കോന്നി മണ്ഡലത്തില്‍ 400 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതികൾ

കോന്നി മണ്ഡലത്തില്‍ 400 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതികൾ

കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി നിയോജക മണ്ഡലത്തിലെ 400 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതികൾ സമയബന്ധിതമായി തന്നെ നടപ്പിലാക്കാൻ നടപടി സ്വീകരിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അഭ്യർത്ഥന പ്രകാരമാണ് മന്ത്രി തിരുവനന്തപുരത്ത് യോഗം വിളിച്ചു ചേർത്തത്.

 

2020ലെ ബഡ്ജറ്റിലാണ് കോന്നി നിയോജക മണ്ഡലത്തിൽ 400 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതി പ്രഖ്യാപിച്ചത്. വാട്ടർ അതോറിറ്റി പ്രൊജക്ട് വിഭാഗമാണ് ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ തയ്യാറാക്കുന്നത്.

മൈലപ്ര -മലയാലപ്പുഴ പഞ്ചായത്തുകൾക്കായി നടപ്പിലാക്കുന്ന പദ്ധതിയ്ക്ക് 107 കോടി രൂപയുടെ ഡി.ഇ.ആർ ആണ് തയ്യാറാക്കിയിട്ടുള്ളത്.6972 കുടുംബങ്ങൾക്ക് പദ്ധതിയിൽ നിന്നും ശുദ്ധജലം ലഭ്യമാക്കും.
നിലവിലുള്ള തണ്ണിത്തോട് പദ്ധതി വിപുലീകരിക്കും. 13.34 കോടിയാണ് ഇതിനായി ചിലവഴിക്കുക. ഡി.ഇ.ആർ തയ്യാറായി.3499 കുടുംബങ്ങൾക്കു കൂടി കണക്ഷൻ ലഭിക്കും.

 

ചിറ്റാർ പദ്ധതിയുടെയും ഡി.ഇ.ആർ തയ്യാറായിട്ടുണ്ട്. 41.5 കോടിയുടെ പദ്ധതിയാണ് രൂപീകരിച്ചിട്ടുള്ളത്.നിലയ്ക്കൽ പദ്ധതി പുരോഗതി മന്ത്രി നേരിട്ട് വിലയിരുത്തണമെന്നും എം.എൽ.എ യോഗത്തിൽ അഭ്യർത്ഥിച്ചു.
കലഞ്ഞൂർ- ഏനാദിമംഗലം പദ്ധതിക്കായി 28.55 കോടിയുടെ പദ്ധതിയ്ക്കും ഡി.ഇ.ആർ തയ്യാറായി. 3000 കുടുംബങ്ങൾക്കാണ് കണക്ഷൻ ലഭിക്കുക.

 

കലഞ്ഞൂർ-അരുവാപ്പുലം പദ്ധതിയിൽ 2379 കുടുംബങ്ങൾക്കും കണക്ഷൻ ലഭിക്കും. അരുവാപ്പുലം -കോന്നി പദ്ധതിയിൽ 2340 കുടുംബങ്ങൾക്കും, മെഡിക്കൽ കോളേജ് പദ്ധതി വിപുലീകരണത്തിലൂടെ 1248 കുടുംബങ്ങൾക്കും കണക്ഷൻ ലഭിക്കും.ഇതിനായി 117.4 കോടിയുടെ പദ്ധതിയാണ് തയ്യാറായിട്ടുള്ളത്.

പ്രമാടം കുടിവെള്ള പദ്ധതിയ്ക്ക് 78.53 കോടിയുടെ ഡി.ഇ.ആർ ആണ് തയ്യാറായിട്ടുള്ളത് -9669 കുടുംബങ്ങൾക്കാണ് കുടിവെള്ള കണക്ഷൻ ലഭിക്കുക. നിലവിലുള്ള വള്ളിക്കോട് പദ്ധതിയുടെ വിപുലീകരണവും ഇതോടൊപ്പം നടക്കും.
ഡീറ്റയിൽഡ് എസ്റ്റിമേറ്റ് റിപ്പോർട്ട് തയ്യാറായ സാഹചര്യത്തിൽ അടുത്ത സംസ്ഥാന തല സ്കീം സാംഗ്ഷൻ കമ്മറ്റിയിൽ പദ്ധതികൾ സമർപ്പിക്കാൻ മന്ത്രി നിർദ്ദേശിച്ചു.നടപടിക്രമങ്ങൾ പൂർത്തീകരിച്ച് എത്രയും വേഗം ടെൻഡർ നടപടികളിലേക്ക് കടക്കണമെന്നും മന്ത്രി പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തീരുമാനങ്ങൾ ആവശ്യമുള്ളത് എത്രയും വേഗം വാങ്ങണം. പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കാൻ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്നും മന്ത്രി നിദ്ദേശിച്ചു.

യോഗത്തിൽ എം.എൽ.എമാരായ അഡ്വ.കെ.യു.ജനീഷ് കുമാർ, പ്രമോദ് നാരായണൻ, ജലവിഭവ വകുപ്പ് അഡീഷണൽ സെക്രട്ടറി ലിമ മാനുവൽ,വാട്ടർ അതോറിറ്റി ചീഫ് എഞ്ചിനീയർമാരായ ലീനകുമാരി, എസ്.സേതു കുമാർ ,മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!