പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ /അറിയിപ്പുകള്‍

ജില്ലയിലെ 12 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം;
ഇതുവരെ അംഗീകാരം ലഭിച്ചത് 33 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക്

സര്‍ക്കാര്‍ നിര്‍ദേശിച്ച മാര്‍ഗരേഖ അനുസരിച്ച് ജില്ലയിലെ 12 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച 2022-23 വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. കഴിഞ്ഞ ആസൂത്രണസമിതിയില്‍ 21 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. തുമ്പമണ്‍, മെഴുവേലി, മല്ലപ്പുഴശേരി, തോട്ടപ്പുഴശേരി, റാന്നി-പെരുനാട്, റാന്നി-അങ്ങാടി, ഓമല്ലൂര്‍, ഇരവിപേരൂര്‍, ചെന്നീര്‍ക്കര, കുളനട, വള്ളിക്കോട്, മലയാലപ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകളുടെ പദ്ധതികളാണ് അംഗീകരിച്ചത്. വാര്‍ഷിക പദ്ധതി പ്രോജക്ടുകള്‍ക്ക് അംഗീകാരം ലഭിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിര്‍വഹണ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് തുടര്‍നടപടിയിലേക്ക് കടക്കണമെന്നും പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍ദേശിച്ചു. നിര്‍മല ഗ്രാമം, നിര്‍മല നഗരം, നിര്‍മല ജില്ല എന്ന പദ്ധതി വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. പ്രളയബാധിത പ്രദേശങ്ങളില്‍ ദുരന്തനിവാരണ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള തുകയും ജലജീവന്‍ മിഷന് വേണ്ടി ഭൂമി ഏറ്റെടുക്കുന്ന പദ്ധതിയും വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ജനജാഗ്രതാസമിതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജലജീവന്‍ മിഷന്‍ പദ്ധതി നടത്തിപ്പിന് ആവശ്യമായ സ്വകാര്യ ഭൂമി ഏറ്റെടുത്ത് നല്‍കേണ്ട സ്ഥലങ്ങളില്‍ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകള്‍ അടിയന്തിരമായി നടപടി പൂര്‍ത്തിയാക്കണമെന്നും ഗോത്രസാരഥി പദ്ധതി കുറച്ച് കൂടി വിശാലമായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി. മാത്യു, അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കോമളം പാലത്തിന് 10.18 കോടി രൂപയുടെ ഭരണാനുമതി

പ്രളയത്തില്‍ അപ്രോച്ച് റോഡുകള്‍ തകര്‍ന്നു പോയ കോമളം പാലം നിര്‍മിക്കുന്നതിനായി 10.18 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ അറിയിച്ചു. 2021 ഒക്ടോബര്‍ മാസത്തിലുണ്ടായ പ്രളയത്തിലാണ് അപ്രോച്ച് റോഡ് തകര്‍ന്നത്.
നിലവില്‍ 35 മീറ്ററോളം അപ്രോച്ച് റോഡ് തകര്‍ന്നു പോയ കോമളം പാലം സെമി സബ്മേഴ്‌സിബിള്‍ ബ്രിഡ്ജ് ആയിട്ടാണ് നിര്‍മിച്ചിരിക്കുന്നത്. വെല്‍ ഫൗണ്ടേഷന്‍ നല്‍കി നിര്‍മിച്ചിട്ടുള്ള പാലത്തിന്റെ വെല്‍ക്യാപ്പുകള്‍ തമ്മിലുള്ള അകലം കുറവായതിനാല്‍ വീണ്ടും പാലത്തിലെ തൂണുകള്‍ക്കിടയില്‍ മരക്കഷണങ്ങളും മുളച്ചില്ലകളും വന്നടിഞ്ഞ് പാലത്തിന്റെ വേന്റ് വേ അടഞ്ഞുപോകുകയും പാലത്തിന് ബലക്ഷയം വരാനും സാധ്യതയുള്ളതിനാല്‍ നിലവിലുള്ള പാലം പൊളിച്ച് പുതിയ ഹൈലെവല്‍ ബ്രിഡ്ജ് പണിയണമെന്ന് വിദഗ്ധ അഭിപ്രായം ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി പാലം നിര്‍മിക്കണമെന്നുള്ള എംഎല്‍എയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് തൊട്ടടുത്ത ബജറ്റില്‍ 20 ശതമാനം തുക അനുവദിച്ചിരുന്നു. കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ മണ്ണ് പരിശോധന ഉള്‍പ്പെടെയുള്ള പഠനങ്ങള്‍ക്ക് ശേഷം എസ്റ്റിമേറ്റ് തയാറാക്കുകയും ഇത് ഭരണാനുമതി നല്‍കുന്നതിനുള്ള കമ്മറ്റിയില്‍ അവതരിപ്പിക്കുകയും, അഞ്ചു കോടി രൂപയ്ക്ക് മുകളിലുള്ള നിര്‍മാണത്തിന് പ്രത്യേക അനുമതി ആവശ്യമുള്ളതിനാല്‍ അതിനുള്ള അനുമതിയും ലഭ്യമാക്കിയാണ് ഭരണാനുമതി നല്‍കിയിട്ടുള്ളത്. നിര്‍മാണത്തിനുള്ള കാലതാമസം ഒഴിവാക്കുവാനും അപ്രോച്ച് റോഡിന് വളവുകള്‍ ഇല്ലാതിരിക്കുന്നതിനും പഴയപാലം പൊളിച്ച് നീക്കി തല്‍സ്ഥാനത്ത് പുതിയ പാലം നിര്‍മിക്കുന്നതിനായിട്ടാണ് പദ്ധതി. പുതിയ പാലത്തിന്റെ നിര്‍മാണ സമയത്ത് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായുള്ള താല്‍ക്കാലിക നടപ്പാലത്തിനായുള്ള ശ്രമം തുടരുമെന്ന് എംഎല്‍എ അറിയിച്ചു.

7.5 മീറ്റര്‍ കാര്യേജ് വേയും ഇരുവശത്തും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയോടു കൂടി മൊത്തം 11 മീറ്റര്‍ വീതിയോടു കൂടിയാണ് പാലം നിര്‍മിക്കുന്നത്. പാലത്തിന് നദിയില്‍ 28 മീറ്റര്‍ മൂന്നു സ്പാനും ഇരുകരകളിലായി 12.5 മീറ്ററിന്റെ രണ്ടു വീതം ലാന്‍ഡ് സ്പാനുകളും ആയിട്ടാണ് ഹൈ ലെവല്‍ ബ്രിഡ്ജ് നിര്‍മിക്കാന്‍ വിഭാവനം ചെയ്തിട്ടുള്ളത്.

നഗരസഭ ബസ് സ്റ്റാന്‍ഡ് യാര്‍ഡ് ഡി പി സി അനുമതിയായി

പത്തനംതിട്ട നഗരസഭ ഹാജി സി മീരാ സാഹിബ് സ്മാരക ബസ് സ്റ്റാന്‍ഡ് യാര്‍ഡ് നിര്‍മ്മാണത്തിന് നഗരസഭ കൗണ്‍സില്‍ സമര്‍പ്പിച്ച പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയെന്ന് ചെയര്‍മാന്‍ അഡ്വ ടി സക്കീര്‍ ഹുസൈന്‍ പറഞ്ഞു. ബസ്സ്റ്റാന്‍ഡിന്റെ യാര്‍ഡ് നിര്‍മ്മാണ ഘട്ടത്തിലുണ്ടായ പോരായ്മയാണ് തുടര്‍ച്ചയായി യാര്‍ഡ് താഴ്ന്നു പോകുന്നതിന് ഇടയാക്കിയത്. തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിലെ ഗവേഷണ വിഭാഗം പ്രൊഫ. ഡോ.എന്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ശാസ്ത്രീയ പഠനം നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ യാര്‍ഡില്‍ നിന്ന് നാലു മീറ്റര്‍ ആഴത്തില്‍ മണ്ണ് മാറ്റിയതിന് ശേഷം ഓരോ തട്ടുകളായി മണ്ണിട്ട് ഉറപ്പിക്കുന്നതിനും കോണ്‍ക്രീറ്റോ ഇന്റര്‍ലോക്കോ ചെയ്യുന്നതിനുമാണ് കൗണ്‍സില്‍ തീരുമാനം. യാര്‍ഡ് നിര്‍മ്മാണത്തിനുള്ള കൗണ്‍സില്‍ അനുമതിയെ തുടര്‍ന്നാണ് പദ്ധതി ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിച്ചത്. കാലതാമസമുണ്ടാകാതെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തീകരിക്കാനാണ് ഭരണ സമിതി ലക്ഷ്യംവയ്ക്കുന്നത്.

നോളജ് വില്ലേജ് കേരളത്തിനാകെ മാതൃകയാകുന്ന പദ്ധതിയെന്ന് വിദ്യാഭ്യാസ മന്ത്രി
റാന്നി മണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി നടപ്പിലാക്കുന്ന നോളജ് വില്ലേജെന്ന പദ്ധതി കേരളത്തിനാകെ മാതൃകയാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. റാന്നി ഇടമുറി ഗവണ്‍മെന്റ് എച്ച്എസ്എസില്‍ കിഫ്ബി ഫണ്ടില്‍ നിന്നും മൂന്നു കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ഹൈടെക് സ്‌കൂള്‍ കെട്ടിട ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. റാന്നി എംഎല്‍എ അഡ്വ.പ്രമോദ് നാരായണന്റെ നേതൃത്തില്‍ നടപ്പിലാക്കുന്ന നോളജ് വില്ലേജിന്റെ ഭാഗമായി ആരംഭിക്കുന്ന സ്‌കില്‍ ഹബ്ബിനായി സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ 10 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. നൈപുണ്യ വികസനം ലക്ഷ്യമാക്കി ആരംഭിക്കുന്ന സ്‌കില്‍ ഹബ്ബ് വിദ്യാഭ്യാസ, തൊഴില്‍ വകുപ്പുകള്‍ സംയുക്തമായിട്ടാണ് നടപ്പിലാക്കുന്നത്. നോളജ് വില്ലേജിന്റെ ഭാഗമായ ഈ പദ്ധതിയിലൂടെ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. അടച്ചു പൂട്ടലിന്റെ വക്കില്‍ നിന്നും പൊതുവിദ്യാഭ്യാസ രംഗത്തെ രക്ഷിക്കുക എന്ന ദൗത്യമാണ് സര്‍ക്കാര്‍ ഏറ്റെടുത്തതെന്നും അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ പാഠ്യ പരിഷ്‌കരണം മാതൃകയാണെന്നും മന്ത്രി പറഞ്ഞു. നവ കേരള മിഷന്റെ ഭാഗമായി തുടക്കമിട്ടതാണ് സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ യജ്ഞം. പൊതു വിദ്യാഭ്യാസ യജ്ഞത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികവാര്‍ന്ന രീതിയിലേക്ക് മാറ്റുന്നതിനൊപ്പം വിദ്യാഭ്യാസ രീതിയില്‍ പുതിയ ആശയങ്ങള്‍ അവലംബിക്കുക എന്നതാണെന്നും മന്ത്രി പറഞ്ഞു.
അറിവിന്റെ പ്രകാശം വരും കാല തലമുറയ്ക്ക് പകര്‍ന്നു നല്‍കാന്‍ വിദ്യാലയങ്ങള്‍ക്ക് സാധിക്കണമെന്ന് അധ്യക്ഷത വഹിച്ച അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. വിദ്യാലയങ്ങള്‍ ആരാധാനാലയങ്ങള്‍ പോലെയാണെന്നും പുതിയ സമൂഹം സൃഷ്ടിച്ചെടുക്കുവാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കുമ്പോഴാണ് വിദ്യാഭ്യാസം അര്‍ത്ഥവത്താകുന്നതെന്നും എംഎല്‍എ പറഞ്ഞു.
വിദ്യാലയത്തിലെ ഹൈ ടെക്ക് ലാബ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. മികച്ച പശ്ചാത്തല സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ അവ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
കൂടുതല്‍ വിദ്യാര്‍ഥികളെ വിദ്യാലയത്തിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമഫലങ്ങള്‍ മുന്നേറണമെന്ന് മുഖ്യാതിഥിയായ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. പുറം ലോകത്തെ സുന്ദരമായ കാഴ്ചകള്‍ ജീവിതത്തിന് മുതല്‍ക്കൂട്ടാവുന്നത് വിദ്യാഭ്യാസ കാലഘട്ടത്തിലാണെന്നും കളക്ടര്‍ വിദ്യാര്‍ഥികളോട് പറഞ്ഞു.
ചടങ്ങില്‍ മുന്‍ എംഎല്‍എ രാജു ഏബ്രഹാം, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന ജോബി, ജില്ലാ പഞ്ചായത്തംഗം ജെസി അലക്‌സ്, വൈസ് പ്രസിഡന്റ് രാജന്‍ നീറാംപ്ലാക്കല്‍, ഗ്രാമ പഞ്ചായത്തംഗം റെനി വര്‍ഗീസ്, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ രേണുകാ ഭായ്, ഡയറ്റ് പ്രിന്‍സിപ്പല്‍ പി.പി വേണുഗോപാല്‍, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഭാരവാഹി രാജേഷ് എസ് വള്ളിക്കോട്, ബിപി.സി ഷാജി എ.സലാം, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എം.വി പ്രസന്നകുമാര്‍, പ്രിന്‍സിപ്പല്‍ കെ.കെ. രാജീവ്, വൈസ് പ്രിന്‍സിപ്പല്‍ പി.കെ. ആശാറാണി, പി.കെ ഗിരീഷ് കുമാര്‍, സി.എ സന്തോഷ് കുമാര്‍, കെ.കെ രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.

ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ സൂപ്രണ്ടുമാരുടെ യോഗം ചേര്‍ന്നു
ജില്ലയിലെ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ സൂപ്രണ്ടുമാരുടെ യോഗം ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ചേര്‍ന്നു. ജില്ലയിലെ മുഴുവന്‍ ശിശു സംരക്ഷണ സ്ഥാപനങ്ങളും ബാല സൗഹൃദമാക്കുന്നതിനും ജെ ജെ നിയമപ്രകാരമുള്ള നടത്തിപ്പിനും രജിസ്ട്രേഷന്‍ പുതുക്കാനുമുള്ള നിര്‍ദേശങ്ങള്‍ നല്‍കി. ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്ത 32 ശിശുസംരക്ഷണ സ്ഥാപനങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഈ സ്ഥാപനങ്ങളിലായി 600 ല്‍ അധികം കുട്ടികള്‍ ഉണ്ട്.
ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എന്‍. രാജീവ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി അംഗങ്ങളായ ഷാന്‍ ഗോപന്‍, അഡ്വ. സുനില്‍ പേരൂര്‍, അഡ്വ. കാര്‍ത്തിക, അഡ്വ. പ്രസീദ, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിതാദാസ്, ഇന്‍സ്റ്റിറ്റിയൂഷന്‍ കെയര്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ബിനി മറിയം തുടങ്ങിയവര്‍ സംസാരിച്ചു.

ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി: വൈദ്യുതി മഹോത്സവം ഇന്ന് (27)
മണ്ണടി വേലുത്തമ്പി ദളവ സ്മാരകത്തില്‍
സ്വാതന്ത്ര്യത്തിന്റെ 75-ാംമത് വാര്‍ഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവുമായി സഹകരിച്ച് കേന്ദ്ര ഊര്‍ജ വകുപ്പും സംസ്ഥാന വൈദ്യുതി ബോര്‍ഡും സംഘടിപ്പിക്കുന്ന ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി പവര്‍ അറ്റ് 2047 വൈദ്യുതി മഹോത്സവം ഇന്ന് (27) ഉച്ചകഴിഞ്ഞ് 3.30ന് മണ്ണടി വേലുത്തമ്പി ദളവ സ്മാരകത്തില്‍ നടക്കും. ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും.
ആന്റോ ആന്റണി എംപി അധ്യക്ഷത വഹിക്കും. എംഎല്‍എമാരായ അഡ്വ. മാത്യു ടി. തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കെഎസ്ഇബി ഡെപ്യുട്ടി ചീഫ് എന്‍ജിനിയര്‍ വി.എന്‍. പ്രസാദ് വിഷയാവതരണം നടത്തും.
ഊര്‍ജ മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. സമ്പൂര്‍ണ ഗാര്‍ഹിക വൈദ്യുതീകരണം, ഗ്രാമീണ വൈദ്യുതീകരണം, വൈദ്യുതി വിതരണ സംവിധാന ശാക്തീകരണം, വൈദ്യുതീകരണ ഗുണഭോക്താക്കളുടെ സാക്ഷ്യം, വൈദ്യുത സ്ഥാപിത ശേഷി വികസനം, ഒരു രാഷ്ട്രം ഒരു ഗ്രിഡ്, പുനരുപയോഗ ഊര്‍ജം, വൈദ്യുതി സുരക്ഷാ അവബോധം, ഉപഭോക്തൃ അവകാശങ്ങള്‍, വൈദ്യുതി ചാര്‍ജിംഗ് സ്റ്റേഷന്‍ എന്നിവ സംബന്ധിച്ച വീഡിയോ പ്രദര്‍ശനം, എക്‌സിബിഷന്‍, കലാ സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും.

തൊഴില്‍രഹിതരായ എസ്.സി വിഭാഗക്കാര്‍ക്ക് സംരംഭകത്വ പരിശീലനം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡിന്റെയും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്മോള്‍ മീഡിയം എന്റെര്‍പ്രൈസിന്റെയും ആഭിമുഖ്യത്തില്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ എന്ന വിഷയത്തില്‍ 15 ദിവസത്തെ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കും. ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ എന്ന വിഷയത്തില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന എസ്.സി വിഭാഗത്തില്‍പെട്ട തൊഴില്‍രഹിതരായ 45 വയസിന് താഴെയുളള തെരഞ്ഞെടുത്ത 25 യുവതീ യുവാക്കള്‍ക്ക് സ്‌റ്റൈഫന്റോടുകൂടി ഓഗസ്റ്റ് ഒന്‍പത് മുതല്‍ 29 വരെ കളമശ്ശേരി കീഡ് ക്യാമ്പസില്‍ പരിശീലനം നടക്കും. താത്പര്യമുള്ളവര്‍ ആഗസ്റ്റ് രണ്ടിന് മുന്‍പ് www.kied.info എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2532890, 2550322, 9605542061.

പന്നി വളര്‍ത്തല്‍, പശു വളര്‍ത്തല്‍ സൗജന്യപരിശീലനം

പത്തനംതിട്ട എസ്ബിഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ പന്നി വളര്‍ത്തല്‍, പശു വളര്‍ത്തല്‍ പരിശീലന കോഴ്സിലേക്ക് 18 നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പരിശീലന കാലാവധി 10 ദിവസം. താല്‍പര്യമുള്ളവര്‍ 8330010232, 04682270243 നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

ജില്ലാ വികസന സമിതി യോഗം ജൂലൈ 30 ന്

പത്തനംതിട്ട ജില്ലാ വികസന സമിതി യോഗം ജൂലൈ 30ന് രാവിലെ 11ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

യോഗടീച്ചര്‍ ട്രെയിനിംഗില്‍ ഡിപ്ലോമ

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇന്‍ യോഗടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അഥവാ തത്തുല്യ യോഗ്യതയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അപേക്ഷകര്‍ 18 വയസ് പൂര്‍ത്തിയാക്കിയിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗവിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ഡിപ്ലോമ പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററില്‍ അഡ്മിഷന്‍ എടുത്താല്‍ മതിയാകും. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ്റിസോഴ്സ്സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം-33. ഫോണ്‍ : 04712325101, 8281 114 464 https://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാഫാറം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 31. ജില്ലയിലെ പഠന കേന്ദ്രം: യോഗ അസോസിയേഷന്‍, പത്തനംതിട്ട: 9961 090 979.

error: Content is protected !!