പരുമല പെരുന്നാള്‍  : സര്‍ക്കാര്‍തല  ക്രമീകരണങ്ങള്‍ തീരുമാനമായി

തീര്‍ഥാടകരെത്തുന്ന  റോഡുകള്‍ ഉടന്‍ സഞ്ചാര യോഗ്യമാക്കണം
പരുമല പെരുന്നാളിന് തീര്‍ഥാടകരെത്തുന്ന റോഡുകള്‍ കുഴികള്‍ അടച്ച് ഉടന്‍ സഞ്ചാര യോഗ്യമാക്കണമെന്ന് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ  പൊതുമരാമത്ത് നിരത്തുവിഭാഗം ഉദ്യോഗസ്ഥര്‍ക്ക് ജലവിഭവ മന്ത്രി മാത്യു ടി.തോമസ് കര്‍ശന നിര്‍ദേശം നല്‍കി.   പരുമല പെരുന്നാളിനോടനുബന്ധിച്ച് സര്‍ക്കാര്‍തല ക്രമീകരണങള്‍ നിശ്ചയിക്കുന്നതിന് പരുമല സെമിനാരി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു  സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരുമല പാലത്തിലെ  നടപ്പാതയുടെയും കാവുംഭാഗം-മുത്തൂര്‍, കാവുംഭാഗം-ഇടിഞ്ഞില്ലം, വീയപുരം-മാന്നാര്‍ റോഡുകളുടെയും  അറ്റകുറ്റപ്പണികള്‍ എത്രയും വേഗം  നടത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു.  തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര ഡിപ്പോകളില്‍ നിന്നും പരുമലയിലേക്കും വിവിധ സ്ഥലങ്ങളിലേക്കും കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വീസ് നടത്തും. തീര്‍ഥാടകര്‍ കൂടുതല്‍ എത്തുന്ന നവംബര്‍ ഒന്നിന് രാത്രി കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വീസ് നടത്തും. പരുമല  കടവ് മുതല്‍ പള്ളിവരെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കും. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പ്രത്യേക സ്‌ക്വാഡ് ഭക്ഷണശാലകളില്‍ പരിശോധന നടത്തി ഭക്ഷണ സാധനങ്ങളുടെ ഗുണമേന്മയും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കും. വൈദ്യുതി മുടങ്ങാതിരിക്കാന്‍ കെ.എസ്.ഇ.ബി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈദ്യുതി മുടങ്ങുന്ന സാഹചര്യമുണ്ടായാല്‍ സബ്‌സ്റ്റേഷന്‍ മാറ്റി ഉടന്‍ തന്നെ വൈദ്യുതി പുനഃസ്ഥാപിക്കും. വൈദ്യുതി തടസങ്ങള്‍ ഒഴിവാക്കുന്നതിന് വൈദ്യുതി ലൈനുകളിലേക്കുള്ള മരചില്ലകള്‍ ഉടന്‍ വെട്ടിമാറ്റും. .
ലഹരി വസ്തുക്കള്‍ക്കെതിരെ നിരീക്ഷണം ശക്തമാക്കുന്നതിന് എക്‌സൈസ് സ്‌ക്വാഡ് 24 മണിക്കൂറും പട്രോളിംഗ് നടത്തും.  മാന്നാര്‍, കടപ്ര പഞ്ചായത്തുകള്‍ യാചക നിരോധനം നടപ്പാക്കും. ഫയര്‍ ഫോഴ്‌സിന്റെ പ്രത്യേക യൂണിറ്റ് പള്ളി പരിസരത്ത് ക്യാമ്പ് ചെയ്യും. മാന്നാര്‍ ജംഗ്ഷനില്‍ പ്രത്യേക ട്രാഫിക് ക്രമീകരണം ഏര്‍പ്പെടുത്തും. ഈ ഭാഗത്തെ റോഡിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കും. കൂടുതല്‍ പോലീസുകാരെ സുരക്ഷയ്ക്കായി നിയോഗിക്കും. അനധികൃത കച്ചവടം തടയുന്നതിന് പോലീസ് നടപടി സ്വീകരിക്കും. രാത്രിയില്‍ യാത്രചെയ്യുന്ന  പദയാത്രികര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തും. തിരക്ക് നിയന്ത്രിക്കുന്നതിന് പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. വഴി വിളക്കുകളുടെ അറ്റകുറ്റപ്പണി തദ്ദേശഭരണ സ്ഥാപനങ്ങള്‍ നടത്തും. കടപ്ര, മാന്നാര്‍ ഗ്രാമ പഞ്ചായത്തുകളുടെ ആഭിമുഖ്യത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡിന്റെ  വശങ്ങളിലെ കാടുകള്‍ തെളിച്ച് വൃത്തിയാക്കും. ഗ്രീന്‍പ്രോട്ടോകോള്‍  പാലിച്ചായിരിക്കും തീര്‍ഥാടനം. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് വാട്ടര്‍ അതോറിറ്റി നടപടി സ്വീകരിക്കും. ഇതിനായി മൂന്ന് ടാങ്കുകള്‍ സ്ഥാപിക്കുകയും താത്കാലിക ടാപ്പുകള്‍ ഘടിപ്പിക്കുകയും ചെയ്യും.
മെഡിക്കല്‍ ടീമിന്റെയും ആംബുലന്‍സിന്റെയും  സേവനം  തീര്‍ഥാടനത്തിന്റെ അവസാന  മൂന്നു ദിവസങ്ങളില്‍ ലഭ്യമാക്കും. കടപ്ര  പ്രാഥമികാരോഗ്യ  കേന്ദ്രത്തില്‍ ആവശ്യാനുസരണം മരുന്നുകള്‍ ലഭ്യമാക്കും. ആരോഗ്യ വകുപ്പിന്റെ സ്‌ക്വാഡ് പള്ളി  പരിസരം ക്ലോറിനേറ്റ് ചെയ്യുകയും ഹോട്ടലുകളില്‍ പരിശോധന നടത്തുകയും ചെയ്യും.  ആയൂര്‍വേദ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരെയും സ്റ്റാഫിനെയും നിയമിക്കുകയും ആവശ്യത്തിന് മരുന്നുകള്‍ ലഭ്യമാക്കുകയും ചെയ്യും. പെരുന്നാളുമായി ബന്ധപ്പെട്ട് തിരുവല്ല, ചെങ്ങന്നൂര്‍ ആര്‍.ഡി.ഒമാര്‍ കോ ഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കും.
യോഗത്തില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ, ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമ, തിരുവല്ല ആര്‍.ഡി.ഒ വി.ജയമോഹന്‍, പരുമല സെമിനാരി മാനേജര്‍ ഫാ. എം.സി കുര്യാക്കോസ്, ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, സെമിനാരി കൗണ്‍സില്‍ അംഗങ്ങളായ തോമസ് ഉമ്മന്‍ അരികുപുറം, യോഹന്നാന്‍ ഈശോ പ്ലാമൂട്ടില്‍, എ.പി മാത്യു, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!