ളാഹ അപകടം: ദേശീയപാത അധികൃതര്‍ പരിശോധന നടത്തണമെന്ന് ആരോഗ്യമന്ത്രി

ദേശീയപാത സാങ്കേതിക വിഭാഗം അധികൃതര്‍ ളാഹയിലെ അപകടം നടന്ന സ്ഥലത്തും ശബരിമല പാതയിലെ മറ്റ് അപകടസാധ്യതാ സ്ഥലങ്ങളിലും ശാസ്ത്രീയ പരിശോധന നടത്തി ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തണമെന്ന് ആരോഗ്യവകുപ്പു മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.

ശബരിമല തീര്‍ഥാടകരുടെ ബസ് ളാഹയില്‍ മറിഞ്ഞ് അപകടമുണ്ടായ പശ്ചാത്തലത്തില്‍ റോഡുസുരക്ഷയുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ദേശീയപാത ടീമിന്റെ പരിശോധയില്‍ പോലീസ്, മോട്ടോര്‍ വാഹന വകുപ്പ്, ഫയര്‍ഫോഴ്‌സ് വകുപ്പുകള്‍ പങ്കെടുക്കണം. ളാഹയില്‍ അപകടം നടന്ന സ്ഥലത്ത് ഡ്രൈവര്‍മാര്‍ക്ക് ജാഗ്രത നല്‍കുന്നതിന് ദേശീയപാത വിഭാഗം റോഡില്‍ റമ്പിള്‍ സ്ട്രിപ്പ് സ്ഥാപിക്കണം.  ശബരിമല പാതയില്‍ സ്ഥാപിച്ചിട്ടുള്ള ബ്ലിങ്കര്‍ ലൈറ്റുകള്‍ ദേശീയപാത വിഭാഗം ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കണം. സുരക്ഷാ മുന്‍കരുതല്‍ മുന്‍നിര്‍ത്തി കൂടുതല്‍ ക്രെയ്‌നുകള്‍ ശബരിമല പാതയില്‍ വിന്യസിക്കും.

ഇപ്പോള്‍ പെരുനാട് ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കാഷ്വാലിറ്റി സംവിധാനം
മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലത്തിനു ശേഷവും തുടരുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം)ക്ക് നിര്‍ദേശം നല്‍കി. ഇതരസംസ്ഥാനത്തു നിന്നെത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും. അപകടം നടന്നതിനു ശേഷം വകുപ്പുകള്‍ നടത്തിയത് മികച്ച രക്ഷാപ്രവര്‍ത്തനമാണ്. അപകടം പറ്റിയവര്‍ക്ക് സാധ്യമായ എല്ലാ ചികിത്സകളും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

 

മന്ത്രി വീണാ ജോര്‍ജും മന്ത്രി റോഷി അഗസ്റ്റിനും പരിക്കേറ്റവരെ സന്ദര്‍ശിച്ചു
ളാഹയില്‍ ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശബരിമല തീര്‍ഥാടകരെ ആരോഗ്യമന്ത്രി വീണാ ജോര്‍ജും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും സന്ദര്‍ശിച്ചു. തീര്‍ഥാടകര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ ആരോഗ്യമന്ത്രി നല്‍കി. ഇരു മന്ത്രിമാരും തീര്‍ഥാടകരുമായി സംസാരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉറപ്പു നല്‍കുകയും ചെയ്തു. ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനില സംബന്ധിച്ച് ഡോക്ടര്‍മാരുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ തുടങ്ങിയവരും ആശുപത്രിയില്‍ എത്തി തീര്‍ഥാടകരെ സന്ദര്‍ശിച്ചു.

റോഡ് സുരക്ഷ ഉറപ്പാക്കണം: അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ
ശബരിമല തീര്‍ഥാടന പാതകള്‍ പരിശോധിച്ച് അടിയന്തരമായി സുരക്ഷിത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് റോഡ് സേഫ്റ്റി അധികൃതര്‍ക്ക് പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍ദേശം നല്‍കി. ളാഹ ഭാഗത്ത് ഉണ്ടായതുപോലെയുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിന് അപകട സൂചന മുന്നറിയിപ്പ് ബോര്‍ഡുകളും ലൈറ്റുകളും അടിയന്തരമായി സ്ഥാപിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ളാഹ അപകടത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചശേഷമാണ് എംഎല്‍എ ഇക്കാര്യം അറിയിച്ചത്.

ളാഹയില്‍ ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തീര്‍ഥാടകരെ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ സന്ദര്‍ശിക്കുന്നു

ളാഹയില്‍ ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തീര്‍ഥാടകരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപന്‍ സന്ദര്‍ശിക്കുന്നു.

error: Content is protected !!