ആവണിപ്പാറയില്‍ പാലം നിര്‍മാണത്തിന് ഉടന്‍ നടപടി

 

konnivartha.com : കോന്നി അരുവാപ്പുലം ആവണിപ്പാറയിലെ ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കുന്നതിന്റെ ഭാഗമായി പുഴയ്ക്ക് കുറുകേയുള്ള പാലം എന്ന ചിരകാലസ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പട്ടികജാതി പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. ആവണിപ്പാറയിലെ പട്ടികവര്‍ഗ കോളനിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ആവണിപ്പാറ കോളനിയിലെ മുപ്പത്തിനാല് കുടുംബങ്ങളാണ് പാലമില്ലാത്തതിനെ തുടര്‍ന്ന് യാത്രാദുരിതം അനുഭവിക്കുന്നതെന്ന് നേരില്‍ കണ്ട് ബോധ്യപ്പെട്ടു. പാലം നിര്‍മാണത്തിനുള്ള നടപടികള്‍ എത്രയും വേഗത്തില്‍ ആരംഭിക്കും.

പാലം പണിയുന്നതിന് വേണ്ടിയുള്ള എസ്റ്റിമേറ്റ് തയാറാക്കണമെന്നും അതിന് വേണ്ടിയുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. മാത്രമല്ല, ആവണിപ്പാറ കോളനിയെന്നതിന് പകരം ആവണിപ്പാറ പ്രകൃതി വില്ലേജ് എന്ന പേര് ഉപയോഗിക്കണം. കോളനിയെന്ന പേര് എപ്പോഴും അടിമകള്‍ എന്നതിനെ ഓര്‍മിപ്പിക്കും. ഇവിടെയുള്ള എല്ലാ കുട്ടികളും വിദ്യാഭ്യാസത്തെ കരുത്താക്കി മികച്ച ജോലി ഉറപ്പാക്കി ജീവിതത്തില്‍ മുന്നേറണം.

ഇഷ്ടപ്പെട്ട മികച്ച ജോലിസാധ്യതയുള്ള കോഴ്‌സുകള്‍ തിരഞ്ഞെടുത്ത് പഠിക്കണമെന്നും മന്ത്രി പറഞ്ഞു.കാട്ടുമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നത് തടയുന്നതിനായി ഏര്‍പ്പെടുത്തിയ ഫെന്‍സിംഗ് സംവിധാനത്തിന്റെ അപാകതകള്‍ പരിഹരിച്ച് അത് ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്ന് അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു.

ആവണിപ്പാറയിലേക്കുള്ള പാലം നിര്‍മാണത്തിന് വേണ്ടിയുള്ള വനംവകുപ്പിന്റെ ക്ലിയറന്‍സ് ലഭിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ ആവണിപ്പാറയിലെ പ്രശ്‌നപരിഹാരത്തിന് വേണ്ടി പല തവണ യോഗങ്ങള്‍ കൂടിയിരുന്നു. ആവണിപ്പാറയിലെ ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മുന്നോട്ട് പോകുന്നതെന്നും എംഎല്‍എ പറഞ്ഞു.

ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, കോന്നി ഡിഎഫ്ഒ ആയുഷ്‌കുമാര്‍ കോറി, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ എസ്.എസ്. സുധീര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

error: Content is protected !!