ലോകസഭാ തെരഞ്ഞെടുപ്പ് : വിവിധ അറിയിപ്പുകള്‍ ( 25/04/2024 )

വോട്ടവകാശം മൗലികാവകാശം മാത്രമല്ല കടമ കൂടിയാണ്: ജില്ലാ കളക്ടര്‍

വോട്ടവകാശം പൗരന്മാരുടെ മൗലികാവകാശം മാത്രമല്ല വോട്ട് ചെയ്യുകയെന്നത് കടമ കൂടിയാണെന്ന് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. ഓരോ വോട്ടും പ്രധാനപ്പെട്ടതാണ്. ഭാവിയെ രൂപപ്പെടുത്തുന്നതിനുള്ള ശക്തി ജനങ്ങള്‍ക്കാണുള്ളത്. ഓരോ വ്യക്തിയും  സമ്മതിദാനം വിനിയോഗിക്കുന്നതിലൂടെ രാഷ്ട്രത്തിന്റെ ഭാവി തീരുമാനിക്കുന്നതിലാണ് പങ്കാളിയാകുന്നത്.

ഇന്ന് (26) വോട്ടവകാശം വിനിയോഗിക്കാന്‍ ബൂത്തുകളിലെത്തുന്ന പൗരന്മാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്കും സ്ത്രീകള്‍ക്കും ക്യൂവില്‍ മുന്‍ഗണന നല്‍കും. കുടി വെള്ളം, തണലേല്‍ക്കാതിരിക്കാന്‍ ഷെഡ് സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. എല്ലാവരും വോട്ട് ചെയ്ത് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകണമെന്നും കളക്ടര്‍ പറഞ്ഞു

 

ഔദ്യോഗിക രേഖ പ്രചരിപ്പിച്ച എല്ലാവര്‍ക്കുമെതിരെ നടപടി സ്വീകരിക്കും

കോന്നിയില്‍ ഔദ്യോഗിക രേഖ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച എല്ലാവര്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയെന്നും വിശദമായ അന്വേഷണം നടത്തുമെന്നും വരണാധികാരി അറിയിച്ചു. ഔദ്യോഗിക മെയിലില്‍ അയച്ച രേഖകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചതിന് കോന്നി താലൂക്ക് ഓഫീസിലെ എല്‍ഡി ക്ലര്‍ക്ക് യദു കൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

വ്യാജതിരിച്ചറിയല്‍ കാര്‍ഡ്: വരണാധികാരിക്ക് പരാതി നല്‍കി

ഒരു ലക്ഷം തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വ്യാജമായി നിര്‍മിച്ചുവെന്ന യുഡിഎഫിന്റെ ആരോപണത്തിനെതിരെ വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന് എല്‍ഡിഎഫ് പരാതി നല്‍കി. യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയുടെ ആരോപണത്തിനെതിരെ എല്‍ഡിഎഫ് ചീഫ് ഏജന്റ് രാജു എബ്രാഹമാണ് ജില്ലാ വരണാധികാരിക്ക് പരാതി നല്‍കിയത്. പരാതിയിന്‍മേല്‍ അന്വേഷണം നടത്തി ആന്റോ ആന്റണിയില്‍ നിന്നും വിശദീകരണം തേടുമെന്ന് വരണാധികാരി അറിയിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പ്: അവധി ( ഏപ്രില്‍ 26 )

ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ 26 ന്  സംസ്ഥാനത്തെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, വാണിജ്യ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു. സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടി ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം അവധിയായിരിക്കും. അവധി നിഷേധിക്കുന്ന തൊഴിലുടമക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കും.

കന്നിവോട്ടര്‍മാരേ….വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ…

1. സമ്മതിദായകന്‍ പോളിങ് ബൂത്തിലെത്തുന്നു
2. ഒന്നാം പോളിങ് ഓഫീസര്‍ വോട്ടര്‍ പട്ടികയിലെ പേരും വോട്ടര്‍ കാണിക്കുന്ന തിരിച്ചറിയല്‍ രേഖയും പരിശോധിക്കും
3. രണ്ടാം പോളിങ് ഓഫീസര്‍ വോട്ടറുടെ ഇടതുകൈയിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടുകയും സ്ലിപ് നല്‍കുകയും ഒപ്പിടുവിക്കുകയും ചെയ്യുന്നു
4. മൂന്നാം പോളിങ് ഓഫീസര്‍ സ്ലിപ് സ്വീകരിച്ച് വോട്ടറുടെ വിരലിലെ മഷി അടയാളം പരിശോധിക്കുന്നു.
5. വോട്ടര്‍ വോട്ടിങ് നടത്തുന്നതിനുള്ള കമ്പാര്‍ട്ടുമെന്റില്‍ എത്തുന്നു. മൂന്നാം പോളിങ് ഓഫീസര്‍ ബാലറ്റ് യൂണിറ്റ് വോട്ടിംഗിന് സജ്ജമാക്കുന്നു. ബാലറ്റ് യൂണിറ്റിലെ റെഡി ലൈറ്റ് പ്രകാശിക്കുന്നു. ശേഷം വോട്ടര്‍  താല്‍പര്യമുള്ള സ്ഥാനാര്‍ഥിക്ക് നേരെയുള്ള ഇവിഎമ്മിലെ നീല ബട്ടണ്‍ അമര്‍ത്തുന്നു. സ്ഥാനാര്‍ഥിയുടെ പേരിന് നേരേയുള്ള ചുവന്ന ലൈറ്റ് പ്രകാശിക്കുന്നു. ഉടന്‍ തന്നെ തെരഞ്ഞെടുത്ത സ്ഥാനാര്‍ഥിയുടെ ക്രമനമ്പര്‍, പേര്, ചിഹ്നം എന്നിവ അടങ്ങിയ ബാലറ്റ് സ്ലിപ്പ് വിവിപാറ്റ് യന്ത്രം പ്രിന്റ് ചെയ്യുകയും ഏഴ് സെക്കന്‍ഡ് പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്നുള്ള ബീപ് ശബ്ദം വോട്ട് രേഖപ്പെടുത്തി എന്ന് ഉറപ്പുവരുത്തുന്നു.
6.വിവിപാറ്റില്‍ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേള്‍ക്കാതിരിക്കുകയോ ചെയ്താല്‍ പ്രിസൈഡിങ് ഓഫീസറെ ബന്ധപ്പെടുക. വോട്ട് ചെയ്ത ശേഷം പ്രിന്റ് ചെയ്ത സ്ലിപ് തുടര്‍ന്ന് വിവിപാറ്റ് യന്ത്രത്തില്‍ സുരക്ഷിതമായിരിക്കും.
പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ ആദ്യമായി വോട്ടവകാശം വിനിയോഗിക്കുന്നത് 18,087 പേരാണ്. 18-19 വയസുകാരായ 9,254 ആണ്‍കുട്ടികളും 8,833 പെണ്‍കുട്ടികളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

തെരഞ്ഞെടുപ്പു ദിനത്തിലെ നിബന്ധനകള്‍

തെരഞ്ഞെടുപ്പ് ദിവസം സ്ഥാനാര്‍ഥി, ഇലക്ഷന്‍ ഏജന്റ് എന്നിവര്‍ക്ക് വരണാധികാരിയുടെ അനുമതിയോടെ ഓരോ വാഹനങ്ങള്‍ മണ്ഡലത്തില്‍ ഉപയോഗിക്കാം. സ്ഥാനാര്‍ഥികളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഓരോ അസംബ്ലി നിയോജക മണ്ഡലത്തിലേക്കും ഓരോ വാഹനങ്ങള്‍ അനുമതിയോടെ ഉപയോഗിക്കാം.

ഓരോ വാഹനത്തിലും ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ച് പേരെ മാത്രമേ അനുവദിക്കൂ. സ്ഥാനാര്‍ഥി മണ്ഡലത്തില്‍ ഹാജരല്ലെങ്കില്‍ സ്ഥാനാര്‍ഥിക്ക് അനുവദിച്ച വാഹനം മറ്റാരും ഉപയോഗിക്കരുത്. വരണാധികാരി നല്‍കുന്ന പെര്‍മിറ്റ് വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ പതിപ്പിക്കണം. അനുവദിച്ചിട്ടുളള വാഹനങ്ങളില്‍ വോട്ടര്‍മാരെ തെരഞ്ഞെടുപ്പ് കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നതിനോ കൊണ്ടുപോകുന്നതിനോ ഉപയോഗിക്കരുത്.

തെരഞ്ഞെടുപ്പുദിവസം അനുവദിക്കപ്പെട്ട വാഹനങ്ങള്‍ ഒഴികെ മറ്റ് വാഹനങ്ങള്‍ തെരഞ്ഞെടുപ്പ് ആവശ്യത്തിന് ഉപയോഗിക്കരുത്. അനുമതി കൂടാതെ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഉടമകള്‍ക്കെതിരെ മോട്ടോര്‍ വാഹനനിയമപ്രകാരം നടപടി സ്വീകരിക്കും.
സ്വകാര്യ വാഹനങ്ങളില്‍ ഉടമസ്ഥര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ പോളിംഗ് സ്റ്റേഷനില്‍ വോട്ട് ചെയ്യാന്‍ പോകുന്നതില്‍ തടസമില്ല. സ്വകാര്യ വാഹനങ്ങള്‍ വോട്ടെടുപ്പുകേന്ദ്രത്തിന്റെ 200 മീറ്റര്‍ ചുറ്റളവില്‍ പ്രവേശിക്കാന്‍ പാടില്ല.

പോളിംഗ് സ്റ്റേഷന്റെ 100 മീറ്റര്‍ പരിധിക്കുള്ളില്‍ പൊതു, സ്വകാര്യസ്ഥലത്ത് വോട്ടര്‍മാരെ സ്വാധീനിക്കുന്ന പ്രവര്‍ത്തികളോ, പോസ്റ്ററുകളോ ബാനറുകളോ അനുവദിക്കുന്നതല്ല. പോളിംഗ് സ്റ്റേഷന്റെ 100 മീറ്റര്‍ പരിധിക്കുള്ളില്‍ മൊബൈല്‍ഫോണ്‍, കോഡ്‌ലസ് ഫോണ്‍ എന്നിവ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരല്ലാതെ മറ്റാരും ഉപയോഗിക്കാന്‍ പാടില്ല. വോട്ടേഴ്‌സ് സ്ലിപ്പുകളില്‍ സ്ഥാനാര്‍ഥിയുടെ പേരോ ചിഹ്നമോ, പാര്‍ട്ടിയുടെ പേരോ ഉപയോഗിക്കരുത്.
പോളിംഗ് സമയത്ത് പോളിംഗ് ബൂത്തുകള്‍ക്കുള്ളില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്യേണ്ടതും ആവശ്യമെങ്കില്‍ ബൂത്തിനു പുറത്തുപോയി സംസാരിക്കേണ്ടതുമാണ്. പോളിംഗ് ദിവസം പോളിംഗ് ബൂത്തുകളുടെ പുറത്ത് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് മൊബൈല്‍ഫോണ്‍, വോട്ടര്‍പട്ടിക, വോട്ടര്‍ സ്ലിപ്പ് എന്നിവ സഹിതം വോട്ടര്‍ അസിസ്റ്റന്‍സ് ബൂത്തുകളില്‍ നിലകൊള്ളാം.

പോളിംഗ് സ്റ്റേഷന്റെ 100 മീറ്റര്‍ പരിധിക്കുള്ളില്‍ ലൗഡ്‌സ്പീക്കര്‍, മെഗാഫോണ്‍ എന്നിവയുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട്. റെക്കോഡ് ചെയ്ത ശബ്ദങ്ങളോ ആംപ്ലിഫയറുകളോ ഉപയോഗിച്ചാല്‍ അത്തരം ഉപകരണങ്ങള്‍ കസ്റ്റഡിയില്‍ എടുക്കും.ഉച്ചത്തില്‍ പ്രഭാഷണം നടത്തിയാല്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കും. പോളിംഗ് സ്റ്റേഷനില്‍ പ്രവേശിക്കുന്നതിന് അംഗീകൃത പാസ് കൃത്യമായി പ്രദര്‍ശിപ്പിക്കണം.

പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്തു;രാത്രിയോടെ ബൂത്തുകള്‍ സജ്ജം

ലോക്‌സഭ തെരഞ്ഞെടുപ്പിനായി പത്തനംതിട്ട മണ്ഡലത്തിലെ പോളിംഗ് ബൂത്തുകളിലേക്കുള്ള സാധനങ്ങളുടെ വിതരണം വിവിധ കേന്ദ്രങ്ങളില്‍ നടന്നു. വോട്ടിംഗ് യന്ത്രം, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് എന്നിവ ഉള്‍പ്പെടെയുള്ള സാമഗ്രികളാണ് ഓരോ ബൂത്തിലും നിയോഗിക്കപ്പെട്ടിട്ടുള്ള പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കു കൈമാറിയത്. ഏറ്റുവാങ്ങിയ സാമഗ്രികള്‍ ചെക്ക് ലിസ്റ്റുമായി ഒത്തുനോക്കി ഉറപ്പിച്ച ഇവരെ ഉച്ചകഴിഞ്ഞതോടെ വിവിധ ബസുകളിലായി ബൂത്തുകളിലെത്തിച്ചു.

തുടര്‍ന്ന് ബൂത്ത് സജ്ജമാക്കല്‍ പ്രക്രിയകളിലേക്ക് ഇവര്‍ കടന്നു. ദുര്‍ഘടപ്രദേശങ്ങളിലെ ബൂത്തുകളില്‍വരെ രാത്രിയോടെ തന്നെ ഈ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. ഇന്ന് (26) പുലര്‍ച്ചെ 5.30 മുതല്‍ ഈ ബൂത്തുകള്‍ പ്രവര്‍ത്തനം ആരംഭിക്കും.

കുറ്റപ്പുഴ മാര്‍ത്തോമ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ (തിരുവല്ല), റാന്നി സെന്റ് തോമസ് കോളജ് (റാന്നി), മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (ആറന്മുള), എലിയറയ്ക്കല്‍ അമൃത വിഎച്ച്എസ്എസ് (കോന്നി), അടൂര്‍ ബി എഡ് സെന്റര്‍ (അടൂര്‍), കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജ് (കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍) എന്നിവിടങ്ങളിലാണ് വിതരണം നടന്നത്.



മൊട്ടുസൂചി, തീപ്പെട്ടി, ബ്ലേയ്ഡ് മുതല്‍ വിവിപാറ്റ് വരെ  ബൂത്തുകളിലേക്ക് കൊണ്ടുപോയത് 195 ഇനങ്ങള്‍

വോട്ടെടുപ്പിനായി ബൂത്തുകളിലേക്ക് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയത് വോട്ടിംഗ് യന്ത്രങ്ങള്‍ മുതല്‍ മൊട്ടുസൂചിവരെ. വിവിധയിനം പോസ്റ്ററുകള്‍, കവറുകള്‍, ഫാറങ്ങള്‍, എല്‍ഇഡി ബള്‍ബ് വരെ ഇതിലുള്‍പ്പെടും. ആകെ 195 ഓളം ഇനങ്ങള്‍ ഉള്‍പ്പെടുന്ന ബാഗുകളാണ് ഓരോ ബൂത്തിനുമുള്ള പ്രിസൈഡിംഗ് ഓഫീസര്‍ ഏറ്റുവാങ്ങിയത്. തനിക്കൊപ്പമുള്ള മൂന്നു ജീവനക്കാരേയും കൂട്ടി തെരഞ്ഞെടുപ്പ് കമ്മിഷന്‍തന്നെ നല്‍കിയിട്ടുള്ള ചെക്ക് ലിസ്റ്റുമായി പ്രിസൈഡിംഗ് ഓഫീസര്‍ ഇത് ഒത്തുനോക്കിയശേഷമാണ് ബൂത്തുകളിലേക്ക് പോകാനായി ബസുകളിലേക്ക് മാറ്റിയത്.
വോട്ടിംഗ് യന്ത്രം, കണ്‍ട്രോള്‍ യൂണിറ്റ് വിവിപാറ്റ്, വോട്ടര്‍മാരുടെ രജിസ്റ്റര്‍, വോട്ടേഴ്‌സ് സ്ലിപ്പുകള്‍, വോട്ടര്‍ പട്ടിക (മാര്‍ക്ക്ഡ് കോപ്പിയും വര്‍ക്കിംഗ് കോപ്പിയും), സ്ഥാനാര്‍ഥി പട്ടിക, ടെന്‍ഡര്‍ വോട്ട് ചെയ്യുന്നവര്‍ക്ക് നല്‍കേണ്ട ബാലറ്റ് പേപ്പര്‍, സ്ഥാനാര്‍ഥിയുടെയും ഏജന്റിന്റെയും ഒപ്പിന്റെ പകര്‍പ്പ്, കൈവിരലില്‍ അടയാളമിടുന്നതിനുള്ള മഷി, വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റും സീല്‍ ചെയുന്നതിനുള്ള ടാഗ്, സ്‌ഷ്യെല്‍ ടാഗ്, സ്ട്രിപ് സീല്‍, ഇവിഎമ്മിനുള്ള ഗ്രീന്‍ സീല്‍, വിവിധ ആവശ്യങ്ങള്‍ക്കുള്ള റബര്‍ സീലുകള്‍, സ്റ്റാംപ് പാഡ്, മെറ്റല്‍ സീല്‍, തീപ്പെട്ടി, പ്രിസൈഡിംഗ് ഓഫീസര്‍ക്കുള്ള ഡയറി, വിവിധതരം വോട്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള കടലാസുകള്‍, ചലഞ്ച് വോട്ട് ഫീസിനുള്ള രസീത് ബുക്ക്, വിസിറ്റ് ഷീറ്റ്, വിവിധ സത്യവാങ്മൂലങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള കടലാസുകള്‍, പോളിംഗ് ഏജന്റുമാര്‍ക്കുള്ള പ്രവേശന പാസുകള്‍ തുടങ്ങിയവ ഈ പട്ടികയിലുണ്ട്.
വിവിധതരം എന്‍വലപ്പുകളാണ് മറ്റൊരു പ്രത്യേകത. എല്ലാ രേഖകളും പ്രത്യേകം എന്‍വലപ്പുകളില്‍ സൂക്ഷിക്കണമെന്നതിനാല്‍ ചെറുതും വലുതുമായി 25 തരം എന്‍വലപ്പുകളാണ് പ്രിസൈഡിംഗ് ഓഫീസര്‍ ഏറ്റുവാങ്ങുന്നത്. ഉപയോഗിക്കാത്തതും കേടുപറ്റിയതുമായ സീലുകളും ടാഗുകളും സൂക്ഷിക്കാന്‍വരെ വെവ്വേറെ കവറുകളുണ്ട്. ഇതിനൊപ്പം പ്രിസൈഡിംഗ് ഓഫീസര്‍, പോളിംഗ് ഓഫീസര്‍, എന്‍ട്രി, എക്‌സിറ്റ്, പോളിംഗ് ഏജന്റ് എന്നിങ്ങനെയുള്ള സൈന്‍ബോര്‍ഡുകളും ഈ പട്ടികയില്‍ വരുന്നുണ്ട്.
സ്റ്റേഷനറിയുടെ കവറിനുള്ളില്‍ 19 സാമഗ്രികളാണുള്ളത്. പെന്‍സില്‍, ബോള്‍ പെന്‍, വെള്ളപേപ്പര്‍, മൊട്ടുസൂചി… അങ്ങനെ പോകുന്നു ഈ ലിസ്റ്റ്. സീല്‍ ചെയ്യുന്നതിനുള്ള മെഴുക്, പശ, ബ്ലെയ്ഡ്, മെഴുകുതിരി, ട്വൊയിന്‍നൂല്‍, ഇരുമ്പിലുള്ള സ്‌കെയില്‍, കാര്‍ബണ്‍ പേപ്പര്‍, എണ്ണയോ അതുപോലുള്ള അഴുക്കോ നീക്കുന്നതിന് ആവശ്യമായ തുണി, പാക്ക് ചെയ്യുന്നതിനുള്ള പേപ്പറുകള്‍, സെലോടേപ്പ്, റബര്‍ബാന്‍ഡ്, ഡ്രായിംഗ് പിന്‍ എന്നിവയും പ്രിസൈഡിംഗ് ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി ബൂത്തുകളിലേക്ക് കൊണ്ടുപോയി.

പോളിംഗ് ശതമാനം അറിയാം വോട്ടര്‍ ടേണ്‍ഔട്ട് ആപ്പിലൂടെ…

ലോക്സഭാ തെരഞ്ഞെടുപ്പ് ദിനത്തില്‍ പൊതുജനങ്ങള്‍ക്ക് പോളിംഗ് ശതമാനം അറിയാനായി ആപ്പ് ഒരുക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ ടേണ്‍ഔട്ട് എന്ന ആപ്പാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്. നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള പോളിങ് ശതമാനം രണ്ട് മണിക്കൂര്‍ ഇടവിട്ട് വോട്ടര്‍ ടേണ്‍ഔട്ട് ആപ്പില്‍ ലഭിക്കും. പോളിംഗ് ദിവസത്തിന്റെ തൊട്ടടുത്ത ദിവസം ബൂത്ത് തിരിച്ചുള്ള വിവരങ്ങളും പൊതുജനങ്ങള്‍ക്ക് ഇതിലൂടെ ലഭ്യമാകും.
പോളിംഗ് സ്റ്റേഷനുകളിലെ നടപടിക്രമങ്ങള്‍ നിരീക്ഷിക്കാന്‍ ഓരോ മണിക്കൂറിലെ പോളിങ് ശതമാനം പുതുക്കുന്നതിന് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോള്‍ മാനേജര്‍ ആപ്ലിക്കേഷനും സജ്ജമാക്കിയിട്ടുണ്ട്. പോളിംഗ് ബൂത്തിലെ പ്രിസൈഡിങ് ഓഫീസര്‍, ഒന്നാം പോളിംഗ് ഓഫീസര്‍, സെക്ടറല്‍ ഓഫീസര്‍, റിട്ടേണിംഗ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷിക്കാം.
പോളിങ് സംഘം വിതരണ കേന്ദ്രങ്ങളില്‍ നിന്നും അതത് പോളിംഗ് കേന്ദ്രങ്ങളിലേക്ക് പുറപ്പെടുന്നത് മുതല്‍ വോട്ടെടുപ്പ് പൂര്‍ത്തീകരിച്ചു തിരിച്ചെത്തുന്നത് വരെയുള്ള സമയത്തിനകം 20 ചോദ്യങ്ങളുടെ ഉത്തരങ്ങളായാണ് പ്രിസൈഡിംഗ് ഓഫീസറോ ഒന്നാം പോളിങ് ഓഫീസറോ ആപ്പ് മുഖേന വിവരങ്ങള്‍ സമയബന്ധിതമായി രേഖപ്പെടുത്തുന്നത്.

ബൂത്തിലെ സര്‍വാധികാരി പ്രിസൈഡിംഗ് ഓഫീസര്‍

പ്രിസൈഡിംഗ് ഓഫീസറാണ് പോളിംഗ് സ്റ്റേഷന്റെ മുഴുവന്‍ ചുമതലക്കാരന്‍. വോട്ടിംഗ് യന്ത്രം കൃത്യമായി സ്ഥാപിക്കുക, മോക്ക് പോള്‍ നടത്തുക, യന്ത്രം വോട്ടിംഗിനായി സ്വിച്ച് ഓണ്‍ ചെയ്യുക, പോളിംഗ് ആരംഭിക്കുന്നതായി അറിയിക്കുക, മോക്ക് പോളിന് അംഗീകാരം നല്‍കുക, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പാലിക്കുക, യന്ത്രം പരിശോധിക്കുക, പോളിംഗ് യന്ത്രം തകരാറിലായാല്‍ ഉടന്‍ ഉചിത തീരുമാനം കൈക്കൊള്ളുക, ടെന്‍ഡര്‍ വോട്ട് ചെയ്യിക്കുക, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ബൂത്തില്‍ അനാവശ്യമായി പ്രവേശിക്കുന്നത് നിയന്ത്രിക്കുക, കൃത്യമായി വോട്ടിംഗ് യന്ത്രം പരിശോധിക്കുക എന്നിവയാണ് പ്രിസൈഡിംഗ് ഓഫീസറുടെ പൊതുചുമതലകള്‍. പോളിംഗ് സ്റ്റേഷന്റെ 100 മീറ്റര്‍ ചുറ്റളവിലുള്ള സ്ഥലം ഇദ്ദേഹത്തിന്റെ അധികാരപരിധിയിലായിരിക്കും.

പോളിംഗ് ബൂത്തിലേക്കുള്ള പ്രവേശനം ഇവര്‍ക്ക് മാത്രം

സമ്മതിദായകര്‍, പോളിംഗ് ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥി, സ്ഥാനാര്‍ഥിയുടെ ഏജന്റ്, പോളിംഗ് ഏജന്റ്, തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍, തെരഞ്ഞെടുപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിട്ടുള്ള ജീവനക്കാര്‍, കൈക്കുഞ്ഞ്, കാഴ്ചയില്ലാത്തതോ പരസഹായം ആവശ്യമുള്ളതോ ആയ സമ്മതിദായകരുടെ സഹായികള്‍ എന്നിവര്‍ക്ക് മാത്രമാണ് തെരഞ്ഞെടുപ്പ് ദിവസം പോളിംഗ് ബൂത്തിലേക്കുള്ള പ്രവേശനം.

മോക്‌പോള്‍ ഇല്ലെങ്കില്‍ തെരഞ്ഞെടുപ്പ് അസാധു

വോട്ടെടുപ്പിന് ഒരു മണിക്കൂര്‍ മുമ്പായി മോക്‌പോള്‍ ആരംഭിക്കും. മോക്‌പോള്‍ നടന്നിട്ടില്ലെങ്കില്‍ പോളിംഗ് നടന്നിട്ടില്ലെന്ന് കണക്കാക്കും. പോളിംഗ് ഏജന്റുമാര്‍ ആരുമില്ലെങ്കില്‍ 15 മിനിറ്റ് കൂടി കാത്തിരിക്കും. ആരും വന്നില്ലെങ്കില്‍ വിവരം സെക്ടര്‍ ഓഫീസറെ അറിയിച്ച് മോക്‌പോള്‍ ആരംഭിക്കും. ഏറ്റവും കുറഞ്ഞത് 50 വോട്ടുകള്‍ രേഖപ്പെടുത്തണം.


പോളിംഗ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമത

പോളിംഗ് ഓഫീസര്‍മാരുടെ കാര്യക്ഷമതയിലാണ് തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പ്. വോട്ടിംഗ് മെഷീന്‍ ഓണാക്കി വോട്ട് രേഖപ്പെടുത്തിക്കുക എന്നതിലുപരിയായി വോട്ടര്‍മാര്‍ കൃത്യമായാണ് വോട്ടുരേഖപ്പെടുത്തുന്നതെന്ന് ഉറപ്പുവരുത്തണം. പോളിംഗിന്റെ ആദ്യ മണിക്കൂറില്‍ ഉണ്ടാവുന്ന തിരക്കിലും സമ്മര്‍ദത്തിലും പതറാതെ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം.

പോളിംഗ് ഏജന്റുമാര്‍ അറിഞ്ഞിരിക്കേണ്ടത്

ഒരു സ്ഥാനാര്‍ഥിക്ക് ഒരു പോളിംഗ് ഏജന്റിനെ മാത്രമേ ബൂത്തില്‍ അനുവദിക്കൂ. ഇവര്‍ പോളിംഗ് സ്റ്റേഷന്‍ വിട്ടുപോകുമ്പോള്‍ മൂവ്‌മെന്റ് രജിസ്റ്ററില്‍ രേഖപ്പെടുത്തണം. ബൂത്തില്‍ ഉപയോഗിക്കുന്ന വോട്ടര്‍ പട്ടിക പുറത്തുകൊണ്ടുപോകാന്‍ പാടില്ല. പോളിംഗ് അവസാനിക്കാന്‍ ഒരു മണിക്കൂര്‍ ശേഷിക്കുമ്പോള്‍ ഏജന്റുമാരുടെ മാറ്റം അനുവദിക്കില്ല. സെല്‍ഫോണ്‍, മറ്റ് ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ എന്നിവ ഏജന്റുമാര്‍ ബൂത്തില്‍ ഉപയോഗിക്കാന്‍ പാടില്ല. ഏതെങ്കിലും സ്ഥാനാര്‍ഥിയുടേയോ രാഷ്ട്രീയപാര്‍ട്ടിയുടേയോ ചിഹ്നങ്ങളോ അടയാളങ്ങളോ പോളിംഗ് ഏജന്റുമാര്‍ പ്രദര്‍ശിപ്പിക്കരുത്.

   പോളിംഗ് അവസാനിപ്പിക്കല്‍

വോട്ടിംഗ് അവസാനിപ്പിക്കുന്നത് പ്രിസൈഡിംഗ് ഓഫീസറാണ്. വോട്ടിംഗ് സമയം അവസാനിപ്പിക്കുമ്പോള്‍ നിരയില്‍ അവശേഷിക്കുന്ന ആളുകള്‍ക്ക് ടോക്കണ്‍ നല്‍കും. അവര്‍ക്ക് വോട്ടുചെയ്യാം. ശേഷം വരുന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്താനാകില്ല. വോട്ടിംഗിനുള്ള സമയം അവസാനിക്കുന്നതോടെ പോളിംഗ് സ്റ്റേഷന്റെ ഗേറ്റ് പോലീസ് അടയ്ക്കും. പോളിംഗ് അവസാനിച്ച ശേഷം പ്രിസൈഡിംഗ് ഓഫീസര്‍ യന്ത്രത്തില്‍ ക്ലോസ് ബട്ടണ്‍ അമര്‍ത്തുന്നതോടെ പോളിംഗ് അവസാനിക്കും.

ടെണ്ടര്‍ വോട്ടുകള്‍

തെരഞ്ഞെടുപ്പിലെ 49പി ചട്ടം പ്രകാരം ഒരാളുടെ വോട്ടവകാശം മറ്റൊരു വ്യക്തി രേഖപ്പെടുത്തിയെന്ന് തെളിഞ്ഞാല്‍ പ്രിസൈഡിംഗ് ഓഫീസര്‍ മുമ്പാകെ നേരിട്ടെത്തി തിരിച്ചറിയല്‍ രേഖ സമര്‍പ്പിച്ച് കള്ളവോട്ടു നടന്നതായി  തെളിയിച്ച ശേഷം വോട്ടുയന്ത്രം ഉപയോഗിക്കാതെ ടെണ്ടര്‍ ബാലറ്റ് പേപ്പറില്‍ വോട്ടു രേഖപ്പെടുത്തി നല്‍കാം. തെരഞ്ഞെടുപ്പ് കമ്മീന്റെ ചട്ടങ്ങളും നിര്‍ദേശങ്ങളും പാലിച്ചുള്ളതാവണം ടെണ്ടര്‍ ബാലറ്റ് പേപ്പര്‍. ബാലറ്റ് യൂണിറ്റില്‍ സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും പ്രദര്‍ശിപ്പിച്ച അതേ മാതൃകയില്‍ പേപ്പറിന്റെ മറു വശത്ത് ‘ടെണ്ടര്‍ ബാലറ്റ് പേപ്പര്‍’ എന്ന മുദ്രയുള്ളതാവണം ഇവ.

സഹായി
അന്ധനോ അവശനോ ആയ ആളിന് സ്വന്തമായി വോട്ട് ചെയ്യാന്‍ കഴിയില്ലെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് ബോധ്യമായാല്‍ വോട്ടര്‍ കൊണ്ടുവരുന്ന സഹായിയെ അനുവദിക്കും. ഇതിനായി സഹായി ഒരു ഡിക്ലറേഷന്‍ എഴുതി നല്‍കേണ്ടതാണ്.

പോളിംഗ് സ്റ്റേഷനിലും സമീപത്തും ആയുധങ്ങള്‍ പാടില്ല

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പോളിംഗ് സ്റ്റേഷന്റെ പരിസര പ്രദേശങ്ങളില്‍ ആയുധങ്ങളുടെ സാന്നിധ്യം തെരഞ്ഞെടുപ്പ് കമ്മീഷന് തടഞ്ഞിട്ടുണ്ട്. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ 134 ബി പ്രകാരമാണ് കമ്മീഷന്‍ ആയുധങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതുപ്രകാരം പോളിംഗ് ബൂത്തുകളുടെ നൂറുമീറ്റര്‍ പരിധിക്കുള്ളില്‍ ആയുധവുമായി പ്രവേശിക്കുകയോ ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുകയോ ചെയ്യരുത്.  വോട്ടര്‍മാര്‍ക്ക് ആരുടെയും പ്രേരണയോ ഭീഷണിയോ കൂടാതെ വോട്ട് രേഖപ്പെടുത്താനാണ് ഇത്. എന്നാല്‍, സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് ആയുധം കൈവശം വയ്ക്കാം. വരണാധികാരി, പ്രിസൈഡിംഗ് ഓഫീസര്‍ എന്നിവരോടൊപ്പമുള്ള സേനാംഗങ്ങളില്‍ അനുവദിക്കപ്പെട്ടവര്‍ക്കു മാത്രം ആയുധം കൈവശംവച്ച് പോളിംഗ് സ്റ്റേഷനില്‍ പ്രവേശിക്കാം. എന്നാല്‍, ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടിയെടുക്കുന്നതും ആയുധം കണ്ടുകെട്ടുന്നതുമാണ്.

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം  ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍ എത്തുമ്പോള്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന ഫോട്ടോ ഐഡി കാര്‍ഡ് (എപിക്) ആണ്. എന്നാല്‍ എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ച ഫോട്ടോ പതിച്ച മറ്റ് 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാനാവുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുള്ള അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഇവയാണ്.
1) തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന ഫോട്ടോ ഐഡി കാര്‍ഡ്
2) ആധാര്‍ കാര്‍ഡ്
3) എംഎന്‍ആര്‍ഇജിഎ തൊഴില്‍ കാര്‍ഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്)
4) ബാങ്ക്/പോസ്റ്റ് ഓഫീസ് നല്‍കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകള്‍
5) തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷ്വറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്
6) ഡ്രൈവിംഗ് ലൈസന്‍സ്
7) പാന്‍ കാര്‍ഡ്
8) ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്
9) ഇന്ത്യന്‍ പാസ്പോര്‍ട്ട്
10) ഫോട്ടോ സഹിതമുള്ള പെന്‍ഷന്‍ രേഖ
11) കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് നല്‍കുന്ന ഫോട്ടോ പതിച്ച ഐഡികാര്‍ഡ്
12) പാര്‍ലമെന്റ്റ് അംഗങ്ങള്‍/ നിയമസഭകളിലെ അംഗങ്ങള്‍/ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍
13) ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് (യുഡി ഐ ഡി കാര്‍ഡ്)

 ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍ ലഭിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍ ലഭിക്കും. 1950 എന്ന നമ്പറിലേക്കാണ് എസ്എംഎസ് അയയ്‌ക്കേണ്ടത്. ECI <space>  (your voter ID ) എന്ന് എസ്എംഎസ് അയക്കുക. 15 സെക്കന്റിനുള്ളില്‍ വോട്ടരുടെ പേരും പാര്‍ട്ട് നമ്പരും സീരിയല്‍ നമ്പരും മൊബൈലില്‍ ലഭിക്കും.

തെരഞ്ഞെടുപ്പ് സംശയനിവാരണം  ജില്ലയില്‍ ഇതുവരെ ലഭിച്ചത് 523 കോളുകള്‍

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ജില്ലയില്‍ ഇതുവരെ ലഭിച്ചത് 523 കോളുകള്‍. പോളിംഗ് ബൂത്ത് കണ്ടുപിടിക്കല്‍, വോട്ടര്‍പട്ടികയില്‍ പേര് പരിശോധിക്കുന്നത്, പുതിയ ഐ.ഡി കാര്‍ഡിനും ഡൂപ്ലിക്കേറ്റിനും അപേക്ഷ നല്‍കല്‍, മണ്ഡലം മാറ്റം തുടങ്ങിയ സംശയനിവാരണത്തിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വോട്ടേഴ്സ് ഹെല്‍പ് ലൈന്‍ കണ്‍ട്രോള്‍ റൂമിലൂടെയാണ് പൊതുജനങ്ങള്‍ക്ക് ഈ സേവനം ലഭ്യമായത്.

സി-വിജില്‍ ആപ്പ്; ജില്ലയില്‍ ലഭിച്ചത് 10,993 പരാതികള്‍

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാവുന്ന സി-വിജില്‍ ആപ്പ് വഴി ഇന്നലെ (25) വരെ ലഭിച്ചത് 10,993 പരാതികള്‍. ഇതില്‍ ശരിയെന്നു കണ്ടെത്തിയ 10,788 പരാതികള്‍ പരിഹരിച്ചു. 177 പരാതികള്‍ കഴമ്പില്ലാത്തവയാണെന്ന് കണ്ടെത്തിയതിനാല്‍ ഉപേക്ഷിച്ചു. ബാക്കി പരാതികളില്‍ നടപടികള്‍ പുരോഗമിക്കുന്നു. അനധികൃതമായി പ്രചാരണ സാമഗ്രികള്‍ പതിക്കല്‍, പോസ്റ്ററുകള്‍, ഫ്ളക്സുകള്‍ എന്നിവയ്ക്കെതിരെയാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്.

അടൂര്‍ നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് 5795 എണ്ണം. ഇതില്‍ 5759 എണ്ണം പരിഹരിച്ചു. കുറവ് റാന്നി – 755. ഇതില്‍ 708 എണ്ണത്തിന് പരിഹാരമായി. ആറന്മുള 1819, കോന്നി 1442, തിരുവല്ല 1178 എന്നിങ്ങനെയാണ് നിയോജകമണ്ഡല അടിസ്ഥാനത്തില്‍ ലഭിച്ച പരാതികളുടെ കണക്ക്.

പോളിംഗ് സ്റ്റേഷനാകുന്ന സ്‌കൂളുകള്‍ വൃത്തിഹീനമാക്കരുത്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് സ്റ്റേഷനുകളായി ഉപയോഗിക്കുന്ന സ്‌കൂളുകള്‍ വൃത്തിഹീനമാക്കരുതെന്ന് വരണാധികാരിയായ ജില്ലാ കളക്ടര്‍ പ്രേം കൃഷ്ണന്‍ അറിയിച്ചു. പോളിംഗ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിരുന്നു.അതിന്റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശം.

സ്‌കൂള്‍ കെട്ടിടങ്ങളുടെ ചുവരുകളിലെ ചിത്രങ്ങളും ഭൂപടങ്ങളും നശിപ്പിക്കരുത്. പോസ്റ്ററുകളും നോട്ടീസുകളും പതിപ്പിക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കണം. മുന്‍ തെരഞ്ഞെടുപ്പുകളില്‍ ക്ലാസ് മുറികളിലെ ഭിത്തികളിലുള്ള ചിത്രങ്ങളും മാപ്പുകളും നശിപ്പിച്ചതിനെ സംബന്ധിച്ച് പരാതികള്‍ ലഭിക്കുകയും ഇതിനെ തുടര്‍ന്ന് നിയമ നടപടികളിലേക്കും കടന്നിരുന്നു.
പോളിംഗ് ബൂത്തുകളിലെ ഫര്‍ണീച്ചറുകള്‍ നശിപ്പിക്കരുത്. പോളിംഗ് കഴിഞ്ഞ് മടങ്ങുമ്പോള്‍ വൈദ്യുത ഉപകരണങ്ങള്‍ സ്വിച്ച് ഓഫ് ആക്കിയെന്നും ടാപ്പുകള്‍ അടച്ചുവെന്നും ചുവരുകളില്‍ പതിച്ച അറിയിപ്പുകള്‍ നീക്കം ചെയ്തെന്നും ഉറപ്പാക്കണം. വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്തുകളുടെ സ്ഥാനം, ലഭ്യമായ സൗകര്യങ്ങള്‍, വോട്ടര്‍ അസിസ്റ്റന്‍സ് ബൂത്ത് എന്നിവ അറിയുന്നതിന് ശരിയായ അടയാളങ്ങള്‍ പോളിംഗ് സ്റ്റേഷനുകളില്‍ സ്ഥാപിച്ചിട്ടുള്ളതായും കളക്ടര്‍ അറിയിച്ചു.

കുട്ടികള്‍ക്കായി ക്രഷ് സംവിധാനം

ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് സ്റ്റേഷനുകള്‍ വോട്ടര്‍ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി കുട്ടികള്‍ക്കായി ക്രഷ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാലില്‍ കൂടുതല്‍ പോളിംഗ് സ്റ്റേഷനുകള്‍ സ്ഥിതി ചെയ്യുന്ന പോളിംഗ് ലൊക്കേഷനുകളില്‍ വോട്ടര്‍മാരെ അനുഗമിക്കുന്ന കുട്ടികള്‍ക്കായാണ് ഈ സൗകര്യം ക്രമീകരിച്ചിരിക്കുന്നത്.

വോട്ടര്‍ സൗഹൃദമായി പോളിംഗ് സ്റ്റേഷനുകള്‍

ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകള്‍ വോട്ടര്‍ സൗഹൃദമാക്കിയതായി തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. കുടിവെള്ളം ഉള്‍പ്പെടെ വോട്ടര്‍മാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പോളിംഗ് ബൂത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് പോളിംഗ് സ്റ്റേഷനുകളിലുണ്ടാകുന്ന മാലിന്യങ്ങള്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചു നീക്കം ചെയ്യും. മുതിര്‍ന്നവര്‍ക്കും ഭിന്നശേഷി വിഭാഗക്കാര്‍ക്കും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്തുകളുടെ സ്ഥാനം, ലഭ്യമായ സൗകര്യങ്ങള്‍, വോട്ടര്‍ അസിസ്റ്റന്‍സ് ബൂത്ത് എന്നിവയെക്കുറിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലും നീലയും വെള്ളയും നിറത്തില്‍ ശരിയായ അടയാളങ്ങള്‍ പോളിംഗ് സ്റ്റേഷനുകളില്‍ സ്ഥാപിച്ചിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.

പോളിംഗ് സ്റ്റേഷനുകള്‍ ഭിന്നശേഷി സൗഹൃദം

പോളിംഗ് സ്റ്റേഷനുകളില്‍ മുതിര്‍ന്ന സമ്മതിദായകര്‍ക്കും ഭിന്നശേഷി വിഭാഗത്തിലുള്ള വോട്ടര്‍മാര്‍ക്കും ആവശ്യമായ എല്ലാ സഹായങ്ങളും ഒരുക്കിയതായി തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. പോളിംഗ് സ്റ്റേഷനുകള്‍ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി റാംപ് സൗകര്യം ഒരുക്കും. ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് ആവശ്യമായ വീല്‍ ചെയറുകള്‍ പോളിംഗ് സ്റ്റേഷനുകളില്‍ ലഭ്യമാക്കും. ഭിന്നശേഷി വോട്ടര്‍മാര്‍ക്കും ഗര്‍ഭിണികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഓരോ പോളിംഗ് സ്റ്റേഷനിലും ആവശ്യമായ ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. വരി നില്‍ക്കുന്നിടത്ത് വെയില്‍ ഏല്‍ക്കാതെ നില്‍ക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ശുദ്ധജലം നിറച്ച ഡിസ്പെന്‍സറും പരിസ്ഥിതി സൗഹൃദങ്ങളായ ഗ്ലാസുകളും പോളിംഗ് സ്റ്റേഷനുകളില്‍ ഏര്‍പ്പെടുത്തുമെന്നും കളക്ടര്‍ അറിയിച്ചു.

വോട്ടര്‍ അസിസ്റ്റന്‍സ് ബൂത്ത് ക്രമീകരിക്കും

എല്ലാ പോളിംഗ് സ്റ്റേഷന്‍ ലൊക്കേഷനുകളിലും പ്രധാന കവാടത്തിന് സമീപത്ത് വോട്ടര്‍ അസിസ്റ്റന്‍സ് ബൂത്ത് സജ്ജീകരിച്ചതായി തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. സമ്മതിദായകരെ സഹായിക്കുന്നതിനായി ബിഎല്‍ഒ/ ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കും.

നീണ്ട ക്യൂവിന് സാധ്യതയുള്ള പോളിംഗ് സ്റ്റേഷനുകള്‍/ പോളിംഗ് ലൊക്കേഷനുകളുടെ പട്ടിക സെക്ടര്‍ ഓഫീസര്‍മാര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇത്തരം പോളിംഗ് സ്റ്റേഷനുകളില്‍ സെക്ടര്‍ ഓഫീസര്‍മാര്‍ പ്രത്യേകം ശ്രദ്ധ നല്‍കും. ക്യൂ നിയന്ത്രിക്കുന്നതിനായി സന്നദ്ധപ്രവര്‍ത്തകരേയും തിരക്ക് കുറയ്ക്കുന്നതിനായി ടോക്കണ്‍ വിതരണവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ച്

മാലിന്യ സംസ്‌കരണത്തില്‍ ശ്രദ്ധ നല്‍കിയാണ് ഇത്തവണ ജില്ല തെരഞ്ഞെടുപ്പിന് ഒരുങ്ങിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങളുടെ അളവ് കുറയ്ക്കുന്നതിനായി പ്രകൃതി സൗഹൃദ സാമഗ്രികള്‍ ഉപയോഗിച്ചാണ്  തെരഞ്ഞെടുപ്പ് നടത്തുന്നത്.  തെരഞ്ഞെടുപ്പ് പ്രകൃതി സൗഹൃദമാക്കുന്നതിനായി പനമ്പായ, പുല്‍പ്പായ, ഓല, ഈറ, മുള, പാള, തുണി, പേപ്പര്‍ എന്നിവ ഉപയോഗിച്ചാണ് പ്രചാരണ സാമഗ്രികള്‍ നിര്‍മിച്ചത്. ഹരിത പെരുമാറ്റചട്ടം പാലിച്ചാണ് പോളിങ് ബൂത്തുകളും ഒരുക്കിയിരിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പ് 2024  ഇലക്ഷന്‍ വാര്‍ റൂം ഒരുക്കി ജില്ലാ ഭരണകൂടം

തെരഞ്ഞെടുപ്പ് വിവരങ്ങള്‍ തത്സമയം അറിയിക്കുവാനും നിരീക്ഷിക്കുവാനുമുള്ള  ഇലക്ഷന്‍ വാര്‍ റൂം പൂര്‍ണ സജ്ജമെന്ന് തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. ഇലക്ഷന്‍ വാര്‍ റൂം എന്ന പേരിലാണ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളുകളിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പോള്‍ മാനേജര്‍, എന്‍കോര്‍ എന്നിവ പ്രവര്‍ത്തിക്കും. പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ വെബ്കാസ്റ്റിംഗ് നിരീക്ഷിക്കും.

വോട്ടെടുപ്പുമായി ബന്ധപ്പെട്ട് തത്സമയ വിവരങ്ങള്‍ യഥാസമയം കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാകും. വോട്ടിംഗ് ശതമാനം, വോട്ട് ചെയ്ത പുരുഷന്മാരുടെ എണ്ണം, സ്ത്രീകളുടെ എണ്ണം എന്നിവ ഉള്‍പ്പെടെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വാര്‍ റൂമില്‍ തല്‍സമയം ലഭിക്കും.

error: Content is protected !!