പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 16/05/2024 )

കാലവര്‍ഷം ഈ മാസം അവസാനം എത്തും

സംസ്ഥാനത്ത് കാലവര്‍ഷം ഈ മാസം 31 ഓടെ എത്തിച്ചേരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ മാസം 19 ഓടെ തെക്കന്‍ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ആന്‍ഡമാന്‍ കടല്‍, നിക്കോബര്‍ ദ്വീപ് എന്നിവിടങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ട്.
തെക്കന്‍ തമിഴ്നാട് തീരത്തിനും കോമറിന്‍ മേഖലക്കും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. ചക്രവാതചുഴിയില്‍ നിന്നും ലക്ഷദ്വീപിലേക്ക് ന്യുനമര്‍ദ്ദ പാത്തിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത ഒരാഴ്ച ഇടി/മിന്നല്‍/കാറ്റ് എന്നിവയോടെ കൂടിയ മിതമായതോ ഇടത്തരമോ ആയ മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 20 ന് അതിതീവ്രമായ മഴക്കും, 18 മുതല്‍ 19 വരെ അതിശക്തമായ മഴക്കും 20 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പത്തനംതിട്ടയില്‍ 19, 20 തീയതികളില്‍ ഓറഞ്ച് അലര്‍ട്ട്

പത്തനംതിട്ടയില്‍ ഈമാസം 19 നും 20 നും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് ഓറഞ്ച് അലര്‍ട്ട്. 24 മണിക്കൂറില്‍ 115.6 മില്ലീ മീറ്റര്‍ മുതല്‍ 204.4 മില്ലീ മീറ്റര്‍ വരെ മഴ ലഭിക്കാം. ഈ സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ ആരംഭിക്കാന്‍ റവന്യൂ, പോലീസ്, തദ്ദേശസ്ഥാപന വകുപ്പ്, അഗ്നിരക്ഷാ സേന, ഫിഷെറീസ് വകുപ്പ്, തീരദേശ പോലീസ്, ജലസേചന വകുപ്പ്, വൈദ്യുതി വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, ദേശീയ പാത അതോറിറ്റി തുടങ്ങിയവര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത്  (18) പാലക്കാട്, മലപ്പുറം ജില്ലകളിലും 19 ന് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും 20 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ടയില്‍ ഇന്നും നാളെയും മഞ്ഞ അലര്‍ട്ടാണുള്ളത്.

ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. വേനല്‍ മഴയോടൊപ്പം ലഭിക്കുന്ന ഇടിമിന്നലുകള്‍ അപകടകാരികള്‍ ആയതിനാല്‍ പൊതുജനം ജാഗ്രത പാലിക്കേണ്ടതുണ്ട്. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യം ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാന്‍ സാധ്യത കൂടുതലാണ്. നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തും. ഓറഞ്ച് ബുക്ക് 2023 ല്‍ വള്‍നറബിള്‍ ഗ്രൂപ്പ് എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന വിഭാഗങ്ങള്‍ക്കായി ക്യാമ്പുകള്‍ തയ്യാറാക്കി ആവശ്യമായ ഘട്ടങ്ങളില്‍ ആളുകളെ മുന്‍കൂട്ടി തന്നെ മാറ്റി താമസിപ്പിക്കേണ്ടതാണ്. 24*7 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താലൂക്ക് കണ്‍ട്രോള്‍ റൂമുകളും ജില്ലാ കണ്‍ട്രോള്‍ റൂമുകളും ആരംഭിക്കണം. ദുരന്ത സാധ്യത മേഖലകളിലെ ദുരന്ത പ്രതികരണ സംവിധാനങ്ങളെ മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗരൂകരാക്കി നിര്‍ത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

ശക്തമായ കാറ്റ്: പൊതുജാഗ്രത നിര്‍ദേശങ്ങള്‍

കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടുള്ളതല്ല. മരച്ചുവട്ടില്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യരുത്.
വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകള്‍ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങള്‍ പൊതുവിടങ്ങളില്‍ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.

ഉറപ്പില്ലാത്ത പരസ്യ ബോര്‍ഡുകള്‍, ഇലക്ട്രിക് പോസ്റ്റുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവയും കാറ്റില്‍ വീഴാന്‍ സാധ്യതയുള്ളതിനാല്‍ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയില്‍ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യുക. മഴയും കാറ്റുമുള്ളപ്പോള്‍ ഇതിന്റെ ചുവട്ടിലും സമീപത്തും നില്‍ക്കുകയോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയോ അരുത് .
ചുമരിലോ മറ്റോ ചാരി വച്ചിട്ടുള്ള കോണി ഉള്‍പ്പെടെ കാറ്റില്‍ വീണുപോകാന്‍ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടി വയ്ക്കേണ്ടതാണ്.
കാറ്റ് വീശി തുടങ്ങുമ്പോള്‍ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നില്‍ക്കാതിരിക്കുക. വീടിന്റെ ടെറസില്‍ നില്‍ക്കുന്നത് ഒഴിവാക്കുക.

ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളില്‍ താമസിക്കുന്നവര്‍ അധികൃതരുമായി (1077 എന്ന നമ്പറില്‍) മുന്‍കൂട്ടി തന്നെ ബന്ധപ്പെടുകയും മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളില്‍ അവര്‍ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേയ്ക്ക് മാറിത്താമസിക്കേണ്ടതുമാണ്.

തദ്ദേശ സ്ഥാപനതല ദുരന്ത ലഘൂകരണ പദ്ധതി പ്രകാരം കണ്ടെത്തിയിട്ടുള്ള ഇത്തരം ആളുകളെ റിലീഫ് ക്യാമ്പുകളിലേക്ക് ആവശ്യമുള്ള ഘട്ടങ്ങളില്‍ മാറ്റാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുന്‍കൈ എടുക്കേണ്ടതാണ്.
കാറ്റും മഴയും ശക്തമാകുമ്പോള്‍ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ ഏതെങ്കിലും അപകടം ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കണ്‍ട്രോള്‍ റൂമിലോ 1077 എന്ന നമ്പറില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കുക. തകരാര്‍ പരിഹരിക്കുന്ന പ്രവര്‍ത്തികള്‍ കാറ്റ് തുടരുന്ന ഘട്ടത്തില്‍ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുകയും ചെയ്യുക. കെ എസ് ഇ ബി ജീവനക്കാരുമായി പൊതുജനങ്ങള്‍ ക്ഷമയോടെ സഹകരിക്കുക. പൊതുജനങ്ങള്‍ നേരിട്ടിറങ്ങി ഇത്തരം റിപ്പയര്‍ വര്‍ക്കുകള്‍ ചെയ്യാതിരിക്കുക.
പത്രം-പാല്‍ വിതരണക്കാര്‍ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈന്‍ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കണം. എന്തെങ്കിലും അപകടം സംശയിക്കുന്നപക്ഷം കണ്‍ട്രോള്‍ റൂമില്‍ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രം മുന്നോട്ട് പോകണം.
കൃഷിയിടങ്ങളില്‍ കൂടി കടന്ന് പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുന്‍പ് ഉറപ്പ് വരുത്തുക.
നിര്‍മാണ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ കാറ്റും മഴയും ശക്തമാകുമ്പോള്‍ ജോലി നിര്‍ത്തിവച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറി നില്‍ക്കണം.

മഴ: പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കണം.
വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മത്സ്യബന്ധനോപധികള്‍ സുരക്ഷിതമാക്കി വയ്ക്കണം.
അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയ്യാറാവണം.

സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യണം. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുക.
ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമെര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കില്‍ ലഭിക്കും.
ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.
ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.
അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക.

ക്വട്ടേഷന്‍

പത്തനംതിട്ട ജില്ലാ രജിസ്ട്രാര്‍ ഓഫീസിലേയും 15 സബ് രജിസ്ട്രാര്‍ ഓഫീസുകളിലേയും പ്രിന്റര്‍ കാട്രിഡ്ജുകള്‍  2025 മാര്‍ച്ച് 31 വരെ റീഫില്‍ ചെയ്തു നല്‍കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ മെയ് 31 ന്  ഉച്ചയ്ക്ക് മൂന്നിന് മുന്‍പായി ക്വട്ടേഷനുകള്‍ ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) ഓഫീസ്, കണ്ണങ്കര, പത്തനംതിട്ട, പിന്‍-689645 എന്ന മേല്‍ വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0468 2223105.

സൗജന്യ പരിശീലനം

പത്തനംതിട്ട എസ് ബി ഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഇന്ന് (17)  സൗജന്യ  സിസിറ്റിവി, സെക്യൂരിറ്റി അലാറം, സ്മോക്ക് ഡിറ്റെക്ടര്‍ എന്നിവയുടെ ഇന്‍സ്റ്റാലേഷന്‍, സര്‍വീസിംഗ് കോഴ്‌സ് ആരംഭിക്കുന്നു. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ നേരിട്ട് ഹാജരാകണം.  ഫോണ്‍:   0468 2270243.    
ഗ്രാജുവേറ്റ് എഞ്ചിനീയറിംഗ് അപ്രന്റീസ് നിയമനം

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ കാര്യാലയത്തില്‍ ഗ്രാജുവേറ്റ് എഞ്ചിനീയറിംഗ് അപ്രന്റീസുമാരെ തെരഞ്ഞെടുക്കുന്നു.  ബി.ടെക് ( സിവില്‍/ കെമിക്കല്‍ / എന്‍വയോണ്‍മെന്റല്‍) അടിസ്ഥാന യോഗ്യതയുള്ള 28 വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍ എന്നിവയുടെ അസലുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും മുന്‍ പരിചയരേഖകളുമായി മെയ് 21 ന് രാവിലെ 11ന്  ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ കാര്യാലത്തില്‍ ഹാജരാകണം. പരിശീലന കാലം ഒരു വര്‍ഷവം. പ്രതിമാസ സ്റ്റൈപ്പന്റ് 10,000 രൂപ. ബോര്‍ഡില്‍ ഗ്രാജുവേറ്റ് എന്‍ജിനീയറിംഗ് അപ്രന്റീസായി മുന്‍കാലങ്ങളില്‍ സേവനമനുഷ്ഠിച്ചുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍ : 0468 2223983.

വനിതാ കമ്മിഷന്‍ അദാലത്ത് (17)

വനിതാ കമ്മിഷന്‍ പത്തനംതിട്ട ജില്ലാതല അദാലത്ത്  (17) നടക്കും. രാവിലെ 10 മുതല്‍ പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് അദാലത്ത് നടക്കുന്നത്.

സ്വച്ഛത ഗ്രീന്‍ ലീഫ് റേറ്റിംഗ്

അതിഥികള്‍ക്കായി താമസസൗകര്യമുള്ള  ഗ്രാമീണ മേഖലയിലെ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവയുടെ ശുചിത്വ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട  റേറ്റിംഗ് നടത്തുന്നു.  കേന്ദ്ര ടൂറിസം വകുപ്പും  സ്വച്ച് ഭാരത് മിഷനും  ചേര്‍ന്ന് നല്‍കുന്ന സ്വച്ഛത ഗ്രീന്‍ ലീഫ് റേറ്റിംഗ് പ്രവര്‍ത്തങ്ങള്‍ ശുചിത്വ മിഷനാണ് സംസ്ഥാനത്ത് ഏകോപിപ്പിക്കുന്നത്.  ഇത്തരം അതിഥിമന്ദിരങ്ങള്‍  ശുചിത്വ നിലവാരത്തില്‍ പാലിക്കുന്ന കൃത്യതക്കുള്ള അംഗീകാരം ആയിരിക്കും സ്വച്ഛത ഗ്രീന്‍ ലീഫ് റേറ്റിംഗ്.
ബള്‍ക്ക് വേസ്റ്റ് ജനറേറ്റര്‍സ് കാറ്റഗറിയില്‍ വരുന്ന ഇത്തരം വലിയ സ്ഥാപനങ്ങള്‍ മാലിന്യ സംസ്‌കരണ രംഗത്ത് മികച്ച നിലവാരം പുലര്‍ത്തുന്നതിലൂടെ മാലിന്യമുക്തം നവകേരളം കാമ്പയിന്‍ ലക്ഷ്യങ്ങള്‍ നേടുന്നതിന് സഹായകമാവും.  റേറ്റിംഗിനായി https://sglrating.suchitwamission.org/ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്ത് യൂസര്‍നെയിമും, പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്തതിനു ശേഷം റേറ്റിങ്ങിനുള്ള അപേക്ഷ നല്‍കാം.        (പിഎന്‍പി 977/24)

അധ്യാപക നിയമനം

കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്ററില്‍ നിലവിലുളള അധ്യാപികയുടെ ഒഴിവിലേക്ക് താത്കാലിക അടിസ്ഥാനത്തില്‍  ജോലി ചെയ്യുന്നതിന് അപേക്ഷ   ക്ഷണിച്ചു.  അപേക്ഷ ലഭിക്കേണ്ട അവസാന തീയതി  മെയ് 25. ഫോണ്‍ : 04734 285225.

മരങ്ങള്‍ മുറിച്ച് മാറ്റണം

കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍  വീടുകളുടേയും സ്ഥാപനങ്ങളുടേയും മുകളിലേയ്ക്ക് അപകടകരമായി നില്‍കുന്ന മരങ്ങളും ശിഖരങ്ങളും ഉടമകള്‍ തന്നെ മുറിച്ച് മാറ്റി അപകടം ഒഴിവാക്കണം. അല്ലാത്തപക്ഷം അതുമൂലമുണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും ഉടമള്‍ മാത്രമായിരിക്കും ഉത്തരവാദികളെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

error: Content is protected !!