ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ കെ.പി. യോഹന്നാന്‍(74) അന്തരിച്ചു

 

 

konnivartha.com: അമേരിക്കയിലെ ഡാലസിലുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് സഭാധ്യക്ഷന്‍ അത്തനാസിയോസ് യോഹാന്‍ മെത്രാപ്പൊലീത്ത(74) (കെ.പി. യോഹന്നാന്‍) അന്തരിച്ചു.

ചികിത്സയ്ക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം.ചര്‍ച്ചിന്റെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിനുസമീപത്തെ പൊതുനിരത്തിലൂടെ പ്രഭാതസവാരി നടത്തുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകീട്ട് 5.30-ന് ആയിരുന്നു അപകടം. തലയ്ക്കും വാരിയെല്ലിനും ഇടുപ്പെല്ലിനും ഗുരുതര പരിക്കേറ്റിരുന്നു.അടിയന്തിര ശാസ്ത്രക്രീയ നടത്തിയിരുന്നു .

പെട്ടെന്നുള്ള ഹൃദയാഘാതമാണ് മരണകാരണമെന്ന് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു . തിരുവല്ല താലൂക്കിലെ നിരണം കടിപ്പിയാരിൽ കുടുംബാംഗമായ മാർ അത്തനേഷ്യസ് യോഹാൻ ഗോസ്പൽ ഫോർ ഏഷ്യ എന്ന സംഘടനയുടെ സ്ഥാപക മേധാവിയായി തിരുവല്ലയിലാണ് പ്രവർത്തനമാരംഭിക്കുന്നത്.

 

മാർത്തോമ്മാ സഭയിലായിരുന്ന മാർ അത്തനേഷ്യസ് യോഹാൻ, സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം സുവിശേഷവേലയിലേക്ക് തിരിഞ്ഞു.വടക്കേ ഇന്ത്യൻ സംസ്‌ഥാനങ്ങളിൽ സുവിശേഷ പ്രവർത്തകനായി.1974ൽ അമേരിക്കയിൽ ദൈവശാസ്‌ത്രപഠനത്തിനായി പോയി.ജർമൻ സുവിശേഷകയായ ഗിസിലയെ ഇതിനിടെ ജീവിതപങ്കാളിയായി സ്വീകരിച്ചു. 1979ൽ അമേരിക്കയിലായിരിക്കേ തന്നെ ഗോസ്‌പൽ ഫോർ ഏഷ്യ എന്ന സുവിശേഷ പ്രചാരണ സംഘടനയ്‌ക്കു രൂപം നൽകി.1990ൽ സ്വന്തം സഭയായ ബിലീവേഴ്‌സ് ചർച്ചിനു രൂപം നൽകി. 2003ൽ സ്ഥാപക ബിഷപ്പായി. മോറാൻ മോർ അത്തനേഷ്യസ് യോഹാൻ എന്ന പേര് സ്വീകരിച്ചു.52 ബൈബിൾ കോളജുകൾ ഉൾപ്പെടെ നൂറിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭിച്ചു.

മാര്‍ അത്തനേഷ്യസ് യോഹാന്റെ വിയോഗം: മന്ത്രി വീണാ ജോര്‍ജ് അനുശോചനം രേഖപ്പെടുത്തി

ബിലീവേഴ്‌സ് ചര്‍ച്ച് ഇസ്റ്റേണ്‍ സഭാധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചനം രേഖപ്പെടുത്തി. പത്തനംതിട്ട തിരുവല്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിലീവേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപകനാണ് അദ്ദേഹം. ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തുമുള്‍പ്പെടെ സമൂഹത്തിന് മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തികൂടിയാണ്. സഭയ്ക്കും കുടുംബത്തിനുമുണ്ടായ ദു:ഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍.

error: Content is protected !!