രോഗം വന്നുപോകട്ടെ എന്ന ധാരണ മാറണം: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

 

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജാഗ്രത കൈവിടരുതെന്നും രോഗം വന്നുപോകട്ടെ എന്ന ധാരണ മാറണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

പത്തനംതിട്ട ജില്ലയുടെ കോവിഡ് അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയെ സംബന്ധിച്ച് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുന്നതായും ആളുകളുടെ സഞ്ചാരം കൂടിയ ജില്ല എന്ന നിലയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. ഹോം ഐസൊലേഷന്‍ ആര്‍ക്കൊക്കെ നല്‍കാം, അവര്‍ സ്വീകരിക്കേണ്ട നിര്‍ദേശങ്ങള്‍ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.

 

ജില്ലയില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്ലാന്റുകള്‍ ഇനിയും സ്ഥാപിക്കാനുള്ള സ്ഥലങ്ങളില്‍ അതിനുള്ള നടപടികള്‍ വേഗത്തിലാക്കും. ജില്ലയില്‍ പീഡിയാട്രിക്ക് ഐസിയു ഫെബ്രുവരി 15ഓടെ പ്രവര്‍ത്തനം തുടങ്ങും. കോവിഡ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി സന്നദ്ധപ്രവര്‍ത്തകരുടെ സേവനം വളരെ കുറഞ്ഞ അളവില്‍ കാര്യക്ഷമമായി തേടുമെന്നും മന്ത്രി പറഞ്ഞു. ആര്‍.ആര്‍.ടികള്‍ സജീവമാക്കുന്നതിന്റെ ഭാഗമായി എല്ലാ വര്‍ഡുകളിലും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള നടപടികള്‍ ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു. എംഎല്‍എമാരുടെ നേതൃത്വത്തില്‍ ഈമാസം 22ന് ജില്ലയിലെ തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ യോഗം ഓണ്‍ലൈനായി ചേര്‍ന്ന് കോവിഡ് വ്യാപനം തടയുന്നതിനായുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനങ്ങളെടുക്കുമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് പോസിറ്റീവായിട്ടും ഐസൊലേഷനില്‍ ഇരിക്കാതെ മറച്ചു വയ്ക്കുന്നവര്‍ക്കും ക്ലസ്റ്ററുകള്‍ രൂപപെട്ടിട്ടും അത് മറച്ചുവയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ കോവിഡ് സ്ഥിതി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ വിലയിരുത്തി. ആദ്യ ഘട്ടത്തില്‍ ഉണ്ടായ ജനകീയ പങ്കാളിത്തവും ജാഗ്രതയും ഈ സാഹചര്യത്തില്‍ ഉണ്ടാവണമെന്നും കോവിഡിന്റെ വ്യാപനത്തിന്റെ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് അലംഭാവം ഉണ്ടാകരുതെന്നും അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ പറഞ്ഞു. ഓക്സിജന്‍ പ്ലാന്റുകളുടെ പ്രവര്‍ത്തനം പരിശോധിക്കപ്പെടണമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാക്കണമെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു.

 

കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഓക്സിജന്‍ പ്ലാന്റുകളില്‍ ഒന്ന് 10 ദിവസത്തിനുള്ളില്‍ സ്ഥാപിക്കാനാകുമെന്നും അതിനുള്ള പശ്ചാത്തല സംവിധാനം ഒരുക്കിയിട്ടുള്ളതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ഭാരിച്ച സാമ്പത്തിക ബധ്യതയിലാണ് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു.

ജില്ലയില്‍ അടുത്ത ഒരാഴ്ച കോവിഡ് കേസുകള്‍ വര്‍ധിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് ആവശ്യമായ മുന്നൊരുക്കങ്ങളും തയാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ഐസിഎംആര്‍ മാര്‍ഗ നിര്‍ദേശം വരുന്നതിന് അനുസരിച്ച് ബോധവത്കരണം നടത്തുമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലയിലെ എല്ലാ പൊതു സ്ഥലങ്ങളിലും എല്ലാ റസിഡന്‍ഷ്യല്‍ ഏരിയകളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ പറഞ്ഞു.

അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഡി. സജി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതാകുമാരി, എഡിഎം അലക്‌സ് പി തോമസ്, ഡിഡിപി കെ.ആര്‍. സുമേഷ്, എന്‍എച്ച്എം ഡിപിഎം ഡോ. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!