നിര്‍ഭയമായി ജോലിചെയ്യാന്‍ കഴിയുന്നത് ഭരണഘടനയുടെ അടിസ്ഥാന മൂല്യം കൊണ്ട് : ജില്ലാ കളക്ടര്‍

 

നിര്‍ഭയമായി ജോലിചെയ്യാന്‍ കഴിയുന്നത് ഭരണഘടനയുടെ അടിസ്ഥാന മൂല്യം കൊണ്ടാണെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. ഭരണഘടനാദിനത്തോട് അനുബന്ധിച്ചു പത്തനംതിട്ട കളകട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞചൊല്ലി സംസാരിക്കുകയായിരുന്നു കളക്ടര്‍.

 

ഭാരതത്തിലെ ജനങ്ങളായ നാം എന്ന ഭരണഘടനയുടെ ആമുഖം ഉദ്യോഗസ്ഥര്‍ ഏറ്റുചൊല്ലി. ഭരണഘടനയെക്കുറിച്ചുള്ള അറിവ് കൃത്യമായി എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ലഭിക്കേണ്ടത് അത്യാവശ്യമാണെന്നും അതിനുള്ള പരിശീലനം ലഭ്യമാകുന്നതിന് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലയിലെ എല്ലാ തലത്തിലുള്ള ഉദ്യോഗസ്ഥരും കൃത്യമായ അറിവോടും സേവനം ചെയ്യാനുള്ള താത്പര്യത്തോടും വേണം ജോലിചെയ്യാനെന്നും എങ്കില്‍ മാത്രമേ ഫയലുകള്‍ കെട്ടിക്കിടക്കുന്ന പ്രവണത ഇല്ലാതാവുകയുള്ളൂ എന്നും കളക്ടര്‍ പറഞ്ഞു.

 

ഉദ്യോഗസ്ഥരുടെ മുന്‍പില്‍ ഓരോ ഫയല്‍ എത്തുമ്പോഴും അത് ഏത് നിയമത്തിന്‍ കീഴിലുള്ളതാണെന്നും ഏത് റൂള്‍, ഏത് സെക്ഷന്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ കൃത്യമായ വിവരങ്ങളോടെ അടങ്ങിയിരിക്കണമെന്നും എന്നാല്‍ മാത്രമേ ഓരോ ഫയലിനും വേഗതയും കൃത്യതയും വര്‍ധിക്കുകയും ജനങ്ങള്‍ക്ക് വേഗത്തില്‍ ആശ്വാസം ലഭിക്കുകയും ചെയ്യൂ എന്നും കളക്ടര്‍ പറഞ്ഞു. ഡെപ്യൂട്ടി കളക്ടര്‍മാരായ  ആര്‍.രാജലക്ഷ്മി, ബി.ജ്യോതി,  പി.ആര്‍ ഷൈന്‍, ടി.ജി. ഗോപകുമാര്‍, ഹുസൂര്‍ ശിരസ്തദാര്‍ ബീന എസ്. ഹനീഫ്,  ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!