കോന്നി, പത്തനാപുരം, അടൂര്‍ എന്നീ സ്ഥലങ്ങളില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പന നടത്തി വരുന്നയാള്‍ പിടിയില്‍

കോന്നി, പത്തനാപുരം, അടൂര്‍ എന്നീ സ്ഥലങ്ങളില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പന നടത്തി വരുന്നയാള്‍ പിടിയില്‍ : രണ്ടേകാല്‍ ലക്ഷത്തില്‍ അധികം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

 

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ വില്‍ക്കാനായി കാറില്‍ കൊണ്ടുവന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയില്‍. 2, 28, 800 രൂപ വിലവരുന്ന 2860 പാക്കറ്റ് പുകയില ഉത്പന്നങ്ങള്‍ കാറില്‍ കടത്തിയ പത്തനാപുരം കടയ്ക്കാമണ്‍ സ്വദേശി ഷമീറിനെ (30) ആണ് ജില്ലാ ഡാന്‍സാഫ് ടീം അടൂര്‍ പന്നിവിഴയില്‍ വച്ച് അറസ്റ്റ് ചെയ്തത്.
തെങ്കാശിയില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങികൊണ്ടുവന്ന് അടൂര്‍, കോന്നി, പത്തനാപുരം തുടങ്ങിയ സ്ഥലങ്ങളിലെ കടകളില്‍ വില്‍പന നടത്തിവരികയാണിയാള്‍.

തെങ്കാശിയില്‍നിന്നും പച്ചക്കറിയും മറ്റും കയറ്റിവരുന്ന വാഹനങ്ങളില്‍ ഒളിപ്പിച്ചു കടത്തുന്ന ഇവ സംസ്ഥാന അതിര്‍ത്തിയില്‍വച്ച് ഇയാളുടെ ഉടമസ്ഥതയിലുള്ള കാറില്‍ ഭക്ഷ്യവസ്തുക്കള്‍ നിറച്ച കാര്‍ട്ടണുകള്‍ എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ പാക്കറ്റുകളുടെ ഏറ്റവും അടിയിലായി നിറച്ചു വിദഗ്ധമായാണ് കൊണ്ടുവരുന്നത്. ഭക്ഷ്യവസ്തുക്കള്‍ എന്ന് തോന്നിപ്പിക്കുന്നതിനായി പാക്കറ്റുകള്‍ക്കു മുകളില്‍ ജങ്ക് ഫുഡ് കവറുകള്‍ നിരത്തിയിട്ട നിലയിലായിരുന്നു.
സംസ്ഥാന അതിര്‍ത്തിയിലൂടെ ഇത്തരം അനധികൃത കടത്തു ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നു ജില്ലാപോലീസ് ഡാന്‍സാഫ് സംഘം നടത്തിയ നാളുകളായുള്ള നിരന്തര നിരീക്ഷണത്തിലൊടുവിലാണ് അറസ്റ്റ്. ജില്ലാപോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഡി വൈ എസ് പി ആര്‍. ജോസിന്റെ നിര്‍ദേശാനുസരണം നടത്തിയ തന്ത്രപരമായ നീക്കത്തില്‍ ഇയാള്‍ കുടുങ്ങുകയായിരുന്നു. ഇയാള്‍ക്ക് കൂട്ടാളികള്‍ ഉണ്ടോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു.
നിരോധിതപുകയില ഉത്പന്നങ്ങള്‍ വിറ്റുവരുന്ന കടകള്‍ കേന്ദ്രീകരിച്ചും അതിര്‍ത്തിപ്രദേശങ്ങളിലും റെയ്ഡുകളും പരിശോധനകളും തുടരുമെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു. ജില്ലയില്‍ ലോക്ക്ഡൗണിന്റെ മറവില്‍ അനധികൃത കടത്തുകള്‍ ഉണ്ടാകാതെ ശക്തമായ മുന്‍കരുതല്‍ നടപടികള്‍ എടുത്തുവരുന്നതായും, ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു. ഡാന്‍സാഫ് സംഘത്തില്‍ എസ് ഐ ആര്‍ എസ് രെഞ്ചു, എ എസ് ഐ വില്‍സണ്‍, സി പി ഒ ശ്രീരാജ് എന്നിവരുണ്ടായിരുന്നു. പ്രതിക്കെതിരെ അടൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!