പുനര്‍വിചിന്തന കാമ്പയിനുമായി ഹരിതകേരളം മിഷന്‍

പുതുവത്സരദിനത്തില്‍ ഒറ്റത്തവണ ഉപയോഗം
പുനര്‍വിചിന്തന കാമ്പയിനുമായി ഹരിതകേരളം മിഷന്‍

ഡിസ്പോസിബിള്‍ വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതിനും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിനും ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ കാമ്പയിന് തുടക്കമായി. ഒറ്റത്തവണ ഉപയോഗം
പുനര്‍വിചിന്തന കാമ്പയിന്റെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു.

ജീവിതത്തില്‍ ശുചിത്വത്തിന് വലിയ പ്രാധാന്യമാണുള്ളതെന്നും വ്യക്തി, സാമൂഹ്യ, പാരിസ്ഥിതിക ശുചിത്വം പ്രാവര്‍ത്തികമാക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പുതുവല്‍സര ദിനത്തില്‍ തന്നെ ഇങ്ങനെയൊരു കാമ്പയിന്‍ തുടങ്ങിയതിന് വലിയ പ്രാധാന്യമുണ്ട്. പ്രകൃതി സംരക്ഷണവും ശുചിത്വവും ഉള്‍പ്പെടെയുള്ള സിദ്ധാന്തങ്ങള്‍ പഠിച്ചാല്‍ മാത്രം പോരാ, മറിച്ച് പ്രാവര്‍ത്തികമാക്കാന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പുതുവത്സരദിനത്തില്‍ ആരംഭിച്ച ഡിസ്പോസിബിള്‍ ഫ്രീ കേരള കാമ്പയിന്റെ ഭാഗമായി സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍, എന്‍എസ്എസ്, സ്‌കൗട്ട് & ഗൈഡ്സ്, എന്‍സിസി കേഡറ്റുകള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ജില്ലയില്‍ ഒറ്റത്തവണ ഉപയോഗം പുനര്‍വിചിന്തന കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ഇ. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍. രാജേഷ് കാമ്പയിന്‍ വിശദീകരണം നടത്തി.

2020 ജനുവരി ഒന്നിന് സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെയും ഡിസ്പോസിബിള്‍ വസ്തുക്കളുടെയും ഉപയോഗം നിരോധിച്ചിരുന്നു. പ്ലാസ്റ്റിക് നിരോധനം ഫലപ്രദമായി നടന്നുവരുന്നതിന് ഇടയാണ് കോവിഡ് 19 മഹാമാരി കേരളത്തെ സാരമായി ബാധിച്ചത്.

നിരോധിച്ച വസ്തുക്കളുടെ വന്‍തോതിലുളള തിരിച്ചുവരവിന് ഇത് കാരണമായി. വരും തലമുറയുടെ ശരിയായ നിലനില്‍പ്പിന് പ്ലാസ്റ്റിക് നിരോധനം അനിവാര്യമാണ്. അതേപോലെ തന്നെ ഈ മാറ്റം വിദ്യാര്‍ഥികളിലൂടെ മാത്രമേ സാധ്യമാകുകയുളളു എന്നും ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍. രാജേഷ് പറഞ്ഞു. ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ജനുവരി 26ന് സംസ്ഥാനത്തെ 10,000 ഓഫീസുകളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപനം നടത്തുന്ന കാമ്പയിന്‍ സംഘടിപ്പിക്കും. അതോടൊപ്പം ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് അവര്‍ ശേഖരിച്ച് തരംതിരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറിയ പാഴ് വസ്തുക്കളുടെ തത്തുല്യമായ വിലയ്ക്കുളള ചെക്ക് വിതരണ കാമ്പയിനും നടത്തും. ഇതിനായി ഹരിതകര്‍മസേന പ്രവര്‍ത്തനം ഏറ്റവും ഫലപ്രദമായ രീതിയില്‍ ജില്ലയില്‍ നടപ്പാക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
നിലവില്‍ ജില്ലയില്‍ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം ശരിയായി നടപ്പാക്കാന്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഹരിതകര്‍മസേന സംവിധാനം നിലവില്‍ ലുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതി അധികാരത്തില്‍ വന്ന സാഹചര്യത്തില്‍ മാലിന്യ സംസ്‌കരണം മുഖ്യ വിഷയമായി പരിഗണിച്ച് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടയുളള നടപടികള്‍ സ്വീകരിച്ച് ജനങ്ങളിലേക്ക് ഇതിന്റെ സന്ദേശം എത്തിക്കാന്‍ സാധിക്കുമെന്ന് ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ഇ.വിനോദ് കുമാര്‍ പറഞ്ഞു.

ലോഗോ തയാറാക്കിയ അടൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥി രാഹുല്‍ രമേശിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉപഹാരം നല്‍കി ആദരിച്ചു. ജനുവരി ഒന്നു മുതല്‍ 30 വരെ നീണ്ടുനില്‍ക്കുന്ന ഒറ്റത്തവണ ഉപയോഗം പുനര്‍വിചിന്തന കാമ്പയിന്റെ ആദ്യ ഘട്ടത്തില്‍ താലൂക്കുകള്‍ കേന്ദ്രീകരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബോധവല്‍ക്കരണ റാലികള്‍ സംഘടിപ്പിക്കും. തുടര്‍ന്ന്, എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് എന്‍.എസ്.എസ് വോളന്റിയേഴ്സ്, വിദ്യാര്‍ഥികള്‍, ഹരിതകര്‍മസേന അംഗങ്ങള്‍, ഹരിതകേരളം മിഷന്‍ റിസോഴ്സ് പേഴ്സണ്‍മാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വീടുകള്‍ കയറി പ്രചരണം നടത്തും. ഇതിനു മുന്നോടിയായി ഓരോ വിദ്യാര്‍ഥികളുടേയും വീടുകളില്‍ ഹരിതചട്ടം പാലിച്ച് ഹരിതഭവനം എന്ന ആശയം നടപ്പാക്കും. ഈ ആശയം നടപ്പാക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.

യോഗത്തില്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് ജില്ലാ സെക്രട്ടറി എം.ആര്‍. ലീല, എന്‍ജിനിയറിംഗ് കോളജ് എന്‍എസ്എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ എച്ച്.എസ്. ശ്രീദീപ, ഡിഗ്രി കോളജുകളുടെ എന്‍എസ്എസ് ജില്ലാ കോര്‍ഡിനേറ്റര്‍ എസ്. സജിത്ത് ബാബു, സൗഹൃദ ക്ലബ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.സുനില്‍ അങ്ങാടിക്കല്‍,
തിരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന്‍എസ്എസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് അധ്യാപകര്‍, വിദ്യാര്‍ഥി പ്രതിനിധികള്‍, ഹരിതകേരളം മിഷന്‍ റിസോഴ്സ് പേഴ്സണ്‍ ജി. ഗോകുല്‍, യംഗ് പ്രൊഫഷണല്‍സ് അഭിരാമി, ഷൈനി ജോസ്, വിദ്യാ മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!