10 സെന്റില്‍ നിന്ന് 500 കിലോ വിളവെടുപ്പ്; ‘ഇഞ്ചി ഗ്രാമം’ വന്‍ ഹിറ്റ്

 

KONNIVARTHA.COM .COM കുളത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ അഭിമാനമായി ഇഞ്ചിഗ്രാമം പദ്ധതി. എല്ലാ വീടുകളിലും കൃഷിരീതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുളത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയുടെ കീഴില്‍ നടപ്പിലാക്കിയ ഇഞ്ചി ഗ്രാമം പദ്ധതിയുടെ ആദ്യഘട്ട പരീക്ഷണമാണ് വന്‍ വിജയമായത്.

കൃഷിയിടങ്ങള്‍ക്ക് പുറമേ വീടുകളുടെ പരിസരങ്ങളിലും ഇഞ്ചി കൃഷി പ്രോത്സാഹിപ്പിക്കുന്നതാണ് പദ്ധതി. ഇതിന്റെ ഭാഗമായി ഓരോ ഗുണഭോക്താവിനും അഞ്ച് കിലോ ഇഞ്ചി വിത്തുകള്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ മാര്‍ച്ചു മാസത്തിൽ വിതരണം ചെയ്തിരുന്നു. ചെറുകിട കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതും വനിതകള്‍ക്ക് സ്വയം തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്നതിനും പദ്ധതി സഹായകമായെന്ന് കുളത്തൂര്‍ കൃഷി ഓഫീസര്‍ പറഞ്ഞു. വിതരണം ചെയ്യുന്ന വിത്തുകളുടെ പരിപാലനം യഥാസമയം കൃഷിഭവനുകള്‍ വഴി വിലയിരുത്തുകയും ചെയ്തു.

ഇഞ്ചി നട്ട് ഏഴെട്ടുമാസം പ്രായമാകുന്നതോടെ അവയുടെ ഇലകളും തണ്ടുകളും ഉണങ്ങി തുടങ്ങും. ഈ ഘട്ടമാണ് വിളവെടുപ്പിന് അനുയോജ്യം. ഇലകളും തണ്ടുകളും പൂര്‍ണമായും ഉണങ്ങിയപ്പോഴാണ് വിളവെടുപ്പ് ആരംഭിച്ചത്. 10 സെന്റ് കൃഷിയിടത്തില്‍ നിന്നും 500 കിലോ വരെ ഇഞ്ചിയാണ് ഇത്തരത്തില്‍ ലഭിച്ചത്. ഇതോടെ ഇഞ്ചി ഉത്പാദനത്തില്‍ സ്വയം പര്യാപ്തമാവാന്‍ കുളത്തൂരിന് സാധിച്ചു. ഇഞ്ചി കൃഷി ചെയ്യാന്‍ സ്ഥലപരിമിതിയുള്ളവര്‍ ഗ്രോബാഗുകളിലും ചെടിച്ചട്ടിയിലും കൃഷി ചെയ്തു. ഓരോ ഗ്രോബാഗുകളില്‍ നിന്നും രണ്ട് കിലോയോളം ഇഞ്ചിയാണ് ഉത്പാദിപ്പിച്ചത്. ജില്ലയുടെ കാർഷിക ഉദ്പ്പാദന മേഖലക്ക് ഇത് വലിയ പ്രചോദനമായി മാറുകയാണ്.

error: Content is protected !!