മകരവിളക്ക് മഹോത്സവം; പോലീസ് സേനയുടെ പുതിയ ബാച്ച് ചുമതല ഏറ്റെടുത്തു

 

konnivartha.com: മകരവിളക്കിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ശബരിമലയിൽ പുതിയ ബാച്ച് പോലീസ് സേന ചുമതലയേറ്റെടുത്തു. ശബരിമല സന്നിധാനത്തെ പുതിയ സ്പെഷ്യൽ ഓഫീസറായി എസ് സുജിത് ദാസ് ചുമതലയേറ്റു. മുൻ മലപ്പുറം എസ് പിയായിരുന്ന അദ്ദേഹം നിലവിൽ ആന്റി നക്സൽ സ്ക്വാഡ് തലവനാണ്.

മകരവിളക്ക് ദർശനത്തിന് എത്തുന്ന എല്ലാ അയ്യപ്പഭക്തർക്കും സുഗമമായ ദർശനവും സഹായവും നൽകാൻ പോലീസ് പ്രതിജ്ഞാബദ്ധമായിരിക്കണമെന്ന് പുതിയ ബാച്ചിനെ വലിയ നടപ്പന്തലിൽ നടന്ന ചടങ്ങിൽ അഭിസംബോധന ചെയ്തുകൊണ്ട് നിലവിലെ സന്നിധാനം സ്പെഷ്യൽ ഓഫീസറായ ആർ ആനന്ദ് പറഞ്ഞു. മകരവിളക്കിനോടനുബന്ധിച്ച് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടാകും. വിമർശനങ്ങൾക്ക് ഇടനൽകാതെ ഭക്തർക്ക് നല്ലൊരു മകരവിളക്ക് ദരശനം ഉറപ്പാക്കുവാൻ എല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് സേനയുടെ ആറാമത് ബാച്ചാണ് ശബരിമലയിൽ ചുമതല ഏറ്റെടുത്തത്. കഴിഞ്ഞ ബാച്ചിലെ 50 ശതമാനം പോലീസുദ്യോഗസ്ഥരെ നിലനിർത്തിക്കൊണ്ട് ഘട്ടം ഘട്ടമായാണ് പുതിയ ബാച്ച് ചുമതല ഏറ്റെടുക്കുക. സന്നിധാനത്ത് പുതുതായി ചാർജെടുത്ത ബാച്ചിൽ ആദ്യഘട്ടത്തിൽ 10 ഡിവൈ.എസ്.പി.മാർ, 20 സി.ഐമാർ, 75 എസ്.ഐ, എ.എസ്.ഐമാർ, 950 പോലീസുകാർ എന്നിവർ ഉൾപ്പെടുന്നു.

രണ്ടാം ഘട്ടത്തിൽ ബാക്കിയുള്ള 50 ശതമാനം പോലീസുദ്യോഗസ്ഥർക്കു പകരം വ്യാഴാഴ്ച 20 സി.ഐമാർ, 75 എസ്.ഐ, എ.എസ്.ഐമാർ, 950 പോലീസുകാർകൂടെ ഡ്യൂട്ടിക്കായി എത്തും. മകരവിളക്കിനു കൂടുതൽ ക്രമീകരണങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി പതിമൂന്നാം തീയതി ആറ് ഡിവൈ.എസ്.പി.മാർ, 15 സി.ഐമാർ, 25 എസ്.ഐ, എ.എസ്.ഐമാർ, 350 പോലീസുകാരും ശബരിമല ഡ്യൂട്ടിയിൽ പ്രവേശിക്കും. മകരവിളക്ക് മഹോത്സവ സമയത്ത് 2500 ഓളം പോലീസുദ്യോഗസ്ഥരാണ് സുരക്ഷ ഒരുക്കുക.

പുതിയ ബാച്ചിന് ജനുവരി 20 വരെയാണ് ഡ്യൂട്ടി. ചടങ്ങിൽ എ.എസ്.ഓ ആർ പ്രതാപൻ നായർ സ്വാഗതവും എ.എസ്.ഓ ശ്രീകാന്ത് നന്ദിയും പറഞ്ഞു.

error: Content is protected !!