ശബരിമല : വാര്‍ത്തകള്‍ ,വിശേഷങ്ങള്‍ (4/12/2021 )

വിർച്വൽ ക്യൂവിന് പുറമെ സ്‌പോട്ട് ബുക്കിംഗ് 

ശബരിമല ദർശനത്തിനുള്ള സ്‌പോട്ട് ബുക്കിംഗ് വിർച്വൽ ക്യൂവിന് പുറമെയാണ്. ഒരു ദിവസം പരമാവധി  5,000 പേർക്കാണ് സ്പോട്ട് ബുക്കിംഗ് വഴി ദർശനം അനുവദിക്കുന്നത്. പക്ഷേ, ഇത് ഉപയോഗപ്പെടുത്തുന്നത് പരമാവധി അഞ്ഞൂറോളം പേർ മാത്രം. വിർച്വൽ ക്യൂ വഴി 40,000 പേരടക്കം 45000 പേർക്കാണ് ഒരു ദിവസം ദർശനത്തിന് അവസരം.
സ്പോട്ട് ബുക്കിംഗിന് നാല് കൗണ്ടറുകൾ ഇടത്താവളമായ നിലയ്ക്കലിൽ പ്രവർത്തിക്കുന്നുണ്ട്. വിർച്വൽ ക്യൂവും സ്പോട്ട് ബുക്കിംഗും സൗജന്യമാണ്.

 

നിലയ്ക്കലിന് പുറമെ എരുമേലി, കുമളി, തിരുവനന്തപുരം ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം, കോട്ടയം ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രം, വൈക്കം ശ്രീ മഹാദേവ ക്ഷേത്രം, കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം, പന്തളം വലിയകോയിക്കൽ ക്ഷേത്രം, പെരുമ്പാവൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രം, കീഴില്ലം ശ്രീ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലാണ് സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. വിർച്വൽ ക്യൂ സംബന്ധിച്ച സംശങ്ങൾക്ക് ഹെൽപ് ഡെസ്‌കുമായി ബന്ധപ്പെടാം. നമ്പർ: 7025800100.
വെബ്സൈറ്റ് വിലാസം: https://sabarimalaonline.org/         

മഴ വകവെക്കാതെ ശബരിമലയിൽ തീർഥാടക പ്രവാഹം

ശബരിമല സന്നിധാനത്ത് ശനിയാഴ്ച വൈകീട്ട് നട തുറക്കുന്ന നേരം പെയ്ത കനത്ത മഴ വെക്കാതെ, ഇരുമുടിക്കെട്ടേന്തിയെത്തിയ തീർഥാടകർ പതിനെട്ടാംപടി ചവിട്ടി ദർശനം നടത്തി. നട തുറക്കുമ്പോഴേക്കും നടപ്പന്തൽ ഏതാണ്ട് പൂർണ്ണമായും നിറഞ്ഞിരുന്നു. തിരക്ക് ഏറെ നേരം നീണ്ടുനിന്നു. ഇടയ്ക്കിടെ മഴ പെയ്യുന്നതിനാൽ പതിനെട്ടാംപടിക്ക് മുകളിൽ ടാർപോളിൻ കെട്ടി മറച്ചിട്ടുണ്ട്.

ശനിയാഴ്ച 42,354 പേർ ദർശനത്തിനായി ബുക്ക് ചെയ്തിരുന്നു. 27840 പേരാണ് വെള്ളിയാഴ്ച ദർശനം നടത്തിയത്. ഡിസംബർ ഒമ്പത് മുതൽ ഏതാണ്ട് മകരവിളക്ക് അവസാനിക്കും വരെ വിർച്വൽ ക്യൂ ബുക്കിംഗ് ഏതാണ്ട് പൂർണമാണ്. വിർച്വൽ ക്യൂ വഴി 40,000 പേരും സ്‌പോട്ട് ബുക്കിംഗ് വഴി 5,000 പേരുമടക്കം 45000 പേർക്കാണ് ഒരു ദിവസം ദർശനത്തിന് അവസരം ഒരുക്കിയിരിക്കുന്നത്.
കൈയിൽ സാനിറ്റൈസർ തളിച്ചും ആവശ്യക്കാർക്ക് മാസ്‌ക് നൽകിയുമാണ് പോലീസ് നടപ്പന്തലിലെ ക്യൂവിലേക്ക് കടത്തിവിടുന്നത്.

നേരിട്ട് നെയ്യഭിഷേകം ചെയ്യുന്നതിന് സൗകര്യം അനുവദിക്കാത്തതിനാൽ അഭിഷേകത്തിനുള്ള നെയ്യ് അയ്യപ്പന്മാരിൽ നിന്ന് ശേഖരിക്കുന്നതിന് പ്രത്യേക കൗണ്ടറുകൾ ദേവസ്വം ബോർഡ് സജീകരിച്ചിട്ടുണ്ട്. വടക്കേ നടയ്ക്ക് സമീപവും ക്ഷേത്രത്തിന് പുറകു വശത്തുമാണ് അഭിഷേകം ചെയ്യേണ്ട നെയ്യ് നൽകേണ്ടത്. അവിടെ നിന്ന് ലഭിക്കുന്ന രശീതി ഉപയോഗിച്ച് സന്നിധാനം പോലീസ് സ്റ്റേഷന് സമീപത്തുള്ള കൗണ്ടറിൽ നിന്ന് അഭിഷേകം ചെയ്ത നെയ്യ് ഭക്തർക്ക് വാങ്ങാം. അപ്പം, അരവണ പ്രസാദം പതിനെട്ടാം പടിക്ക് താഴെയുള്ള കൗണ്ടറുകളിൽനിന്നും വാങ്ങാം.

 

 

ശബരിമലയിലെ നാളത്തെ (05.12,2021) ചടങ്ങുകൾ

പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ
4 മണിക്ക് തിരുനട തുറക്കല്‍
4.05 ന് അഭിഷേകം
4.30ന്  ഗണപതി ഹോമം
5 മണി മുതല്‍ 7 മണി വരെ നെയ്യഭിഷേകം
7.30 ന് ഉഷപൂജ
8 മണി മുതല്‍ ഉദയാസ്തമന പൂജ
11.30 ന് 25 കലശാഭിഷേകം
തുടര്‍ന്ന് കളഭാഭിഷേകം
12 ന് ഉച്ചപൂജ
1 മണിക്ക് നട അടയ്ക്കല്‍
4 മണിക്ക് ക്ഷേത്രനട തുറക്കും
6.30 ദീപാരാധന
7 മണിക്ക് പടിപൂജ
9 മണിക്ക് അത്താഴപൂജ
9.50 ന്  ഹരിവരാസനം സങ്കീര്‍ത്തനം പാടി 10 മണിക്ക്  ശ്രീകോവില്‍ നട അടയ്ക്കും.

 

ദേവസ്വം ബോർഡ് പ്രസിഡൻറ്  ദർശനം നടത്തി

തിരുവിതാംകൂർ ബോർഡ് പ്രസിഡൻറ് അഡ്വ. കെ. അനന്തഗോപൻ ശബരിമല ദർശനം നടത്തി. ശനിയാഴ്ച രാവിലെയാണ് അദ്ദേഹം ദർശനത്തിനെത്തിയത്. മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി അദ്ദേഹത്തിന് പ്രസാദം നൽകി.

 

 

error: Content is protected !!