‘ഇടം’ ബോധവല്‍ക്കരണ ക്യാംപയിന് ജില്ലയില്‍ തുടക്കമായി


‘ഇടം’ ബോധവല്‍ക്കരണക്യാംപയിന് പത്തനംതിട്ട ജില്ലയില്‍ തുടക്കമായി. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം നേരിടുന്ന സാമൂഹിക വെല്ലുവിളികളില്‍ പരിവര്‍ത്തനം വരുത്താന്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തില്‍ നിരവധി പുരോഗമന പ്രവര്‍ത്തനങ്ങള്‍ ചെയ്ത് വരുന്നതിന്റെ ഭാഗമായാണ് ഈ ക്യാംപയിന്‍ നടത്തുന്നത്. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍. അനിതാ കുമാരിക്ക് ലോഗോ നല്‍കി പ്രകാശനം നിര്‍വഹിച്ചു.

 

എല്ലാ ലിംഗക്കാര്‍ക്കും തുല്യമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക, അര്‍ഹിക്കുന്ന ഇടം നല്‍കുക എന്ന ആശയത്തില്‍ അടിസ്ഥാനപ്പെടുത്തിയുള്ള ഇടം ബോധവല്‍ക്കരണ പരിപാടിയുടെ സംസ്ഥാനതല ലോഗോ പ്രകാശനം വനിതാ ദിനത്തില്‍ ആരോഗ്യവും വനിതാ ശിശു വികസനവും വകുപ്പ്മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരത്ത് നിര്‍വഹിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ജില്ലാ തലങ്ങളില്‍ ക്യാംപയിന്‍ സംഘടിപ്പിക്കുന്നത്.

 

 

സംസ്ഥാന ആരോഗ്യവകുപ്പും ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായി നടത്തുന്ന ബോധവല്‍ക്കരണ പരിപാടിയില്‍ആരോഗ്യപ്രവര്‍ത്തകര്‍, ആശുപത്രി പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍, ഇതര ലിംഗക്കാര്‍ തുടങ്ങി പൊതുആരോഗ്യ സംവിധാനത്തിലെ എല്ലാവരെയും ഉള്‍പ്പെടുത്തും. ക്യാംപെയിന്റെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസുകളും സെമിനാറുകളും നടത്തും.

 

 

ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ജില്ലാ മാസ്് മീഡിയ ഓഫീസര്‍ എ. സുനില്‍ കുമാര്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍മാരായ ആര്‍.ദീപ, വി.ആര്‍. ഷൈലാഭായി എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!