ലൈഫ് പദ്ധതി:ജില്ലയിലെ രണ്ടു ഭവന സമുച്ചയങ്ങളുടെ നിര്‍മാണ ഉദ്ഘാടനം 24ന്

 

സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്‍ പദ്ധതി മൂന്നാംഘട്ടത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ രണ്ടു ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണം ആരംഭിക്കുന്നു. നിര്‍മാണ ഉദ്ഘാടനം ഈ മാസം 24ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാര്‍,ചീഫ് സെക്രട്ടറി, നവകേരള കര്‍മ്മ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
ജില്ലയില്‍ നിര്‍മാണം ആരംഭിക്കുന്ന ഒരു സമുച്ചയം പന്തളം നഗരസഭയിലെ മുടിയൂര്‍ക്കോണം മന്നത്തു കോളനിയിലാണ്. ഇവിടെയുള്ള നഗരസഭ വക 72.5 സെന്റ് സ്ഥലത്താണ് സമുച്ചയം ഉയരുന്നത്. നാലുനിലകളിലായി 32, 12 വീതം ഫ്ളാറ്റുകളുള്ള രണ്ടു ടവറുകളാണ് ഈ സമുച്ചയത്തിലുള്ളത്. രണ്ടു കിടപ്പുമുറികളും ഹാളും അടുക്കളയും ടോയ്ലറ്റുമടങ്ങുന്ന ഒരു ഫ്ളാറ്റിന് 512 ചതുരശ്ര അടി തറവിസ്തീര്‍ണം ഉണ്ടായിരിക്കും. സമുച്ചയ നിര്‍മാണത്തിന്റെ അടങ്കല്‍ ചെലവ് 6.86 കോടി രൂപയാണ്.
നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത് ഹൈദ്രാബാദ് ആസ്ഥാനമായ പെന്നാര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡാണ്. തൃശൂര്‍ ഡിസ്ട്രിക്ട് ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പ്രൊജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സിയായി പ്രവര്‍ത്തിക്കുന്നത്.
രണ്ടാമത്തെ ഭവന സമുച്ചയം നിര്‍മിക്കുന്നത് ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഏനാത്താണ്. ഗ്രാമപഞ്ചായത്തിന്റെ വകയായ 88 സെന്റ് സ്ഥലത്താണു സമുച്ചയം നിര്‍മിക്കുന്നത്. നാലു നിലകളിലായി 28 വീതം ഫ്ളാറ്റുകളുള്ള രണ്ടു ടവറുകളാണ് ഇവിടെ നിര്‍മിക്കുക. 7.87 കോടിരൂപയാണ് അടങ്കല്‍ ചെലവ്. നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത് അഹമ്മദാബാദ് ആസ്ഥാനമായ മിത്സുമി ഹൗസിംഗ് ലിമിറ്റഡ് ആണ്. സി.ആര്‍.നാരായണ റാവു(കണ്‍സല്‍ട്ടന്റ്സ്)പ്രൈവറ്റ് ലിമിറ്റഡാണ് പ്രൊജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സിയായി പ്രവര്‍ത്തിക്കുന്നത്.
രണ്ടു സ്ഥലങ്ങളിലും സമുച്ചയത്തിന്റെ ഭാഗമായി മുതിര്‍ന്നവര്‍ക്കുള്ള പ്രത്യേകമുറി, സിക്ക് റൂം,റിക്രിയേഷന്‍ ഹാള്‍, കോമണ്‍ ഫെസിലിറ്റി റൂം, ഇലക്ട്രിക്കല്‍ റൂം, മലിനജല ശുദ്ധീകരണ പ്ലാന്റ്, സൗരോര്‍ജ്ജ സംവിധാനം, ചുറ്റുമതില്‍, കുടിവെള്ളം, വൈദ്യുതവിതരണ സംവിധാനങ്ങള്‍ മുതലായവയും ഉണ്ടായിരിക്കും.
രണ്ട് സ്ഥലങ്ങളിലെയും സമുച്ചയങ്ങള്‍ നിര്‍മിക്കുന്നത് ലൈറ്റ് ഗേജ് സ്റ്റീല്‍ ഫ്രെയിം ഘടകങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ്. ആറുമാസമാണ് നിര്‍മാണ കാലാവധി.
സംസ്ഥാനതലത്തില്‍ നടക്കുന്ന ചടങ്ങുകള്‍ ഓണ്‍ലൈനായി സംപ്രേഷണം ചെയ്യുന്നതോടൊപ്പം ശിലാഫലകം അനാച്ഛാദനം ചെയ്യുന്ന ചടങ്ങ് പ്രാദേശികമായി സംഘടിപ്പിക്കും. പന്തളം നഗരസഭയിലെ സമുച്ചയത്തിന്റെ ശിലാഫലകം വനം,വന്യജീവി വകുപ്പ് മന്ത്രി കെ.രാജുവും ഏഴംകുളം ഗ്രാമ പഞ്ചായത്തിലെ സമുച്ചയത്തിന്റെ ശിലാഫലകം ചിറ്റയം ഗോപകുമാര്‍ എംഎല്‍എയും അനാച്ഛാദനം ചെയ്യും. ആന്റോ ആന്റണി എം.പി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാ ദേവി മുഖ്യാതിഥി ആയിരിക്കും. പന്തളം നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.കെ സതി, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.ലത, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍ സംഘടിപ്പിക്കുക.

error: Content is protected !!