ലാട് ഉപജില്ലാ എ.ഇ.ഒ. ബി.ആര്‍. അനില ഉദ്ഘാടനം നിര്‍വഹിച്ചു.  പന്തളം എന്‍.എസ്.എസ് കോളജ് അസിസ്റ്റന്റ് പ്രൊഫസറും ജൈവവൈവിധ്യ ബോര്‍ഡ് ടെക്നിക്കല്‍ സപ്പോര്‍ട്ട് ഗ്രൂപ്പ് മെമ്പറുമായ ഡോ. ആര്‍ ജിതേഷ് കൃഷ്ണന്‍ മുഖ്യ സന്ദേശം നല്‍കി. ചടങ്ങില്‍ വാര്‍ഡ് അംഗം പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജൈവവൈവിധ്യ ബോര്‍ഡ്  ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അരുണ്‍ സി. രാജന്‍, പുല്ലാട് ഗവ.യു.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സുനി വര്‍ഗീസ്, പി.ടി.എ. പ്രസിഡന്റ് ബിനീഷ് തോമസ,് പ്രോഗ്രാം കോ-ഓര്‍ഡിനറ്ററും അധ്യാപകനുമായ കെ.കെ. സുധാകരന്‍ എന്നിവര്‍ പങ്കെടുത്തു.
കുട്ടികളില്‍ ജൈവവൈവിധ്യ അവബോധവും പരിസ്ഥിതി സംരക്ഷണ കാഴ്ചപ്പാടുകളും വളര്‍ത്തിയെടുക്കുക എന്നതാണ് പദ്ധതിയുടെ പ്രഥമ ലക്ഷ്യം. പ്രോജക്ട്, ഫോട്ടോഗ്രാഫി, പെന്‍സില്‍ ഡ്രോയിംഗ്, പെയിന്റിംഗ്, ഉപന്യാസം മത്സരങ്ങളിലായി എണ്‍പതോളം കുട്ടികള്‍ പങ്കെടുത്തു. സമാപന സമ്മേളനം പത്തനംതിട്ട ഐ.സി.എ.ആര്‍ കൃഷിവിജ്ഞാനകേന്ദ്രം സയന്റിസ്റ്റും സബ്ജെക്ട് എക്സ്പേര്‍ട്ടുമായ ഡോ. അലക്സ് ജോണ്‍ ഉദ്ഘാടനം ചെയ്യുകയും സമ്മാനവിതരണം നടത്തുകയും ചെയ്തു.

വാസ്തുവിദ്യാഗുരുകുലത്തില്‍ ദേശീയ സെമിനാര്‍
ലോക പൈതൃക കണ്‍വെന്‍ഷന്‍ നിലവില്‍ വന്നതിന്റെ അമ്പതാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി വാസ്തുവിദ്യാഗുരുകുലം ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്സ് (ഐ.ജി.എന്‍.സി.എ), കൊച്ചിയിലെ ഇന്ത്യ ഹെറിറ്റേജ് മ്യൂസിയം ഫീല്‍ഡ് സ്‌കൂള്‍ എന്നിവയുമായി സഹകരിച്ച് ദേശീയ പൈതൃക സംരക്ഷണ സെമിനാര്‍ ആറന്മുളയില്‍ സംഘടിപ്പിച്ചു. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ ഐ.ജി.എന്‍.സി.എ കഴിഞ്ഞ നാലു ദിവസങ്ങളായി എറണാകുളം ഫോര്‍ട്ട് കൊച്ചി കേന്ദ്രീകരിച്ച് നടത്തുന്ന പൈതൃക സമ്മേളനത്തിന്റെ സമാപനമായാണ് ആറന്‍മുളയില്‍ സെമിനാര്‍ സംഘടിപ്പിച്ചത്.

ആറന്മുളയുടെ തനത് സാംസ്‌കാരിക പെരുമയെ അടയാളപ്പെടുത്തുന്ന ആറന്മുള പള്ളിയോടങ്ങള്‍, വള്ളസദ്യ, ലോഹ കണ്ണാടി എന്നിവയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നു. കരകൗശല വിദ്യാ രംഗത്തുനിന്നും ആദ്യമായി ഭൗമസൂചികാ പദവി ലഭിച്ച ആറന്മുള കണ്ണാടി പ്രദേശത്തിന്റെ സവിശേഷ കലാസാംസ്‌കാരിക പൈതൃകത്തെ സൂചിപ്പിക്കുന്നു.
ഭൗമസൂചികാ പദവി ലഭ്യമായിട്ടും വളര്‍ച്ചയുടെ തുടര്‍ഘട്ടങ്ങളിലേക്ക് പ്രവേശിക്കുവാന്‍ ഈ കരകൗശലരൂപത്തിന് കഴിഞ്ഞിട്ടില്ലായെന്ന് യോഗം വിലയിരുത്തി. യുനെസ്‌കോ രേഖപ്പെടുത്തുന്ന മാനവരാശിയുടെ സാംസ്‌കാരിക പൈതൃകങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുന്നതിന് ആവശ്യമായ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുവാന്‍ കഴിയാതെ പോയതാണ് ഈ കരകൗശലരൂപത്തിന്റെ വളര്‍ച്ചയ്ക്ക് തടസമായത്.
ആറന്മുളയുടെ സാംസ്‌കാരികോന്നതിയെ സാക്ഷ്യപ്പെടുത്തുന്ന പള്ളിയോടങ്ങളും വഞ്ചിപ്പാട്ടും വള്ളസദ്യയും രാജ്യത്തെ സുപ്രധാനങ്ങളായ അമൂര്‍ത്ത സാംസ്‌കാരിക പൈതൃകങ്ങളാണ്. പരമാവധി 110 അടിയോളം നീളവും 19 അടിയോളം അമരപ്പൊക്കവും അതിന്റെ പകുതിയോളം അണിപ്പൊക്കവുമുള്ള 52 പള്ളിയോടങ്ങളാണ് ആറന്മുളയുമായി ബന്ധപ്പെട്ടുള്ളത്. പടിഞ്ഞാറ് ചെന്നിത്തല നിന്നും കിഴക്ക് ഇടക്കുളത്തുനിന്നുമായി 40-ലധികം കിലോമീറ്റര്‍ സഞ്ചരിച്ചാണ്  പള്ളിയോടങ്ങള്‍ ആറന്മുള എത്തിച്ചേരുന്നത്.
ആദിപമ്പയുടെയും മണിമലയാറിന്റേയും തീരങ്ങളില്‍ നിന്നും ഒരു ജനകീയോത്സവമായി സുദീര്‍ഘ യാത്ര നടത്തി വര്‍ഷാവര്‍ഷം ആറന്മുളയില്‍ എത്തിചേര്‍ന്ന് കലയും സംസ്‌കാരവും സംഗീതവും വിശ്വാസവും ഐതിഹ്യവും ഇഴചേര്‍ന്നുള്ള സമാനതകളില്ലാത്ത അനുഭവമാണ് പള്ളിയോടങ്ങള്‍ സൃഷ്ടിക്കുന്നത്. 64-ഓളം വിഭവങ്ങളുടെ സമര്‍പ്പണമായ വള്ളസദ്യ മറ്റൊരു നിസ്തുല സാംസ്‌കാരിക പൈതൃകമാണ്. വേണ്ടവണ്ണം ഡോക്യുമെന്റ് ചെയ്തത് അവതരിപ്പിച്ചാല്‍ മാനവരാശിയുടെ പൈതൃകപട്ടികയില്‍ ആറന്മുളയും ഇടംപിടിക്കാവുന്നതാണെന്ന് യോഗം നിരീക്ഷിച്ചു.
സെമിനാറില്‍ ഐ.ജി.എന്‍.സി.എ മൗസം പദ്ധതി ഡയറക്ടര്‍ ഡോ.അജിത് കുമാര്‍, കൊച്ചിയിലെ ഇന്ത്യ ഹെറിറ്റേജ് മ്യൂസിയം ഫീല്‍ഡ് സ്‌കൂള്‍ കണ്‍വീനര്‍ ഡോ. ബി. വേണുഗോപാല്‍, വാസ്തുവിദ്യാഗുരുകുലം ഡയറക്ടര്‍ ടി.ആര്‍. സദാശിവന്‍ നായര്‍, കെ. പി. ശ്രീരംഗനാഥന്‍, പ്രൊഫ. ഉണ്ണികൃഷ്ണന്‍ നായര്‍, വിശ്വബ്രാഹ്‌മണ മെറ്റല്‍ മിറര്‍ സംഘം സെക്രട്ടറി രാജേഷ് മുരുകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!