ശബരിമല വാര്‍ത്തകള്‍ ,വിശേഷങ്ങള്‍ (08/12/2021 )

തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 22ന് ആറന്മുളയില്‍ നിന്നും പുറപ്പെടും;തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന 25ന്, മണ്ഡല പൂജ 26ന്

ജയന്‍ കോന്നി @ശബരിമല : മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ഡിസംബര്‍ 22ന് രാവിലെ ഏഴിന് ആറന്മുള ശ്രീപാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന 25നും മണ്ഡല പൂജ 26നും നടക്കും. ഘോഷയാത്രയ്ക്ക് വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കും.
22ന് രാവിലെ അഞ്ചു മുതല്‍ ഏഴുവരെ ആറന്മുള ക്ഷേത്രാങ്കണത്തില്‍ തങ്ക അങ്കി ദര്‍ശിക്കാന്‍ അവസരമുണ്ട്. തിരുവിതാംകൂര്‍ മഹാരാജാവ് ശബരിമല അയ്യപ്പസ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാര്‍ത്താനായി നടയ്ക്കു വച്ചതാണ് തങ്ക അങ്കി.
തങ്ക അങ്കി ഘോഷയാത്ര എത്തുന്ന സ്ഥലം, സമയം എന്ന ക്രമത്തില്‍: മൂര്‍ത്തിട്ട ഗണപതി ക്ഷേതം രാവിലെ 7.15, പുന്നംതോട്ടം ദേവി ക്ഷേത്രം 7.30, ചവിട്ടുകുളം മഹാദേവ ക്ഷേത്രം 7.45, തിരുവഞ്ചാംകാവ് ക്ഷേത്രം 8, നെടുപ്രയാര്‍ തേവരശേരി ദേവി ക്ഷേത്രം 8.30, നെടുപ്രയാര്‍ ജംഗ്ഷന്‍ 9.30, കോഴഞ്ചേരി ടൗണ്‍ 10.

തിരുവാഭരണപാത അയ്യപ്പ മണ്ഡപം കോളജ് ജംഗ്ഷന്‍ 10.15, കോഴഞ്ചേരി പാമ്പാടിമണ്‍ അയ്യപ്പക്ഷേത്രം 10.30, കാരംവേലി 11, ഇലന്തൂര്‍ ഇടത്താവളം 11.15, ഇലന്തൂര്‍ ശ്രീഭഗവതി കുന്ന് ദേവി ക്ഷേത്രം 11.20, ഇലന്തൂര്‍ ഗണപതി ക്ഷേത്രം 11.30, ഇലന്തൂര്‍ കോളനി ജംഗ്ഷന്‍ 11.45, ഇലന്തൂര്‍ നാരായണ മംഗലം ഉച്ചയ്ക്ക് 12.30.

അയത്തില്‍ മലനട ജംഗ്ഷന്‍ ഉച്ചകഴിഞ്ഞ് 2, അയത്തില്‍ കുടുംബയോഗ മന്ദിരം 2.30, അയത്തില്‍ ഗുരുമന്ദിരം ജംഗ്ഷന്‍ 2.40, മെഴുവേലി ആനന്ദഭൂതേശ്വരം ക്ഷേത്രം 2.50, ഇലവുംതിട്ട ദേവി ക്ഷേത്രം 3.15, ഇലവുംതിട്ട മലനട 3.45, മുട്ടത്തുകോണം എസ്എന്‍ഡിപി മന്ദിരം വൈകുന്നേരം 4.30, കൈതവന ദേവി ക്ഷേത്രം വൈകുന്നേരം 5.30.

പ്രക്കാനം ഇടനാട് ദേവി ക്ഷേത്രം വൈകിട്ട് 6, ചീക്കനാല്‍ 6.30, ഊപ്പമണ്‍ ജംഗ്ഷന്‍ രാത്രി 7, ഓമല്ലൂര്‍ ശ്രീരക്തകണ്ഠസ്വാമി ക്ഷേത്രം രാത്രി 8.
23ന് രാവിലെ 8ന് ഓമല്ലൂര്‍ രക്തകണ്ഠ സ്വാമി ക്ഷേത്രത്തില്‍ നിന്നും അന്നേദിവസത്തെ യാത്ര ആരംഭിക്കും. കൊടുന്തറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം 9, അഴൂര്‍ ജംഗ്ഷന്‍ 10, പത്തനംതിട്ട ഊരമ്മന്‍ കോവില്‍ 10.45, പത്തനംതിട്ട ശാസ്താ ക്ഷേത്രം 11, കരിമ്പനയ്ക്കല്‍ ദേവി ക്ഷേത്രം 11.30, ശാരദാ മഠം മുണ്ടുകോട്ടയ്ക്കല്‍ എസ്എന്‍ഡിപി മന്ദിരം ഉച്ചയ്ക്ക് 12, കടമ്മനിട്ട ഭഗവതി ക്ഷേത്രം ഉച്ചയ്ക്ക് 1.

കടമ്മനിട്ട ഋഷികേശ ക്ഷേത്രം ഉച്ച കഴിഞ്ഞ് 2.15, കോട്ടപ്പാറ കല്ലേലി മുക്ക് 2.30, പേഴുംകാട് എസ്എന്‍ഡിപി മന്ദിരം 2.45, മേക്കൊഴൂര്‍ ക്ഷേത്രം 3.15, മൈലപ്ര ഭഗവതി ക്ഷേത്രം 3.45, കുമ്പഴ ജംഗ്ഷന്‍ വൈകുന്നേരം 4.15, പാലമറ്റൂര്‍ അമ്പലമുക്ക് 4.30, പുളിമുക്ക് 4.45, വെട്ടൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം ഗോപുരപ്പടി 5.30.
ഇളകൊള്ളൂര്‍ മഹാദേവ ക്ഷേത്രം വൈകിട്ട് 6.15, ചിറ്റൂര്‍മുക്ക് രാത്രി 7.15, കോന്നി ടൗണ്‍ രാത്രി 7.45, കോന്നി ചിറയ്ക്കല്‍ ക്ഷേത്രം രാത്രി 8, കോന്നി മുരിങ്ങമംഗലം ക്ഷേത്രം രാത്രി

8.30.
24ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തില്‍ നിന്നും രാവിലെ 7.30ന് അന്നേദിവസത്തെ യാത്ര ആരംഭിക്കും. ചിറ്റൂര്‍ മഹാദേവ ക്ഷേത്രം രാവിലെ 8, അട്ടച്ചാക്കല്‍ 8.30, വെട്ടൂര്‍ ക്ഷേത്രം 9, മൈലാടുംപാറ 10.30, കോട്ടമുക്ക് 11, മലയാലപ്പുഴ ക്ഷേത്രം ഉച്ചയ്ക്ക് 12, മലയാലപ്പുഴ താഴം ഉച്ചയ്ക്ക് 1, മണ്ണാറക്കുളഞ്ഞി ക്ഷേത്രം ഉച്ചയ്ക്ക് 1.15.
റാന്നി രാമപുരം ക്ഷേത്രം ഉച്ചകഴിഞ്ഞ് 3.30, ഇടക്കുളം ശാസ്താ ക്ഷേത്രം വൈകുന്നേരം 5.30, വടശേരിക്കര ചെറുകാവ് 6.30, വടശേരിക്കര പ്രയാര്‍ മഹാവിഷ്ണു ക്ഷേത്രം രാത്രി 7, മാടമണ്‍ ക്ഷേത്രം രാത്രി 7.45, പെരുനാട് ശാസ്താ ക്ഷേത്രം രാത്രി 8.30.
25ന് രാവിലെ എട്ടിന് പെരുനാട് ശാസ്താ ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. ളാഹ സത്രം 9, പ്ലാപ്പള്ളി 10, നിലയ്ക്കല്‍ ക്ഷേത്രം 11, ചാലക്കയം ഉച്ചയ്ക്ക് 1, 1.30ന് പമ്പയില്‍ എത്തിച്ചേരും.
പമ്പയില്‍ നിന്നും ഉച്ചകഴിഞ്ഞ് മൂന്നിന് പുറപ്പെട്ട് അഞ്ചു മണിയോടെ ശരംകുത്തിയില്‍ എത്തിച്ചേരും. തുടര്‍ന്ന് ശബരിമല ക്ഷേത്രത്തില്‍ നിന്നും എത്തുന്ന സംഘം ആചാരപൂര്‍വം സ്വീകരിച്ച് സന്നിധാനത്തേക്ക് തങ്ക അങ്കി ഘോഷയാത്രയെ ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തി 6.30ന് ദീപാരാധന നടക്കും. 26ന് ഉച്ചയ്ക്കാണ് മണ്ഡല പൂജ.

 

അയ്യപ്പനെ എഴുന്നള്ളത്തിന് വിളിച്ച് ശബരിമലയിലെ മരപ്പാണികൊട്ടല്‍

വിളക്ക് വെച്ചും നെല്‍പ്പറ നിറച്ചും അയ്യപ്പനെ എഴുന്നള്ളത്തിന് വിളിച്ച് ശബരിമലയിലെ മരപ്പാണികൊട്ടല്‍ ചടങ്ങ്. ശ്രീകോവിലിന് മുമ്പില്‍ മേല്‍ശാന്തി വിളക്ക് വെച്ചതിന് ശേഷം നെല്‍പ്പറ നിറച്ചു വയ്ക്കും. തുടര്‍ന്ന് തന്ത്രിയോടും ക്ഷേത്രം മാനേജരോടും അനുവാദം വാങ്ങിയശേഷമാണ് പാണികൊട്ടല്‍ ചടങ്ങ് ആരംഭിക്കുക. പഞ്ചവാദ്യ ലാവണത്തിലെ ജീവനക്കാരനാണ് ശബരിമലയില്‍ പാണികൊട്ടല്‍ നടത്തുന്നത്. പാണി കൊട്ടുന്നതിലെ പരിചയ സമ്പത്തും കലാരംഗത്തെ മികവും പരിഗണിച്ചാണ്, രണ്ടു വര്‍ഷത്തെ കാലയളവില്‍ ദേവസ്വം ബോര്‍ഡ് പാണികൊട്ടുന്നവരെ നിയമിക്കുന്നത്. കീഴൂര്‍ മധുസൂദനകുറുപ്പിനെയാണ് ഇത്തവണ മരപ്പാണി കൊട്ടുന്നതിന് നിയോഗിച്ചിരിക്കുന്നത്. സഹായത്തിന് രണ്ടിലധികം പേരുമുണ്ടാകും.

മരം (വരിക്ക പ്ലാവിന്‍ കുറ്റിയില്‍ പശുവിന്റെ തോല്‍ കൊണ്ടു നിര്‍മിച്ച വാദ്യോപകരണം), ചേങ്ങില, ശംഖ് എന്നിവയാണ് ക്ഷേത്രാചാരങ്ങളില്‍ ഏറെ പ്രാധാന്യമുള്ള ചടങ്ങായ പാണികൊട്ടലിനായി ഉപയോഗിക്കുന്നത്. മരപ്പാണി, തിമിലപ്പാണി എന്നിങ്ങനെ പാണി രണ്ട് വിധമുണ്ട്. സഹസ്ര കലശം, നവീകരണ കലശം, കളഭാഭിഷേകം, ഉത്സവബലി തുടങ്ങിയ ചടങ്ങുകള്‍ ആരംഭിക്കുന്നതിന് മുന്‍പായാണ് മരപ്പാണികൊട്ടല്‍ നടത്തുക. ഭൂതബലിക്കും ശ്രീബലിക്കും തിമിലപ്പാണി കൊട്ടും. വേഷവിധാനത്തിലും പ്രത്യേകതയുണ്ട്.

 

മാളികപ്പുറത്തെ സര്‍പ്പപാട്ട്

മാളികപ്പുറത്തെ സര്‍പ്പപാട്ട് വളരെ പ്രസിദ്ധമാണ്. പാരമ്പര്യമായി സര്‍പ്പപാട്ട് പാടുന്ന 16 പേരാണ് ശബരിമല ഉണ്ടായിരുന്നത്. നിലവില്‍ ആറു പേരാണ് സര്‍പ്പപാട്ട് പാടുന്നത്. മാളികപ്പുറത്ത് 18 വര്‍ഷമായി സര്‍പ്പപാട്ട് പാടി ഉപജീവനം കഴിക്കുകയാണ് ആലപ്പുഴ മുഹമ്മ സ്വദേശി പുഷ്‌ക്കരന്‍. കോവിഡ് കാലം ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കിയെങ്കിലും മാളികപ്പുറത്തമ്മയ്ക്ക് അരികില്‍ വന്ന് സര്‍പ്പപാട്ട് പാടുമ്പോള്‍ എല്ലാ പ്രയാസങ്ങളും മറക്കുന്നതായി പുഷ്‌ക്കരന്‍ പറയുന്നു. തൃശൂര്‍, പാലക്കാട് ഭാഗങ്ങളില്‍ നാഗൂര്‍ പാട്ട് എന്നാണ് സര്‍പ്പപാട്ട് അറിയപ്പെടുന്നത്.

നാട്ടിന്‍പുറങ്ങളിലെ വീടുകളിലും കാവുകളിലും ക്ഷേത്രങ്ങളിലുമൊക്കെ പാരമ്പര്യമായി സര്‍പ്പപാട്ട് നടത്തുന്നവരുണ്ട്. വീണയാണ് സര്‍പ്പപാട്ടിന് വാദ്യോപകരണമായി ഉപയോഗിക്കുന്നത്. കാശിരാമേശ്വരം, പാണ്ടിമലയാളം അടച്ചു വാണിരിക്കും ശബരിമല ശാസ്താവിന്റെ പള്ളിക്കെട്ടും കെട്ടി സത്യമായ പൊന്നു പതിനെട്ട് പടിയും ചവിട്ടി സ്വാമി ദര്‍ശനം കണ്ട് സ്വാമി തൃപ്പാദം കണ്ട് കൈവണങ്ങുന്നു. കന്നിമൂല ഗണപതി ഭഗവാനെയും വന്ദിച്ച് മാളികപ്പുറത്ത് വേണ്ട വഴിപാടുകളും ചെയ്ത് നാഗരാജന്‍ നാഗയക്ഷി സന്നിധിയില്‍ വന്ന് നാരദ ശ്രീ കൈലാസവീണ വായിച്ച് ദോഷങ്ങള്‍ തീര്‍ക്കുന്നു ദുരിതങ്ങള്‍ മാറ്റുന്നു. വെട്ടിക്കോട്ട് നാഗരാജനും മണ്ണാറശാലയില്‍ നാഗയക്ഷിയമ്മയും വീണ സ്വരം കേട്ട് പ്രസാദിക്കണം. നെല്ലും പൊന്നും പണവും എന്നും വര്‍ധന ഉണ്ടാകണം. ദീര്‍ഘായുസ് കല്‍പന ഉണ്ടാകണം. ഭഗവാന്റെ കടാക്ഷത്താല്‍ മാളികപ്പുറത്തമ്മയും മലനട ഭഗവതിയും നവഗ്രഹങ്ങളും കൊച്ചു കടുത്ത സ്വാമിയും വീണ സ്വരം കേട്ട് പ്രസാദിക്കണം. പാടിച്ച് സന്തതി സന്താനങ്ങള്‍ക്ക് സര്‍പ്പങ്ങളുടെ ദോഷങ്ങള്‍ തീര്‍ക്കണം ഇതാണ് സര്‍പ്പപാട്ടിന്റെ പ്രധാന ഐതിഹ്യം.

 

ഹെക്ട്രോ ഗ്രൂപ്പ് ചെയര്‍മാന്‍ ബി. പാര്‍ത്ഥസാരഥി റെഡ്ഡി ശബരിമല ദര്‍ശനം നടത്തി;
കെട്ടിട നവീകരണത്തിന് 4.5 കോടി രൂപയുടെ വാഗ്ദാനം

ഹൈദരാബാദ് ആസ്ഥാനമായ ഹെക്ട്രോ ഗ്രൂപ്പ് ചെയര്‍മാന്‍ ബി. പാര്‍ത്ഥസാരഥി റെഡ്ഡി ശബരിമലയില്‍ ദര്‍ശനം നടത്തി. ദര്‍ശനത്തിന് ശേഷം മാളികപ്പുറത്തിന് സമീപത്തെ ദേവസ്വം ബോര്‍ഡിന്റെ കെട്ടിടങ്ങള്‍ സന്ദര്‍ശിച്ചു. ഈ കെട്ടിടങ്ങളില്‍ ശുചിമുറി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും ലിഫ്റ്റ് സംവിധാനവും ഒരുക്കുന്നതിന് 4.5 കോടി രൂപ വാഗ്ദാനം ചെയ്തു. തിരുവനന്തപുരത്ത് ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കുകയായിരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍ പാര്‍ത്ഥസാരഥി റെഡ്ഡിയുമായി ഫോണില്‍ സ്‌പോണ്‍സര്‍ഷിപ്പ് സംബന്ധിച്ച കാര്യങ്ങളില്‍ ആശയവിനിമയം നടത്തി.

ഹൈദരാബാദില്‍ നിന്ന് രാവിലെ 8.30-ഓടെയാണ് ഹെലികോപ്റ്റര്‍ മാര്‍ഗം പാര്‍ത്ഥസാരഥി റെഡ്ഡി നിലയ്ക്കലിലെത്തിയത്. നിലയ്ക്കല്‍ പോലീസ് സ്‌പെഷല്‍ ഓഫീസര്‍ മഹേഷ്ദാസ്, ദേവസ്വം ബോര്‍ഡ് ചീഫ് എഞ്ചിനിയര്‍ ഇ. കൃഷ്ണകുമാര്‍, എക്‌സിക്യുട്ടിവ് എഞ്ചിനിയര്‍ കെ. അജിത്ത് എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. തുടര്‍ന്ന് പമ്പയില്‍ സ്‌പെഷല്‍ ഓഫീസര്‍ ആമോസ് മാമന്‍, അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ ഗോപകുമാര്‍, അസി. എഞ്ചിനിയര്‍ എസ്.കെ. ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലും അദ്ദേഹത്തിന് സ്വീകരണം നല്‍കി.
ബോര്‍ഡ് ചീഫ് എഞ്ചിനിയര്‍ ഇ. കൃഷ്ണകുമാര്‍, എക്‌സിക്യുട്ടിവ് എഞ്ചിനിയര്‍ കെ. അജിത്ത്, കോ-ഓര്‍ഡിനേറ്റര്‍ കെ. റെജികുമാര്‍ എന്നിവരോടൊപ്പം രാവിലെ 11 മണിയോടെ സന്നിധാനത്തെത്തിയ പാര്‍ത്ഥസാരഥി റെഡ്ഡിയെയും സംഘത്തെയും എക്‌സിക്യുട്ടിവ് ഓഫീസര്‍ കെ. കൃഷ്ണകുമാര വാരിയര്‍ എതിരേറ്റു. ഉച്ചപൂജയ്ക്ക് ശേഷമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ദേവസ്വം ബോര്‍ഡിന്റെ കെട്ടിടങ്ങള്‍ സന്ദര്‍ശിച്ചത്. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി അതിയിടം കുറുവക്കാട് ശംഭു നമ്പൂതിരി എന്നിവരെ സന്ദര്‍ശിച്ച് പ്രസാദം ഏറ്റുവാങ്ങി.

ഹൈദരാബാദ് ആസ്ഥാനമായ വാസവി ഗ്രൂപ്പ് ഡയറക്ടര്‍ ശ്രീകാന്ത് റെഡ്ഡി, പാര്‍ത്ഥസാരഥി റെഡ്ഡിയുടെ മരുമകന്‍ ശ്രീനിവാസ് റെഡ്ഡി, ഡോ. ജാസ് ഗിരി എന്നിവരും ഒപ്പമുണ്ടായിരുന്നു.

 

കനത്ത മഴ ചെയ്യുന്ന സാഹചര്യങ്ങളില്‍ ഭക്തര്‍ക്ക് പമ്പയില്‍ വിരിവയ്ക്കാനുള്ള അനുമതി നല്‍കും

കനത്ത മഴ പെയ്യുന്ന സാഹചര്യങ്ങളില്‍ ഭക്തര്‍ക്ക് പമ്പയില്‍ വിരിവയ്ക്കാനുള്ള അനുമതി നല്‍കാന്‍ എഡിഎം അര്‍ജുന്‍ പാണ്ഡ്യന്റെ സാന്നിധ്യത്തില്‍ തീര്‍ഥാടന പുരോഗതി വിലയിരുത്തുന്നതിനു ശബരിമല സന്നിധാനത്തു ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.

നിലവില്‍ രണ്ട് ആംബുലന്‍സുകളാണ് ശബരിമലയില്‍ സേവനത്തിന് ഉപയോഗിക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം, അയ്യപ്പസേവാ സംഘത്തിന്റെ പമ്പയിലുള്ള ആംബുലന്‍സും ഉപയോഗിക്കാനുള്ള സൗകര്യമൊരുക്കാമെന്നും എഡിഎം പറഞ്ഞു.

ദര്‍ശനം കഴിഞ്ഞ് ഭക്തര്‍ കൂട്ടത്തോടെ മടങ്ങുമ്പോള്‍ തിരക്കൊഴിവാക്കാന്‍ പമ്പയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് ഷെഡ്യൂളുകള്‍ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം നല്‍കുമെന്ന് എഡിഎം പറഞ്ഞു. തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തില്‍ വിവിധ വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്നും എഡിഎം നിര്‍ദേശിച്ചു.
പമ്പയില്‍ നിന്ന് നീലിമല, അപ്പാച്ചിമേട് വഴി സന്നിധാനത്തേക്കുള്ള പരമ്പരാഗത പാത സജ്ജമാക്കിയത് യോഗം വിലയിരുത്തി. സന്നിധാനത്ത് സ്ഥിരം ജോലി ചെയ്യുന്നവരുടെ ആരോഗ്യ കാര്യത്തില്‍ എല്ലാ വകുപ്പുകളും പ്രത്യേകം ശ്രദ്ധചെലുത്തണമെന്ന് യോഗം നിര്‍ദേശിച്ചു. ഭക്തരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി നിലവില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവികളെല്ലാം പ്രവര്‍ത്തന സജ്ജമാണ്. ശുചീകരണ പ്രവര്‍ത്തനങ്ങളും ക്ലോറിനേഷനും മികച്ച നിലയില്‍ നടക്കുന്നതായും യോഗം വിലയിരുത്തി.

പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ ആര്‍. ആനന്ദ്, ദേവസ്വം ബോര്‍ഡ് എക്‌സിക്യുട്ടീവ് ഓഫീസര്‍ വി. കൃഷ്ണകുമാര വാര്യര്‍, ആര്‍എഎഫ് ഡപ്യൂട്ടി കമാന്‍ഡന്റ് ജി. വിജയന്‍, ദേവസ്വം ബോര്‍ഡ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ സംഗീത്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ശബരിമലയിലെ നാളത്തെ (09.12,2021) ചടങ്ങുകള്‍

പുലര്‍ച്ചെ 3.30 ന് പള്ളി ഉണര്‍ത്തല്‍
4 മണിക്ക്…. തിരുനട തുറക്കല്‍
4.05 ന്….. അഭിഷേകം
4.30 ന് …ഗണപതി ഹോമം
5 മണി മുതല്‍ 7 മണി വരെ നെയ്യഭിഷേകം
7.30 ന് ഉഷപൂജ
8 മണി മുതല്‍ ഉദയാസ്തമന പൂജ
11.30 ന് 25 കലശാഭിഷേകം
തുടര്‍ന്ന് കളഭാഭിഷേകം
12 ന് ഉച്ചപൂജ
1 മണിക്ക് നട അടയ്ക്കല്‍
4 മണിക്ക് ക്ഷേത്രനട തുറക്കും
6.30 ….ദീപാരാധന
7 മണിക്ക് …..പടിപൂജ
9 മണിക്ക് ….അത്താഴപൂജ
9.50 ന്  ഹരിവരാസനം സങ്കീര്‍ത്തനം പാടി 10 മണിക്ക്  ശ്രീകോവില്‍ നട അടയ്ക്കും.

error: Content is protected !!