കോന്നി ചിറ്റൂർ മുക്ക് മുതൽ മാമ്മൂട് വരെ കുടിവെള്ള ക്ഷാമം രൂക്ഷം

പുനലൂർ – മുവാറ്റുപ്പുഴ റോഡു നിർമ്മാണം: ജനങ്ങളുടെ വെള്ളം കൂടി മുട്ടി
: കിണറുകൾ വറ്റി, നദിതീരവാസികൾക്കും ആശങ്ക
രണ്ടു മാസം മുമ്പാണ് റോഡു നിർമ്മാണത്തിന്‍റെ ഭാഗമായി ഇവിടേക്കുള്ള ജല വിതരണം അതോറിറ്റി നിർത്തി വെച്ചത്

കോന്നി: പുനലൂർ – മുവാറ്റുപ്പുഴ റോഡു നിർമ്മാണം ആരംഭിച്ചതോടെ  കോന്നിയിലെ പല മേഖലകളിലെയും ജനങ്ങളുടെ കുടിവെള്ളം തടസപ്പെട്ടു. കോന്നി ഗ്രാമ പഞ്ചായത്തിലെ 17, 18 വാർഡുകൾ സ്ഥിതി ചെയ്യുന്ന ചിറ്റൂർ മുക്ക് മുതൽ മാമ്മൂട് വരെയുള്ള പ്രദേശങ്ങളിലെ നദി തീരഗ്രാമവാസികളാണ് കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ബുദ്ധിമുട്ടിലായത്. ഇതേ ഭാഗങ്ങളിലെ കിണറുകൾ പലതും വറ്റുകയും ചിലതിൽ ജലനിരപ്പ് താഴുകയും ചെയ്തതാണ് വെള്ളക്ഷാമം രൂക്ഷമാക്കിയത്.

ജല അതോറിറ്റിയുടെ  വെള്ളം ആശ്രയിച്ചായിരുന്നു ഇവർ വേനൽക്കാലം കഴിച്ചു കൂട്ടിയിരുന്നത്. രണ്ടു മാസം മുമ്പാണ് റോഡു നിർമ്മാണത്തിന്‍റെ ഭാഗമായി ഇവിടേക്കുള്ള ജല വിതരണം അതോറിറ്റി നിർത്തി വെച്ചത്. എന്നാൽ മഴ തുടർന്നിരുന്നത്
പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ടുകൾ വരുത്തിയിരുന്നില്ല. എന്നാൽ മഴ കുറയുകയും വേനൽ ചൂട് കൂടി വരികയും ചെയ്തതോടെ നദിയിലെ ജലനിരപ്പ് താഴുകയും കിണറുകളിലെ നീരൊഴുക്ക് കുറയ്ക്കുകയുമായിരുന്നു. പല കിണറുകളിലും മോട്ടോർ പ്രവർത്തിക്കാനുള്ള ജലം കൂടി ലഭിക്കുന്നില്ലെന്ന് വ്യാപാരിയായ സുനിത ദീപു പറഞ്ഞു.

പൈപ്പുകൾ വഴി ജല വിതരണം നിർത്തിയെങ്കിലും പകരം സംവിധാനം ഒരുക്കാത്തത് സാധാരണ ഗ്രാമവാസികളെയാണ് ബുദ്ധിമുട്ടിക്കുന്നത്. പലരും ഉയർന്ന വില
കൊടുത്ത് ജലം വാങ്ങുകയാണ്. ആരോഗ്യമുള്ളവർ തുണികൾ അലക്കാനും കുളിക്കാനും നദിയിലേക്കാണ് പോകുന്നത്. പ്രായമുള്ളവർ തനിച്ചു താമസിക്കുന്ന വീടുകളിലെ കുടുംബാംഗങളാണ് പ്രയാസം നേരിടുന്ന മറ്റൊരു കൂട്ടർ. കുമ്പഴ മുതൽ കോന്നി വരെയുള്ള പല ഭാഗങ്ങളിലും ജലവിതരണം തടസപ്പെട്ടിട്ടുണ്ട്.

പൈപ്പുകൾ വഴി ജലം എത്തിച്ചു നൽകാൻ സാധിക്കുന്നില്ലയെങ്കിൽ ടാങ്കറുകളിൽ ആവശ്യാനുസരണം ജലം എത്തിച്ചു നൽകാൻ അധികൃതർ തയ്യാറാകണെന്ന്
റോഡു വശങ്ങളിലെ വീടുകളിലെതാമസക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്. ജല വിതരണം പുനരാരംഭിച്ചില്ലെങ്കിൽ ജല അതോറിട്ടി ഓഫീസിനു മുന്നിൽ ഉപരോധം തീർക്കുമെന്നും നാട്ടുക്കാർ പറഞ്ഞു.

റോഡു നിർമ്മാണം തീരുന്നത് വരെ ജലം വില കൊടുത്തു വാങ്ങാനാവില്ല. പലരും സാധാരണക്കാരാണ്. റോഡു നിർമ്മാണം കരാർ എടുത്ത കമ്പനിക്കും ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ബാധ്യതയുണ്ടെന്ന് സാമൂഹ്യ പ്രവർത്തകനായ അജയൻ ചുണ്ടിക്കാട്ടി. ഏതാണ്ട് 300 ലധികം വീടുകൾ പൈപ്പ് ലൈനുകളെ മാത്രമാണ് ആശ്രയിക്കുന്നത്. കിണറുകളിൽ നേരത്തേ തന്നേ ജലനിരപ്പ് താഴ്ന്നതു പ്രതിസന്ധിയുടെ ആക്കം കൂട്ടി. വേനൽക്കാലം ശക്തമാകുന്നതോടെ ഇവിടങ്ങളിലെ കുടിവെള്ള ക്ഷാമം നിലവിലെ സാഹചര്യത്തിൽ അതിരൂക്ഷമാക്കാനാണ് സാധ്യത. ഏതായാലും നാട്ടുകാര്‍ വരും ദിവസങ്ങളിൽ ശക്തമായ സമരം തുടങ്ങാനുള്ള തയാറെടുപ്പിലാണ്.

error: Content is protected !!