പത്തനംതിട്ട ജില്ലയിലെ പ്രധാനപെട്ട സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 14/07/2022)

എന്റെ നഗരം, ശുചിത്വ നഗരം മേഖലതല ശില്‍പ്പശാലകള്‍ മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും

എന്റെ നഗരം, ശുചിത്വ നഗരം എന്ന പേരില്‍ നഗരസഭകള്‍ക്കായി നടത്തുന്ന ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച മേഖലാതല ശില്‍പ്പശാലകള്‍ തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.

കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവടങ്ങളിലായി നടക്കുന്ന പരിപാടിയില്‍ മേയര്‍മാര്‍, നഗരസഭ ചെയര്‍മാന്‍മാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

നഗരസഭ തലത്തില്‍ ശുചിത്വ, മാലിന്യ സംസ്‌കരണ പദ്ധതികള്‍ ഊര്‍ജിതമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കണ്ണൂരില്‍ നടക്കുന്ന മേഖല ശില്‍പ്പശാലയില്‍ കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ പ്രതിനിധികളും എറണാകുളത്ത് നടക്കുന്ന ശില്‍പ്പശാലയില്‍ തൃശൂര്‍, എറണാകുളം, പാലക്കാട്, ഇടുക്കി ജില്ലകളിലെ പ്രതിനിധികളും തിരുവനന്തപുരത്ത് നടക്കുന്ന ശില്‍പ്പശാലയില്‍ ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പ്രതിനിധികളും പങ്കെടുക്കും.

കേന്ദ്ര-സംസ്ഥാന മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് പദ്ധതികള്‍ ക്രമീകരിക്കുന്നതിനാവശ്യമായ നടപടികള്‍ ശില്‍പ്പശാലയില്‍ ചര്‍ച്ച ചെയ്യും. സെഷനുകള്‍ക്കു ശേഷം നഗരസഭാ തലത്തില്‍ ഗ്രൂപ്പ് ചര്‍ച്ചയിലൂടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുള്ള രൂപരേഖ തയാറാക്കും. കേന്ദ്ര പാര്‍പ്പിട നഗരകാര്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. ഇതോടൊപ്പം സംസ്ഥാന ശുചിത്വമിഷന്‍ ഡയറക്ടര്‍മാര്‍ പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവരും വിഷയങ്ങള്‍ അവതരിപ്പിക്കും. സ്വച്ഛ് ഭാരത് മിഷന്‍, ശുചിത്വ കേരളം പദ്ധതികളെക്കുറിച്ചും നഗരസഭാ തലത്തില്‍ ശുചിത്വ, മാലിന്യ സംസ്‌കരണ പദ്ധതികളെ ആസ്പദമാക്കിയുള്ള വിദഗ്ധരുടെ സെഷനുകള്‍ പരിപാടിയുടെ ഭാഗമായി നടക്കും.
വടക്കന്‍ മേഖല ശില്‍പ്പശാല ജൂലൈ 16 ന് കണ്ണൂര്‍, ധര്‍മ്മശാലയിലെ ഇന്ത്യന്‍ കോഫി ഹൗസ് ഹാളിലും, തെക്കന്‍ മേഖല ശില്‍പ്പശാല ജൂലൈ 19 ന് തിരുവനന്തപുരം ഐ എം ജി ഹാളിലും മധ്യമേഖല ശില്‍പ്പശാല ജൂലൈ 25 ന് എറണാകുളം ടൗണ്‍ ഹാളിലും നടക്കും.

 

ജില്ലാതല കാന്‍സര്‍ രജിസ്റ്റര്‍ ഉടന്‍ തയാറാക്കും: ജില്ലാ കളക്ടര്‍
ജില്ലാതല കാന്‍സര്‍ രജിസ്റ്റര്‍ ഉടന്‍ തയാറാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കാന്‍സര്‍ സെന്റര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലയിലെ കാന്‍സര്‍ ബാധിതരുടെ എണ്ണം കണ്ടെത്താനും തുടര്‍ നടപടികള്‍ക്കുമായാണ് രജിസ്റ്റര്‍ തയാറാക്കുക. എല്ലാം ഒരു കുടക്കീഴില്‍ എത്തിക്കുകയാണ് ലക്ഷ്യം. അതിനായി എല്ലാവരും ഒന്നിച്ചു പ്രവര്‍ത്തിക്കണം.രജിസ്റ്റര്‍ തയാറാക്കുന്നതിനായി ജില്ലയിലെ എല്ലാ ആശുപത്രികളും സഹകരിക്കണം. അവബോധം സൃഷ്ടിക്കുവാനും, നേരത്തേ തന്നെ രോഗനിയന്ത്രണം നടത്തുവാനും, ആവശ്യമായ ചികിത്സ ഉറപ്പാക്കുവാനും ബ്രഹത്തായ പദ്ധതി തയ്യാറാക്കുമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ ചെയര്‍പേഴ്‌സണായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രക്ഷാധികാരിയായും ജില്ലാ കാന്‍സര്‍ കണ്‍ട്രോള്‍ കമ്മിറ്റി രൂപീകരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കണ്‍വീനറും, റീജിയണല്‍ ക്യാന്‍സര്‍ സെന്ററിന്റെ തലവന്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഓങ്കോളജി വിഭാഗം മേധാവി എന്നിവര്‍ കോ-കണ്‍വീനറുമാണ്.
എന്‍എച്ച്എം ഡി പി എം, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, ആശുപത്രി അധിഷ്ഠിത കാന്‍സര്‍ രജിസ്ട്രി ഉള്ള സ്വകാര്യ ആശുപത്രികള്‍, പ്രൈവറ്റ് ഹോസ്പിറ്റല്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി, പ്രൈവറ്റ് ലാബ് അസോസിയേഷന്‍ പ്രതിനിധി, കുടുംബശ്രീ മിഷന്‍ പ്രതിനിധി, വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് – ജില്ലാ തലവന്‍, ജില്ലയിലെ മെഡിക്കല്‍ കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍, ജില്ലയിലെ പാലിയേറ്റീവ് കെയര്‍ ശൃംഖലയുടെ പ്രതിനിധി എന്നിവര്‍ അംഗങ്ങളാണ്. ജില്ലാ കാന്‍സര്‍ കണ്‍ട്രോള്‍ കമ്മിറ്റി പ്രതിനിധികള്‍ പങ്കെടുത്തു.

 

അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗത്വം നേടി ഒരുവര്‍ഷം പൂര്‍ത്തിയാക്കിവരും കുടിശിക കൂടാതെ കൃത്യമായി അംശാദായം അടച്ചുവരുന്നതുമായ അംഗങ്ങളുടെ മക്കള്‍ക്ക് എസ്.എസ്.എല്‍.സി, സി.ബി.എസ്,സി, ഐ.സി.എസ്.സി എന്നീ വിവിധങ്ങളായ അംഗീക്യത പാഠ്യപദ്ധതി മുഖേന 2021-22 അക്കാദമിക്ക് വര്‍ഷത്തില്‍ പത്താംതരം വിജയിച്ച് എല്ലാ വിഷയങ്ങളിലും എ-പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്നും സ്‌കോളര്‍ഷിപ്പ് / ക്യാഷ് അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. ഹാജരാക്കേണ്ട രേഖകള്‍ :വെള്ളകടലാസില്‍ തയ്യാറാക്കിയ അപേക്ഷ, മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ,അംഗത്വ കാര്‍ഡ്, അംശായാദ പാസ് ബുക്ക് പകര്‍പ്പുകള്‍, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് പകര്‍പ്പുകള്‍, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് (അംഗത്തിന്റെ പേരില്‍ മാത്രം ഉള്ളത്). അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 20. ഫോണ്‍ – 04682 220 248.

ഡിജിറ്റല്‍ സര്‍വേ: വള്ളിക്കോട് പഞ്ചായത്തില്‍ യോഗം 16ന് (ജൂലൈ 16)
ഡിജിറ്റല്‍ സര്‍വേ ജോലികള്‍ പൊതുജന പങ്കാളിത്തത്തോടെ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി വള്ളിക്കോട് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജൂലൈ 16ന് പത്തിന് യോഗം ചേരും. ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കുന്നതിന്റെ ഭാഗമായി പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് യോഗം സംഘടിപ്പിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് അംഗങ്ങള്‍, പൊതുപ്രവര്‍ത്തകര്‍, വിവിധ വകുപ്പുകളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാനത്ത് 1550 വില്ലേജുകളുടെ ഡിജിറ്റല്‍ സര്‍വേ പദ്ധതിക്കാണ് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുള്ളത്. പത്തനംതിട്ട ജില്ലയില്‍ ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 12 വില്ലേജുകളില്‍ നാലിടത്ത് ഡ്രോണ്‍ സര്‍വേ പൂര്‍ത്തിയായിട്ടുണ്ട്.

ഗദ്ദിക 2022-23 അപേക്ഷ ക്ഷണിച്ചു
പട്ടിക ജാതി/ പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട സ്വയംതൊഴില്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ പരമ്പരാഗത പൈതൃക ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനും പാരമ്പര്യ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതിനുമായി ഗദ്ദിക 2022-23 ന്റെ ഭാഗമായി ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേളയും കലാമേളയും നടക്കും. പാരമ്പര്യ ഉത്പന്നങ്ങളുടെ ഉല്‍പ്പാദനത്തില്‍ ഏര്‍പ്പെട്ടിട്ടുളള പട്ടിക ജാതി/ പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട വ്യക്തികള്‍/ സംഘടനകള്‍/സൊസൈറ്റികള്‍/കുടുംബശ്രീ യൂണിറ്റ് എന്നിവര്‍ക്ക് മേളയില്‍ പങ്കെടുക്കുന്നതിനും വിപണനം നടത്തുന്നതിനും താത്പര്യമുളളവര്‍ക്ക് നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറത്തില്‍ ഉല്‍പ്പന്നങ്ങളുടെ വിശദ വിവരം, മേല്‍വിലാസം, ഫോണ്‍, ജാതി സര്‍ട്ടിഫിക്കറ്റ്, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജൂലൈ 27ന് വൈകുന്നേരം അഞ്ചിന് മുമ്പായി ചീഫ് പബ്ലിസിറ്റി ഓഫീസര്‍, പട്ടികജാതി വികസന വകുപ്പ്, കനക നഗര്‍, വെളളയമ്പലം, തിരുവനന്തപുരം-695 003 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. മേളയുടെ വിശദ വിവരം, അപേക്ഷാ ഫോറം എന്നിവ www.scdd.kerala.gov.in എന്ന വെബ് സൈറ്റില്‍ നിന്നോ ബ്ലോക്ക് /ജില്ലാ പട്ടിക ജാതി വികസന ഓഫീസുകളില്‍ നിന്നോ ലഭിക്കും.

കരട് ബൈലാ പ്രസിദ്ധപ്പെടുത്തി
വളളിക്കോട് ഗ്രാമപഞ്ചായത്തിന്റെ ഖരമാലിന്യ നിര്‍മാര്‍ജന കരട് ബൈലാ പഞ്ചായത്ത് ഓഫീസിന്റെയും ഘടക സ്ഥാപനങ്ങളുടെയും നോട്ടീസ് ബോര്‍ഡിലും പഞ്ചായത്ത് വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങളും അഭിപ്രായങ്ങളും ആഗസ്റ്റ് 12നുളളില്‍ നേരിട്ടോ ഇ-മെയില്‍ മുഖേനയോ അറിയിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 2 350 229, vallicodegp@gmail.com.

ലേലം 23ന്
ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് നിര്‍മ്മിക്കുന്നതിനായി മുറിച്ചു മാറ്റിയ മരങ്ങള്‍ ഈ മാസം 23ന് രണ്ടിന് കോളജ് ഓഫീസില്‍ ലേലം ചെയ്യും.

 

പ്ലാസ്റ്റിക് നിരോധിച്ചു
വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഒറ്റതവണ ഉപയോഗത്തിലൂടെ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിച്ചു. പ്ലാസ്റ്റിക് ഉല്‍പ്പാദിപ്പിക്കുകയോ വിതരണം ചെയ്യുകയോ സംഭരണം നടത്തുകയോ വില്‍പ്പന നടത്തുകയോ ചെയ്യുന്നവരില്‍ നിന്നും നിയമപ്രകാരമുളള പിഴ ഈടാക്കുമെന്ന് വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

 

യുവസാഹിത്യ ക്യാമ്പ്
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന യുവസാഹിത്യ ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ തങ്ങളുടെ രചനകള്‍ (കഥ, കവിത -മലയാളത്തില്‍) ജൂലൈ 30ന് മുമ്പ് അയയ്ക്കണം. മുന്‍പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും മൗലികവുമായ രചനകള്‍ ഡിറ്റിപി ചെയ്ത്, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി (എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്/ആധാര്‍/വോട്ടര്‍ ഐഡി ഇവയില്‍ ഏതെങ്കിലും ഒരെണ്ണം), ബയോഡാറ്റ, വാട്‌സാപ്പ് നമ്പര്‍ എന്നിവ സഹിതം നല്‍കണം. കവിത 60 വരിയിലും കഥ എട്ട് ഫുള്‍സ്‌കാപ്പ് പേജിലും കവിയരുത്. രചനകള്‍ കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാനന്ദന്‍ യൂത്ത് ഭവന്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിനു സമീപം കുടപ്പനക്കുന്ന് പിഒ, തിരുവനന്തപുരം-695043 എന്ന വിലാസത്തിലോ yuvasahithyam@gmail.com എന്ന ഇമെയില്‍ മുഖേനയോ അയയ്ക്കാം.

 

സ്മൈല്‍ കേരള: സ്വയം തൊഴില്‍ വായ്പാ പദ്ധതി
കേരളത്തില്‍ കോവിഡ് ബാധിച്ച് മുഖ്യ വരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ (പട്ടിക വര്‍ഗ/ന്യൂനപക്ഷ/പൊതു വിഭാഗം) സഹായിക്കുന്നതിനായി കേരള സര്‍ക്കാരിന്റെയും കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്റെയും സംയുക്ത സംരംഭമായ സ്മൈല്‍ കേരള സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ പരമാവധി അഞ്ച് ലക്ഷം രൂപ വരെ വായ്പ ലഭിക്കും. വായ്പാ തുകയുടെ 20 ശതമാനം/പരമാവധി ഒരു ലക്ഷം രൂപ വരെ സബ്സിഡിയും ലഭിക്കും. 18നും 60നും ഇടയില്‍ പ്രായമായവരുടെ മുഖ്യ വരുമാനാശ്രയമായ വ്യക്തി കോവിഡ് ബാധിച്ച് മരിച്ചാല്‍ അവരുടെ വനിതകളായ ( കേരളത്തില്‍ സ്ഥിര താമസക്കാരി ) ആശ്രിതര്‍ക്കാണ് വായ്പ ലഭിക്കുക. ഇവരുടെ കുടുംബ വാര്‍ഷിക വരുമാനം മൂന്നു ലക്ഷത്തില്‍ കവിയരുത്. വിശദ വിവരങ്ങള്‍ക്കും അപേക്ഷക്കുമായി www.kswdc.org എന്ന വെബ് സൈറ്റിലോ 0471 2 328 257, 9496 015 006 എന്ന നമ്പരിലോ ബന്ധപ്പെടാം.

നികുതി പിരിവ് ഓണ്‍ലൈനിലൂടെ
മൈലപ്ര ഗ്രാമ പഞ്ചായത്തിലെ വസ്തു നികുതി പിരിവ് പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിനായി എല്ലാ നികുതി ദായകരും മൊബൈല്‍ നമ്പറുകള്‍ ചുവടെയുളള നമ്പറുകളിലേക്ക് ഇന്ന് (ജൂലൈ 15) വാര്‍ഡ്, മൊബൈല്‍ നമ്പര്‍, വീട്ടുനമ്പര്‍ എന്നിവ അറിയിക്കുകയോ വാട്സ്ആപ് മുഖേന അയച്ചു നല്‍കുകയോ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. ഇ-മെയില്‍ mylapragp@gmail.com വാര്‍ഡ് – 1,4,7,13 (8547 027 907), വാര്‍ഡ് -2,6,8,9 (8089 497 974), വാര്‍ഡ് – 3,5,10,11,12(9400 339 956).

 

എന്‍ട്രന്‍സ് പരിശീലനം
ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് ഒരു വര്‍ഷത്തെ റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനത്തിന് ധനസഹായം നല്‍കുന്നു. ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭിക്കുന്ന അപേക്ഷാ ഫോറം ജൂലൈ 29ന് മുമ്പായി ഫിഷറീസ് ഓഫീസില്‍ സമര്‍പ്പിക്കണം.
ഹയര്‍ സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85% മാര്‍ക്കോടെ വിജയിച്ചതും മുന്‍ വര്‍ഷം നടത്തിയ നീറ്റ് പരീക്ഷയില്‍ 40% മാര്‍ക്ക് ലഭിച്ച മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ മക്കള്‍ക്ക് അപേക്ഷിക്കാം. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂവെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0468 2 967 720

 

സൗജന്യ പിഎസ്‌സി പരിശീലനം
ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് പിഎസ്സി പരീശിലനം നല്‍കുന്നു. ബിരുദതലത്തില്‍ 50% മാര്‍ക്കോടെ വിജയിച്ച മല്‍സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ മക്കള്‍ക്ക് അപേക്ഷിക്കാം. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുള്ളു. ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭിക്കുന്ന അപേക്ഷാ ഫോറം ജൂലൈ 29ന് മുമ്പായി ഫിഷറീസ് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 0468 2 967 720

 

അധ്യാപക ഒഴിവ്
പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിലെ വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ (ആണ്‍കുട്ടികള്‍) 2022-23 അദ്ധ്യായന വര്‍ഷം നിലവിലുള്ള ഹൈസ്‌കൂള്‍ ടീച്ചര്‍ (കണക്ക്) ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അദ്ധ്യാപകനെ നിയമിക്കുന്നു. പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരായിക്കണം അപേക്ഷകര്‍. പട്ടികവര്‍ഗ്ഗക്കാരായവര്‍ക്ക് മുന്‍ഗണന. സേവന കാലാവധി 2023 മാര്‍ച്ച് 31 വരെ. നിശ്ചിത കാലയളവില്‍ പി.എസ്.സി മുഖേന സ്ഥിരം നിയമനത്തിലൂടെ ഒഴിവ് നികത്തുന്ന പക്ഷം ഇവരുടെ സേവനം അവസാനിപ്പിക്കും. സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്, തോട്ടമണ്‍, റാന്നി പി.ഒ, പിന്‍ 689 672 എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 23. ഫോണ്‍: 04735 227 703.

ജില്ലാ ആസൂത്രണ സമിതി യോഗം
ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2022-23 വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നല്‍കുന്നതിനായി ജില്ലാ ആസൂത്രണ സമിതി യോഗം ജൂലൈ 21ന് ഉച്ചകഴിഞ്ഞ് മൂന്നിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

 

വായന അനുഭവ കുറിപ്പ് മത്സര വിജയികള്‍
വായന പക്ഷാചരണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ചേര്‍ന്നു നടത്തിയ വായന അനുഭവ കുറിപ്പ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. യുപി വിഭാഗം വിജയികള്‍- ഒന്നാംസ്ഥാനം: ടി. അനുപ്രിയ, ജിയുപിഎസ് റാന്നി വൈക്കം. രണ്ടാംസ്ഥാനം: ജെ. ഗൗരികൃഷ്ണ, ജിയുപിഎസ് തെങ്ങമം. മൂന്നാംസ്ഥാനം: നിരഞ്ജന, എഎംഎംഎച്ച്എസ്എസ്, ഇടയാറന്മുള, ഷോണ്‍ എബ്രഹാം, ജിയുപിഎസ് കോഴഞ്ചേരി ഈസ്റ്റ്. ഹൈസ്‌കൂള്‍ വിഭാഗം വിജയികള്‍- ഒന്നാംസ്ഥാനം: ദേവിക സന്തോഷ്, ജിഎച്ച്എസ് കോഴഞ്ചേരി. രണ്ടാം സ്ഥാനം: ആന്‍ സാറാ തോമസ്, സെന്റ് ജോര്‍ജ് ആശ്രമം എച്ച്എസ്, ചായലോട്. മൂന്നാംസ്ഥാനം: ദേവ് നാരായണന്‍, പിഎച്ച്എസ്എസ്, കുളനട, ജി. പാര്‍വതി, എസ്സിഎച്ച്എസ്എസ് റാന്നി. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും പുസ്തകവും സമ്മാനമായി നല്‍കും.

പ്ലാന്‍ സ്പേസ് പരിശീലനം മലയാലപ്പുഴയില്‍

വികസന പദ്ധതികള്‍ നടപ്പാക്കുന്ന ജില്ലാതല ഉദ്യോഗസ്ഥര്‍ക്കും അവരുടെ കീഴില്‍ വരുന്ന തദ്ദേശഭരണസ്ഥാപനതല നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കും (പ്ലാന്‍ സ്‌കീമുകളുടെ മാത്രം) പുതുക്കിയ സോഫ്റ്റ്‌വെയറിനെ കുറിച്ചും അപ്ഡേഷന്‍ രീതികളെ കുറിച്ചും ഇന്നും(ജൂലൈ 15), നാളെയും(ജൂലൈ 16) മലയാലപ്പുഴ മുസലിയാര്‍ കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആന്റ് ടെക്നോളജിയില്‍ പരിശീലനം നല്‍കും.
സംസ്ഥാനത്ത് നടപ്പാക്കുന്ന സംസ്ഥാനാവിഷ്‌കൃത, കേന്ദ്രാവിഷ്‌കൃത പദ്ധതി നിര്‍വഹണം, വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി സുതാര്യവും കാര്യക്ഷമവുമായി നിര്‍വഹിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള സോഫ്റ്റ്വെയര്‍ പരിഷ്‌കരിച്ച് പ്ലാന്‍ സ്പേസ് 2.0 വേര്‍ഷന്‍ നടപ്പാക്കും. നിര്‍വഹണ ഘട്ടത്തില്‍ തന്നെ പുരോഗതി വിലയിരുത്താവുന്ന രീതിയിലാണ് പ്ലാന്‍ സ്പേസ് 2.0 രൂപപ്പെടുത്തിയിരിക്കുന്നത്. ഫോണ്‍ : 0468 2222725.

 

പ്രീ ഡിഡിസി യോഗം
ജില്ലാ വികസന സമിതിയുടെ പ്രീഡിഡിസി യോഗം ജൂലൈ 23ന് രാവിലെ 11ന് ഓണ്‍ലൈനായി ചേരും.

error: Content is protected !!