പത്തനംതിട്ട ജില്ലയില്‍ എലിപ്പനി വ്യാപിക്കുന്നു

 

കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ എലിപ്പനിക്കെതിരെയുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.എല്‍ ഷീജ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എലിപ്പനി രോഗികളുടെ എണ്ണത്തിലും, രോഗം ബാധിച്ചുളള മരണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 80 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. കൂടാതെ 80 പേര്‍ക്ക് സംശയാസ്പദമായ രോഗബാധയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ യഥാക്രമം 56 ഉം 57 ഉം ആയിരുന്നു. കഴിഞ്ഞ വര്‍ഷം എലിപ്പനി മൂലം ഒരു മരണം മാത്രം സ്ഥിരീകരിച്ചപ്പോള്‍ ഈ വര്‍ഷം ഒന്‍പത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്.എലി, പട്ടി, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രം വഴിയാണ് എലിപ്പനി പടരുന്നത്. കടുത്തപനി, ക്ഷീണം, കഠിനമായ തലവേദന, പേശീവേദന, കണ്ണുകളില്‍ ചുവപ്പ് തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. മഞ്ഞപ്പിത്തത്തിന്റെ ലക്ഷണവും വളരെ സാധാരണമായി കണ്ടു വരുന്നുണ്ട്.

രോഗലക്ഷണങ്ങളുളളവര്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കണ്ട് ചികിത്സ തേടണം. ചികിത്സിക്കാന്‍ താമസിച്ചാല്‍ രോഗം ഗുരുതരമാകുന്നതിന് സാധ്യതയുണ്ട്. സ്വയം ചികിത്സ പാടില്ല. എലിപ്പനിക്കുളള ചികിത്സ പ്രാഥമികാരോഗ്യകേന്ദ്രങ്ങളുള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണ്. ആഹാരസാധനങ്ങള്‍ അലക്ഷ്യമായി ഉപേക്ഷിക്കാതെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.

ആഹാരസാധനങ്ങള്‍ അടച്ചു സൂക്ഷിക്കണം. എലിനശീകരണ പ്രവര്‍ത്തനങ്ങള്‍ എല്ലാ വീടുകളിലും നടത്തണം. കൈകാലുകളില്‍ മുറിവുകള്‍ ഉളളവര്‍ വെളളക്കെട്ടില്‍ ഇറങ്ങരുത്. ശരീരത്തിലുളള മുറിവുകള്‍ യഥാസമയം ചികിത്സിച്ച് ഭേദമാക്കണം.

ഡോക്സി ഡേ
എലിപ്പനി പടരാന്‍ സാധ്യതയുളള സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിന്‍ ഗുളികകള്‍ നല്‍കുന്നതിന് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സംവിധാനം ഒരുക്കിയിട്ടുണ്ട്. എല്ലാ വെളളിയാഴ്ചകളിലും ജില്ലയില്‍ ഡോക്സി ഡേ ആയി ആചരിക്കുകയാണ്.

ഓടകളിലും, വെളളക്കെട്ടിലും ഇറങ്ങി ജോലി ചെയ്യുന്നവര്‍, തൊഴിലുറപ്പ് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, മൃഗങ്ങളെ പരിപാലിക്കുന്നവര്‍, ഇറച്ചിവെട്ട് തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ തുടങ്ങിയവര്‍ അതത് പ്രദേശത്തെ ആരോഗ്യപ്രവര്‍ത്തകരെ സമീപിച്ച് ഡോക്സിസൈക്ലിന്‍ ഗുളിക നിര്‍ദേശാനുസരണം കഴിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

error: Content is protected !!