ശബരിമല വാര്‍ത്തകള്‍ (07/12/2021 )

ഭാരത് ബയോടെക് എംഡി ഡോ. കൃഷ്ണ എല്ല ശബരിമലയില്‍ ദര്‍ശനം നടത്തി
അന്നദാനത്തിന് ഒരു കോടി നല്‍കി

ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് ചെയര്‍മാനും എംഡിയുമായ ഡോ. കൃഷ്ണ എല്ലയും ഭാര്യ സുചിത്ര എല്ലയും ശബരിമലയില്‍ ദര്‍ശനം നടത്തി. ശബരിമലയിലെ അന്നദാനത്തിലേക്ക് ഒരു കോടി രൂപ അദ്ദേഹം സംഭാവന നല്‍കി. ശബരിമലയിലെ വികസനത്തിനും ജീവനക്കാരുടെ ആരോഗ്യ സംരക്ഷണത്തിനും വേണ്ട എന്ത് സഹായങ്ങള്‍ ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. സംഭാവന നല്‍കിയ ഡോ. കൃഷ്ണ എല്ലയെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ ഫോണില്‍ വിളിച്ച് നന്ദി അറിയിച്ചു. എക്‌സിക്യുട്ടിവ് ഓഫീസര്‍ വി. കൃഷ്ണകുമാര വാരിയര്‍ക്ക് ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ വഴിയാണ് തുക കൈമാറിയത്.

ചൊവ്വാഴ്ച രാവിലെ 11.30-ഓടെ തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ കെ റജികുമാറിനൊപ്പമാണ് ഇരുവരും സന്നിധാനത്തെത്തിയത്. ദര്‍ശനത്തിന് ശേഷം തന്ത്രി കണ്ഠര് മഹേശ്വരര് മോഹനര്, മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി അതിയിടം കുറുവക്കാട് ശംഭു നമ്പൂതിരി എന്നിവരെ സന്ദര്‍ശിച്ച് പ്രസാദം സ്വീകരിച്ച ശേഷം ഉച്ചയ്ക്ക് ഹെലികോപ്റ്റര്‍ മാര്‍ഗം ഇരുവരും ഗുരുവായൂര്‍ക്ക് പോയി.

കേശാദിപാദം പാടാന്‍ പറകൊട്ടിപാട്ടുകാര്‍ സന്നിധാനത്ത് സജീവം

തല മുതല്‍ പാദം വരെ പാണച്ചെടിയുടെ ഇല കൊണ്ട് ഉഴിഞ്ഞ്, ഭക്തന്റെ കണ്ണുദോഷം മാറ്റാന്‍ പറ കൊട്ടി പാട്ടുകാര്‍ ഇത്തവണയും സന്നിധാനത്ത് സജീവമാണ്. മാളികപ്പുറത്തമ്മയെ തൊഴുത് മണിമണ്ഡപത്തിലെത്തുമ്പോള്‍ ഭക്തനെയും കാത്ത് കേശാദിപാദം പാട്ടു പാടാന്‍ പറകൊട്ടി പാട്ടുകാര്‍ കാത്തിരിപ്പുണ്ട്. പരമ്പരാഗതമായി വേലന്‍ സമുദായത്തില്‍പ്പെട്ടവരുടെ അവകാശമാണിത്. 12 പേരാണ് ഇപ്രാവശ്യം സന്നിധാനത്ത് പറകൊട്ടി പാട്ടിനെത്തിയിട്ടുള്ളത്. വഴിപാടുകാര്‍ ഇഷ്ടത്തോടെ നല്‍കുന്ന ദക്ഷിണയാണ് ഇവര്‍ സ്വീകരിക്കുന്നത്.

 

ആട്ടിന്‍ തോലുപയോഗിച്ച് ചൊടലി, ചൂരല്‍ എന്നിവയിലാണ് വാദ്യ ഉപകരണമായ പറ തയാറാക്കുന്നത്. തെറ്റി, തുളസി, ചെമ്പകം, ചെമ്പരത്തി, അശോകം, മുല്ല, കമ്പ് ഇവയില്‍ ഏതെങ്കിലുമൊന്നാണ് പറ കൊട്ടാന്‍ ഉപയോഗിക്കുന്നത്. 20 മിനുട്ടുള്ള കേശാദിപാദം പാട്ട് പൂര്‍ത്തിയാകുമ്പോള്‍ ഭക്തനെ ഭസ്മം തൊട്ട് അനുഗ്രഹിക്കുന്നതോടെയാണ് ചടങ്ങ് പൂര്‍ത്തയാകുക. വൃശ്ചികം ഒന്ന് മുതല്‍ മകരവിളക്ക് വരെയും പറകൊട്ടി പാട്ടുകാര്‍ സന്നിധാനത്തുണ്ടാകും. മലയാള മാസം ഒന്നു മുതല്‍ ശബരിമല നടതുറക്കുമ്പോഴും ഇവര്‍ സന്നിധാനത്തുണ്ടാകും. മാടമണ്‍, വെള്ളിയൂര്‍, ആറന്മുള, തിരുവന്‍വണ്ടൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് വര്‍ഷങ്ങളായി പറകൊട്ടിപാടാന്‍ എത്തുന്നത്.

പ്ലാസ്റ്റിക്കിനെതിരെ ബോധവല്‍ക്കരണവുമായി പുണ്യം പൂങ്കാവനം പ്രവര്‍ത്തകര്‍

പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി ശബരിമല സന്നിധാനത്ത് പ്ലാസ്റ്റിക്കിനെതിരെ ബോധവല്‍ക്കരണം നടത്തി. കേരള പോലീസിന്റെ നേതൃത്വത്തില്‍ ആര്‍.എ.എഫ്, കേന്ദ്രസേന, ഫയര്‍ഫോഴ്സ്, എക്സൈസ്, അഖില ഭാരത അയ്യപ്പസേവാസംഘം, വിശുദ്ധിസേന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ശുചീകരണവും പ്ലാസ്റ്റിക്കിനെതിരായ ബോധവല്‍ക്കരണവും നടത്തിയത്.

സന്നിധാനത്ത് ഡിവൈഎസ്പി എം. രമേഷ് കുമാര്‍, ആംഡ് പോലീസ് ഇന്‍സ്പെക്ടര്‍ പി.എം. ഗോപി, ആംഡ് സബ് ഇന്‍സ്പെക്ടര്‍ വി. അനില്‍കുമാര്‍ എന്നിവരുടെയും പമ്പയില്‍ ആംഡ് സബ് ഇന്‍സ്‌പെക്ടര്‍ സജി മുരളി, നിലയ്ക്കല്‍ ആംഡ് സബ് ഇന്‍സ്പെക്ടര്‍ ജയകുമാര്‍, എരുമേലിയില്‍ ആംഡ് സബ് ഇന്‍സ്പെക്ടര്‍ സുജിത്ത് എന്നിവരുടെയും നേതൃത്തിലാണ് പുണ്യം പൂങ്കാവനം ശുചീകരണവും ബോധവത്കരണവും നടത്തിവരുന്നത്.

 

പ്രകൃതിയെ സംരക്ഷിക്കുക, ശബരിമലയെ പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ 2010 ലാണ് ശബരിമല സന്നിധാനത്ത് പുണ്യം പൂങ്കാവനം പദ്ധതി തുടങ്ങിയത്.

 

ശബരിമലയിലെ നാളത്തെ (08.12,2021) ചടങ്ങുകള്‍

പുലര്‍ച്ചെ 3.30 ന് പള്ളി ഉണര്‍ത്തല്‍
4 മണിക്ക്…. തിരുനട തുറക്കല്
4.05 ന്….. അഭിഷേകം
4.30 ന് …ഗണപതി ഹോമം
5 മണി മുതല് 7 മണി വരെ നെയ്യഭിഷേകം
7.30 ന് ഉഷപൂജ
8 മണി മുതല് ഉദയാസ്തമന പൂജ
11.30 ന് 25 കലശാഭിഷേകം
തുടര്‍ന്ന് കളഭാഭിഷേകം
12 ന് ഉച്ചപൂജ
1 മണിക്ക് നട അടയ്ക്കല്
4 മണിക്ക് ക്ഷേത്രനട തുറക്കും
6.30 ….ദീപാരാധന
7 മണിക്ക് …..പടിപൂജ
9 മണിക്ക് ….അത്താഴപൂജ
9.50 ന്  ഹരിവരാസനം സങ്കീര്‍ത്തനം പാടി 10 മണിക്ക്  ശ്രീകോവില് നട അടയ്ക്കും.

error: Content is protected !!