അഞ്ഞിലികുന്ന് കിഴക്കുപുറം കോട്ടമുക്ക് റോഡ് ബഹുമുഖ പ്രയോജനമുള്ള പാത

 

 

കോന്നി:ഭക്ത ജനങ്ങൾക്കും നാട്ടുകാർക്കും ടൂറിസ്റ്റുകൾക്കും ഒരു പോലെ ഉപകാരപ്പെടുന്ന ബഹുമുഖ പ്രയോജനമുള്ള റോഡാണ് അഞ്ഞിലികുന്ന് കിഴക്കുപുറം കോട്ടമുക്ക് റോഡെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ പറഞ്ഞു.അത്യാധുനിക രീതിയിൽ നവീകരിക്കുന്ന അഞ്ഞിലികുന്ന് കോട്ടമുക്ക് റോഡിന്റെ നിർമാണ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.മുൻകാലങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ഒരു വർഷമായി വികസന കുതിപ്പാണ് കോന്നി നിയോജക മണ്ഡലത്തിൽ നടക്കുന്നത്.പൊതുമരാമത്ത് വകുപ്പിന്റെ നിരവധി പ്രൊജക്റ്റുകൾക്ക് ഈ കാലയളവിൽ കോന്നിയിൽ തുടക്കം കുറിക്കാൻ കഴിഞ്ഞു.ചെറുപ്പക്കാരനായ എം.എൽ.എ യുടെ കഠിന പരിശ്രമം ഇതിന് പിന്നിലുണ്ടെന്നും മന്ത്രി പറഞ്ഞു.
കിഴക്കുപുറം വായനശാല ജംഗ്ഷനിൽ നടന്ന യോഗത്തിൽ അഡ്വ.കെ.യു ജെനീഷ് കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു.ജനപ്രതിനിധി ആയ ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ഈ റോഡിന്റെ പ്രാധാന്യം ബഹുമാനപ്പെട്ട മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുവാൻ കഴിഞ്ഞതായും,ആറ് മാസം കൊണ്ട് റോഡ് നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അധ്യക്ഷ പ്രസംഗത്തിൽ എം.എൽ.എ പറഞ്ഞു.കോന്നി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കോന്നിയൂർ പി.കെ, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ജയലാൽ, എലിസബത്ത് രാജു,ബെന്നി ഈട്ടിമൂട്ടിൽ, വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച് മലയാലപ്പുഴ മോഹനൻ, മലയാലപ്പുഴ ശശി, സാമൂവേൽ കിഴക്കുപുറം, പി.ഡബ്ല്യൂ.ഡി ചീഫ് എഞ്ചിനീയർ അജിത് രാമചന്ദ്രൻ,എക്സികുട്ടീവ് എൻജിനീയർ ഷീന രാജൻ,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ റസീന. എസ്,ജിജോ മോഡി,ഒ.ആർ സജി എന്നിവർ സംസാരിച്ചു. 5.5 മീറ്റർ വീതിയിൽ 6 കോടി രൂപ മുതൽ മുടക്കി ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് റോഡ് നവീകരിക്കുന്നത്.നിലവിൽ ഈ റോഡിന് 3.8 മീറ്റർ വീതിയിൽ മാത്രമാണ് ടാറിങ് ഉള്ളത്.നാലു കിലോമീറ്ററിലധികം ദൂരമുള്ള റോഡിൽ ഒരു പൈപ്പ് കലുങ്കും 450 മീറ്റർ നീളത്തിൽ ഓട നിർമാണവും,1000 മീറ്റർ ഐറീഷ് ഓടയും നിർമ്മിയ്ക്കും.മുന്നറിയിപ്പ് ബോർഡുകൾ,ദിശ സൂചിക ബോർഡുകൾ,ക്രാഷ് ബാരിയർ,റോഡ് സ്റ്റഡ്സ് എന്നിവയും സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി സ്ഥാപിയ്ക്കും.റോഡിന്റെ ഒരു വശത്തായി 6 മീറ്റർ വരെ താഴ്ചയിലുള്ള സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തി നിർമ്മാണവും പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിട്ടുണ്ട്. വൈദ്യുതി പോസ്റ്റുകളും,ട്രാൻസ്‌ഫോർമാറുകളും,വാട്ടർ അതോറിറ്റി പൈപ്പുകളും മാറ്റി സ്ഥാപിക്കുന്നതിനും പദ്ധതിയിൽ തുക വകയിരുത്തിയിട്ടുണ്ട്. മലയാലപ്പുഴ ദേവിക്ഷേത്രം,പൊന്നമ്പി പള്ളി എന്നീ പ്രസിദ്ധമായ ആരാധനാലയങ്ങളിലേക്കുള്ള പ്രധാന പാതയാണിത്.ശബരിമല തീർത്ഥടകരും അടവി,ഗവി,അനക്കൂട് എന്നിവടങ്ങളിലേക്ക് പോകുന്ന ടൂറിസ്റ്റുകളും ഉപയോഗിക്കുന്ന റോഡ് ആധുനിക നിലവാരത്തിലേക്ക് മാറുന്നതോടെ പ്രദേശത്തിന്റെ മുഖചായയ്ക്ക് തന്നെ മാറ്റമുണ്ടാകും.

error: Content is protected !!