മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിന്റേത് മാതൃകാപരമായ പ്രവര്‍ത്തനം: മന്ത്രി സജി ചെറിയാന്‍

അഗ്രോ സെന്ററും, മണ്ണാറക്കുളഞ്ഞി ശാഖാ മന്ദിര ശിലാസ്ഥാപനവും നിര്‍വഹിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : ബാങ്കിംഗ് ഇതര മേഖലയിലും മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ഫിഷറീസ്, സാംസ്‌കാരിക, യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിന്റെ മണ്ണാറക്കുളഞ്ഞിയിലെ ശാഖാ മന്ദിരത്തിന്റെയും അഗ്രോ സെന്ററിന്റെയും ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് കാര്‍ഷികേതര മേഖലയിലും ഫലപ്രദമായ ഇടപെടല്‍ നടത്തിവരുന്നു. ബാങ്കിംഗ് അനുബന്ധ പ്രവര്‍ത്തനമായ ചിട്ടി, ഗോതമ്പ് സംസ്‌കരണ പ്ലാന്റ്, സൂപ്പര്‍ മാര്‍ക്കറ്റ്, അഗ്രോ ഷോപ്പ് എന്നിവയുടെ വിജയപ്രദമായ പ്രവര്‍ത്തനത്തിലും മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് മാതൃകാപരമായ മുന്നേറ്റമാണ് നടത്തിയത്.

കേരളത്തിലെ സഹകരണ മേഖല രാജ്യത്തിന് മാതൃകയായി നില്‍ക്കുന്നു. കേരളത്തില്‍ സഹകരണ മേഖലയില്‍ വലിയ നിക്ഷേപവും വലിയ തൊഴില്‍ സാധ്യതകളും ലഭ്യമാക്കാന്‍ സാധിച്ചു. സര്‍വീസ് സഹകരണ ബാങ്കുകളുടെ വിജയത്തിനായി സഹകാരികളും പൊതുജനങ്ങളും മികച്ച പിന്തുണ നല്‍കിവരുന്നതായും മന്ത്രി പറഞ്ഞു.

ജനസേവനപരവും വിജയപ്രദവുമായ മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനത്തെ അഭിനന്ദിക്കുന്നതായി കര്‍ഷകമിത്ര അവാര്‍ഡ് ദാനം നിര്‍വഹിച്ച അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.

ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ അധ്യക്ഷനായിരുന്നു. ചടങ്ങില്‍ മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനില്‍, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എം.ജി. പ്രമീള, ബാങ്ക് സെക്രട്ടറി ജോഷ്വാ മാത്യു, കേരളാ ബാങ്ക് ഡയറക്ടര്‍ എസ്. നിര്‍മ്മലാദേവി, ഗ്രാമപഞ്ചായത്ത് അംഗം ജെസി ശാമുവല്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പ്രൊഫ. ടി.കെ.ജി നായര്‍, മാത്യു തോമസ്, ഭാര്‍ഗവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

error: Content is protected !!