ശബരിമല വാര്‍ത്തകള്‍ ,വിശേഷങ്ങള്‍ (5/12/2021 )

നടപ്പന്തലിൽ സാനിറ്റൈസിംഗ് ഡിസ്‌പെൻസർ; മാസ്‌ക് വിതരണം

ശബരിമല സന്നിധാനത്ത് നടപ്പന്തലിൽ വിർച്വൽ ക്യൂവിൽ പ്രവേശിക്കുന്നിടത്ത് പോലീസ് സാനിറ്റൈസിംഗ് ഡിസ്‌പെൻസർ സ്ഥാപിച്ചു. മാസ്‌ക് ധരിക്കാതെ കടന്നുവരുന്നവർക്ക് പോലീസ് വക മാസ്‌കുമുണ്ട്. മാസ്‌കില്ലാതെ വരുന്നവരെ സർജിക്കൽ മാസ്‌ക് ധരിപ്പിച്ച് വിടുകയാണ് പോലീസ് ചെയ്യുന്നത്. സന്നിധാനത്തെ ഉന്നതതല യോഗത്തിലെ തീരുമാന പ്രകാരമാണ് കോവിഡ് പ്രതിരോധത്തിനായി പോലീസ് സാനിറ്റൈസിംഗ് ഡിസ്‌പെൻസർ സ്ഥാപിച്ചത്.
മാസ്‌ക് ധരിക്കുന്നതിനായും ഉപയോഗിച്ച മാസ്‌കുകൾ വലിച്ചെറിയാതിരിക്കാനുമായി ആരോഗ്യ വകുപ്പും ദേവസ്വം ബോർഡും നിരന്തരമായ ബോധവത്കരണം നടത്തുന്നുണ്ട്. കടകളിൽ ജോലി ചെയ്യുവർ മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കാൻ കർശനമായ പരിശോധന നടത്തുമെന്ന് സന്നിധാനം സ്‌പെഷൽ പോലീസ് ഓഫീസർ ആർ. ആനന്ദ് അറിയിച്ചിരുന്നു.

ശബരിമല നൽകുന്നത് മനുഷ്യൻ ഒന്നാണെന്ന സന്ദേശം: അബ്ദുൽ റഷീദ് മുസ്ല്യാർ

ജാതി മതങ്ങൾക്ക് അതീതമായി മനുഷ്യൻ ഒന്നാണെന്ന സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശമാണ് ശബരിമല സന്നിധാനത്ത് നാം കാണുന്നതെന്ന് വാവര്‌സ്വാമി നടയിലെ കാരണവർ വി.എസ്. അബ്ദുൾ റഷീദ് മുസ്‌ല്യാർ. ശബരിമലയിൽനിന്ന് ഒരുമിച്ചേ മടങ്ങൂ എന്ന് പരസ്പരം ഉറപ്പിച്ച് മുഖാമുഖം ഇരിക്കുന്ന സ്വാമി അയ്യപ്പന്റേയും അമീർ ഖാദി ബഹദൂർ വാവ വാവർ മുസ്ല്യാർ എന്ന വാവർ സ്വാമിയുടേതും സവിശേഷമായ സ്‌നേഹബന്ധമായിരുന്നു.

ആഴത്തിൽ ചിന്തിച്ചാൽ എല്ലാ മ

തങ്ങളും ഒന്നാണ്. സ്‌നേഹത്തിന്റെ ഏറ്റവും വലിയ ഭാവങ്ങളാണ് മതങ്ങൾ. അതിലും വലിയ സ്‌നേഹത്തിന്റെ ഭാവങ്ങളാണ് ദൈവങ്ങൾ. മറ്റ് മതത്തെ പറ്റി, അതിന്റെ ആചാര മര്യദകളെ കുറിച്ച് ആഴത്തിൽ പഠിച്ച് മനസ്സിലാക്കി സംസാരിച്ചാൽ, ആർക്കും അഭിപ്രായവ്യത്യാസം ഉണ്ടാവില്ല-അദ്ദേഹം പറഞ്ഞു. ഭിഷഗ്വരനും മാന്ത്രികനുമായിരുന്ന വാവരുടെ എരുമേലി വായിപൂരിലെ വെട്ടിപ്ലാക്കൽ കുടുംബത്തിന്റെ കാരണവരാണ് ഇദ്ദേഹം. കഴിഞ്ഞ 14 വർഷമായി വാവർ നടയിൽ തീർഥാടകർക്ക് വാവരുടെ പ്രസാദവും അനുഗ്രഹവും നൽകുന്നു. അറുപതിലേറെ വർഷമായി അദ്ദേഹം സ്ഥിരമായി ശബരിമലയിൽ എത്തുന്നു.

 

വാവരുടെ പ്രസാദം കുരുമുളകും കൽക്കണ്ടവും ഏലയ്ക്കയും ജീരകവും ചുക്കും അരി വറുത്തുപൊടിച്ചതും ചേർത്ത ഔഷധമാണ്. ഭസ്മവും ജപിച്ച ഉറുക്കും വാവർ നടയിൽ നൽകുന്നു. തീർഥാടകർ കുരുമുളകും നവധാന്യങ്ങളും കൽക്കണ്ടവും കാണിക്കയായി ഇവിടെ അർപ്പിക്കുന്നു. എന്നെ കാണാൻ വരുന്നവർ വാവരെ കണ്ടിട്ടേ മടങ്ങാവൂ എന്ന അയ്യപ്പന്റെ നിർദേശമാണ് ഭക്തർ പാലിക്കുന്നത്. എരുമേലി വാവര് പള്ളിയിൽ ദർശനം നടത്തുന്നത് ശബരിമല തീർഥാടനത്തിന്റെ ഭാഗമാണ്.

എൻ. റിയാസ് മുസ്‌ല്യാർ, നൗഷദ മുസ്‌ല്യാർ, നാസിം മുസ്‌ല്യാർ എന്നിവരാണ് അബ്ദുൾ റഷീദ് മുസ്‌ല്യാരുടെ സഹായികളായി വാവര് നടയിലുള്ളത്.

error: Content is protected !!