മേരികുട്ടിയമ്മയുടെ സംരക്ഷണം മക്കൾ ഏറ്റെടുത്തു

 

konnivartha.com/ അടൂർ: കാടുപിടിച്ച പുരയിടത്തിലെ ഒറ്റപ്പെട്ട വീടിനുള്ളിൽ നാല് വർഷം ആരുടെയും സഹായമില്ലാതെയാണ് തൊണ്ണൂറ് വയസ്സുകാരിയായ ഒൻപത് മക്കളുടെ അമ്മ കഴിഞ്ഞിരുന്നത്.വെള്ളവും വെളിച്ചവുമില്ല, ശുചി മുറിയില്ല, മാസങ്ങളായി കുളി പോലുമില്ലാതെ പഴകി പൊടിഞ്ഞ വസ്ത്രവുമിട്ട് പൂട്ടിയിട്ട ഗേറ്റിനുള്ളിൽ തടവിലാക്കപ്പെട്ടത് അടൂർ മനമേക്കര ചാങ്കൂർ വീട്ടിൽ നിര്യാതനായ പാപ്പച്ചൻ്റെ ഭാര്യ മേരികുട്ടിയമ്മയായിരുന്നു.

പൂട്ടിയിട്ട ഗേറ്റിൽ മകൻ വല്ലപ്പോഴുമെത്തി പോളിത്തീൻ കവറിൽ തൂക്കിയിട്ട് പോകുന്ന ഭക്ഷണ പൊതി മാത്രമായിരുന്നു അടൂരിലെ ആദ്യകാല സ്വകാര്യ ബസ് കമ്പിനിയായ ഗീത മോട്ടോർസിൻ്റെ ഉടമയുടെ ഏക ജീവനോപാധി വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ ഉന്നത നിലയിലായിരുന്നു മേരികുട്ടിയമ്മയുടെ മക്കളും കൊച്ചുമക്കളും.

മേരികുട്ടി അമ്മ തനിച്ചാണ് ഈ വീട്ടിൽ കഴിഞ്ഞിരുന്നതെന്ന് നാട്ടുകാർക്ക് അറിവില്ലായിരുന്നു.അമ്മ താമസിച്ചിരുന്ന വീടിൻ്റെ ഉടമസ്ഥനായ മകനും കുടുംബവും വർഷങ്ങളായി വിദേശത്താണ്.ഈ വീട്ടിൽ രാത്രിയിൽ എത്തിയ സന്ദർകർ ഗേറ്റ് തുറക്കാനാവാതെ ചുറ്റിത്തിരിയുന്നത് നാട്ടുകാർ ചോദ്യം ചെയ്തപ്പോഴാണ് ഇവിടെ വൃദ്ധയായ മാതാവ് മാത്രമാണുള്ളതെന്നും സഹായത്തിനാരുമില്ലെന്നും നാട്ടുകാർ അറിഞ്ഞത്.തുടർന്ന് മനമേക്കര റസിഡൻ്റ്സ് അസ്സോസിയേഷൻ ഭാരവാഹികളായ ആശാ , റെജി, ശരത് എന്നിവർ അടൂർ ആർ.ഡി.ഒ ക്ക് നല്കിയ പരാതിയിലാണ് നിയമ നടപടികൾ ഉണ്ടായത്.അന്വേഷണത്തിനെത്തിയ RDO ഓഫീസ് ഉദ്യോഗസ്ഥരും അടൂർ പോലീസും മേരികുട്ടിയമ്മയുടെ ദുരിതാവസ്ഥ നേരിൽ ബോധ്യപ്പെടുകയും
മക്കളെ വിളിച്ച് വരുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു.

എന്നാൽ മക്കൾ ആയതിന് തയ്യാറാകാത്ത സാഹചര്യത്തിൽ ആർ.ഡി.ഒ ക്ക് റിപ്പോർട്ട് നല്കുകയും അദ്ദേഹത്തിൻ്റെ ഉത്തരവ് പ്രകാരം അടൂർ മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല, സെക്രട്ടറി പ്രീഷിൽഡ ആൻ്റണി എന്നിവർ സ്ഥലത്തെത്തി മേരികുട്ടിയമ്മയെ ഏറ്റെടുക്കുകയുമായിരുന്നു.

തുടർന്ന് നടന്ന വിസ്താരങ്ങൾക്കും നിയമ നടപടികൾക്ക് ശേഷം മക്കൾക്ക് നിയമബോധവത്കരണം ഉൾപ്പെടെ നല്കിയാണ് അമ്മയെ ഏറ്റെടുത്ത് സംരക്ഷിക്കുവാൻ മക്കൾക്ക് നിർദ്ദേശം നല്കിക്കൊണ്ട് അടൂർ ആർ.ഡി.ഒ ജയമോഹൻ വി ഉത്തരവിട്ടത്.മകൾ ജോജി മാത്യു, മകൻ മോൻസി പാപ്പച്ചൻ, മരുമകൻ മാത്യു ശാമുവേൽ എന്നിവർ മഹാത്മ യിലെത്തി മേരികുട്ടിയമ്മയുടെ സംരക്ഷണം ഏറ്റെടുത്തു.

error: Content is protected !!