സാമൂഹിക വിരുദ്ധര്‍ക്കും ഗൂണ്ടകള്‍ക്കുമെതിരെ പത്തനംതിട്ട ജില്ലയില്‍ പോലീസ് നടപടി ശക്തമാക്കി

 

konnivartha.com : സംഘടിത കുറ്റകൃത്യങ്ങളിലും ഗുണ്ടാ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചുവരുന്നതായി ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി അറിയിച്ചു. സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവനുസരിച്ച് ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് പോലീസ് ആക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ച് നടപടി ശക്തമാക്കി. ജില്ലാ തലത്തില്‍ നര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ആര്‍.പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ പത്ത് പോലീസ് ഉദ്യോഗസ്ഥരുടെ സംഘവും, പോലീസ് സ്റ്റേഷന്‍ തലത്തില്‍ ഒരു എസ് ഐ, രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടങ്ങിയ സംഘവും പ്രവര്‍ത്തിച്ചുവരുന്നു.

ഗൂണ്ടകളെയും സാമൂഹിക വിരുദ്ധരെയും, ലഹരിമരുന്ന്, സ്വര്‍ണം, ഹവാലാ തുടങ്ങിയവ കടത്തുന്നവരെയും കണ്ടെത്താന്‍ നടപടി സ്വീകരിച്ചുവരുന്നു. ക്രിമിനലുകളുടെ വരുമാന സ്രോതസ്സുകളും, സമ്പത്തും അന്വേഷിക്കും. വ്യവസ്ഥകള്‍ ലംഘിക്കുന്ന ക്രിമിനലുകളുടെ ജാമ്യം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.

സംഘടിത കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെയും കണ്ടെത്തും. എല്ലാത്തരം മാഫിയ പ്രവര്‍ത്തനങ്ങളും തടയുന്നതിന് ശക്തമായ നടപടികള്‍ കൈകൊള്ളുക വഴി ജില്ലയില്‍ സമാധാന ഭംഗം ഉണ്ടാവാതെ നോക്കാന്‍ കര്‍ശനമായ നിര്‍ദേശം ആക്ഷന്‍ ഗ്രൂപ്പിനും, പോലീസ് സ്റ്റേഷന്‍ തലത്തിലുള്ള ആന്റി ഓര്‍ഗനൈസ്ഡ് ക്രൈം സെല്ലുകള്‍ക്കും നല്‍കിയിട്ടുണ്ട്.

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവും സ്പര്‍ദ്ധ ഉണ്ടാക്കുന്നതും മറ്റുമുള്ള പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയും നിയമ നടപടി കര്‍ശനമാക്കിയിട്ടുണ്ട്. ജില്ലയിലെ സൈബര്‍ പോലീസിന്റെ നേതൃത്വത്തില്‍ ഇത്തരക്കാരെ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. സാമൂഹിക വിരുദ്ധര്‍, ഗൂണ്ടകള്‍ തുടങ്ങിയവര്‍ക്കെതിരെ നിരന്തര പരിശോധന നടത്തിവരികയാണ്. മുന്‍കരുതല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിച്ചുവരുന്നു.

മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും, പുതുതായി ജില്ലയില്‍ സ്റ്റേഷന്‍ തലത്തില്‍ റൗഡി ഹിസ്റ്ററി ഷീറ്റുകള്‍ തയാറാക്കുകയും ചെയ്യുന്നുണ്ട്. ക്രിമിനല്‍ കേസുകളില്‍ ഒളിവില്‍ കഴിഞ്ഞുവരുന്നവരെ അറസ്റ്റ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് നിര്‍ദേശം നല്‍കിയതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ഡിസംബര്‍ 18 മുതല്‍ 25 വരെ സാമൂഹിക വിരുദ്ധര്‍, ഗൂണ്ടകള്‍ തുടങ്ങിയ 599 പേരെ പരിശോധന നടത്തി. 280 പേരുടെ വീടുകള്‍ റെയ്ഡ് ചെയ്തു. ഗുണ്ടാലിസ്റ്റില്‍പെട്ടവരില്‍ 141 പേരെ പോലീസ് സ്റ്റേഷനുകളില്‍ നേരിട്ട് വരുത്തി, അവര്‍ നിലവിലെങ്ങനെ കഴിഞ്ഞുവരുന്നുവെന്നതും ആരൊക്കയായി ബന്ധപ്പെടുന്നുണ്ട് എന്നതും മറ്റ് വിവരങ്ങളും പോലീസ് പരിശോധിച്ചു. മുന്‍കരുതലായി 107 ആളുകളെ അറസ്റ്റ് ചെയ്തു. 52 പേരില്‍ നിന്ന് മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഇലക്ടോണിക്ക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു, 30 ആളുകള്‍ക്കെതിരെ 107 സി ആര്‍ പി സി പ്രകാരം ബോണ്ട് വപ്പിയ്ക്കല്‍ നടപടികള്‍ ആരംഭിച്ചു, ഒരാള്‍ക്കെതിരെ കാപ്പ നിയമപ്രകാരമുള്ള നടപടി തുടങ്ങി.

സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളിലും കുറ്റകൃത്യങ്ങളിലും ഏര്‍പ്പെടുന്നവര്‍ക്കെതിരെ ജില്ലയിലെ പോലീസ് സ്റ്റേഷന്‍ തലത്തില്‍ പുതുതായി 69 റൗഡി ഹിസ്റ്ററി ഷീറ്റുകള്‍ തയാറാക്കി. പഴയ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 17 പേരെ പോലീസ് നടപടികളിലൂടെ ഈ കാലയളവില്‍ അറസ്റ്റ് ചെയ്തു. സാമൂഹിക മാധ്യമങ്ങളിലൂടെ സ്പര്‍ദ്ധ ഉളവാക്കുംവിധം സന്ദേശം പ്രചരിപ്പിച്ചതിന് ജില്ലയില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഘടിത കുറ്റകൃത്യങ്ങളും ഗുണ്ടാ പ്രവര്‍ത്തനങ്ങളും ഉണ്ടാവാതെ ജില്ലയില്‍ സമാധാനജീവിതം തുടര്‍ന്നും ഉറപ്പുവരുത്താന്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിന് എല്ലാ പോലീസുദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

error: Content is protected !!