സ്‌ക്കൂളുകള്‍ തുറക്കുന്നതിന് അര്‍ത്ഥം കോവിഡ് കാലം കഴിഞ്ഞു എന്നല്ല

സ്‌ക്കൂളുകള്‍ തുറക്കുന്നതിന് അര്‍ത്ഥം കോവിഡ് കാലം കഴിഞ്ഞു എന്നല്ല എന്ന സന്ദേശം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എത്തിക്കണം

കോന്നി വാര്‍ത്ത ഡോട്ട് കോം : സ്‌ക്കൂളുകളിലെ ക്ലാസ് പുനരാരംഭിക്കുന്നതിന് അര്‍ത്ഥം കോവിഡ് കാലം കഴിഞ്ഞു എന്നതല്ല എന്ന് വിദ്യാര്‍ത്ഥികള്‍ക്കു മനസിലാക്കി കൊടുക്കണമെന്ന് പാലക്കാട് കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ സംഘടിപ്പിച്ച ‘ക്ലാസ്മുറികളിലേക്കു മടങ്ങാം’ എന്ന വെബിനാര്‍ പരമ്പരയില്‍ പങ്കെടുത്ത വിദഗ്ദ്ധര്‍ ആഹ്വാനം ചെയ്തു.

ഏറെ നാളുകള്‍ക്കു ശേഷം സഹപാഠികളെ കാണുമ്പോള്‍ കുട്ടികള്‍ക്ക് ആവേശം വര്‍ധിക്കുമെന്നും ഇത് സാമൂഹിക അകലം പാലിക്കുന്നതിനെ ബാധിച്ചേക്കാമെന്നും ഓര്‍മിക്കണം. ഇക്കാര്യങ്ങളെല്ലാം കുട്ടികള്‍ക്കു പറഞ്ഞു കൊടുക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകണമെന്ന് ക്ലാസ് നയിച്ച ജില്ലാ ആര്‍സിഎച്ച് ഓഫിസര്‍ ഡോ. അനിത പറഞ്ഞു. കുട്ടികള്‍ രാവിലെ വീട്ടില്‍ നിന്നു ഭക്ഷണം കഴിച്ച ശേഷം മാത്രമാണ് സ്‌ക്കൂൡലേക്കു പോകുന്നതെന്ന് ഉറപ്പാക്കണം. ഇതിനു പകരം വിലപിടിച്ച മറ്റെന്തെങ്കിലും വാങ്ങി കൊടുത്തതു കൊണ്ട് ആവശ്യമായ പോഷകാഹാരമോ പ്രതിരോധ ശേഷിയോ ലഭിക്കില്ലെന്നും മാതാപിതാക്കള്‍ മനസിലാക്കണം.

അധികമായി വൈറ്റമിന്‍ ഗുളികള്‍ അടക്കമുള്ളവ നല്‍കേണ്ടത് അത് ആവശ്യമാണെന്നു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന അവസ്ഥയില്‍ മാത്രമായിരിക്കണം. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉള്ളതിനാല്‍ കുട്ടികളുടെ കയ്യില്‍ ഫോണ്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇവര്‍ സെല്‍ഫി എടുക്കാനും മറ്റും അധ്യാപകരുടെ ശ്രദ്ധ ലഭിക്കാത്ത ഇടങ്ങളിലേക്കു പോകാന്‍ ഇടയുണ്ട്. ഇത്തരം കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക ശ്രമം വേണമെന്നും ഡോ. അനിത പറഞ്ഞു.

ദീര്‍ഘകാലത്തിനു ശേഷം പുറത്തു പോകുന്ന സാഹചര്യത്തില്‍ ചെറിയ തോതില്‍ ചൂടു കൊള്ളുമ്പോള്‍ തന്നെ നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് രക്ഷിതാക്കളുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി അവൈറ്റീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോ. എം എസ് രഞ്ജിത്ത് ചൂണ്ടിക്കാട്ടി. അധികം വെയില്‍ ഇല്ലാത്ത ഇപ്പോഴത്തെ കാലാവസ്ഥയില്‍ അതു പ്രശ്‌നമാകില്ല. എങ്കിലും ഇതു നേരിടാന്‍ കുട്ടി ഭക്ഷണം കഴിച്ചിട്ടാണ് പോകുന്നതെന്ന് ഉറപ്പിക്കുകയും കുടിക്കാന്‍ വെള്ളം കൊടുത്തു വിടുകയും ചെയ്യണം.

സ്ഥിരമായി മരുന്നു കഴിക്കുന്ന കുട്ടികളെ അവരെ ചികില്‍സിക്കുന്ന ഡോക്ടറുടെ ഉപദേശം തേടിയ ശേഷമായിരിക്കണം സ്‌ക്കൂളിലേക്കു വിടേണ്ടത്. ഭൂരിഭാഗം കുട്ടികളും ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഇല്ലാത്തവരാണ്-ഡോ. രഞ്ജിത്ത് പറഞ്ഞു.

മണ്ണൂര്‍, കേരളശ്ശേരി, മംഗളം, മാരായമംഗലം എന്നിവിടങ്ങളിലെ വിവിധ സ്‌ക്കൂളുകളിലെ കുട്ടികളുടെ മാതാപിതാക്കള്‍ക്കു വേണ്ടിയാണ് വെബിനാറുകള്‍ സംഘടിപ്പിച്ചത്. ശിശു വികസന പദ്ധതി ഓഫിസര്‍ ആര്‍ രമ ഉദ്ഘാടനം ചെയ്തു.

ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം സ്മിതി, ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ ഉദ്യോഗസ്ഥരായ എം സുരേഷ്‌കുമാര്‍, ജിമി ജോണ്‍സണ്‍, സ്‌ക്കൂള്‍ കൗണ്‍സിലര്‍മാരായ കെ എസ് രമ്യ, സുജയ എന്നിവര്‍ വിവിധ വെബിനാറുകളില്‍ പങ്കെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫിസ്, ഐസിഡിഎസ് പാലക്കാട് അഡീഷണല്‍, ഒറ്റപ്പാലം അഡീഷണല്‍ പ്രൊജക്ടുകള്‍, അവൈറ്റീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നിവയുടെ സഹകരണത്തോടെയാണ് ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ വെബിനാറുകള്‍ സംഘടിപ്പിച്ചത്.

error: Content is protected !!