ശബരിമല മണ്ഡല-മകരവിളക്ക്: സുരക്ഷിത തീര്‍ഥാടനം ഉറപ്പുവരുത്തും:  ജില്ലാ കളക്ടര്‍

ശബരിമല മണ്ഡല-മകരവിളക്ക്:
 
സുരക്ഷിത തീര്‍ഥാടനം ഉറപ്പുവരുത്തും: 
ജില്ലാ കളക്ടര്‍
കോവിഡിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത തീര്‍ഥാടനം ഉറപ്പുവരുത്തുമെന്ന് പത്തനംതിട്ട ജില്ലാ  കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് മുന്നോടിയായി ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ഓണ്‍ലൈനായി ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.
ഇതിന് എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും കളക്ടര്‍ പറഞ്ഞു.  വിവിധ വകുപ്പുകള്‍ ഇക്കൊല്ലത്തെ തീര്‍ഥാടനകാലം സുരക്ഷിതവും സുഗമവും ആക്കി തീര്‍ക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തി വരുന്നതായും എത്രയും വേഗം അവ പൂര്‍ത്തിയാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
അപ്പം, അരവണ, മറ്റു പ്രസാദങ്ങള്‍ എന്നിവയുടെ വിതരണത്തിനായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്നും കുടിവെള്ള വിതരണത്തിനായി 25000ല്‍ അധികം  ബോട്ടിലുകള്‍ ദിനംപ്രതി സജ്ജീകരിക്കുമെന്നും ശബരിമല എക്സിക്യുട്ടീവ് ഓഫീസര്‍ കൃഷ്ണകുമാര വാര്യരും എക്സിക്യുട്ടീവ് എന്‍ജിനിയര്‍ അജിത് കുമാറും പറഞ്ഞു. ശബരിമല പാതയില്‍  സെക്യൂരിറ്റി ക്യാമറയെ മറയ്ക്കും വിധം മരച്ചില്ലകള്‍ വീണ് കിടപ്പുണ്ടെന്നും ഇവ വനംവകുപ്പ് വെട്ടി മാറ്റി നല്‍കണമെന്നും നിലയ്ക്കല്‍ ബസ് ബേയില്‍  തീര്‍ഥാടകര്‍ക്ക് കാത്തിരിപ്പ് സൗകര്യം കെഎസ്ആര്‍ടിസി  സജ്ജമാക്കണമെന്നും ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി പറഞ്ഞു.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കോവിഡ് പശ്ചാത്തലംകൂടി കണക്കിലെടുത്ത് ആവശ്യമായ സജ്ജീകരണങ്ങള്‍ ക്രമീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എ.എല്‍. ഷീജ, ഹോമിയോ ഡിഎംഒ ഡോ.ഡി. ബിജുകുമാര്‍, ഡിഎംഒ ഐഎസ്എം ഡോ. ശ്രീകുമാര്‍ എന്നിവര്‍ പറഞ്ഞു. നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ തീര്‍ഥാടകര്‍ക്ക് കോവിഡ് പരിശോധന നടത്തുമെന്നും കൊതുക് നശീകരണത്തിനും പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുമുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും ഡിഎംഒ (ആരോഗ്യം) ഡോ.എ.എല്‍. ഷീജ പറഞ്ഞു.
അപകടകരമായ അവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. കെ.എസ്.ടി.പിയുടെ നേതൃത്വത്തില്‍ മണ്ണാറക്കുളഞ്ഞി റോഡ് യുദ്ധകാലാടിസ്ഥാനത്തില്‍ സഞ്ചാരയോഗ്യമാക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ പല ഭാഷകളില്‍ ദിശാ സൂചികകള്‍ സ്ഥാപിക്കണം.
പമ്പ, സന്നിധാനം, നിലയ്ക്കല്‍ ബേസ് ക്യാമ്പ്, പന്തളം, കുളനട എന്നിവിടങ്ങളില്‍ അഗ്നിശമനസേന സേവനം ഉറപ്പുവരുത്തും.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തും. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തും. ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ശുചീകരണം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കായി എത്തുന്ന വോളന്റിയര്‍മാരുടെ യാത്രാചെലവ് തുക വര്‍ധിപ്പിച്ച് നല്‍കുന്നത് പരിഗണിക്കണമെന്ന് അഖില ഭാരത അയ്യപ്പസേവാ സംഘം ജനറല്‍ സെക്രട്ടറി വേലായുധന്‍ നായര്‍ പറഞ്ഞു.
error: Content is protected !!