കോന്നി മെഡിക്കൽ കോളജിന്‍റെ പ്രവർത്തനാനുമതി നിഷേധിച്ചു

 

konnivartha.com : കോന്നി മെഡിക്കൽ കോളജിന്‍റെ  പ്രവർത്തനാനുമതി നിഷേധിച്ചു. ദേശീയ മെഡിക്കൽ കമ്മീഷനാണ് ഇക്കാര്യം അറിയിച്ച് പ്രിൻസിപ്പലിന് കത്തയച്ചത്. കോളജിന് ആവശ്യമായ അടിസ്ഥാനസൗകര്യമൊരുക്കാൻ സർക്കാരിനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.ഇത്തരം ഒരു കത്ത് വന്ന കാര്യം ആരോഗ്യ വകുപ്പ് അതീവ രഹസ്യമാക്കി വെച്ചു .

2022-23 അക്കാദമിക വർഷത്തിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകി മെഡിക്കൽ കോളജ് പ്രവർത്തനം തുടങ്ങാനായിരുന്നു ആരോഗ്യവകുപ്പിന്‍റെ തീരുമാനം .അതിനുള്ള നടപടി ക്രമങ്ങള്‍ നടക്കുന്നതിനു ഇടയിലാണ് ദേശീയ മെഡിക്കൽ കത്ത് അയച്ചത് .

കോന്നി എം എല്‍ എ അടൂര്‍ പ്രകാശ്‌ ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ ആണ് കോന്നി മെഡിക്കല്‍ കോളേജ് അനുവദിച്ചത് . അന്നത്തെ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി തറക്കല്‍ ഇട്ടു . 2013ലാണ് അരുവാപ്പുലം പഞ്ചായത്തിലെ ആനകുത്തി നെടുമ്പാറയില്‍ കോന്നി മെഡിക്കൽ കോളജ് നിർമാണം തുടങ്ങുന്നത്. 36 മാസത്തിനകം പണി പൂർത്തിയാക്കി പ്രവേശനം നടത്തുമെന്നായിരുന്നു പ്രഖ്യാപനം .

2020 സെപ്റ്റംബർ 14 ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിച്ചു . രണ്ടു വർഷം കഴിഞ്ഞിട്ടും രാവിലെ മുതല്‍ ഉച്ച വരെ ഒ.പി അല്ലാതെ മറ്റ് ചികിത്സ ഇവിടെ ഇല്ല . ആരോഗ്യ വകുപ്പ് മന്ത്രി കഴിഞ്ഞ ആഴ്ചയും മെഡിക്കല്‍ കോളേജില്‍ എത്തി പ്രസ് മീറ്റിംഗ് വിളിച്ചു കൂട്ടിയിരുന്നു .കോന്നി മെഡിക്കൽ കോളജ് പൂർണതോതിൽ പ്രവർത്തന സജ്ജമാക്കുന്നതിന് ഇടപെടൽ നടത്തുന്നുഎന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അന്നും പറഞ്ഞത് . എന്നാല്‍ ദേശീയ മെഡിക്കൽ കമ്മീഷന്‍ കത്തയച്ച കാര്യം മന്ത്രി മിണ്ടിയില്ല . ഇന്നാണ് കത്ത് പുറത്തു വന്നത് . ഇതോടെ ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനം എല്ലാം വെള്ളത്തിലായി .

കോന്നി മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം സംബന്ധിച്ചുള്ള മെല്ലെ പോക്ക് നയം മാറ്റണം എന്ന് ആവശ്യം ഉന്നയിച്ചു കഴിഞ്ഞ ആഴ്ചയാണ് യു ഡി എഫ് കോന്നിയില്‍ സമരം നടത്തിയത് .

100 വിദ്യാർത്ഥികളെ പ്രവേശിപ്പിച്ച് മെഡിക്കൽ കോളജിന്‍റെ പ്രവർത്തനം ആരംഭിക്കാൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ദേശീയ മെഡിക്കൽ കമ്മീഷന് അപേക്ഷ നൽകി.ആവശ്യം തള്ളിക്കൊണ്ട് മെഡിക്കൽ കമ്മീഷൻ കോളജിന്‍റെ പ്രവർത്തനാനുമതി തടഞ്ഞു . വിദ്യാർത്ഥികൾക്ക് പഠിക്കാനാവശ്യമായ ലൈബ്രറിയോ മറ്റ് സംവിധാനങ്ങളോ ഇല്ല,വലിയ കെട്ടിടങ്ങൾ പണിതതല്ലാതെ മറ്റ് സംവിധാനങ്ങളൊന്നും ഒരുക്കിയിട്ടില്ലന്നും മെഡിക്കൽ കമ്മീഷൻ പ്രിൻസിപ്പലിന് അയച്ച കത്തിൽ സൂചിപ്പിച്ചു. പോരായ്മകൾ പരിഹരിച്ചാൽ വീണ്ടും പരിശോധന നടത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കാമെന്നും ദേശീയ മെഡിക്കൽ കമ്മീഷന്‍ കത്തില്‍ പറയുന്നു .

 

 

error: Content is protected !!