പത്തനംതിട്ട ജില്ലാ വികസന സമിതി യോഗം നടന്നു

പത്തനംതിട്ട ജില്ലാ വികസന സമിതി യോഗം നടന്നു

പേരൂര്‍ക്കുളം, വള്ളിക്കോട്, മലയാലപ്പുഴ, പ്രമാടം ഗവ.എല്‍ പി സ്‌കൂളുകളുടെ കെട്ടിടങ്ങളുടെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിന് യോഗം വിളിക്കും

 

konnivartha.com : എലിപ്പനിക്കും ഡെങ്കിപ്പനിക്കുമെതിരെ ജില്ലയില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഡെങ്കിപ്പനി, എലിപ്പനി പ്രതിരോധ മരുന്നുകള്‍ കഴിക്കണം. ജാഗ്രത കൈവെടിയരുതെന്നും മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു. കൂടാതെ കോവിഡിന് ശേഷം സ്‌കൂളുകള്‍ പൂര്‍ണമായും തുറക്കുന്ന സമയമായതുകൊണ്ട് സ്‌കൂളുകളുടെ പരിസരങ്ങള്‍ വൃത്തിയാക്കി ഇഴജന്തുക്കള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തണം.

സ്‌കൂള്‍ ബസിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടെന്ന് ഉറപ്പാക്കണം. സ്‌കൂളും പരിസരവും പരിശോധിച്ച് ജില്ലാ ഭരണകൂടം നല്‍കിയ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ എല്ലാകാര്യങ്ങളും പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ആറന്മുള വള്ളംകളി നടക്കുന്ന സ്ഥലം ഒഴിവാക്കി 33 കെവി ലൈന്‍ കടന്നുപോകുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും പത്തനംതിട്ടയിൽ പുതിയ താലൂക്ക് വേണം എന്നത് നാടിൻ്റെ ആവശ്യം ആണ്. ജില്ലാ കളക്ടർ പരിശോധിച്ച് ഉചിതമായ റിപ്പോർട്ട് തയ്യാറാക്കണം. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ഇതിൽ റിപ്പോർട്ട് തയ്യാറാക്കി റവന്യൂ വകുപ്പ് നൽകിയിരുന്നു. പുതിയ വിവരങ്ങൾ കൂടി ചേർത്ത് റിപ്പോർട്ട് നൽകണമെന്നും മന്ത്രി നിർദേശിച്ചു.കമ്പിയുടെ വില വര്‍ധിച്ച സാഹചര്യത്തില്‍ പഴയ ടെന്‍ഡര്‍ തുകയ്ക്ക് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാന്‍ കരാറുകാര്‍ വിസമ്മതിക്കുന്നകാര്യം പൊതു പ്രശ്‌നമായി മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

തിരുവല്ല താലൂക്ക് ആശുപത്രിയില്‍ മരുന്നിന്റെ ദൗര്‍ലഭ്യം പരിഹരിക്കണമെന്ന അഡ്വ. മാത്യു ടി തോമസ് എംഎല്‍എയുടെ ആവശ്യം പരിശോധിക്കാനും ആശുപത്രികളിലേക്ക് വര്‍ഷംതോറും ആവശ്യത്തിന് മരുന്നുകള്‍ എത്തുന്നുണ്ടോയെന്ന് ഉറപ്പാക്കാനും ആരോഗ്യമന്ത്രി ഡിഎംഒയ്ക്ക് നിര്‍ദേശം നല്‍കി. തിരുവല്ലയില്‍ അനുവദിച്ച ബ്ലഡ് ബാങ്ക് ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലെന്നും തിരുവല്ല -മല്ലപ്പള്ളി റോഡില്‍ കുറ്റപ്പുഴ ഭാഗത്ത് വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്പീഡ് ബ്രേക്കര്‍ വയ്ക്കണമെന്നും അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. പൊടിയാടി- തിരുവല്ല റോഡിലെ രാമപുരം ചന്തയിലേക്ക് പ്രവേശിക്കുന്ന ഇടത്തെ റോഡ് സ്ലാബ് ഇട്ട് വൃത്തിയാക്കണമെന്നും ആനിക്കാട് പഞ്ചായത്തിലെ ഹനുമാന്‍കുന്ന് – വെള്ളരിക്കാട് റോഡിലെ ഒരു വശത്ത് മാത്രമാണ് പൈപ്പ്ലൈന്‍ ഉള്ളതെന്നും അക്കാര്യം പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബൈപാസ് ആരംഭിക്കുന്ന രാമന്‍ചിറ ഭാഗത്തും അവസാനിക്കുന്ന മഴുവങ്ങാടും ബോര്‍ഡ് വയ്ക്കാനും നെല്ല് സംഭരണം വേഗത്തില്‍ പൂര്‍ത്തിയാക്കാനും എംഎല്‍എ നിര്‍ദേശം നല്‍കി

പേരൂര്‍ക്കുളം, വള്ളിക്കോട്, മലയാലപ്പുഴ, പ്രമാടം എന്നിവിടങ്ങളിലെ ഗവ.എല്‍ പി സ്‌കൂളുകളുടെ കെട്ടിടങ്ങളുടെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനും ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനും വരുന്ന ആഴ്ച യോഗം ജില്ലാതലത്തില്‍ വിളിച്ചു ചേര്‍ക്കണമെന്ന് അഡ്വ.കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ ജില്ലാ വികസനസമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. നിര്‍മാണം നിര്‍ത്തിവച്ചിരിക്കുന്ന വള്ളിക്കോട്-കൈപ്പട്ടൂര്‍, തേക്കുതോട്-കരിമാന്‍തോട് റോഡുകളുടെ നിര്‍മാണം പുനരാരംഭിക്കണമെന്നും അടിയന്തിരമായി അത് പൂര്‍ത്തിയാക്കണമെന്നും എംഎല്‍എ പറഞ്ഞു.

 

കാട്ടുപന്നികളെ വെടിവച്ചുകൊല്ലുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ജില്ലയിലെ തദ്ദേശ ഭരണസ്ഥാപനങ്ങളുമായി ചേര്‍ന്ന് തോക്കിന് ലൈസന്‍സുള്ളവരുടെ കണക്കെടുക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കാട്ടുപന്നികളെ വെടിവച്ച് കൊല്ലാന്‍ ഓരോ പഞ്ചായത്തിലും ടാസ്‌ക് ഫോഴ്സ് രൂപീകരിക്കണം.

 

കഴിഞ്ഞ വര്‍ഷം ആകെ എത്ര പന്നികളെ വെടി വച്ചു കൊന്നു എന്ന കണക്ക് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓമല്ലൂര്‍ ടൗണിലെ ഓടകള്‍ ശുചിയാക്കണമെന്നും മഞ്ഞനിക്കര-ഇലവുംതിട്ട റോഡില്‍ ഓമല്ലൂര്‍ കുരിശുമൂട്ടിലെ കലുങ്ക് വീതിയില്‍ പണിയണമെന്നും കലുങ്കിന് വീതി കുറവായത് കാരണം മഴക്കാലത്ത് ടൗണിലേക്ക് വെള്ളം കയറുന്നുണ്ടെന്നും നിലവിലുള്ള തടസങ്ങള്‍ മാറ്റി വെള്ളം സുഗമമായി ഒഴുകുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു. നെല്‍വയല്‍ നികത്തി കരഭൂമിയാക്കാനുള്ള അപേക്ഷകള്‍ വെള്ളക്കെട്ടിന്റെ സാഹചര്യം പരിഗണിച്ച് വേര്‍തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

ജില്ലയിലെ തോക്കിന് ലൈസന്‍സുള്ളവരുടെയും കഴിഞ്ഞ വര്‍ഷം ആകെ എത്ര പന്നികളെ വെടിവച്ചു കൊന്നു എന്ന കണക്കെടുക്കാനും തദ്ദേശ ഭരണസ്ഥാപനങ്ങളുടെ അധ്യക്ഷന്മാരെ പങ്കെടുപ്പിച്ച് യോഗം വിളിച്ച് ചേര്‍ക്കുമെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച് സംസാരിച്ച ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, ഡിഎംഒ (ആരോഗ്യം ) ഡോ. എല്‍. അനിതാകുമാരി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

error: Content is protected !!